വെള്ളക്കുപ്പായത്തിനുള്ളില്‍ പച്ച മനുഷ്യനാണ് ഫാ. ജോണ്‍ പൊതിയിട്ടേല്‍. കാഞ്ഞിരമറ്റം മാര്‍ ശ്ലീഹ പള്ളി അങ്കണത്തിലെ ഒൗഷധ- ജൈവ പച്ചക്കറി കൃഷിത്തോട്ടം കാണുന്നവര്‍ ഇക്കാര്യം നൂറുവട്ടം തലകുലുക്കി സമ്മതിക്കും. ആയുര്‍വേദങ്ങളില്‍ കേട്ടുപരിചയം മാത്രമുള്ള 450 ഒൗഷധ സസ്യങ്ങളാണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നട്ടുവളര്‍ത്തി പരിചരിച്ചു വരുന്നത്. ദശമൂലമെന്ന ഒറ്റപ്പേരില്‍ ആയുര്‍വേദത്തില്‍ അറിയപ്പെടുന്ന ഓരില, മൂവില, കണ്ടകാരിച്ചുണ്ട, ചെറുവഴുതന, ഞെരിഞ്ഞില്‍, കൂവളം, കുമിഴ്, പലകപ്പയ്യാനി, പാതിരി, മുഞ്ഞ എന്നിവയും ത്രികടുവില്‍ ഉള്ള ചുക്ക്, കുരുമുളക്, തിപ്പലിയും ത്രിഗന്ധത്തില്‍പ്പെട്ട ചന്ദനം, രക്തചന്ദനം, വെള്ളയകില്‍ എന്നിവയും ഈ അപൂര്‍വ ശേഖരത്തിലുണ്ട്.
ഇറുപുലി കടിച്ചാല്‍ അറുകുലിക്കിഴങ്ങ്, കൊളസ്ട്രോളിനും പ്രഷറിനുമുള്ള വൈദേശിക ആയുര്‍വേദ ഒൗഷധം, വിരദോഷ നിവാരണത്തിനുള്ള വിരക്കൈത, ബ്രഹ്മി, കാഞ്ഞിരം ഉള്‍പ്പെടെ 27 നക്ഷത്രങ്ങളുടെയും പേരിലുള്ള വൃക്ഷങ്ങള്‍ തുടങ്ങിയവയെല്ലാം ജൈവ വൈവിധ്യത്തിന്‍റെ നേര്‍ക്കാഴ്ചകളാണ്. ഇവക്കെല്ലാം ചാണകവെള്ളം മാത്രമാണ് വളമായി നല്‍കുന്നത്.
ഇതിനുപുറമെ വിദേശ രാജ്യങ്ങളിലെ അപൂര്‍വ സസ്യങ്ങളും ഈ തോട്ടത്തിലെ വേറിട്ട വേരോട്ടമാണ്. ദേവാലയത്തിന്‍റെ ചുറ്റുമതിലില്‍ 225 കൂടകളിലായി വിളവെടുപ്പിന് പാകമായ ഇഞ്ചിക്കൃഷിക്ക് പുറമെ മലയിഞ്ചി, മഞ്ഞള്‍, കസ്തൂരിമഞ്ഞള്‍ തുടങ്ങിയവയും സമൃദ്ധമായി വളരുന്നത് ഇവിടെ വേറിട്ട കാഴ്ചതന്നെ. ഒപ്പം രാമച്ചം, സര്‍പ്പഗന്ധി, കരമഞ്ഞള്‍, കുപ്പമഞ്ഞള്‍, ഇഞ്ചിമാങ്ങ തുടങ്ങിയവയുടെയെല്ലാം ഓരോ ചുവടുകള്‍ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നത് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പോലും നവ്യാനുഭവമാണ് പകരുന്നത്.
മലയോര മേഖലയിലെ കാലാവസ്ഥക്ക് അനുയോജ്യമല്ലാത്ത പച്ചക്കറികള്‍ക്കു പോലും ഈ പുരോഹിതന്‍റെ പരിപാലനത്തിലൂടെ നൂറുമേനി വിളവാണ്. അധികം കാണാത്ത ബീന്‍സ് വരെ ഇവിടെ വിളഞ്ഞു നില്‍ക്കുന്നുണ്ട്. വിവിധയിനം കുറ്റിപ്പയറുകള്‍, ചൈനീസ് നീല-വെള്ള കാബേജുകള്‍, അപൂര്‍വമായ തക്കാളി വഴുതന ഉൾപ്പെടെ വിവിധയിനം വഴുതനകള്‍, നിരവധി നിറത്തിലെ ചീനികളും ഈ തോട്ടത്തിലെ വേറിട്ട കാഴ്ചയാണ്.
ആധ്യാത്മിക ജീവിതത്തിനൊപ്പം കൃഷിയും ജീവിതസാഫല്യമായി കാണുകയാണ് ഈ നല്ലയിടയന്‍. പള്ളി വികാരിയായ ജോണ്‍ പൊതിയിട്ടേലിന് ഏതുസമയവും പിന്തുണയുമായി സഹ. വികാരി മാത്യു കുമ്പിളുങ്കല്‍, ദേവാലയവളപ്പിലെ കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്ലവര്‍ എല്‍.പി സ്കൂള്‍ സ്കൂള്‍ ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ ലിന്‍സി എന്നിവര്‍ക്കൊപ്പം ഇവിടുത്തെ കുട്ടികളും സജീവമായി രംഗത്തുണ്ട്. സഹകരണ ബാങ്ക് പ്രസിഡന്‍റും പൊതുപ്രവര്‍ത്തകനുമായ മാത്തുക്കുട്ടി ഞായര്‍കുളവും പിന്തുണയുമായി അച്ചനൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.