കാരുണ്യ ജീവിതം

2008ലെ ഒരു പ്രഭാതം. പത്രവാര്‍ത്ത കണ്ട് വായനക്കാര്‍ ഞെട്ടി. കോട്ടയം അതിരമ്പുഴ സ്വദേശിയായ യുവാവിനെ വീട്ടുകാര്‍ കാല്‍ തല്ലിയൊടിച്ച് പട്ടിക്കൂട്ടിലിട്ട വാര്‍ത്തയായിരുന്നു അത്. മദ്യപാനം നിര്‍ത്താന്‍ പോട്ട ധ്യാനകേന്ദ്രത്തില്‍ ജോസി തോമസിനെ എത്തിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ സത്യം അവര്‍ അറിയുന്നത്. രക്തപരിശോധനയില്‍ ജോസി തോമസിന് എച്ച്.ഐ.വി പോസിറ്റീവ് ഫലം കണ്ടത്തെി. വീട്ടുകാരോടും സമൂഹത്തോടും തീരാത്ത പകയുമായാണ് ഇയാള്‍ ധ്യാനകേന്ദ്രത്തില്‍നിന്നിറങ്ങിയത്. നിരവധി അടിപിടി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഇയാള്‍ പരസ്ത്രീ ബന്ധം തുടര്‍ന്നു. ലൈംഗിക ബന്ധത്തിനിടയില്‍ ഇരകളെ കടിച്ചും മറ്റും മുറിവേല്‍പ്പിക്കുകയും ചെയ്തു. മറ്റുള്ളവരോടും ഈ ആക്രമണം ഉണ്ടായപ്പോഴാണ് വീട്ടുകാര്‍ കാല്‍ തല്ലിയൊടിച്ച് ചങ്ങലയിട്ടു ബന്ധിച്ചത്. ഏവരാലും വെറുക്കപ്പെട്ട ജോസി തോമസിനെ മോചിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ ധീരനായ ഒരു ചെറുപ്പക്കാരനാണ് അടുത്ത ദിവസം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത്. ആക്രമണ സ്വഭാവമുള്ള എയ്ഡ്സ് രോഗിയെ മോചിപ്പിച്ച് പുതുജീവിതം നല്‍കിയ ആ ചെറുപ്പക്കാരന്‍ 20 വര്‍ഷമായി അശരണര്‍ക്കും ആലംബഹീനര്‍ക്കും അത്താണിയാണ്. തിരുവല്ല തോട്ടഭാഗം തുണ്ടുപറമ്പില്‍ വീട്ടില്‍ തങ്കപ്പന്‍െറയും പൊന്നമ്മയുടെയും മകനായി ജനിച്ച ടി.കെ. രാജേഷ് എന്ന രാജേഷ് തിരുവല്ല തന്‍െറ ഇത്തരം പ്രവൃത്തിക്ക് പ്രശസ്തി ആഗ്രഹിക്കുന്നയാളുമല്ല.


കാരുണ്യമറിഞ്ഞ ബാല്യം
മഞ്ഞാടി മാര്‍ത്തോമ സേവിക സംഘം റെസിഡന്‍ഷ്യല്‍ യു.പി സ്കൂളില്‍ മകനെ ഒന്നാം ക്ളാസില്‍ ചേര്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ ഒന്നേ ആഗ്രഹിച്ചുള്ളൂ; മകന്‍ നന്നായി പഠിച്ച് വലിയ നിലയിലാകണം. പഠനത്തില്‍ ഒന്നാം റാങ്കും പാഠ്യേതര രംഗങ്ങളില്‍ മികവു പുലര്‍ത്തുകയും ചെയ്ത രാജേഷിന്‍െറ പഠനം സാമ്പത്തിക പരാധീനതമൂലം മുടങ്ങാന്‍ വിധി അനുവദിച്ചില്ല. സ്കൂളിലെ ഒരു അധ്യാപിക സ്നേഹവായ്പോടെ രാജേഷിന്‍െറ പഠനകാര്യങ്ങളില്‍ സഹായത്തിനത്തെി. റാന്നി സ്വദേശി അമ്മിണി ടീച്ചര്‍ അവന് യൂനിഫോം വാങ്ങി നല്‍കി. മറ്റാരും അറിയാതെ ഉച്ചഭക്ഷണം എത്തിച്ചുകൊടുക്കും. പുസ്തകങ്ങളും പേനയും പെന്‍സിലുമെല്ലാം അമ്മിണി ടീച്ചറായിരുന്നു വാങ്ങിക്കൊടുത്തിരുന്നത്. പഠനച്ചെലവ് മൂന്നാം ക്ളാസ് മുതല്‍ മഞ്ഞാടി സ്വദേശി കെ.ടി. കോശി ടീച്ചര്‍ ഏറ്റെടുത്തു. ടീച്ചറുടെ വീട്ടില്‍ അവനെ വൈകുന്നേരങ്ങളില്‍ കൊണ്ടുപോയി പഠിപ്പിക്കുമായിരുന്നു. മക്കളില്ലാത്ത ടീച്ചറിന് സ്വന്തം മകനെപ്പോലെയായിരുന്നു രാജേഷ്. എഴാം ക്ളാസില്‍ ഡൈനാമിക് ആക്ഷന്‍ എന്ന സംഘടന സഹായത്തിനെ ത്തി. ജില്ലാ കൗണ്‍സില്‍ മുന്‍ അംഗം അന്നമ്മ ജോസഫിന്‍െറ നേതൃത്വത്തില്‍ പഠനച്ചെലവു ലഭിച്ചു.  എന്നാല്‍, നിയമബിരുദമെന്ന സ്വപ്നം സഫലമാക്കാന്‍ രാജേഷിനെ സാഹചര്യങ്ങള്‍ അനുവദിച്ചില്ല. ഉപജീവനത്തിനായി മാര്‍ക്കറ്റിങ് മേഖലയിലേക്ക് ചേക്കേറിയെങ്കിലും സാമൂഹിക പ്രവര്‍ത്തനമേഖലയില്‍ നിന്ന്  വിട്ടുനില്‍ക്കാന്‍ സാധ്യമായില്ല. കലാ-സാംസ്കാരിക പ്രവര്‍ത്തനം, രോഗികളെ സഹായിക്കല്‍, നിര്‍ധനരായ കുട്ടികളെ വിദ്യാഭ്യാസത്തില്‍ പിന്തുണക്കുക എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക്  രാജേഷ് നേതൃത്വം നല്‍കി. നിയമപുസ്തകങ്ങള്‍ വായിച്ച അറിവ് ഉപയോഗിച്ച് കണ്ണീര്‍കയത്തില്‍ വീണ പലരെയും സഹായിക്കാന്‍ രാജേഷിന് കഴിഞ്ഞു. തിരികെയൊന്നും പ്രതീക്ഷിക്കാതെ  പലരും ചെയ്തുതീര്‍ത്ത കര്‍മങ്ങളില്‍നിന്ന് ആര്‍ജവമുള്‍ക്കൊണ്ട് ആ ദൗത്യം ഏറ്റെടുക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് രാജേഷ് പറയുന്നു. മുഴുവന്‍ സമയവും സാമൂഹിക സേവനത്തിനു മാറ്റിവെച്ച രാജേഷ് തിരുവല്ലയെ തേടി ചില സംഘടനകളത്തെി. പിന്നീട് ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ പ്രതിനിധിയായി ജീവിതത്തിന്‍െറ ഒരു ദശകം ചെലവിട്ടു.

ജോസിയുടെ ദുരൂഹ മരണം
എയ്ഡ്സ് ബാധിതനായ ജോസി തോമസിനെ മോചിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന് തയാറാകേണ്ടിവന്നു. എന്നാല്‍, ഇതിന് ആരും തയാറായിവന്നില്ല. അങ്ങനെയിരിക്കെയാണ് രാജേഷ് കടന്നുവരുന്നത്. അന്ന് രാജേഷ് പത്തനാപുരം ഗാന്ധിഭവനിലെ കോഓഡിനേറ്ററായിരുന്നു. ജില്ലാ കലക്ടര്‍ മിനി ആന്‍റണി, എസ്.പി പി.ജി. അശോക് കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ജയകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ജോസി തോമസിനെ മോചിപ്പിച്ച് ചികിത്സ നല്‍കി അഭയകേന്ദ്രത്തില്‍ താമസിപ്പിക്കാന്‍ അനുമതിയും നല്‍കി. തുടര്‍ന്ന് രാജേഷിന് സാഹസികതയുടെ നിമിഷങ്ങളായിരുന്നു. ജോസിയുടെ വീട്ടിലത്തെിയപ്പോള്‍ വീട്ടുകാര്‍ തടഞ്ഞു. ഒടുവില്‍ പൊലീസ് സംരക്ഷണത്തില്‍ രാജേഷ് പട്ടിക്കൂടിന്‍െറ ഗ്രില്ല് പൊട്ടിച്ച് അകത്തുകടന്നു. ജോസി പതിവുപോലെ ആക്രമണ സ്വഭാവവുമായി രാജേഷിനോടടുത്തു. രാജേഷ് ദൃഢസ്വരത്തില്‍ അയാളോടു പറഞ്ഞു: ‘നീ ഒരു ചെറുപ്പക്കാരനാണ്. നിന്നെ രക്ഷിക്കുന്നതു കൊണ്ട് എനിക്ക് ഒരു ലാഭവുമില്ല. പക്ഷേ, നിന്നെപ്പോലൊരു ചെറുപ്പക്കാരന്‍ രോഗത്തിന്‍െറ പേരില്‍ ഇത്ര ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് നോക്കിനില്‍ക്കാനാവില്ല. അതുകൊണ്ട് നിന്നെ കൊണ്ടുപോയി ചികിത്സ നല്‍കി മനുഷ്യനായി ജീവിക്കാന്‍ അവസരം ഒരുക്കിത്തരാനാണ് ഞാന്‍ വന്നത്’. രാജേഷിന്‍െറ കണ്ണുകളിലേക്ക് അല്‍പസമയം ഉറ്റുനോക്കിയ അയാള്‍ ശാന്തനായി.

‘എന്നോട് ഇതുപോലെ എല്ലാവരും സ്നേഹത്തോടെ പെരുമാറിയിരുന്നെങ്കില്‍...എനിക്കു മനോരോഗമില്ല’-അയാളുടെ കണ്ണുകള്‍ നിറഞ്ഞു. രോഗം പകരുമെന്നുപറഞ്ഞ് ഡോക്ടര്‍ വിലക്കിയെങ്കിലും രാജേഷ് ജോസിയെ ബന്ധിച്ചിരുന്ന ചങ്ങലകള്‍ ആക്സോബ്ളേഡ് ഉപയോഗിച്ച് അറുത്തുമാറ്റി. കോട്ടയം മെഡിക്കല്‍ കോളജിലെ ഒരു അറ്റന്‍ഡര്‍ മാത്രമാണ് തന്നെ സഹായിക്കാന്‍ പട്ടിക്കൂട്ടിലേക്ക് കയറിവന്നതെന്ന് രാജേഷ് ഓര്‍ക്കുന്നു. ജോസി തോമസിനെ തോളിലിട്ടാണ് രാജേഷ് പട്ടിക്കൂട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയത്.  ഗാന്ധി ഭവനില്‍ എത്തിച്ച് രണ്ടു വര്‍ഷം സംരക്ഷിച്ചു. സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഇയാളുടെ കാല്‍ ശസ്ത്രക്രിയ ചെയ്യാന്‍ സമീപിച്ചെങ്കിലും ആരും തയാറായില്ല. ഒടുവില്‍ ആരോഗ്യമന്ത്രിയായിരുന്ന പി. കെ. ശ്രീമതിക്കു നല്‍കിയ അപേക്ഷയിന്മേല്‍ ഇതിന് പ്രത്യേക സജ്ജീകരണം ഒരുക്കാം എന്ന് ഉറപ്പുനല്‍കിയെങ്കിലും അതിനു കാത്തുനില്‍ക്കാതെ ജോസി തോമസ് യാത്രയായി. ദുരൂഹതനിറഞ്ഞ മരണത്തിന്‍െറ ഉത്തരവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ഭരണാധികാരികള്‍ തയാറായതുമില്ല. ജോസി തോമസിന് മുമ്പ് ഒരു വാഹനാപകട ഇന്‍ഷുറന്‍സ്വഴി ലഭിച്ച അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് അയാളുടെ അന്ത്യാഭിലാഷമായി എയ്ഡ്സ് രോഗികള്‍ക്ക് ഒരു കേന്ദ്രം നിര്‍മിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, വീട്ടുകാര്‍ ഈ തുക തങ്ങള്‍ക്കുവേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് കത്തു നല്‍കി. ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ തുക തങ്ങള്‍ക്കു വേണ്ട എന്ന് ഗാന്ധിഭവന്‍ ഡയറക്ടര്‍ പുനലൂര്‍ സോമരാജനും രാജേഷും അറിയിച്ചു. തുടര്‍ന്ന് വീട്ടില്‍ കുടുംബാംഗങ്ങളെ കാണാന്‍ പോയ ജോസി തോമസ് പട്ടിക്കൂട്ടില്‍ മരിച്ചു കിടക്കുന്നുവെന്ന വാര്‍ത്തയാണ് പിന്നീട് ജനം അറിയുന്നത്.  

വിവിധ സ്ഥാപനങ്ങളിലെ കാരുണ്യപ്രവര്‍ത്തനത്തിനു ശേഷം അടൂരില്‍ ‘മഹാത്മ’ എന്ന കേന്ദ്രം തുടങ്ങുകയായിരുന്നു രാജേഷ്. സ്വന്തം ജീവിതഭാരം തലക്കുമുകളില്‍നില്‍ക്കുമ്പോഴും അന്യന്‍െറ ദുരിതങ്ങള്‍ക്ക് കൈത്താങ്ങായി വര്‍ത്തിക്കുന്നു രാജേഷ്. കഴിഞ്ഞ വിഷുദിനത്തില്‍ ഈ സേവനമാഹാത്മ്യത്തിന് കൈനീട്ടമായി ലഭിച്ചത് 90 ലക്ഷം രൂപ വിലമതിക്കുന്ന 30 സെന്‍റ് ഭൂമിയാണ്. വയോജനങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇവിടെയൊരു ആതുരാലയം ഉയരും. ചലച്ചിത്ര നടി ഉഷയുടെ സാമ്പത്തിക സഹായത്തോടെ നിര്‍ധനരായ 10 യുവതികളുടെ വിവാഹം നടത്താന്‍ നേതൃത്വം നല്‍കി. വാര്‍ധക്യത്തില്‍ ദുരിതത്തിലാവുന്നവര്‍ക്കായി സഹായവാതില്‍ തുറന്നിട്ടിരിക്കുകയാണ് അടൂരിലെ മഹാത്മ ജറിയാട്രിക് കെയര്‍ ഹോസ്പിറ്റല്‍.  ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ മുപ്പതോളം സന്നദ്ധപ്രവര്‍ത്തകര്‍ ഇവരെ സംരക്ഷിക്കുന്നു.

അവിഹിതഗര്‍ഭം പേറി പ്രസവിച്ച കുഞ്ഞിനെ തിരിച്ചുകിട്ടാത്തതില്‍ മനംനൊന്ത് കോട്ടയം തൃക്കൊടിത്താനം സ്വദേശിയായ യുവതി കലക്ടറേറ്റിനുമുന്നില്‍ ആത്മഹത്യക്കു ശ്രമിച്ചതും കലക്ടര്‍ ഇടപെട്ട് കുഞ്ഞിനെ തിരിച്ചുകൊടുത്തതുമായ സംഭവം രാജേഷിന്‍െറ ശ്രദ്ധയില്‍പെട്ടു. മാതാവിനെയും കുഞ്ഞിനെയും പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുത്തു. കഞ്ചാവിനും ചാരായത്തിനുംവേണ്ടി സഹോദരിയെ സുഹൃത്തുക്കള്‍ക്കു വിറ്റ, സഹോദരന്‍െറ കുഞ്ഞിനു ജന്മം നല്‍കിയ മാതാവ്, സ്വന്തം പിതാവിന്‍െറ കുഞ്ഞിനു ജന്മംനല്‍കുകയും കുഞ്ഞ് മരിച്ചതോടെ കാട്ടില്‍ അവശ നിലയിലാവുകയും ചെയ്ത ആദിവാസി യുവതി, മനോരോഗത്തിന്‍െറ പേരില്‍ രണ്ടു വര്‍ഷമായി വീട്ടുകാര്‍

ചങ്ങലക്കിട്ട് പീഡിപ്പിച്ച കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി, കുഷ്ഠരോഗിയായ കാസര്‍കോട്  സ്വദേശി, കാലില്‍ പുഴുവരിച്ച് മരണത്തെ മുഖാമുഖം കണ്ട ശാന്തന്‍, വെള്ളക്കെട്ടിലെ ടാര്‍പോളിന്‍ ഷെഡിനുള്ളില്‍ നിന്ന് ജനഹൃദയങ്ങളിലേക്ക് ചേക്കേറിയ കേരളക്കരയുടെ മുത്തശ്ശി 107 വയസ്സുകാരി ചക്കിയമ്മ, വാര്‍ധക്യം ശാപമായപ്പോള്‍ അവഗണനയുടെ മുള്‍ക്കിരീടം ശിരസ്സിലേറ്റിയ അമ്മമാരും അച്ഛന്മാരും...  അങ്ങനെയെത്രയെത്രപേര്‍ ‘മഹാത്മ’യെന്ന മാഹാത്മ്യത്തിന്‍െറ തണലില്‍ സൈ്വരജീവിതം നയിക്കുന്നു. അതില്‍ സംതൃപ്തനായി ഒരു യുവാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.