സുതാര്യം, സത്യസച്ഛം ഈ ഉദ്യോഗപര്‍വം

ഇതൊരു അപൂര്‍വമായ സിവില്‍ സര്‍വിസ് വിജയഗാഥയാണ്. മലബാറിലെ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആദ്യ ഐ.എ.എസുകാരന്‍െറ വ്യത്യസ്തമായ ഒൗദ്യോഗിക ജീവിതത്തിന്‍െറ അടയാളപ്പെടുത്തലുകള്‍. ഇന്ത്യയിലെ നാലു പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഒരു മലയാളിയുടെ സര്‍വിസ് ഓര്‍മകള്‍. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വിസില്‍ നിരവധി ഉന്നതപദവികള്‍ അലങ്കരിച്ച വണ്ടൂര്‍ സ്വദേശിയായ പി.എം.എ. ഹക്കീം എന്ന റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍െറ ജീവിതത്തിനാണ് ഈ സവിശേഷതകളുള്ളത്.

മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന പൊതുവച്ചാsല്‍ പി. മുഹമ്മദിന്‍െറയും ആമിനയുടെയും മക്കളില്‍ മൂന്നാമനായാണ് ഹക്കീമിന്‍െറ ജനനം. ചെറുപ്പം മുതല്‍തന്നെ നേട്ടങ്ങളുടെയും കഠിനാധ്വാനത്തിന്‍െറയും വേറിട്ട വഴികളിലൂടെയായിരുന്നു ഹക്കീമിന്‍െറ സഞ്ചാരം. ആറാം വയസ്സില്‍ സ്കൂളില്‍ ചേരുന്നതുമുതല്‍ തുടങ്ങുന്നുണ്ടത്. അന്ന് ആ പ്രായത്തില്‍ നേരിട്ട് നാലാം ക്ളാസിലേക്കായിരുന്നു അദ്ദേഹത്തിന് പ്രവേശം കിട്ടിയത്. പ്രീ യൂനിവേഴ്സിറ്റിക്കുശേഷം ഫാറൂഖ് കോളജില്‍ ബിരുദപഠനം. കാലിക്കറ്റ്^കണ്ണൂര്‍ സര്‍വകലാശാലകളുടെ ആവിര്‍ഭാവത്തിനു മുമ്പായിരുന്നതിനാല്‍ കേരള യൂനിവേഴ്സിറ്റിക്കു കീഴിലായിരുന്നു ബിരുദ പരീക്ഷ. സര്‍വകലാശാലയുടെ അതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ ഒന്നാം റാങ്കില്‍ ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടി. കേരള യൂനിവേഴ്സിറ്റിയിലും ആലുവ യു.സി കോളജിലുമായി ബിരുദാനന്തര ബിരുദം. പഠന മികവിന്‍െറ പതിവു തെറ്റിക്കാതെ കേരള സര്‍വകലാശാലയുടെ ഒന്നാം റാങ്കുകാരനായി എം.എസ്സി പൂര്‍ത്തിയാക്കി. കേരള സര്‍വകലാശാല ഫിസിക്സ് ഡിപ്പാര്‍ട്മെന്‍റില്‍ പ്രഫസറായിരുന്ന ഡോ. വെങ്കിടേശ്വരലു മലബാറില്‍ നിന്നുള്ള ഈ യുവാവിനെ പ്രത്യേകം ശ്രദ്ധിച്ചു. സമര്‍ഥനായ പ്രിയശിഷ്യനെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വിസിന്‍െറ വഴിയിലേക്കെ ത്തിച്ചത് ഡോ. വെങ്കിടേശ്വരലുവിന്‍െറ സ്നേഹപൂര്‍ണമായ നിര്‍ബന്ധവും പ്രേരണയുമായിരുന്നു.

1966ല്‍ കോഴിക്കോട് ഫാറൂഖ് കോളജില്‍ അധ്യാപകനായി നിയമിതനായി. ഫാറൂഖിലെ അധ്യാപന കാലത്താണ് ഐ.എ.എസ് പരീക്ഷക്ക് അപേക്ഷിക്കുന്നത്. പരീക്ഷയുടെ നടപടിക്രമങ്ങളെക്കുറിച്ചോ പഠിക്കേണ്ട പുസ്തകങ്ങളെക്കുറിച്ചോ വ്യക്തമായ ധാരണയില്ല. കൃത്യമായ ചിട്ടവട്ടങ്ങളൊന്നുമില്ലാതെയായിരുന്നു പഠനം. വിദ്യാസമ്പന്നരായ മലയാളി യുവാക്കളുടെ സ്വപ്നങ്ങളില്‍പോലും സിവില്‍ സര്‍വിസ് എന്നത് അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കാലത്താണ് മലബാറില്‍ നിന്നുള്ള ഈ യുവാവിന് ഐ.എ.എസ്  എന്നത് ഒരു മോഹവും ലക്ഷ്യവുമായത്. ഒരു വര്‍ഷത്തോളം നീളുന്ന പരീക്ഷാ നടപടിക്രമങ്ങള്‍ക്കിടയിലാണ് ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ റിസര്‍ചിനായി ചേര്‍ന്നത്. നൊബേല്‍ ജേതാവായ സി.വി. രാമന്‍െറ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഡോ. ആര്‍.എസ്. കൃഷ്ണന്‍െറ കീഴിലായിരുന്നു ഗവേഷണം. ഭൗമവസ്തുക്കളുടെ കാലഗണന (Geo Chronology)യെക്കുറിച്ചുള്ള ഗവേഷണ പഠനം.

സിവില്‍ സര്‍വിസ് പരീക്ഷാഫലം വന്നപ്പോള്‍ വിജയം ഒപ്പമുണ്ട്. അങ്ങനെ, വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റങ്ങളുടെ പുത്തന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഇന്നത്തെ മലപ്പുറം രൂപപ്പെടുന്നതിന് വളരെ മുമ്പ് 1969ല്‍ മലബാറിലെ മുസ്ലിം സമുദായത്തില്‍നിന്നുള്ള ആദ്യ ഐ.എ.എസുകാരന്‍ എന്ന പെരുമയുമായി ഹക്കീം സിവില്‍ സര്‍വിസിലെ ത്തി. മസൂറിയിലെ എല്‍.ബി.എസ്. നാഷനല്‍ അഡ്മിനിസ്ട്രേറ്റിവ് അക്കാദമിയിലെ പരിശീലന കാലത്തിനുശേഷം മലയാളികളായ രണ്ടുപേരില്‍ ഒരാള്‍ക്ക് (വിജയനുണ്ണി) കേരളത്തിലും ഹക്കീമിന് മഹാരാഷ്ട്ര കേഡറിലുമായിരുന്നു നിയമനം. ഗവേഷണപഠനം ഉപേക്ഷിച്ച് 1970ല്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ അസി. കലക്ടറായി ആദ്യനിയമനം. തുടര്‍ന്ന് മഹാരാഷ്ട്രാ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ ജില്ലാ പരിഷത്ത് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍, സെയില്‍സ് ടാക്സ് കമീഷണര്‍, ജോയന്‍റ് ചീഫ് കണ്‍ട്രോളര്‍ ഓഫ് ഇംപോര്‍ട്സ് ആന്‍ഡ് എക്സ്പോര്‍ട്ട്സ് തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചു. ഒൗദ്യോഗികമായ തിരക്കുകള്‍ക്കിടയിലും മാഞ്ഞു പോകാതിരുന്ന അക്കാദമിക താല്‍പര്യം അദ്ദേഹത്തെ ലോകപ്രശസ്തമായ ഹാര്‍വഡ് യൂനിവേഴ്സിറ്റിയിലുമെ ത്തിച്ചു. 1985ല്‍ ഹാര്‍വര്‍ഡില്‍ നിന്ന് പബ്ളിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.

1987ലാണ്  ഭാരതത്തിന്‍െറ ഭരണസിരാകേന്ദ്രമായ ഡല്‍ഹിയില്‍ എത്തുന്നത്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഓഫിസില്‍ ജോയന്‍റ് സെക്രട്ടറിയായി ചുമതലയേറ്റു. രാജീവ് ഗാന്ധിയുടെ ഭരണകാലയളവ് കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രിമാരായ വി.പി. സിങ്, ചന്ദ്രശേഖര്‍, പി.വി. നരസിംഹാറാവു എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. സാധാരണയായി ഭരണം മാറുന്നതിനനുസരിച്ച് ഉദ്യോഗതലത്തില്‍ സമൂലമായ അഴിച്ചുപണി പതിവാണെങ്കിലും ഈ നാലു പ്രധാനമന്ത്രിമാരുടെ കാലയളവിലും പി.എം.ഒയിലെ ചുമതലയില്‍ തുടരാന്‍ ഹക്കീം നിര്‍ബന്ധിക്കപ്പെടുകയാണുണ്ടായത്. അത് വലിയൊരു നേട്ടമായി ഇദ്ദേഹം കാണുന്നു. നരസിംഹ റാവു ബഹുഭാഷാ പണ്ഡിതനും അതിശയിപ്പിക്കുന്ന വായനക്കാരനുമായിരുന്നുവെന്ന് ഹക്കീം ഓര്‍ക്കുന്നു. ആര്‍ജവവും സത്യസന്ധതയുംകൊണ്ട് വി.പി. സിങ് വേറിട്ട വ്യക്തിത്വമായിരുന്നു. ഉദ്യോഗസ്ഥരുമായി സൗഹൃദപൂര്‍ണമായ ബന്ധം നിലനിര്‍ത്തിയിരുന്ന രാജീവ് ഗാന്ധി പുതിയ സാങ്കേതിക വിദ്യകളോടും പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളോടും സവിശേഷമായ  ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫിസില്‍ അഞ്ചുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വീണ്ടും മുംബൈയിലേക്ക് തിരികെ വന്നു. പിന്നീട്,  വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറകടര്‍, ട്രാന്‍സ്പോര്‍ട്ട്, ടെക്സ്റ്റല്‍സ്, ട്രൈബല്‍ ഡെവലപ്മെന്‍റ് വകുപ്പുകളുടെ സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ പദവികളിലായിരുന്നു സേവനം.  മഹാരാഷ്ട്രാ റോഡ് ട്രാന്‍സ്പോര്‍ട്ട്സ് കോര്‍പറേഷന്‍ വൈസ് ചെയര്‍മാന്‍ ആന്‍ഡ് എം.ഡി., ഇന്ത്യാ ഗവണ്‍മെന്‍റ് സ്ഥാപനമായ എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗാരന്‍റി കോര്‍പ്പറേഷന്‍െറ (ഇ.സി.ജി.സി) ചെയര്‍മാന്‍ കം മാനേജിങ് ഡയറക്ടര്‍  തുടങ്ങിയ വിവിധ തസ്തികകളിലും ഹക്കീം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വാണിജ്യ തലസ്ഥാനത്തെ നിര്‍ണായകമായ നിരവധി തസ്തികകളില്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടങ്ങളിലെ വെല്ലുവിളികളെയും നേട്ടങ്ങളെയും കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ഒൗദ്യോഗിക രംഗത്തെ നേട്ടങ്ങളെ വ്യക്തിപരമായല്ല വിലയിരുത്തേണ്ടത് എന്ന് സൗമ്യമായി പറഞ്ഞൊഴിയുന്നു ഇദ്ദേഹം.

മഹാരാഷ്ട്രയിലെ സേവനകാലത്ത് അടുത്ത് പ്രവര്‍ത്തിച്ച ശരദ്പവാര്‍, ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്ന കാലത്ത് ഇദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വരുത്തി കേന്ദ്രകൃഷി മന്ത്രാലയത്തില്‍ സെക്രട്ടറിയായി നിയമിച്ചപ്പോഴാണ് വീണ്ടും രാജ്യ തലസ്ഥാനത്തത്തെുന്നത്. അങ്ങനെ, 2006ല്‍ റിട്ടയര്‍മെന്‍റുവരെ ഡല്‍ഹിയില്‍. ഇപ്പോള്‍ കോഴിക്കോട് നഗരത്തില്‍ കൊട്ടാരം റോഡില്‍ ‘ജൂഗ്നു’ വില്‍ ഭാര്യ നജ്മയുമൊത്ത് വിശ്രമജീവിതം നയിക്കുകയാണ് ഹക്കീം. രണ്ട് പെണ്‍കുട്ടികള്‍, രണ്ടു പേരും വിവാഹിതരാണ്.

ഇന്ത്യയുടെ ഭരണ^രാഷ്ട്രീയ ചരിത്രത്തില്‍ ശ്രദ്ധേയരായ ഒട്ടേറെ പ്രമുഖര്‍ക്കൊപ്പം അടുത്ത് പ്രവര്‍ത്തിച്ച ഹക്കീം ഇവരില്‍ പലരുടെയും ഭരണമികവിനെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും പരാമര്‍ശിക്കുമ്പോഴും അവരുടെ രാഷ്ട്രീയ വ്യക്തിത്വത്തെയും ഒൗദ്യോഗിക മേഖലയിലെ ഇടപെടലുകളെയും കുറിച്ച് ആഭിജാതമായ മൗനം പാലിക്കുന്നു. ഒൗദ്യോഗിക ജീവിതത്തിലെ നിര്‍ണായക സന്ദര്‍ഭങ്ങളോ ഭരണ^രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുമായുള്ള വ്യക്തിബന്ധങ്ങളോ സൂചിപ്പിക്കുന്ന ഒരു ഫോട്ടോ പോലും അദ്ദേഹത്തിന്‍െറ ശേഖരത്തിലില്ല എന്നത് നമുക്കൊക്കെ ആശ്ചര്യകരമായി തോന്നിയേക്കാം. വിവാദങ്ങളുയര്‍ത്തി ശ്രദ്ധേയമാകുന്ന ആത്മകഥകളുടെയും സര്‍വിസ് സ്റ്റോറികളുടേയും കാലത്ത് അത്തരമൊരു സാധ്യതയെപ്പറ്റിയുള്ള അന്വേഷണത്തിന് പുഞ്ചിരിച്ചു കൊണ്ടായിരുന്നു മറുപടി. പുസ്തകരചന മനസ്സിലുണ്ട്. പക്ഷേ, തീര്‍ത്തും ശാസ്ത്ര സംബന്ധിയായ ഒരു രചനയാണ് ഉദ്ദേശ്യം. അറിവുകള്‍ പങ്കുവെക്കപ്പെടാനുള്ളതാണെന്ന ആ പഴയ അധ്യാപകന്‍െറ ആശയത്തിന് അല്‍പവും മങ്ങലേറ്റിട്ടില്ല. വിനയവും വേറിട്ട വ്യക്തിത്വവും കൊണ്ട് ഒരിക്കല്‍കൂടി ഇദ്ദേഹം നമ്മെ അദ്ഭുതപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.