1966ല്‍ ഇന്ത്യന്‍ നേവിയില്‍ ചേരാനായി കൊച്ചിയിലെത്തിയ കണ്ണൂര്‍ ചെറുകുന്ന് കുന്നിയൂര്‍ പ്രേമന്‍ ഇന്ത്യന്‍ നേവിക്ക് ചെയ്തുകൊടുത്ത അപൂര്‍വ നേട്ടത്തിന് രാഷ്ട്രപതിയുടെ സേവാ മെഡല്‍ ലഭിച്ചിട്ട് 30 വര്‍ഷം കഴിഞ്ഞു. 10ാം ക്ളാസ് വിദ്യാഭ്യാസവുമായി നേവിയിലെത്തി അവിടെ ടെക്നിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഇന്ത്യന്‍ മിസൈല്‍ ടെക്നോളജിയില്‍ തന്നെ മാറ്റം വരുത്തിയത്. നേവിയിലെ മാസ്റ്റര്‍ ചീഫ് പെറ്റി ഓഫിസറായി വിരമിച്ച പ്രേമന്‍, റഡാര്‍ ടെക്നീഷ്യന്‍ തലവനായിരിക്കുമ്പോഴായിരുന്നു ഈ അപൂര്‍വനേട്ടം ഉണ്ടാക്കിയത്. ഇന്ന് അദ്ദേഹത്തിന്‍െറ താല്‍പര്യം ഫോട്ടോഗ്രഫിയിലാണ്, നേവിയിലുള്ളപ്പോഴും. ഇന്നെന്നല്ല, കുട്ടിക്കാലം മുതല്‍ ഒരു ഫോട്ടോഗ്രാഫറാകാന്‍ കൊതിച്ചു. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.
മിസൈല്‍ ടെക്നോളജിയിലേക്ക്
1967ല്‍ ഗുജറാത്തിലെ ജാംനഗറില്‍ ഐ.എന്‍.എസ് വല്‍സുറയിലെത്തി. നേവിയിലെ ഇലക്ട്രിക്കല്‍ ബ്രാഞ്ചാണ് കിട്ടിയത്. ഐ.എന്‍.എസ് സര്‍ക്കാറിലായിരുന്നു പരിശീലനം. പരിശീലനകാലത്ത് പഠനത്തോടൊപ്പം സ്പോര്‍ട്സിനോ മറ്റു കലാപരിപാടികള്‍ക്കോ പങ്കെടുക്കണം. ഫുട്ബാള്‍, വോളിബാള്‍, അതുപോലെ മറ്റിനങ്ങളില്‍ താല്‍പര്യമുള്ളവരെ അത്തരം കളികളില്‍ വിട്ടു. എന്നാല്‍, ഇതിലൊന്നും താല്‍പര്യമില്ലാതിരുന്ന പ്രേമന് കാമറ ക്ളബിലേക്ക് പോകാനായിരുന്നു ഇഷ്ടം. പെറ്റി ഓഫിസര്‍ ശര്‍മയായിരുന്നു പരിശീലകന്‍. ഫോട്ടോഗ്രഫിയിലെ താല്‍പര്യം കണ്ട ശര്‍മ ഏതാനും ഫോട്ടോ എടുപ്പിച്ചു. തുടര്‍ന്ന്, ഐ.എന്‍.എസ് വല്‍സൂറയിലെ കാമറ ക്ളബില്‍ പരിശീലനത്തിനുശേഷം നേവിക്കാവശ്യമായ ഫോട്ടോ എടുക്കാനുള്ള ചുമതലയും ലഭിച്ചു. പരിശീലനം കഴിഞ്ഞ് നേവിയില്‍ റഡാര്‍ ടെക്നീഷ്യനായാണ് ജോലിയില്‍ പ്രവേശിച്ചത്. 1971ലെ ബംഗ്ളാദേശ് യുദ്ധത്തില്‍ പങ്കെടുത്തു. മിസൈലില്‍ പരീക്ഷണം നടത്തിയത് 1983^84 കാലഘട്ടത്തിലാണ്.
യുദ്ധക്കപ്പലില്‍നിന്ന് തൊടുത്തുവിടുന്ന മിസൈലുകള്‍ 50 മീറ്റര്‍ ഉയരത്തിലാലെത്താറ്. അതിലും താഴ്ത്തിയാല്‍ ശത്രുവിന്‍െറ കണ്ണുവെട്ടിക്കാന്‍ കഴിയുമെന്ന് പ്രേമന്‍ ചിന്തിച്ചു. ഇതിനുള്ള പരീക്ഷണത്തിന് കമാന്‍റിങ് ഓഫിസറുടെയും ക്യാപ്റ്റന്‍െറയും അനുമതി തേടി. റഷ്യന്‍ മിസൈല്‍ ആയിരുന്നു അധികവും അന്ന് ഇന്ത്യ ഉപയോഗിച്ചത്. ആദ്യമൊക്കെ വന്ന മിസൈലിന്‍െറ ചിറകുകള്‍ മടക്കിവെക്കാന്‍ പറ്റുന്നവയായിരുന്നില്ല. മടക്കിവെക്കുന്ന മിസൈലിന് വില കൂടും. ചിറകുകള്‍ മടക്കിവെക്കാനുള്ള ശ്രമവും പ്രേമന്‍െറ നേതൃത്വത്തില്‍ നടത്തി, വിജയം കണ്ടു.
ഒരു വര്‍ഷത്തില്‍ 100ലധികം മിസൈലുകള്‍ പൊട്ടിച്ചുകളയാറുണ്ട് നമ്മള്‍. യുദ്ധം നടക്കാത്ത സാഹചര്യത്തില്‍ ഇത് അധികം സൂക്ഷിക്കാന്‍ പാടില്ല. അങ്ങനെ പൊട്ടിച്ചുകളയുന്ന മിസൈലുകളില്‍ നിന്നെടുത്ത ഐ.സി, ടൈമര്‍, തൈറോ കാട്രിജ് മുതലായവയും മറ്റ് യന്ത്രസാമഗ്രികളും ഉപയോഗിച്ച് സര്‍ക്കാറിന് സാമ്പത്തിക ബാധ്യതയില്ലാതെയായിരുന്നു പരീക്ഷണം. ഇത് പരാജയപ്പെട്ടാല്‍ കമാന്‍ഡിങ് ഓഫിസറും ക്യാപ്റ്റനും ഉത്തരവാദിയാകും. പരീക്ഷകന്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയും ഉണ്ട്. ആ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടുള്ള ശ്രമകരമായ പ്രവൃത്തിയായിരുന്നു പ്രേമന്‍ ചെയ്തത്. അദ്ദേഹത്തിന്‍െറ കീഴിലുള്ള ടെക്നീഷ്യന്മാരുടെ കൂട്ടായ പ്രവൃത്തി വിജയംകണ്ടു. റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ലാബ് ഇത് പരിശോധിച്ച് ഉറപ്പുവരുത്തി. അവരുടെ എല്ലാവിധ പരിശോധനയിലും പ്രേമന്‍െറ ടെക്നോളജി വിജയംനേടി. ഇതിനുശേഷമാണ് 50 മീറ്ററിനു താഴെയുള്ള മിസൈലുകളുടെ വരവുണ്ടായത്.
ഇന്ത്യന്‍ നേവിക്ക് ഒരു മുതല്‍ക്കൂട്ടായിരുന്നു ഈ പരീക്ഷണം. അധ്വാനവും കണ്ടെത്തലും വിജയമായതോടെ പ്രേമന്‍െറ നേട്ടം രാജ്യത്തിനുതന്നെ നേട്ടമായി. നേവി ഇത് കേന്ദ്ര സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തി. പ്രേമന്‍െറ നേട്ടം അതോടെ ദേശീയമായി അനുമോദിക്കപ്പെട്ടു. 1985 ജനുവരി 26ന് പരമവിശിഷ്ട സേവാ മെഡല്‍ പ്രഖ്യാപനമുണ്ടായി. 1986 ജൂണില്‍ പ്രസിഡന്‍റിന്‍െറ അഭാവത്തില്‍ ബോംബെ യിലുള്ള കൊളാബ പരേഡ് ഗ്രൗണ്ടില്‍ ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറല്‍ തഹലാനിയില്‍നിന്നാണ് വിശിഷ്ട സേവാ മെഡല്‍ സ്വീകരിച്ചത്.
യുദ്ധമുനമ്പില്‍ 1971ല്‍ ട്രെയിനിങ്ങിനു ശേഷം ഐ.എന്‍.എസ് അംബ എന്ന മുങ്ങിക്കപ്പലില്‍ ചേര്‍ന്നു. മുങ്ങിക്കപ്പലിനുവേണ്ട ആയുധങ്ങളും സൈനികര്‍ക്കുള്ള റേഷനും മറ്റും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും അംബയാണ്. 1971 ല്‍ അംബ കൊച്ചിയിലെത്തിയപ്പോള്‍ നാട്ടില്‍ പോയിവരാമെന്ന് കരുതി. നാട്ടില്‍ കൊണ്ടുപോകാന്‍ വാങ്ങിയ പ്രേമന്‍െറ റേഡിയോ ഡ്യൂട്ടി ഓഫിസര്‍ വാങ്ങിവെച്ചു. വാര്‍ത്തകള്‍ കേള്‍ക്കാന്‍ സൈനികര്‍ക്ക് അനുമതിയില്ലായിരുന്നു. നിനച്ചിരിക്കാതെ കപ്പല്‍ പുറപ്പെട്ടു. എവിടേക്കാണെന്നോ എന്തിനാണെന്നോ അറിയില്ല. രാത്രി എട്ടു മണിയോടെ ക്യാപ്റ്റന്‍െറ പ്രത്യേക അനൗണ്‍സ്മെന്‍റ്, ‘നാം യുദ്ധത്തിന് പുറപ്പെടുകയാണ്. ഈസ്റ്റ് പാകിസ്താനുവേണ്ടി (ബംഗ്ളാദേശ്)’. പാകിസ്താനുമായുള്ള യുദ്ധം ആരംഭിക്കുന്നു. തയാറെടുക്കാനുള്ള സന്ദേശമായിരുന്നു അത്.
രാത്രി രണ്ടുമണിയായിക്കാണും. അപായ സൈറണ്‍ മുഴങ്ങി. ‘ആക്ഷന്‍ സ്റ്റേഷന്‍’ എന്ന് മൂന്നുതവണ സന്ദേശം കിട്ടി. ഒട്ടും താമസിക്കാന്‍ സമയമില്ല. എല്ലാവരും ആവേശത്തോടെ യൂനിഫോം വലിച്ചുകയറ്റി. ലൈഫ് ജാക്കറ്റിട്ട് റഡാര്‍ റൂമിലേക്ക് ഓടി. റഡാര്‍ മെയ്ന്‍റനന്‍സിലായിരുന്നു പ്രേമന്‍. ഒരു ഡിംലൈറ്റ് മാത്രമേ മുറിയിലുള്ളൂ. റഡാര്‍ സ്ക്രീനില്‍ കപ്പലുകളുടെയും കരയുടെയും സിഗ്നല്‍ മാത്രം കാണാം. ക്യാപ്റ്റന്‍െറ അടുത്ത പ്രഖ്യാപനം; ‘ഫയര്‍...’ അപ്പര്‍ ഡെക്കിലുള്ള ആന്‍റി എയര്‍ക്രാഫ്റ്റ് ഗണ്ണുകള്‍ ഫയര്‍ ചെയ്തു. ഒപ്പം, റോക്കറ്റുകളും. കപ്പല്‍ ആടിയുലഞ്ഞു. പിന്നെ കുറെ സമയം നിശ്ശബ്ദം. കുറച്ചു കഴിഞ്ഞപ്പോള്‍ എതിരെ കണ്ട കപ്പല്‍പ്പട അകന്നുപോകുന്നതാണ് കണ്ടത്. അടുത്ത ദിവസം മാത്രമാണ് പ്രേമനും സംഘവും അറിയുന്നത് അത് അമേരിക്കന്‍ നേവിയുടെ ഏഴാം കപ്പല്‍പ്പടയായിരുന്നുവെന്ന്. വാര്‍ത്ത കേള്‍ക്കാന്‍ ഒരു സംവിധാനവുമില്ല. എല്ലാം സെന്‍സറിങ്ങില്‍.
യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ഒരു സുഹൃത്തുവഴി നടുക്കിയ വാര്‍ത്ത അറിഞ്ഞത്. നമ്മുടെ എ.എന്‍.എസ് ഖുക്രി എന്ന കപ്പല്‍ മുങ്ങിക്കപ്പലാക്രമണത്തില്‍ മുങ്ങിപ്പോയി. മലയാളികളടക്കം സുഹൃത്തുക്കളും മറ്റും അറബിക്കടലിലെ ആഴത്തിലേക്ക് താണുപോയി. അവരുടെ ധീരമരണത്തിനുമുന്നില്‍ ഞങ്ങള്‍ പ്രാര്‍ഥിച്ചുനിന്നു. 14 ദിവസത്തെ യാത്രക്കുശേഷം ഇന്ത്യ വിജയിച്ചതായി വാര്‍ത്തവന്നു. തിരിച്ച് കേരളത്തിലത്തെിയ പ്രേമനും സംഘത്തിനും എറണാകുളം വാര്‍ഫില്‍ ഗംഭീര വര്‍വേല്‍പ് ലഭിച്ചു.
കാമറക്കാലം കുട്ടിക്കാലം മുതല്‍ കാമറ സ്വപ്നം കാണുകയും കാമറയെ അങ്ങേയറ്റം ഇഷ്ടപ്പെടുകയും ചെയ്ത പ്രേമന്‍െറ കുട്ടിക്കാലം ദുരിതപൂര്‍ണമായിരുന്നു. പത്തംഗങ്ങളുള്ള കുടുംബം. പട്ടിണിയില്ലാതെ മക്കളെ പോറ്റാന്‍ പാടുപെടുന്ന പ്രൈമറി സ്കൂള്‍ അധ്യാപകനായിരുന്നു അച്ഛന്‍. അന്നൊക്കെ 10ാം ക്ളാസ് പാസായവര്‍ ടൈപ്റൈറ്റിങ്ങും ഷോര്‍ട്ട്ഹാന്‍ഡും പഠിക്കും; ഇന്നത്തെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസംപോലെ. അവികസിതമായ നാട്. ഒരു കാമറ നേരില്‍ക്കണ്ടവരെ പോലും അറിയില്ല.
13ാം വയസ്സില്‍ ആദ്യമായി കാമറ എന്ന മാന്ത്രികപ്പെട്ടി കണ്ടതോടെ മനസ്സില്‍ കാമറയുടെ ലോകം കടന്നുകൂടി. ചെറുകുന്ന് ഉത്സവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ന്യൂസ് റീല്‍ ടീം ചെറുകുന്നിലെ ത്തിയത് വലിയ സംഭവമായിരുന്നു. ജനറേറ്ററും ഒക്കെയായി വലിയ വണ്ടിയില്‍ ഏതാനും പേര്‍ വന്നിറങ്ങി. കുട്ടികള്‍ ഓടിയടുത്തു. വലിയ ഫിലിം കാമറ ട്രൈപോഡില്‍വെച്ച് ക്ളാപ്പടിച്ച് ഷൂട്ട് ചെയ്യുന്നത് അദ്ഭുതത്തോടെ കണ്ടുനിന്നു. അങ്ങനെയാണ് ചലിക്കുന്ന ചിത്രങ്ങള്‍ ചിത്രീകരിക്കുന്നതെന്ന് അതില്‍ ഒരാള്‍ അച്ഛനോട് പറയുന്നത് പ്രേമന്‍ കേട്ടു. കുറച്ചുദിവസം കഴിഞ്ഞ് സിംഗപ്പൂരില്‍ നിന്നുവന്ന അച്ഛന്‍െറ സുഹൃത്ത് നാരായണന്‍ ഒരു കാമറയുമായി എത്തിയത് വീണ്ടും അദ്ഭുതപ്പെടുത്തി. ആകാംക്ഷയോടെ കാമറ തൊട്ടുനോക്കാന്‍ അവസരം കിട്ടി. അന്നുമുതല്‍ മനസ്സില്‍ കടന്നുകൂടിയ മോഹമാണ് സ്വന്തമായി ഒരു കാമറ.
സ്വന്തമായി ഒരു കാമറ നേവിയിലെ ത്തി ആദ്യശമ്പളം കിട്ടിയപ്പോള്‍ പ്രേമന്‍ ചിന്തിച്ചത് കാമറയെക്കുറിച്ചായിരുന്നു. അന്ന് 40 രൂപ മുടക്കി ‘ബന്നി’ കാമറ വാങ്ങി. ആഹ്ളാദത്തോടെ നാട്ടിലത്തെി. കുടുംബാംഗങ്ങളുടെയും മറ്റും ഫോട്ടോ എടുത്തു. പിന്നീട് അഗ്ഫ , ലുബിട്ടി, സോണി, യാഷിക, നിക്കോണ്‍ എന്നിങ്ങനെയുള്ള കാമറകള്‍ വാങ്ങാന്‍ കഴിഞ്ഞു. കാമറ ഒരു വരുമാന മാര്‍ഗമായിട്ട് ഉപയോഗിക്കേണ്ടിവന്നില്ല. നേവിയില്‍ നിന്ന് വിരമിച്ചശേഷം 10 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലിചെയ്തു. ഗള്‍ഫില്‍ എത്തിയതോടെ വിഡിയോ കാമറ വാങ്ങി. ഗള്‍ഫില്‍ എയര്‍ഫോഴ്സ് സിവിലിയന്‍ ടെക്നീഷ്യനായി 1987 മുതല്‍ 97 വരെ ജോലിചെയ്തു. ഏതു പരിപാടി കേട്ടാലും അവിടെപോയി വിഡിയോയും സ്റ്റില്‍ ഫോട്ടോയുമെടുത്ത് സൂക്ഷിക്കും. അതേ പതിവ് നാട്ടില്‍ വന്നിട്ടും തുടര്‍ന്നു. ഇന്നും തുടരുന്നു. ഒരു സാമ്പത്തിക നേട്ടത്തിനുമല്ല, വിനോദത്തിനായി.
സീഡിയും പഴയ വിഡിയോ കാസറ്റുകളുമൊക്കെയായി ആയിരക്കണക്കിന് റെക്കോഡുകള്‍ വെളിച്ചംകാണാതെകിടക്കുന്നു. നാട്ടില്‍ നടക്കുന്ന തെയ്യങ്ങളും ഉത്സവങ്ങളും പകര്‍ത്തലായിരുന്നു പതിവ്. നാട്ടില്‍ എവിടെ പരിപാടികളുണ്ടായാലും പ്രേമന്‍ അവിടെയുണ്ടാകും. വിഡിയോ കാസറ്റുകള്‍ പലതും ഫംഗസ് ബാധിച്ച് നശിച്ചു. ഇപ്പോള്‍ ഡി.വി.ഡിയിലും ഹാര്‍ഡ് ഡിസ്ക്കിലുമായി തെയ്യങ്ങളും ഉത്സവങ്ങളും വെളിച്ചം കാണാതെ കിടക്കുന്നു. പ്രേമന്‍ വിഡിയോ ചിത്രീകരിക്കുമ്പോള്‍ ഭാര്യ കാന്തി സ്റ്റില്‍ ഫോട്ടോ എടുത്ത് സഹായിക്കും. മകന്‍ പ്രതീഷ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. മകള്‍ രശ്മി ബംഗളൂരുവിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.