കവിതക്കുണ്ട്, നല്ല ബിരിയാണി മണം...

ആവി പറക്കുന്ന രസികന്‍ ബിരിയാണിയുടെ മണമുള്ള വരികള്‍ക്ക് എന്തുപേരിട്ട് വിളിക്കും? കണ്‍ഫ്യൂഷനാകേണ്ട. തല്‍ക്കാലം ഏറ്റവും യോജിക്കുന്ന പേര് സജ്ന എന്നു തന്നെയാണ്. പൂമ്പാറ്റയും പൂന്തോട്ടവും മഴയും നിലാവും അനുഭവിച്ചറിഞ്ഞ ചിത്രങ്ങള്‍ മാത്രമായിരുന്നില്ല കുഞ്ഞു സജ്നക്ക്. എഴുത്തിന്‍െറ ലോകത്തേക്ക് കൈപിടിച്ചുകയറ്റിയ പ്രിയ ചങ്ങാതിമാര്‍ കൂടിയായിരുന്നു. വലുതാകുന്തോറും കണക്കുകൂട്ടലുകളൊക്കെ തെറ്റിപ്പോയെന്ന് വിലപിക്കാതെ അനുഭവങ്ങളില്‍ നിന്ന് തൊടുപുഴ കാളിയാര്‍ സ്വദേശിനി സജ്ന നിഷാദ് ഊര്‍ജമാക്കിയത് അതിജീവനത്തിനുള്ള പാഠങ്ങള്‍ മാത്രമായിരുന്നു.

അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോള്‍ ‘പെരുവയറന്‍ ആനയുടെ കുളി’ വര്‍ണിച്ച സജനക്ക് ടീച്ചറുടെ അഭിനന്ദനം പ്രോത്സാഹനമായപ്പോള്‍ പിറവിയെടുത്ത കവിതകളുടെ പ്രവാഹത്തിന് ഇപ്പോള്‍ അല്‍പം ബിരിയാണി മണമുണ്ട്. തൂലിക ചലിപ്പിക്കാന്‍ മാത്രമല്ല, രുചികരമായ ബിരിയാണി ഉണ്ടാക്കാനും ഈ കൈകള്‍ക്ക് ആവുമെന്ന് സജ്നയുടെ വഴികളിലൂടെ നടന്നാല്‍ കാണാനാകും.

സാമ്പത്തിക പ്രയാസങ്ങളും പെണ്ണ് എന്ന പരിമിതിയും മൂലം ഏറെ ഇഷ്ടമായിരുന്ന ജേണലിസം മനസ്സിലൊതുക്കി നഴ്സിങ് പഠിച്ച സജ്ന ഇപ്പോള്‍ കാളിയാറില്‍ ‘ഖുഷീസ് കിച്ചന്‍’ എന്ന പേരില്‍ പിതാവ് സൈനുദ്ദീനൊപ്പം ബിരിയാണിയുടെ ഹോം ഡെലിവറി നടത്തുകയാണ്. സാധാ ചിക്കന്‍ ബിരിയാണി മുതല്‍ ഗള്‍ഫില്‍ പോയപ്പോള്‍ പഠിച്ച ചിക്കന്‍, മട്ടന്‍, ബീഫ് മിക്സഡ് ദം ബിരിയാണിയും ഹൈദരാബാദിയും ഫ്രൈഡ് റൈസും അടക്കമുള്ള വിവിധ വിഭവങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നു.  മുടി നഷ്ടപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക്  വിഗ് നിര്‍മിക്കുന്നതിന് തന്‍െറ 15 ഇഞ്ച് നീളമുള്ള ഇടതൂര്‍ന്ന മുടി മുറിച്ചുനല്‍കിയ നന്മക്കു പിന്നിലും തളരാത്ത ആത്മവിശ്വാസം മാത്രമായിരുന്നു പ്രേരണ.

സജ്ന ഏഴാം ക്ളാസില്‍ പഠിക്കുമ്പോഴാണ് കുഞ്ഞനിയന്‍ ഉണ്ടായത്. സ്വതവേ ഉള്‍വലിഞ്ഞ പ്രകൃതക്കാരിയായ സജ്നക്ക് അതിനാല്‍ തന്നെ കുട്ടിക്കാലത്ത് ഓര്‍ത്തു സൂക്ഷിക്കാവുന്ന സൗഹൃദങ്ങളും കുറവായിരുന്നു. തന്‍െറ ഏകാന്തതക്ക് ശമനമായി അവള്‍ പേനയോടും ഡയറിയോടും കൂട്ടുകൂടി. സജ്നയുടെ ഭാഷയില്‍ പറഞ്ഞാല്‍ കൂട്ടുകാര്‍ക്ക് കൈയെഴുത്ത് മാസികയില്‍ കൊടുക്കാന്‍ കവിതകളെ ‘ദത്തുകൊടുക്കുക’ വരെ ചെയ്തു.



കുട്ടിത്തം നിറഞ്ഞ കവിതകളുടെ വിഷയങ്ങള്‍ വളരുന്നതിനനുസരിച്ച് പ്രണയം, വിരഹം എന്നിവക്ക് വഴിമാറി. സ്വന്തം വീട്ടില്‍ പോലും ആര്‍ക്കും അറിയാതിരുന്ന അക്ഷരക്കൂട്ടങ്ങള്‍ക്ക് ‘നിനവ്’ എന്ന പേരില്‍ ഫേസ്ബുക് കമ്യൂണിറ്റി പേജില്‍ പുതുവെളിച്ചം നല്‍കിയത് ദുബൈയിലുള്ള ഭര്‍ത്താവ് നിഷാദിന്‍െറ പ്രോത്സാഹനമാണ്. ഖുഷി എന്ന് വിളിപ്പേരുള്ള മൂന്നു വയസുകാരി നബവിയയാണ് ഏകമകള്‍.

‘ഇവിടെ ഈ മേശക്കുള്ളില്‍
ഒരിറ്റു മഷിക്കായ് ദാഹിച്ചുകിടക്കുമ്പോള്‍
ഞാനോര്‍ക്കുന്നുവെല്ലാം
നിന്‍െറ വിരലിന്‍െറ ചൂടും, എഴുതിമടുത്ത വിയര്‍പ്പിന്‍െറ നനവും...’


സജ്ന എഴുതുകയാണ്. അടുപ്പില്‍ എരിയുന്ന ബിരിയാണിക്ക് പുതുമയുള്ള രസക്കൂട്ടുകള്‍ തേടുന്നതിനിടയിലും അക്ഷരങ്ങളെ ചവറ്റുകുട്ടയില്‍ തള്ളാതെ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.