????????? ?????? ???????? ?????? ???????????? ????? ????????????? ??????? ????? ????????? ????????? ???????????????????? ???????? ??????????????????

‘ഓര്‍മച്ചമ്മന്തി’യുടെ രുചിക്കൂട്ട് തീര്‍ത്ത് അമ്മിയും അമ്മിക്കുട്ടിയും

കോഴിക്കോട്: വിറകുപുരയിലും അടുക്കളമൂലയിലും പൊടിപിടിച്ചുകിടന്ന അമ്മിയും കുട്ടിയും ഏറെ നാളുകള്‍ക്കുശേഷം കിന്നാരംപറഞ്ഞപ്പോള്‍ അരഞ്ഞത് ‘ഓര്‍മച്ചമ്മന്തി’.  അമ്മമാരും ന്യൂജെന്‍ പിള്ളേരും ചമ്മന്തിയരക്കാന്‍ മത്സരിച്ചപ്പോഴാണ് നാട്ടുപഴക്കത്തിന്‍െറ എരിവും പുളിയും നാവിലൂറിയത്. അമ്മിയെയും അമ്മിക്കുട്ടിയെയും തിരിച്ചുകൊണ്ടുവന്ന ചമ്മന്തിയരക്കല്‍ മത്സരത്തോടെ യുവധാര കോട്ടൂളി ഫെസ്റ്റിന് തുടക്കമായി. ചമ്മന്തിയരക്കല്‍ മത്സരത്തില്‍ ആദ്യം അമ്മമാരുടെ ഊഴമായിരുന്നു. ഓരോ റൗണ്ടിലും 10 പേരാണ് മത്സരിച്ചത്. അമ്മമാരും ന്യൂജെന്‍ മക്കളും പരസ്പരം ചമ്മന്തിയരച്ച് മത്സരിച്ചപ്പോള്‍ അമ്മമാര്‍ക്കുതന്നെയായിരുന്നു ഫുള്‍മാര്‍ക്ക്.

അമ്മിയും കുട്ടിയും തിരിച്ചുവരുമ്പോള്‍ എന്ന പേരില്‍ നടത്തിയ മത്സരത്തിനായി കോട്ടൂളിയിലെ ഓരോ വീടിന്‍െറയും മുക്കും മൂലയും അരിച്ചുപെറുക്കി 10 അമ്മിക്കല്ലും അമ്മിക്കുട്ടിയും ക്ളബ് അംഗങ്ങള്‍ തപ്പിയെടുത്തു. അടുക്കളയില്‍ മിക്സിയും ഗ്രൈന്‍ഡറും സ്ഥാനംപിടിച്ചപ്പോള്‍ അട്ടത്തേക്കും വിറകുപുരയിലേക്കും സ്റ്റോര്‍മുറിയിലേക്കും ഒതുങ്ങിപ്പോയ നീളന്‍ അമ്മിക്കല്ലും അമ്മിക്കുട്ടിയും തേച്ചുമിനുക്കി മത്സരത്തിന് റെഡിയാക്കി. ചമ്മന്തിയരക്കാനുള്ള തേങ്ങപ്പീര, പച്ചമാങ്ങ, വറ്റല്‍മുളക്, പച്ചമുളക്, ഇഞ്ചി, ചെറിയ ഉള്ളി, കുരുമുളക്, കറിവേപ്പില, ഉപ്പ്, പുളി, വെള്ളം തുടങ്ങിയ സാധനങ്ങളെല്ലാം അമ്മിക്കല്ലിനു സമീപം റെഡി. അമ്മമാരില്‍ പലരും പണ്ട് കല്ലിലരച്ചതിന്‍െറ ഓര്‍മയില്‍ ആദ്യം മുളകും പുളിയുമെല്ലാം ചതച്ചുതുടങ്ങി. 15 മിനിറ്റിനുള്ളില്‍ അരച്ചെടുത്തു നല്ല ഉഗ്രന്‍ നാടന്‍ ചമ്മന്തി.

‘അമ്മിയും കുട്ടിയും തിരിച്ചുവരുമ്പോള്‍’ അരക്കല്‍ മത്സരത്തില്‍നിന്ന്
 


ചിലര്‍ വറ്റല്‍മുളക് ചേര്‍ത്തുള്ള ഉണ്ടച്ചമ്മന്തി അരച്ചപ്പോള്‍ ചിലര്‍ മാങ്ങാച്ചമ്മന്തി ഉണ്ടാക്കിയാണ് വ്യത്യസ്തരായത്. എല്ലാം ചേര്‍ത്തൊരു വെറൈറ്റി ചമ്മന്തിയും ചിലര്‍ പരീക്ഷിച്ചു. നീണ്ട നാളത്തെ ഇടവേളക്കുശേഷമാണ് പലരും അമ്മിക്കുട്ടി കൈയിലെടുക്കുന്നതുതന്നെ. മക്കളുടെ കൈയടിയോടെ അമ്മമാര്‍ നല്ല ഒന്നാന്തരം ചമ്മന്തി തന്നെയാണ് അരച്ചെടുത്തതെന്ന് വിധികര്‍ത്താക്കളും അഭിപ്രായപ്പെട്ടു. അമ്മമാരുടെ മത്സരത്തിനുശേഷം ഇതുവരെ അമ്മമാര്‍ ഉണ്ടാക്കിത്തന്ന ചമ്മന്തി കഴിച്ചുപരിചയമുള്ള ന്യൂജെന്‍ മക്കള്‍ മത്സരത്തിനിറങ്ങി. പെണ്‍കുട്ടികളെ പിന്നിലാക്കി ആദ്യം ചമ്മന്തിയരച്ചത് ആണ്‍കുട്ടികളാണ്. ന്യൂജെന്‍ മക്കളുടെ ചമ്മന്തിക്കും ന്യൂജെന്‍ സ്റ്റൈലായിരുന്നു. ചിലര്‍ ആദ്യമേ തേങ്ങ മാത്രമിട്ട് അരതുടങ്ങി. തേങ്ങയരഞ്ഞശേഷമാണ് പലരും ഉപ്പും പുളിയും മുളകുമൊക്കെ ഇട്ടത്.

അരച്ചശേഷം ഉപ്പുമാവാണോ ചമ്മന്തിയാണോ ചമ്മന്തിപ്പൊടിയാണോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു കാഴ്ചക്കാര്‍! ഒന്നുകൂടി പരിശീലിച്ചാല്‍ അമ്മമാരെ കടത്തിവെട്ടുമെന്ന് പ്രഖ്യാപിച്ചാണ് മക്കള്‍ മത്സരം അവസാനിപ്പിച്ചത്. ആകെ 64 പേര്‍ പങ്കെടുത്ത മത്സരത്തില്‍ യുവാക്കളും പങ്കാളികളായി. യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന കോട്ടൂളി ഫെസ്റ്റ് തെരുവോരം മുരുകന്‍ ഉദ്ഘാടനം ചെയ്തു. തെരുവോരം മുരുകന് ക്ളബിന്‍െറ സമ്മാനമായി ബെഡ്ഷീറ്റുകള്‍ കൈമാറി. അമ്മമാരും മക്കളും ഉണ്ടാക്കിയ ചമ്മന്തിയും കൂട്ടി നല്ല ചൂടുവടയും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്. ക്ളബ് പ്രസിഡന്‍റ് ഷിജിത്ത് കൃഷ്ണന്‍, സെക്രട്ടറി കെ.വി. പ്രമോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.