ഇങ്ങനെയും ഒരു മാഷ്

രുകുല സമ്പ്രദായം പോയിട്ടും രഞ്ജിത്മാഷിന് അധ്യാപനം തപസ്യയാണ്. സ്കൂള്‍, ജീവിതത്തിന്‍െറ ഭാഗവും. കുടുംബവും വാസസ്ഥലവും എല്ലാം സ്കൂളാക്കിയ അപൂര്‍വ അധ്യാപകന്‍. ടോമോ സ്കൂളിലെ കൊബായാഷി മാസ്റ്ററെപോലെ  അദ്ദേഹം വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനാണ്. ആം ആദ്മി ചൂല്‍ ആയുധമാക്കുന്നതിനുമുമ്പേ ചൂലെടുത്തു തുടങ്ങിയതാണ് രഞ്ജിത് മാഷ്. പഠിപ്പിക്കുന്ന സ്കൂളുകളില്‍ മാഷിന്‍െറ ഒരു ദിവസം ആരംഭിക്കുന്നത് പരിസരം വൃത്തിയാക്കിയും ചെടികള്‍ക്ക് വെള്ളം ഒഴിച്ചുമാണ്. കോഴിക്കോട് ജില്ലയിലെ പന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ത്തിയപ്പോള്‍ കരിയിലകള്‍ വീണ് കൂമ്പാരമായിക്കിടക്കുന്ന പരിസരം മാഷ് ശ്രദ്ധിച്ചു. ചൂല് വാങ്ങി അവിടം തൂത്തു വൃത്തിയാക്കുകയായിരുന്നു ആദ്യത്തെ പണി.

കണ്ണൂര്‍ ജില്ലയിലെ പിണറായിക്കടുത്ത് എരുവട്ടിയാണ് മാഷിന്‍െറ ജന്മനാട്. അവിടെ അമ്മയുണ്ട്. സ്കൂള്‍ അധ്യാപകനായശേഷം ഇരുപത്തിയാറ്  കൊല്ലമായി താമസം ജോലി ചെയ്യുന്ന സ്കൂളിലാണ്. വല്ലപ്പോഴും അമ്മയെകാണാന്‍ നാട്ടില്‍ പോകും, അത്രമാത്രം.  ബാക്കിസമയമെല്ലാം ചിന്തയും ജീവിതവും സ്കൂള്‍തന്നെ. സ്കൂളുകളില്‍ പരീക്ഷകളല്ല, പരീക്ഷണങ്ങളാണ് നടക്കേണ്ടതെന്ന് ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദമുള്ള രഞ്ജിത് മാഷ് വിശ്വസിക്കുന്നു.  പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു തിരുത്തായി, ഉറക്കംതൂങ്ങി ക്ളാസിലിരുന്ന കുട്ടികള്‍ക്ക് ഉണര്‍വായി മാറുന്നു അദ്ദേഹം...


മലയോരങ്ങളെ സ്നേഹിച്ച്

വര്‍ഷങ്ങള്‍ക്കു മുമ്പത്തെ കഥയാണ്.  കഥ നടക്കുന്നത് വയനാട് ജില്ലയില്‍.  കുറിച്യ സമുദായക്കാരായ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് നരിക്കോട്ടുമല. കാടിന്‍െറ മധ്യഭാഗത്താണ് പുറംലോകവുമായി ബന്ധമില്ലാത്ത ഈ പ്രദേശം. കിലോമീറ്ററുകള്‍ അകലെ ബസ് യാത്ര അവസാനിക്കുന്നതിനാല്‍ കാടും മേടും കടന്നുവേണം താഴ്വാരത്തിലെ എല്‍.പി സ്കൂളിലെ ത്താന്‍. പഠിക്കണമെന്ന ചിന്തയില്ലാത്തതിനാല്‍ ഒരു ചടങ്ങിനെന്നപോലെയാണ് കുട്ടികള്‍ സ്കൂളിലെ ത്തുന്നത്. ആ വിദ്യാലയത്തിലേക്ക് രഞ്ജിത് മാഷ് വന്നതോടെ കാര്യങ്ങള്‍ മാറിത്തുടങ്ങി. വിദ്യാലയത്തിന്‍െറ ഒഴിഞ്ഞ മുറി നന്നാക്കിയെടുത്ത് അദ്ദേഹം അവിടെ താമസിച്ചു. നല്ല കെട്ടിടമെന്ന് പറയാന്‍ ഒന്നുമില്ല. ഓല പറന്നുകളിക്കുന്ന കെട്ടിടം. വിദ്യാലയത്തിലത്തെിയശേഷം പഠിപ്പിക്കാനായി ചൂരല്‍ കൈയിലെടുക്കുകയല്ല, ഓരോ കുട്ടിയെയുംകുറിച്ച് പഠിക്കുകയായിരുന്നു അദ്ദേഹം ആദ്യം ചെയ്തത്. കാടിന്‍െറ തുടിപ്പുകളറിഞ്ഞ് പാഠപുസ്തകത്തിന്‍െറ അതിരുകളില്‍നിന്ന് ആ അധ്യാപകന്‍ വിജ്ഞാനത്തിന്‍െറ അനന്തതയിലേക്ക് കുട്ടികളെ നയിച്ചു. അതുവരെ പഠനമെന്ന ചടങ്ങിനത്തെിയവര്‍ ഉത്സാഹത്തോടെ സ്കൂളിലേക്ക് വന്നുതുടങ്ങി. പഠനം അവര്‍ക്ക് ആഘോഷമായി. കൂടുതല്‍ വര്‍ഷം അവിടെ തുടര്‍ന്നില്ല. ഉള്‍പ്രദേശങ്ങളിലെ സ്കൂളുകളിലേക്ക് മാറ്റം ചോദിച്ചുവാങ്ങി പോകുന്ന അധ്യാപകനാണ് ഇദ്ദേഹം.

പേരാവൂര്‍ ഗവ.സ്കൂളിലെ അധ്യാപകനായാണ് മാഷ് ഒൗദ്യോഗിക ജീവിതം തുടങ്ങുന്നത്. അതിന് മുമ്പും പശ്ചിമഘട്ട മലയോര പ്രദേശങ്ങളില്‍ താല്‍കാലിക അധ്യാപകനായി സേവന മനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ പന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എത്തിനില്‍ക്കുന്നു. ഫിലോസഫിയാണ് മാഷിന്‍െറ വിഷയം. ഒരു വര്‍ഷമാകുന്നു അദ്ദേഹം ഇവിടെയത്തെിയിട്ട്. ജോലി ചെയ്യുന്ന 14ാമത്തെ സ്കൂളാണിത്. സ്കൂളിലെ ഫിലോസഫി അധ്യാപിക ബിന്ദുവാണ് പഠന നിലവാരത്തില്‍ കുറച്ചു പിന്നാക്കം നില്‍ക്കുന്ന സ്കൂളിനെക്കുറിച്ച് പറഞ്ഞത്. മികച്ച വിദ്യാലയങ്ങളില്‍ ജോലി ചെയ്യാനല്ല, മറിച്ച് തന്നെ ആവശ്യമുണ്ടെന്നു കരുതുന്ന വിദ്യാലയങ്ങളിലാണ് മാഷ് എത്തുന്നത്. അങ്ങനെയുള്ള വിദ്യാലയങ്ങളെകുറിച്ചറിഞ്ഞാല്‍ ട്രാന്‍സ്ഫര്‍ വാങ്ങി അവിടെയത്തെും. ആദിവാസി വിദ്യാലയങ്ങള്‍ ഏറെ ഇഷ്ടം. ഒരു സ്കൂളിലും രണ്ടരവര്‍ഷത്തില്‍ കൂടുതല്‍ നില്‍ക്കില്ല. ഇനി മൂന്നു വര്‍ഷം കൂടിയേ സര്‍വീസ് ഉള്ളൂ. മലയോര പ്രദേശങ്ങളായ  കുനിത്തല, തിമിരി, തിരുമേനി, നരിക്കോട്ടുമല, ആറളം, കോഴിച്ചാല്‍, ഓര്‍ക്കാട്ടേരി, നെടുങ്ങാം  തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു മാഷിന്‍െറ സേവനം.

പഠനം ആത്മജ്ഞാനം
പന്നൂരില്‍ അദ്ദേഹമത്തെുമ്പോള്‍ വേനല്‍ക്കാലമായിരുന്നു.  സ്കൂളില്‍ കുടിവെള്ളക്ഷാമം രൂക്ഷം. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കുന്നതിനുപകരം  അശ്രദ്ധയോടെ കളയാനായിരുന്നു വിദ്യാര്‍ഥികള്‍ ശ്രമിച്ചത്. ഉള്ള വെള്ളം കാലുംകൈയും കഴുകിത്തീരുന്നതോടെ ഉച്ചയാവുമ്പോഴേക്കും വെള്ളം കിട്ടാക്കനിയാവും. ഇതിനൊരു പരിഹാരമെന്നോണം മാഷ്  കുറച്ച് പ്ളാസ്റ്റിക് ഷീറ്റ് വാങ്ങി ടാങ്ക് പോലെ കെട്ടിയുയര്‍ത്തി വെള്ളം സംഭരിച്ചുവെച്ചു. നാലഞ്ച് കപ്പുകളും വെള്ളത്തിലിട്ടു. സ്കൂളില്‍ മാഷ് തന്നെ മറ്റൊരു കുഴികുഴിച്ച് പ്ളാസ്റ്റിക്ഷീറ്റിട്ട് വെള്ളം നിറച്ചു. കൊതുകിന്‍െറ കൂത്താടി വളരാതിരിക്കാന്‍ ഗപ്പി മീനുകളെ വളര്‍ത്തി. ഗ്ളാമറസ് അല്ലാത്തതിനാല്‍ മാഷ് ഉണ്ടാക്കുന്ന പലതും ഒറ്റനോട്ടത്തില്‍ ഒന്നിനും കൊള്ളാത്തതായി ചിലര്‍ക്ക് തോന്നും. പക്ഷേ, ഒരുപാട് പാഠങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് അതില്‍.  പായല്‍ പിടിച്ചു കിടക്കുന്ന വെള്ളത്തില്‍ അഴുക്കായിരിക്കുമെന്ന് തോന്നാമെങ്കിലും അങ്ങനെയല്ളെന്ന് മാഷ് ഉറപ്പിച്ചു പറയുന്നു. സംശയമുണ്ടെങ്കില്‍ സ്കൂളിലെ മൈക്രോസ്കോപ്പെടുത്ത് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചില സ്കൂളിലെ അധ്യാപകര്‍ അങ്ങനെ ചെയ്തു. ബാക്ടീരിയകളെയും ഫംഗസുകളെയും അങ്ങനെ കുട്ടികള്‍ക്ക് കാട്ടിക്കൊടുത്തു. അപ്പോള്‍ അതൊരു പഠനപ്രവര്‍ത്തനമാണ്. മാഷിന്‍െറ നേതൃത്വത്തില്‍ കിളികളെയും എമുവിനെയും വളര്‍ത്തുന്നുണ്ട് സ്കൂളില്‍. ഇവിടെ വന്നശേഷം സ്കൂള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി.

ആത്മപരിശോധനക്കുതകുന്ന ഒരു ആള്‍ക്കണ്ണാടിയുണ്ട് മാഷിന്‍െറ മുറിയില്‍. അത് ഓരോ സ്കൂളിലേക്കും മാറിപ്പോകുമ്പോള്‍ അദ്ദേഹം കൂടെക്കരുതും. കണ്ണാടി എന്നത് സ്വയം തിരിച്ചറിയലാണെന്ന് ശ്രീനാരായണഗുരു പറഞ്ഞതു പോലെ അദ്ദേഹം കുട്ടികള്‍ക്ക് കാട്ടിക്കൊടുത്തു. കണ്ണാടിക്കൂടിന്‍െറ പുറംചട്ടയില്‍ ലാവോത്സെയുടെ മഹത്തായ വാക്യം എഴുതിവെച്ചിട്ടുണ്ട്. സമയത്തെകുറിച്ച് ബോധ്യപ്പെടുത്താന്‍ സ്കൂളിനു മുന്നില്‍ ഒരു ഘടികാരമുണ്ട്. സമയം എന്നത് എന്തെന്ന ശാസ്ത്രീയവും തത്ത്വചിന്താപരവുമായ കുറിപ്പുകളും. അധ്യാപകരുടെ പ്രിയങ്കരനായ വിദ്യാര്‍ഥിയായിരുന്നില്ല മാഷ് ഒരിക്കലും. അന്ന് പാഠ്യേതര പ്രവര്‍ത്തനങ്ങളിലായിരുന്നു കൂടുതല്‍ താല്‍പര്യം. കോഴൂര്‍ ഗവ. യു.പി സ്കൂളിലും കതിരൂര്‍ ഗവ. ഹൈസ്കൂളിലും ആയിരുന്നു വിദ്യാഭ്യാസം. പ്രീഡിഗ്രിക്കുശേഷം മാത്തമാറ്റിക്സില്‍ ബിരുദം നേടി. പിന്നീട് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദം. ബി.എഡിനുശേഷം എജുക്കേഷന്‍ ടെക്നോളജിയില്‍ എം.എഡും. ഇപ്പോള്‍ പാഠപുസ്തക കരിക്കുലം കമ്മിറ്റി അംഗവുമാണ്.

റോള്‍ മോഡല്‍
കതിരൂര്‍ ഹൈസ്കൂളിലെ അധ്യാപകന്‍ ദാമോദരന്‍ മാഷായിരുന്നു പഠിക്കുന്ന കാലത്ത് റോള്‍മോഡല്‍. സ്കൂള്‍ കഴിഞ്ഞുള്ള സമയങ്ങള്‍ ആഘോഷമാക്കിമാറ്റി അദ്ദേഹം. ഇത്യോപ്യയില്‍ നിന്നും മറ്റും സിനിമകളും പുസ്തകങ്ങളും വരുത്തിയിരുന്നു അദ്ദേഹം. ദാമോദരന്‍ മാഷിന്‍െറ നേതൃത്വത്തില്‍ നാട്ടിലും സ്കൂളിലും വലിയൊരു വായനശാലയുണ്ടായിരുന്നു. അദ്ദേഹം മുന്‍കൈയെടുത്ത്  സ്കൂളില്‍ നാണയപ്രദര്‍ശനവും ചരിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു. അന്ന് സ്കൂളുകളില്‍ ഇതൊന്നും സജീവമായ കാലമായിരുന്നില്ല.

മാറ്റത്തിന്‍െറ ചെറുകാറ്റ്
കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ ഹൈസ്കൂളില്‍ ഇന്നു കാണുന്ന മിനി സ്റ്റേഡിയം മാഷിന്‍െറ പ്രയത്നമാണ്. വളരെ ചെറിയ ഗ്രൗണ്ടായിരുന്നു അവിടെയുണ്ടായിരുന്നത്.  അവിടെ ധാരാളം ആളുകള്‍ വന്നിരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അവരെയെല്ലാം വിളിച്ചുകൂട്ടി മാഷ് നല്ളൊരു ഗ്രൗണ്ട് ആവശ്യമാണെന്ന കാര്യം പറഞ്ഞു. ആ നല്ല മനസ്സിനൊപ്പം  നാട്ടുകാര്‍ അണിചേര്‍ന്നു. രാഷ്ട്രീയ കക്ഷിഭേദമെന്യേ ആളുകള്‍ തോളോടുചേര്‍ന്ന് പണിയെടുത്തു. സ്റ്റേഡിയം റെഡി. അതുപോലെ ആറളത്ത് ആദിവാസി മേഖലയില്‍ മദ്യത്തിനെതിരായ പോരാട്ടത്തിലും നാട്ടുകാര്‍ സജീവമായി പങ്കെടുത്തു. അധ്യാപക ദമ്പതികളായ ആര്‍.കെ. ഗോവിന്ദന്‍െറയും ജാനുവിന്‍െറയും മൂത്തമകനാണ് രഞ്ജിത് മാഷ്. അമ്മ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. അനിയനും കുടുംബവും മുംബൈയിലാണ്.

അധ്യയനം അവസാനിക്കുന്നില്ല
സ്കൂളിലെ അധ്യയനസമയം 10 മണിക്കു തുടങ്ങി നാലു മണിയോടെ അവസാനിക്കേണ്ടതല്ളെന്ന് രഞ്ജിത് മാഷ് പറയുന്നു. ഇന്ന് കുട്ടികള്‍ പോവുന്നതിനുമുമ്പേ അധ്യാപകര്‍ ഇറങ്ങുന്നു. രാവിലെയാണെങ്കില്‍ കുട്ടികള്‍ വന്നാലും പല അധ്യാപകരും ക്ളാസിലത്തൊത്ത സ്ഥിതിയാണ്. വിദ്യാഭ്യാസം ഒരു പണിയായിട്ടെടുക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകള്‍ നമുക്ക് ആവശ്യമില്ല എന്ന ധാരണയാണ് പലര്‍ക്കും. അത് നമ്മുടേതാണ് എന്ന് തോന്നിപ്പിക്കാന്‍ ഒരാള്‍ വേണം. അതിനാണ് എന്നെപ്പോലുള്ളവര്‍...സംസാരമവസാനിപ്പിച്ച് മാഷ് ക്ളാസിലേക്ക്... ‘നൂറുപൂക്കള്‍ വിരിയട്ടെ, ആയിരം ചിന്താപദ്ധതികള്‍ നമ്മിലുയരട്ടെ’...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.