പേനയോ പെന്‍സിലോ ബ്രഷോ ചായമോ ഇല്ലാതെ ചിത്രം വരക്കാം. കമ്പ്യൂട്ടറില്‍ എന്നാവും നാം ചിന്തിക്കുക! എന്നാല്‍, അജീഷിന് കൈവിരലും ഒരു ടച്ച് ഫോണും മതി! മൊബൈല്‍ഫോണ്‍ കാന്‍വാസായപ്പോള്‍ ഐക്കരപ്പടി കൈതക്കുണ്ട് സ്വദേശി അജീഷിന്‍െറ വിരല്‍ത്തുമ്പില്‍ നിന്ന് പിറന്നത് വിസ്മയചിത്രങ്ങള്‍. നാലിഞ്ച് വലുപ്പമുള്ള ടച്ച് സ്ക്രീനില്‍ ആന്‍ഡ്രോയ്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കൈകൊണ്ട് വരച്ച ജീവസ്സുറ്റ ചിത്രങ്ങള്‍ക്കായി ഫേസ്ബുക്കില്‍ ‘കുത്തിവര’ എന്ന പേരില്‍ ഒരു പേജ്തന്നെ തുറന്നിട്ടുണ്ട് അജീഷ്.
നിരവധി മത്സരങ്ങളില്‍ കഴിവുതെളിയിച്ച അജീഷ് തന്‍െറ മൊബൈല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സംഘടിപ്പിച്ചു. 60 ‘കുത്തിവര’ ചിത്രങ്ങള്‍ വേറിട്ട കാഴ്ചയായി. വരയില്‍ മിടുക്കനായ അജീഷിന് ഒഴിവു സമയത്തെല്ലാം ബ്രഷും ചായങ്ങളും കൂട്ടിനുണ്ടാവും. സര്‍വകലാശാലയിലെ പ്രസില്‍ സ്റ്റോര്‍ കീപ്പറായപ്പോഴും ഇങ്ങനെതന്നെയായിരുന്നു.
ഈയടുത്ത് കുറ്റിപ്പുറത്തേക്ക് താമസം മാറ്റിയപ്പോള്‍ ഒഴിവുസമയങ്ങള്‍ തീവണ്ടി യാത്രകള്‍ തട്ടിയെടുത്തു. ഓഫിസില്‍ നിന്ന് വീട്ടിലേക്കുള്ള തീവണ്ടിയാത്രകള്‍ക്കിടെ ബ്രഷും ചായങ്ങളുമില്ലാതെ അജീഷ് വരച്ചുകൂട്ടിയ ചിത്രങ്ങള്‍ വിസ്മയകരമാണ്. എണ്ണച്ചായത്തോടും ജലച്ചായ ചിത്രങ്ങളോടും കിടപിടിക്കുന്ന ചിത്രങ്ങള്‍ വരച്ചത് ‘സ്കെച്ച്’ എന്ന ആപ്ളിക്കേഷന്‍ ഉപയോഗിച്ചാണ്. ചിത്രങ്ങള്‍ ‘കുത്തിവര’ എന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ച പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും ചിത്രങ്ങള്‍ക്കായി ഫേസ്ബുക്കില്‍ തന്നെ ഒരു പേജ് തുടങ്ങാന്‍ അജീഷിന് പ്രേരണയായി. ഇപ്പോള്‍ ‘കുത്തിവര’ എന്ന പേരിലുള്ള പേജില്‍ അജീഷിന്‍െറ 50 ചിത്രങ്ങളും നവമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.
പ്രണയം എന്ന വിഷയത്തിലൂന്നിയ ചിത്രപ്രദര്‍ശനവും നടത്തി. മറ്റു സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ചിത്രങ്ങള്‍ വരക്കുന്നതെന്ന വിമര്‍ശം വന്നപ്പോള്‍ വരക്കുന്നതിന്‍െറ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് അജീഷ് അതിന് മറുപടി നല്‍കിയത്. മാതൃകാ അധ്യാപകര്‍ക്കുള്ള പ്രഫ. എം.എം. ഗനി അവാര്‍ഡ് രൂപകല്‍പന ചെയ്തതും അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന നിരുപമ റാവുവിന് കോഴിക്കോട് സര്‍വകലാശാല നല്‍കിയ ഉപഹാരചിത്രം വരച്ചതും ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണെന്ന് അജീഷ് പറയുന്നു.
ഡല്‍ഹിയില്‍ മലയാളി അസോസിയേഷനു കീഴില്‍ നടക്കാറുള്ള പൂക്കളമത്സരത്തില്‍ മൂന്നു വര്‍ഷമായി വിജയിക്കുന്നത് അജീഷിന്‍െറ ടീമാണ്. സ്കൂള്‍ കലോത്സവങ്ങളില്‍ ചിത്രം വരക്കും. പെയിന്‍റിങ്ങിനും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള അജീഷ് കൊണ്ടോട്ടി ബ്ളോക്തല കേരളോത്സവങ്ങളിലും സര്‍ഗപ്രതിഭയായിട്ടുണ്ട്. l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.