ശിശുരോദനത്തിന്‍െറ വര

ഓരോ ശിശുരോദനത്തിലും കേള്‍പൂ ഞാന്‍ ഒരു കോടിയീശ്വര വിലാപം ^വി. മധുസൂദനന്‍ നായര്‍
എപ്പോഴും ഒരു കുഞ്ഞിന്‍െറ നിലവിളി കാതോര്‍ക്കുകയാണ് സി.ഡി. ജയിന്‍ എന്ന ചിത്രകാരന്‍. വര്‍ഷങ്ങളായി അദ്ദേഹം മുംബൈ കേന്ദ്രീകരിച്ചാണ് ചിത്രകലാ പ്രവര്‍ത്തനം നടത്തുന്നത്. കൃത്യമായ ലക്ഷ്യബോധത്തോടെയാണ് ജയിന്‍ ചിത്രകാരനായത്. തിരുവനന്തപുരം ജില്ലയില്‍ പാറശാല എന്ന അതിര്‍ത്തി ഗ്രാമമാണ് സ്വദേശം. കുട്ടികള്‍ക്കായി ഉഴിഞ്ഞുവെച്ച ജീവിതവും ചിത്രകലയുമാണ് ജയിന്‍േറത്. യുനിസെഫ്, സേവ് ദ ചില്‍ഡ്രന്‍ തുടങ്ങിയ അന്തര്‍ദേശീയ സംഘടനകളുടെ ആര്‍ട് കണ്‍സല്‍ട്ടന്‍റായി കുട്ടികള്‍ അനുഭവിക്കുന്ന സാമൂഹികപ്രശ്നങ്ങളില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട് ഇദ്ദേഹം. കുട്ടിത്തൊഴിലാളികളായും ലൈംഗിക ഇരകളായും ജീവിതം ഹോമിച്ച, പൊള്ളിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങളെ നേരിട്ട അനേകം കുട്ടികളെ അടുത്തറിയുകയും അവര്‍ക്ക് സാന്ത്വനമേകാനായി തന്‍െറ ചിത്രകലാജീവിതം സമര്‍പ്പിക്കുകയും ചെയ്ത അപൂര്‍വ ചിത്രകാരന്‍.

വല്ലപ്പോഴും വരക്കുന്ന ശീലക്കാരനല്ല ജയിന്‍; നിരന്തരമായി വരച്ചുകൂട്ടുന്നു. എന്നാല്‍, അതിലൊക്കെയും നാം കാണുന്നത് ബാല്യം മാത്രം. ഒരു മുറിവേറ്റ ബാല്യമൊന്നുമല്ല ജയിനിനെ ഇതിന് പ്രേരിപ്പിച്ചത്. തിരുവനന്തപുരം ഫൈനാര്‍ട്സ് കോളജില്‍ നിന്ന് ബിരുദമെടുത്തശേഷം ചിത്രമെഴുത്തിനായി ഇന്ത്യന്‍ നഗരങ്ങളില്‍ അലയുകയായിരുന്നു ജയിന്‍. കുറെയധികം കാലം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു. അവിടെവെച്ചാണ് കുട്ടികളുടെ ദുരിതജീവിതം ഈ ചിത്രകാരന്‍െറ മനസ്സില്‍ നോവുകള്‍ തീര്‍ക്കുന്നത്. നാഗപട്ടണം, മധുര, നാഗര്‍കോവില്‍, സാത്തൂര്‍, കോവില്‍പട്ടി, മൈസൂരു, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലായി കുറെയധികം കാലം കുട്ടികളെക്കുറിച്ച് പഠിച്ചു. സാമൂഹിക പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് ഒരു ഗവേഷണം തന്നെയായിരുന്നു അത്. കേരളത്തിലെ സാഹചര്യമായിരുന്നില്ല മറ്റ് സംസ്ഥാനങ്ങളില്‍. അനേകായിരം കുട്ടികള്‍ സ്കൂളില്‍ പഠിക്കേണ്ട പ്രായത്തില്‍ കഠിനമായ ജോലികള്‍ക്കിറങ്ങുന്നു. ഫാക്ടറികളിലും കൃഷിയിടങ്ങളിലും കഠിനാധ്വാനം ചെയ്ത് നരകിക്കുന്ന കുട്ടികളെ നേരില്‍ കണ്ടു. അവരെ കണ്ടത്തെി പുനരധിവസിപ്പിക്കുന്ന, അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു ജയിന്‍ ഒട്ടേറെക്കാലം. ഇതിനിടെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ചിത്രങ്ങളായി പരിണമിച്ചു.

ഇതിലേറെ ദാരുണമായിരുന്നു കുട്ടിക്കാലത്തേ വേശ്യാവൃത്തിക്ക് നിയോഗിക്കപ്പെട്ട കുട്ടികളെ കണ്ടെത്തിയത്. പുനരധിവാസ കേന്ദ്രങ്ങളില്‍ അത്തരം കുട്ടികളുടെ അനുഭവം നേരിട്ടുകേട്ട ജയിന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ആ നോവിക്കുന്ന അനുഭവങ്ങള്‍ ജയിനിന്‍െറ ചിത്രങ്ങള്‍ നമ്മോട് പറയുന്നു. 20,000 രൂപക്കുവേണ്ടി സ്വന്തം അമ്മ മുംബൈയിലെ ഒരു പിമ്പിന് വിറ്റ കുട്ടിയാണ് അനിത. മൈസൂരിലെ ഒരു പുനരധിവാസ കേന്ദ്രത്തില്‍ അവളെ കാണുമ്പോള്‍ അവള്‍ക്ക് 15 വയസ്സുപോലുമായിട്ടില്ല. രണ്ടുവര്‍ഷം അവള്‍ മുംബൈയിലെ ചുവന്ന തെരുവിലായിരുന്നു. നിര്‍ബന്ധിച്ച് ആളുകളുടെയടുത്തേക്ക് പറഞ്ഞയക്കും. പിന്നെ അതായി ജീവിതം. അതു മാത്രമായിരുന്നില്ല ദുരന്തജീവിതം അവള്‍ക്ക് സമ്മാനിച്ചത്. ഒരു ജീവിതംതന്നെ തകര്‍ത്തെറിഞ്ഞാണ് എയ്ഡ്സ് രോഗവുമായി അനിത മൈസൂരുവില്‍ കഴിയുന്നത്.

കുട്ടികളുടെ ചിത്രങ്ങള്‍ വരച്ച് ജയിന്‍ മധുരയില്‍ 97ല്‍ നടത്തിയ ചിത്ര പ്രദര്‍ശനം തമിഴ്നാട്ടില്‍ വലിയ ചലനമുണ്ടാക്കി. കുട്ടിജോലിക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ കാണാന്‍ ചുറ്റുമുള്ള സ്കൂളുകളില്‍നിന്ന് ആയിരക്കണക്കിന് കുട്ടികളെ ത്തി. ‘പാര്‍ഡ്’ എന്ന എന്‍.ജി.ഒ സ്പോണ്‍സര്‍ ചെയ്ത പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് അന്നത്തെ തമിഴ്നാട് സ്പീക്കര്‍ ഡോ. പളനിവേല്‍ ആയിരുന്നു. തമിഴ്നാട്ടിലെ ബാലവേലക്കെതിരെ അന്ന് സ്പീക്കര്‍ നടത്തിയ പ്രസംഗം രാഷ്ട്രീയചലനമുണ്ടാക്കി. ഒട്ടേറെ കുട്ടികളെ അതത്തേുടര്‍ന്ന് മോചിപ്പിച്ചിരുന്നു.

പരിചയപ്പെടുന്ന ഓരോ കുട്ടിയെക്കുറിച്ചും ജയിന്‍ പഠിക്കാറുണ്ട്. അവരുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ട്. പലരുടെയും വീടുകള്‍ ചേരികളിലെ കെട്ടിമറച്ച ഇടങ്ങള്‍ മാത്രമാണ്. രമണി എന്ന കുട്ടിയുടെ കഥ കണ്ണുനനയിക്കുന്നതായിരുന്നു. അച്ഛന്‍ ആത്മഹത്യ ചെയ്തശേഷം അമ്മയുടെ സംരക്ഷണയിലാണ് അവള്‍ കഴിഞ്ഞത്. കുട്ടി വളര്‍ന്നതോടെ ചുറ്റമുള്ള കോളനിയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ചെറുപ്പക്കാര്‍ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നു. അങ്ങനെയാണ് അവളെ സാമൂഹിക പ്രവര്‍ത്തകര്‍ കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലെ ത്തിച്ചത്. അച്ഛന്‍ മരിച്ചതില്‍ ഒട്ടും വിഷമമില്ളെന്നാണ് അവള്‍ ജയിനിനോട് പറഞ്ഞത്; എന്തെന്നാല്‍ റിക്ഷക്കാരനായിരുന്ന അയാള്‍ കടുത്ത മദ്യപാനത്തെ തുടര്‍ന്ന് റിക്ഷ വിറ്റു. പിന്നീട് അമ്മ പലിശക്കെടുത്ത പണം കൊണ്ട് വാങ്ങിക്കൊടുത്ത റിക്ഷയും വിറ്റ് മദ്യപിച്ചു. ഒടുവില്‍ ആത്മഹത്യ ചെയ്തു. ഒരുപക്ഷേ, അച്ഛന്‍ ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കില്‍ തന്നെയും വില്‍ക്കുമായിരുന്നു എന്നാണ് അവള്‍ പറഞ്ഞത്.

ഇത്തരം സംഭവങ്ങള്‍ തമിഴ്നാട്ടില്‍ നിരവധി നടക്കുന്നു. ഇത്തരം അനുഭവങ്ങളില്‍ നിന്നാണ് മറ്റു ചിത്രകാരന്മാരില്‍ നിന്ന് വ്യത്യസ്തമായി ജയിന്‍ ചിത്രം വരക്കുന്നത്. തന്‍െറ ചിത്രയാത്രകള്‍ ഈ കലാകാരന് ഒട്ടും സുഖകരവുമായിരുന്നില്ല. ചെറിയ വാടകവീടുകളില്‍ മാറിമാറി താമസിച്ച് വളരെ കഷ്ടപ്പെട്ടായിരുന്നു വിവിധ നഗരങ്ങളിലെ ജീവിതം. ഡല്‍ഹിയിലും മുംബൈയിലുമെല്ലാം വളരെ കഷ്ടപ്പെട്ട് വര്‍ഷങ്ങളോളം കഴിഞ്ഞു കൂടിയത് മഹാരഥന്മാരായ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ കാണാന്‍ വേണ്ടിയായിരുന്നു. മുംബൈയില്‍ ചിത്രപ്രദര്‍ശനം നടത്തിയതോടെയാണ് സ്വന്തം ചിത്രത്തെക്കുറിച്ച് ആത്മവിശ്വാസം കൈവന്നത്. തനിക്ക് ചിത്രംവരയിലൂടെ കിട്ടുന്ന പണം ചിത്രകലയില്‍ തന്നെ മുടക്കുകയും അതുവഴി ചിത്രകലതന്നെ ജീവിതമാക്കുകയും ചെയ്യുക എന്ന ആത്മാര്‍പ്പണത്തിന്‍െറ വഴിയും ജയിന്‍ തേടുന്നു. പല പ്രമുഖ കലാകാരന്മാരുടെയും ചിത്രങ്ങളും ശില്‍പങ്ങളുമായ സൃഷ്ടികള്‍ വാങ്ങാറുണ്ട് ഇദ്ദേഹം.

ചിത്രകലയുടെ എല്ലാ മീഡിയവും ജയിന് ഒരുപോലെ വഴങ്ങും. വാട്ടര്‍ കളര്‍, അക്രലിക്, ഓയില്‍, ചാര്‍കോള്‍ തുടങ്ങിയ മീഡിയം ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന ജീവിത മുഹൂര്‍ത്തങ്ങളാണ് ജയിന്‍ വരച്ചുതീര്‍ത്തിട്ടുള്ളത്. ഓരോ കുട്ടിയുടെ അനുഭവത്തില്‍ നിന്നും തന്‍െറ നഷ്ടബാല്യത്തിന്‍െറ ഓര്‍മകളില്‍നിന്നും വരച്ചെടുത്ത ജീവിതയാഥാര്‍ഥ്യവും ഭാവനയും ഇനിയും ഈ കഥാകാരന്‍െറ ചിത്രശേഖരത്തില്‍ നിന്ന് തീര്‍ന്നിട്ടില്ല. ‘ഡെസ്റ്റിറ്റ്യൂട്ട് ചൈല്‍ഡ്’ സീരീസ് എന്നൊരു ചാര്‍കോള്‍ ചിത്രപരമ്പരതന്നെ ജയിന്‍ വരച്ചിട്ടുണ്ട്. പട്ടിണിയുടെയും അവഗണനയുടെയും ചൂഷണത്തിന്‍െറയും ലൈംഗിക പീഡനത്തിന്‍െറയുമൊക്കെ ദൈന്യത നിഴലിച്ചു നില്‍ക്കുന്ന കുട്ടികളുടെ മുഖം ചിത്രീകരിക്കാന്‍ ഒരു നിറവും ജയിന്‍ തെരഞ്ഞെടുത്തില്ല. ശോഷിച്ച കൈകാലുകളും വലിയ തലയുമുള്ള കുട്ടികള്‍ അനുഭവിക്കുന്ന ജീവിതദുരിതമാണ് പശ്ചാത്തലത്തില്‍ വരുന്നത്. മറ്റൊരു ചിത്രത്തില്‍ വിവിധതരം കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെ കാണാം. വീടും നദിയും കിളികളും മരങ്ങളുമൊക്കെ അവരുടെ വിദൂര ഓര്‍മകളായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിറകുവെച്ച സ്വപ്നങ്ങളും ചിന്തകളില്‍ കിളിര്‍ക്കുന്ന ഭാവനയുമൊക്കെ കറുപ്പും വെളുപ്പും ഇടകലര്‍ത്തിയാണ് വരച്ചിട്ടുള്ളത്. വിവിധ വര്‍ണങ്ങളില്‍ കുട്ടികളുടെ മുഖം മാത്രം ചിത്രീകരിച്ചിട്ടുള്ള ചിത്രങ്ങളുമുണ്ട്. ഇതില്‍  കൂടുതലും പെണ്‍കുട്ടികളാണ്.  അവരുടെ ജീവിതദൈന്യതക്ക് അപൂര്‍വമായ കളര്‍ കോംബിനേഷനാണ്  ജയിന്‍   ഉപയോഗിച്ചിട്ടുള്ളത്.

ക്രൂരപീഡനത്തിനിരയായ കുട്ടികളെ പ്രതിനിധാനം ചെയ്താണ് ക്ളാവുപിടിച്ച വെങ്കലപ്രതിമപോലെ ചിത്രീകരിച്ച ദീനതയുടെ പേലവഭാവമാര്‍ന്ന കുട്ടിയുടെ നഗ്നചിത്രം. മനസ്സ് മരവിപ്പിക്കുന്നതാണ് ഈ ചിത്രം. മതില്‍തുളച്ച് വിരിഞ്ഞു നില്‍ക്കുന്ന തെങ്ങിനടുത്ത് അസ്വാതന്ത്ര്യത്തിന്‍െറ മതില്‍ചാരി നില്‍ക്കുന്ന പെണ്‍കുട്ടി, അവള്‍ ഒരു മത്സ്യകന്യകയാകാനാണ് കൊതിക്കുന്നത്. ജീവിതവിഹ്വലതകളെ അബ്സ്ട്രാക്ട് ഫ്രെയിമില്‍ വിവിധ വര്‍ണ സമന്വയങ്ങളായി പകര്‍ത്തുമ്പോഴും മ്ളാനമുഖമാര്‍ന്ന കുട്ടികളുടെ ചിത്രം സുവ്യക്തമാണ്. ഒറ്റ കാന്‍വാസില്‍ തന്നെ കുട്ടികളുടെ കളികള്‍ കൃത്യമായ കളര്‍ പാറ്റേണ്‍ കൊണ്ട് വേര്‍തിരിക്കുമ്പോള്‍ ഒരുകുട്ടിപ്പാവാടയുടെ സൗന്ദര്യം ചിത്രത്തിന് മൊത്തത്തില്‍ നല്‍കുന്നു. ഒരേ വര്‍ണപ്രപഞ്ചത്തില്‍ വേര്‍പെടുത്തപ്പെടുന്ന കുട്ടികളുടെ ചിത്രീകരണവുമുണ്ട്. വിവിധ ജീവിത മുഹൂര്‍ത്തങ്ങളെ ഓരോ കംപാര്‍ട്മെന്‍റിലാക്കിയുള്ള അബ്സ്ട്രാക്ട് ചിത്രവുമുണ്ട്. ഇന്ത്യന്‍ സമൂഹത്തില്‍ ശൈശവത്തിന്‍െറ അനിര്‍വചനീയമായ ജീവിത വൈവിധ്യങ്ങള്‍ ജയിന്‍ വരച്ചുകൂട്ടിയിട്ടുള്ള ചിത്രങ്ങളില്‍ നിന്ന് ആര്‍ക്കും വായിച്ചെടുക്കാം.  വിവിധ വര്‍ണങ്ങളില്‍ ചിത്രീകരിച്ച ‘അമ്മയും കുഞ്ഞും’ എന്ന സീരീസ് ചിത്രങ്ങളും എടുത്തുപറയേണ്ടവയാണ്.

എല്ലാവരെയുംപോലെ ജയിനിനും നിറമാര്‍ന്ന കുട്ടിക്കാലമായിരുന്നു ഉണ്ടായിരുന്നത്. പാറശാല എന്ന അതിര്‍ത്തി ഗ്രാമത്തിലെ ജീവിതം ജയിന്‍ ചിത്രങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പ്രകൃതിയായിരുന്നു കുട്ടിക്കാലം മുഴുവന്‍. പാറശാലയില്‍ നിന്ന് രണ്ട് കി.മീ. പോയാല്‍ തമിഴ്നാടായി. തമിഴ്നാട്ടിലെ തൂത്തൂര്‍ എന്ന സ്ഥലത്തായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. പ്രകൃതി മനോഹരമായ സ്ഥലമായിരുന്നു അത്. അച്ഛന് കലയുമായി വലിയ ബന്ധമുണ്ടായിരുന്നില്ളെങ്കിലും മുത്തച്ഛന്‍ മാനുവല്‍ ആദ്യകാല നാടകങ്ങള്‍ക്ക് സ്റ്റേജ് ചിത്രങ്ങള്‍ വരക്കുന്ന ആര്‍ട്ടിസ്റ്റും പാട്ടുകാരനുമായിരുന്നു. കുട്ടിക്കാലംമുതലേ ചിത്രം വരക്കുമായിരുന്ന ജയിനിനെ പ്രോത്സാഹിപ്പിച്ചത് സ്കൂളിലെ അധ്യാപകരായിരുന്നു. കഷ്ടപ്പാടുകളുടെ ബാല്യത്തില്‍ ഉപജീവനമായതും ചത്രങ്ങളായിരുന്നു. നാട്ടില്‍ ഒരു ചിത്രകലാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍  ജോലിചെയ്യുമ്പോഴാണ് തിരുവനന്തപുരം ഫൈനാര്‍ട്സ് കോളജില്‍ ചേരണമെന്ന മോഹമുണ്ടായത്. നാലു വര്‍ഷത്തെ  പഠനം ജയിനിന്‍െറ ചിത്രകലാ സങ്കല്‍പങ്ങളെ മാറ്റിമറിച്ചു. പഠനകാലത്തു തന്നെ സംസ്ഥാന വനംവകുപ്പിന്‍െറ ചിത്രകലക്കുള്ള അവാര്‍ഡും ലളിതകലാ അക്കാദമിയുടെ പുരസ്കാരവും ലഭിച്ചു. രണ്ടര ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന റിപ്പന്‍ കപൂര്‍ ഫെലോഷിപ് ലഭിച്ചതോടെയാണ് കഷ്ടപ്പാടുകളില്‍ നിന്ന് ജയിന്‍ എന്ന ആര്‍ട്ടിസ്റ്റ് ചിത്രകാരന്മാരുടെ ഇടയില്‍ ശ്രദ്ധാകേന്ദ്രമായത്.

ചിത്രകലക്കായുള്ള പൂര്‍ണ സമര്‍പ്പണമാണ് ജയിന്‍െറ ജീവിതം. ചിത്രങ്ങളെക്കുറിച്ചല്ലാതെ ഈ 52 കാരന്‍ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുന്നില്ല. മുംബൈയില്‍ നിന്ന് മാസത്തിലൊരിക്കലെങ്കിലും കേരളത്തിലെ ത്തുന്ന ജയിന്‍ ഇവിടെ ചിത്രകലയെക്കുറിച്ച് പഠിക്കുന്നവരും ചിത്രകാരന്മാരും എഴുത്തുകാരുമായി നല്ല ബന്ധം പുലര്‍ത്തുന്നു. ചൈല്‍ഡ് എജുക്കേറ്റര്‍ എന്ന നിലയില്‍ തെക്കേ ഇന്ത്യയില്‍  പ്രശസ്തനാണ് ജയിന്‍. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ മുടങ്ങാതെ ജയിന്‍െറ വര്‍ക്ഷോപ്പും ക്ളാസും നടക്കുന്നു. കുട്ടികളുടെ ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ജയിന്‍െറ ഓരോ ചിത്രവും. ചേരികളില്‍ താമസിക്കുന്ന കുട്ടികളോടൊപ്പം ധാരാളം സമയം ചെലവഴിച്ചും അവരോടൊപ്പം ആഹാരം കഴിച്ചുമൊക്കെയാണ് പഠനം. അവരുടെ വിയര്‍പ്പിന്‍െറ ഗന്ധവും വിശപ്പിന്‍െറ ആഴവും നന്നായറിയാവുന്ന ഈ ചിത്രകാരന് ഫാക്ടറിപ്പൊടിയും അഴുക്കും വിയര്‍പ്പും കൂടിക്കലര്‍ന്ന കുട്ടിയുടെ ഉടുപ്പുപോലും ചിത്രത്തിന് പ്രചോദനമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.