കോട്ടയം: മഹാകവി കുമാരനാശാന്‍റെ കവിതയെ ആസ്പദമാക്കി ശില്‍പം തീര്‍ത്ത് പ്രണാമം. ഡല്‍ഹി സര്‍ക്കാര്‍ സര്‍വിസില്‍ നിന്ന് വിരമിച്ച കുടമാളൂര്‍ കാഞ്ഞിരത്തുംമൂട്ടില്‍ ശില്‍പി കെ.പി. പ്രസാദാണ് ‘ചിന്താവിഷ്ടയായ സീത’യെ ശില്‍പരൂപത്തില്‍ പുന:സൃഷ്ടിച്ചത്. മഹാകവിയുടെ രചനാ നൈപുണ്യവും ഭാവാത്മകതയും പാരമ്യത്തിലെത്തുന്ന ഖണ്ഡകാവ്യത്തിലെ ലഘുകാവ്യമാണ് പ്രചോദനമേകിയത്.
‘അലസാംഗി നിവര്‍ന്നിരുന്ന,
മെയ്യലയാതാനതമേനിയെങ്കിലും;
അയവാര്‍ന്നിടയില്‍ ശ്വാസിച്ചു ഹാ?
നിയമം വിട്ടൊരു തെന്നല്‍ മാതിരി’
എന്ന കാവ്യത്തിലൂടെ സീതയുടെ ഭാവത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് ശില്‍പം പൂര്‍ത്തിയാക്കിയത്.
പ്ലാസ്റ്റര്‍ ഓഫ് പാരീസും ഫൈ്ളബർഗ്ലാസും ഉപയോഗിച്ച് മനോഹരമാക്കിയ ശില്‍പത്തില്‍ എല്ലാം നഷ്ടമായ സീതയുടെ വിരഹവും ദു:ഖവും ആര്‍ജവും ഓരേപോലെ സമന്വയിപ്പിക്കുന്നുണ്ട്. 1980 മുതല്‍ ഡല്‍ഹി സര്‍ക്കാറിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആശാന്‍റെ കവിതകള്‍ വായിച്ചു തുടങ്ങിയത്. അതില്‍ ഹൃദയസ്പര്‍ശിയായ ‘ചിന്താവിഷ്ടയായ സീത’യിലെ കാവ്യങ്ങള്‍ മനസ്സിൽ നിന്ന് മായാതെ നിന്നു. ജോലിക്കിടെയുള്ള അവധി ദിവസങ്ങളിലും വിശ്രമവേളകളിലും സമയം കണ്ടെത്തി കവിതയെ ശില്‍പമാക്കി മാറ്റാന്‍ വേണ്ടിവന്നത് മൂന്നു മാസത്തെ പരിശ്രമമാണ്. വര്‍ഷങ്ങളായി മനസ്സില്‍ സൂക്ഷിച്ച ആശയങ്ങള്‍ ശില്‍പരൂപത്തില്‍ കൊത്തിയെടുത്തപ്പോള്‍ കാവ്യത്തിലൂടെ ആദ്യശില്‍പം തീര്‍ത്തുവെന്ന ചരിത്രം കെ.പി. പ്രസാദിന് സ്വന്തമായി.
പ്രസിദ്ധ ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍റെ ജീവിതപ്രയാണം കോര്‍ത്തിണക്കി ‘മത മൗലികവാദം’ തലക്കെട്ടില്‍ ഒരുക്കിയിരിക്കുന്ന ചുവര്‍ശില്‍പം വേറിട്ടതാണ്. കലയെ സ്നേഹിച്ചതിന്‍റെ പേരില്‍ ‘ഹിന്ദു തീവ്രവാദികള്‍’ നാടുകടത്തിയ ക്രൂരതയുടെ വേദനകളിലൂടെയാണ് ചുവര്‍ചിത്രം സഞ്ചരിക്കുന്നത്. സിനിമ, സിനിമ നിര്‍മാണം, ഭാരതീയ സൗന്ദര്യ ശാസ്ത്രബോധത്തില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ തുടങ്ങിയവയുടെ ക്രോഡീകരണം ഫൈബറിലാണ് തീര്‍ത്തിരിക്കുന്നത്. ഇതിലൂടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മരണമില്ലെന്ന സന്ദേശം സമൂഹത്തിന് പകര്‍ന്നു നല്‍കുയാണ്.
മനുഷ്യനും വളര്‍ത്തുമൃഗങ്ങളും ജീവജാലങ്ങളും തമ്മിലെ ബന്ധത്തിന്‍റെ തീവ്രതയിലേക്കാണ് ‘പ്രകൃതിയുടെ മടിത്തട്ടില്‍’ ശില്‍പം സഞ്ചരിക്കുന്നത്. സൗന്ദര്യം വാര്‍ധക്യത്തിലും നഷ്ടമാകില്ലെന്ന സന്ദേശമുയര്‍ത്തി പ്രതീകാത്കമായി ‘വൃദ്ധയും ആടും’ ചേര്‍ന്നിരിക്കുന്നതാണ് ശില്‍പത്തിന്‍റെ നിര്‍മാണം. സ്ത്രീയും പുരുഷനും നെല്ല് കുത്തുന്നതിന്‍റെ നേര്‍ക്കാഴ്ചയൊരുക്കുന്ന ‘ആദ്യതാളം’ ശില്‍പത്തിലൂടെ അധ്വാനത്തിന്‍റെയും ഉപജീവനത്തിന്‍റെയും കഥയും പറയുന്നുണ്ട്. ന്യൂഡല്‍ഹിയില്‍ കേന്ദ്ര ലളിതകലാ അക്കാദമി ആര്‍ട്ട്ഗാലറിയില്‍ രണ്ടുതവണ സംഘടിപ്പിച്ച ശില്‍പപ്രദര്‍ശനത്തില്‍ പങ്കെടുത്തു.
കേരള ലളിതകലാ അക്കാദമിയുടെ പ്രദര്‍ശനത്തിനുള്ള ശില്‍പങ്ങളുടെ പട്ടികയില്‍ ‘പ്രകൃതിയുടെ മടിത്തട്ടില്‍’, ‘അടിച്ചേല്‍പ്പിക്കുന്നതിന്‍റെ ആഘാതം’ എന്നിവ ഇടംനേടിയിരുന്നു. വര്‍ഷങ്ങളോളം അന്യനാട്ടിലായതിനാല്‍ സ്വന്തം നാടുമായുള്ള ബന്ധം കൂട്ടാനെത്തിയ കെ.പി. പ്രസാദ് തീര്‍ത്ത വിവിധ ശില്‍പങ്ങളുടെ പ്രദര്‍ശനം കോട്ടയം പബ്ലിക് ലൈബ്രറി ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.