ലങ്കയില്‍ ചാടി ചന്ദ്രിക നേടി

പ്ളാസ്റ്റിക് ഷീറ്റ് ചുറ്റിവരഞ്ഞ ഈ ഒറ്റമുറി കൂര ഒരു കായിക താരത്തിന്‍േറതാണ്. ചരിച്ചുവെച്ച തക്കാളിപ്പെട്ടി നിറയെ മെഡലുകളും ട്രോഫികളും... പരാധീനതകള്‍ക്ക് നടുവിലും ജന്മനാടിന് അഭിമാനിമാകുകയാണ് കശുവണ്ടി തൊഴിലാളിയായ ചന്ദ്രിക. ആഗസ്റ്റില്‍ ചന്ദ്രിക കുമാരതുംഗെയുടെ നാട്ടിലത്തെി കായിക മത്സരങ്ങളില്‍ സ്വര്‍ണവും വെള്ളിയും നേടാന്‍ അടൂരുകാരി ചന്ദ്രികക്കായി.

ശ്രീലങ്കയിലെ മഹിന്ദ രജപക്സെ അന്തര്‍ദേശീയ സ്റ്റേഡിയത്തില്‍ നടന്ന 40 വയസിന് മുകളിലുള്ളവരുടെ അന്താരാഷ്ട്ര മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും ഹൈജമ്പില്‍ വെള്ളിയുമാണ് നേടിയത്. പള്ളിക്കല്‍ ഇളംപള്ളില്‍ പുത്തന്‍വിളയില്‍ ഉണ്ണികൃഷ്ണന്‍െറ ഭാര്യയാണ് ചന്ദ്രിക (42).


ശ്രീലങ്കയില്‍ പോകാന്‍ പണമില്ലാതെ വിഷമിക്കുന്നതിനിടെ നടന്‍ സുരേഷ് ഗോപിയാണ് 35,000 രൂപ സഹായം നല്‍കിയത്. കഴിഞ്ഞ വര്‍ഷം കേരളോത്സവത്തില്‍ ജില്ലാ ചാമ്പ്യന്‍ഷിപ് നേടിയിരുന്നു. സംസ്ഥാനതലത്തില്‍ ലോങ്ജമ്പില്‍ നാലാം സ്ഥാനവും 200 മീറ്റര്‍ അത്ലറ്റിക്കില്‍ നാലാം സ്ഥാനവും ലഭിച്ചു. ഹരിയാന, ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളില്‍ നടന്ന നാഷനല്‍ മാസ്റ്റേഴ്സ് മത്സരങ്ങളില്‍ വിവിധ ഇനങ്ങളിലായി നാല് സ്വര്‍ണവും രണ്ട് വെള്ളിയും നേടിയിട്ടുണ്ട്.

സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കായിക തലത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ചന്ദ്രികക്ക് കശുവണ്ടി വികസന കോര്‍പറേഷന്‍െറ പരിമിതമായ സഹായവും കായിക മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ പെയ്ന്‍റിങ് ജോലിക്കാരനാണ്. ഏക മകള്‍ അപര്‍ണ ഉണ്ണി പയ്യനല്ലൂര്‍ ഗവ. എല്‍.പി സ്കൂള്‍ നാലാംതരം വിദ്യാര്‍ഥിനിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.