????? ????

മഹേഷിന്‍റെ പ്രതികാരത്തിൽ അധ്യാപികയുടെ ചൂരലടിയേറ്റ് വേദനയടക്കി ബെഞ്ചിലിരിക്കുന്ന കൊച്ചു മഹേഷിന് ജീവിതത്തിൽ ഒരിക്കൽ പോലും ക്ലാസ്​ ടീച്ചറുടെ ചൂരൽ പ്രഹരമേൽക്കേണ്ടി വന്നിട്ടില്ല. എന്നിട്ടും ടീച്ചറിന്‍റെ ചൂരൽ കഷായത്തിെൻറ കയ്പ് മുഴുവൻ ആ മുഖത്ത് മിന്നിമറഞ്ഞപ്പോൾ അടി കിട്ടിയ ഒരുപാട് പേർ തിയറ്ററിലിരുന്ന് പഴയ സ്​കൂൾ ഓർമയിലേക്ക് ഒരു നിമിഷം തിരിച്ചുപോയി. അടിയേറ്റ്  വേദനയിൽ കൈ ചുരുട്ടിപ്പിടിച്ച് ബെഞ്ചിലിരുന്ന് പുളയുമ്പോഴും സഹപാഠിയോടുള്ള ഇഷ്ടം മുഖത്ത് വിടർത്തിയ ലിയോ ഷാജി എന്ന കൊച്ചുമിടുക്കനു മുന്നിൽ അവസരങ്ങളുടെ ചെപ്പുനീട്ടിയിരിക്കുകയാണ് സിനിമയുടെ ലോകം. എന്നിരുന്നാലും പത്താം ക്ലാസ്​ പരീക്ഷയുടെ തയാറെടുപ്പിനായി ചില സിനിമകളിലേക്കുള്ള അവസരം അൽപം വിഷമത്തോടെയാണെങ്കിലും വേണ്ടെന്നു വെച്ചു.

ദുൽഖർ സൽമാൻ നായകനായി രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയിലെ അവസരമാണ് പരീക്ഷക്കാലമായതിനാൽ ഉപേക്ഷിച്ചത്. ചില സിനിമകൾ നഷ്ടമായെങ്കിലും പഠിത്തം കളഞ്ഞുള്ള അഭിനയം വേണ്ടെന്ന തീരുമാനത്തിൽ ഉറച്ചുതന്നെയാണ് ലിയോയും മാതാപിതാക്കളായ നാലുകോടി കുത്തുകല്ലുങ്കൽ ഷാജി ചെറിയാനും ടിൻസിയും. പരീക്ഷയുടെ പഠനത്തിരക്കിൽ അഭിനയിച്ച സിനിമ തിയറ്റിൽ പോയി കാണുന്നത് പോലും വൈകി. സിനിമ കണ്ട് നൂറുകണക്കിനാളുകൾ അഭിനന്ദനം അറിയിച്ചതിന്‍റെ സന്തോഷത്തിലാണ് ഈ കുടുംബം.


ചങ്ങനാശേരിക്കടുത്ത് നാലുകോടി എന്ന കൊച്ചുഗ്രാമത്തിൽ വ്യാപാര സ്​ഥാപനം നടത്തുന്ന ഷാജി ചെറിയാന്‍റെ മകന് അഭിനയകല പാരമ്പര്യത്തിെൻറ വരദാനമൊന്നുമല്ല. പക്ഷേ, കലാബോധമുള്ള കുടുംബത്തിൽ പിറന്നതാണ് തന്‍റെ ഭാഗ്യമെന്ന് ലിയോക്കറിയാം. കിളിമല എസ്​.എച്ച് പബ്ലിക് സ്​കൂളിൽ പഠിക്കുന്ന ലിയോ സ്​കൂൾ വാർഷിക വേളയാണ് തെൻറ കലാപ്രകടനത്തിന്‍റെ മുഖ്യവേദിയാക്കുന്നത്. പ്രശസ്​ത സംവിധായകൻ ജോണി ആൻറണി ലിയോയെ ശ്രദ്ധിച്ചതോടെയാണ് സിനിമയിലേക്കുള്ള വഴി തുറന്നത്.

അടുത്ത സിനിമയിലേക്ക് ജോണി ആൻറണി ക്ഷണിച്ചു. മാതാപിതാക്കളുടെ കലയോടുള്ള സ്​നേഹം തുണയായി. ലിയോയെ സ്​ക്രീൻ ടെസ്​റ്റിനും ഷൂട്ടിങ് സ്​ഥലത്തുമെല്ലാം എത്തിക്കാൻ തിരക്കിനിടിയിലും അവർ സമയം കണ്ടെത്തി. ആദ്യ ടേക് തന്നെ ഓക്കെ ആയതോടെ മാതാപിതാക്കൾക്കും മകന്‍റെ പ്രതിഭയിൽ വിശ്വാസമായി. പിന്നീട് നിരവധി സിനിമകളിലെ അവസരമാണ് ലിയോയെ തേടിയെത്തിയത്. കുഞ്ചാക്കോ ബോബന്‍റെ കുട്ടിക്കാലമായിരുന്നു ഭയ്യാ ഭയ്യാ സിനിമയിലെ കഥാപാത്രം. അടുത്ത സിനിമയിലെ വേഷം ഫഹദ് ഫാസിലിന്‍റെ കുട്ടിക്കാലവും.

യാദൃച്ഛികമെങ്കിലും മലയാള സിനിമയിലെ യുവതലമുറയുടെ ഹരമായ സൂപ്പർ താരങ്ങളുടെ കുട്ടിക്കാലം ചെയ്യാനായതിൽ സന്തോഷവും  അഭിമാനവും ഏറെയാണെന്ന് ലിയോ പറയുന്നു. മഹേഷിന്‍റെ പ്രതികാരത്തിൽ തന്‍റെ ഷൂട്ടിങ് അവസാനത്തെ രണ്ടു ദിവസമായിരുന്നതിനാൽ ഏറെ ഇഷ്ടപ്പെടുന്ന ഫഹദ് ഫാസിലിനെ നേരിൽ കാണാൻ കഴിയാതെ വന്നതിൽ വിഷമമുണ്ട്. കട്ടപ്പനയിലെ തോപ്രാംകുടിക്കടുത്ത സ്​കൂളിലായിരുന്നു ഷൂട്ടിങ് ലൊക്കേഷൻ. കഥാപാത്രത്തെ താൻ നന്നായി അവതരിപ്പിച്ചുവെന്ന് സംവിധായകൻ ദിലീഷ് പോത്തന്‍റെ അഭിനന്ദനം അവാർഡ് പോലെയാണ് തനിക്കെന്നും ഈ കൊച്ചുമിടുക്കൻ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.