സര്‍പ്പഭ്രമം

എവിടെയെങ്കിലും പാമ്പിറങ്ങിയെന്നു കേട്ടാല്‍ ഏതു പാതിരാത്രിയിലും കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോലില്‍ ചന്ദ്രന്‍ എത്തും. നാട്ടുകാരുടെ ഭീതിയകറ്റുക മാത്രമല്ല ലക്ഷ്യം, പാമ്പുകളെ രക്ഷിച്ച് കാട്ടിലെത്തിക്കലുമാണ്. പാമ്പ് മനുഷ്യന്‍െറ ശത്രുക്കളല്ല, മിത്രങ്ങളാണെന്ന് അനുഭവത്തിലൂടെ ഈ 58കാരന്‍ പറയുന്നു. 40 വര്‍ഷമായി പാമ്പുകള്‍ക്കായി ഉഴിഞ്ഞുവെച്ചതാണീ ജീവിതം. നന്നേ ചെറുപ്പത്തില്‍തന്നെ പാമ്പുസ്നേഹം തുടങ്ങിയതാണ്. ഫോണ്‍വിളികള്‍ വരാന്‍ തുടങ്ങിയതോടെ അതിന്‍െറ പിന്നാലെയായി യാത്ര. എം.വി. രാഘവന്‍െറ നേതൃത്വത്തില്‍ ആരംഭിച്ച പറശ്ശിനിക്കടവ് സ്നേക്പാര്‍ക്കിലെ ചീഫ് ഡെമോണ്‍സ്ട്രേറ്ററായിരുന്നു ചന്ദ്രന്‍.


ഉഗ്രവിഷമുള്ള പാമ്പുകളെ വളര്‍ത്തുന്ന ചെറിയ കിണറില്‍ ഇറങ്ങിയാണ് ചന്ദ്രന്‍ പ്രദര്‍ശനം നടത്തുന്നത്. മൂര്‍ഖനെയും രാജവെമ്പാലയെയും അണലിയെയുമെല്ലാം കൈയിലെടുത്ത് വിശദീകരിക്കും. പലതവണ മൂര്‍ഖന്‍െറയും അണലിയുടെയും കടിയേറ്റിട്ടുണ്ട്. 13 വര്‍ഷം പാമ്പുകള്‍ക്കൊപ്പം സ്നേക് പാര്‍ക്കില്‍. 1993ല്‍ എം.വി. ആറുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചന്ദ്രന്‍ സ്നേക് പാര്‍ക്കിന്‍െറ പടിയിറങ്ങിയെങ്കിലും പാമ്പുകളെ വിട്ടുള്ള ജീവിതം ചന്ദ്രന് സാധിച്ചില്ല. നാട്ടിലും മറുനാട്ടിലുമെല്ലാം പാമ്പുകളുടെ സംരക്ഷകനായി ഓടിയെത്തി.

പറശ്ശിനിക്കടവ് സ്നേക് പാര്‍ക്ക് ഒൗദ്യോഗികമായി തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ പാര്‍ക് രൂപകല്‍പന ചെയ്ത ഇംഗ്ളീഷുകാരന്‍ റോബിന്‍ മില്ലര്‍ക്ക് പാമ്പുകളെ എത്തിച്ചു കൊടുത്തത് ചന്ദ്രനായിരുന്നു. ചെറുപ്പത്തില്‍ തന്നെ പിതാവ് കണ്ണന്‍ നമ്പ്യാര്‍ക്കൊപ്പം കൃഷിയിടങ്ങളില്‍ പോകാറുള്ള ചന്ദ്രന്‍ പാടത്തും പറമ്പിലും വെച്ച് പാമ്പുകളുടെ കൂട്ടുകാരനാവുന്നത് വീട്ടുകാര്‍ ഭീതിയോടെയായിരുന്നു നോക്കിക്കണ്ടത്. സ്നേക്പാര്‍ക്കില്‍ നിന്ന് റോബിന്‍ മില്ലര്‍ പോയതോടെ 1981 മുതല്‍ പാമ്പുകളുടെ പൂര്‍ണസംരക്ഷണം ചന്ദ്രന്‍ ഏറ്റെടുത്തു. പ്രതിമാസം 150 രൂപയായിരുന്നു അന്നത്തെ ശമ്പളം.

പകല്‍ മുഴുവന്‍ ഉഗ്രവിഷമുള്ള പാമ്പുകളെ കൈയിലെടുത്ത് സന്ദര്‍ശകര്‍ക്കു മുന്നില്‍ പ്രകടനം. രാത്രിയാകുമ്പോള്‍ പാമ്പുകള്‍ക്ക് ഭക്ഷിക്കാനുള്ള തവളകളെയും മറ്റും തേടിയുള്ള സഞ്ചാരം. പാമ്പുകള്‍ പകവെച്ച് ആക്രമിക്കുമെന്ന ജനങ്ങളുടെ ധാരണയെ ചന്ദ്രന്‍ തള്ളിക്കളയുന്നു. വെളിച്ചം പാമ്പിന്‍െറ ആയുസ്സ് കുറക്കുമെന്നും ഇരുട്ടുനിറഞ്ഞ സ്ഥലങ്ങളാണ് അവക്കിഷ്ടമെന്നും ചന്ദ്രന്‍ വ്യക്തമാക്കുന്നു. ഇണങ്ങാനുള്ള ശേഷി പാമ്പിനില്ല, പാമ്പ് ഇണങ്ങുമെന്നു പറയുന്നത് തെറ്റാണ്. മനുഷ്യര്‍ അതിനെ ദ്രോഹിക്കുമെന്ന ധാരണയിലാണ് അത് കടിക്കുന്നത്.

1991ല്‍ ചന്ദ്രന്‍ വീട്ടില്‍തന്നെ മൂര്‍ഖനെ  വളര്‍ത്താന്‍ തുടങ്ങി. ഒരു ബന്ദ് ദിനത്തില്‍ തളിപ്പറമ്പ്^പട്ടുവം റോഡരികില്‍ ആളുകള്‍ വളഞ്ഞിട്ട എട്ടു വര്‍ഷം പ്രായമുള്ള മൂര്‍ഖനെ ചന്ദ്രന്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. രണ്ടാമതൊന്നാലോചിക്കാതെ നേരെ വീട്ടിലേക്കു കൊണ്ടുപോയി. ഭാര്യക്കും മകള്‍ക്കും ഭയത്തോടെയെങ്കിലും അംഗീകരിക്കേണ്ടിവന്നു. പിന്നീട് തെല്ലും ഭയമില്ലാതെ മൂര്‍ഖനെ പരിചരിക്കാന്‍ അവരും ശീലിച്ചു. പട്ടിക്കൂടിനോടു ചേര്‍ന്ന് മരക്കൂടുണ്ടാക്കിയാണ് മൂര്‍ഖനെ പാര്‍പ്പിച്ചത്. കോഴിമുട്ടയും തവളയും കെണിവെച്ച്  പിടിക്കുന്ന എലികളും മറ്റും പാമ്പിന് ഭക്ഷണമായി നല്‍കി. രാപ്പകല്‍ ഭേദമന്യേ പരിചരണം. വീട്ടില്‍ മൂര്‍ഖനെ വളര്‍ത്തുന്ന വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമെല്ലാം സന്ദര്‍ശകരായെത്തി.

കൂട്ടില്‍നിന്ന് മൂര്‍ഖനെയെടുത്ത് വീട്ടുമുറ്റത്തിറക്കി നാട്ടുകാരെ കാണിക്കും. 13 വര്‍ഷം മൂര്‍ഖന്‍ സുഖസൗകര്യത്തോടെ ചന്ദ്രന്‍െറ തണലില്‍ കഴിഞ്ഞു. ഒടുവില്‍ നിയമപ്രശ്നമായി. അതോടെ, മനസ്സില്ലാ മനസ്സോടെ വനം വകുപ്പിന് കൈമാറി. പാമ്പുപിടിത്തം ജീവിതം പ്രതിസന്ധിയിലാക്കിയതോടെ പൂന്തോട്ട നിര്‍മാണ ജോലിയും ചന്ദ്രന്‍ ഏറ്റെടുത്തു. അഞ്ചു വര്‍ഷം ഗള്‍ഫില്‍ ജോലിചെയ്തെങ്കിലും പാമ്പുകളോടുള്ള അടങ്ങാത്ത സ്നേഹം തിരികെ എത്തിക്കുകയായിരുന്നു. കിണറിന്‍െറ വലയില്‍ കുടുങ്ങിയ മൂര്‍ഖനെയും ചേരയെയും ഉള്‍പ്പെടെ സാഹസികമായാണ് പിടികൂടുന്നത്. ഒരു വടിപോലുമുപയോഗിക്കാതെ ഉഗ്രവിഷമുള്ള പാമ്പുകളെ പിടികൂടി സഞ്ചിയിലാക്കി നേരെ കാട്ടിലത്തെിച്ച് തുറന്നുവിടുകയാണ് പതിവ്. പിടികൂടുന്നതിനിടെ പാമ്പുകള്‍ക്ക് ഒരു പോറലുമേല്‍ക്കാതിരിക്കാന്‍ ചന്ദ്രന്‍ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.

വിഷമുള്ളതും ഇല്ലാത്തതുമായ മുഴുവന്‍ പാമ്പുകളെക്കുറിച്ചും സമഗ്രമായ അറിവാണ് ചന്ദ്രനുള്ളത്. പാമ്പുകളുടെ പേര്, ശാസ്ത്രീയ നാമം, വംശം, പ്രത്യേകതകള്‍, ഭക്ഷണം, ജീവിതരീതിയും പെരുമാറ്റവും, ആവാസമേഖല തുടങ്ങിയവയെല്ലാം മന:പാഠമാണ്. നിലവില്‍ വനം വകുപ്പിന്‍െറ ടാസ്ക്ഫോഴ്സില്‍ അംഗമാണ് ചന്ദ്രന്‍. പാമ്പുകളെ സ്നേഹിച്ച് പരിചരിക്കുമ്പോഴും സര്‍ക്കാറിന്‍െറ പ്രത്യേക അംഗീകാരങ്ങളൊന്നും ചന്ദ്രനെ തേടിയെത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.