ബിലാവലിനെ കീഴടക്കിയ മെയ്‌വഴക്കം

സിനിമയില്‍ ബ്രൂസ് ലിയുടെയും ജാക്കിച്ചാന്‍െറയുമൊക്കെ അഭ്യാസം കണ്ട് അന്തം വിട്ടിരുന്നിട്ടുണ്ട് ബിലാവല്‍ ഭൂട്ടോ. എന്നാല്‍, യു.എ.ഇയില്‍വെച്ച് നിലമ്പൂരുകാരന്‍ അബ്ദുറഹ്മാന്‍െറ മെയ് വഴക്കം നേരില്‍ കണ്ടപ്പോള്‍ വണങ്ങാതിരിക്കാന്‍ മനസ്സനുവദിച്ചില്ല. കൂടെ ഒരഭ്യര്‍ഥനയും, ‘എനിക്കു കൂടി ഇതൊന്നു പഠിപ്പിച്ചു തരണം’. ഇംഗ്ളണ്ടിലെ പ്രശസ്തമായ ഓക്സ്ഫഡ് സര്‍വകലാശാലയില്‍ പഠിച്ചു കൊണ്ടിരിക്കെ 20ാം വയസ്സില്‍ പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പി.പി.പി) ചെയര്‍മാന്‍ പദവിയിലെത്തിയ ബിലാവല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ ഈ അഭ്യര്‍ഥന സ്വീകരിക്കുമ്പോള്‍ തന്നെ അബ്ദുറഹ്മാന്‍ പ്രതീക്ഷിച്ചിരുന്നു, ലോകത്തിലെ ആദ്യ വനിതാ മുസ് ലിം പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെയും ഭര്‍ത്താവും പിന്നീട് പ്രസിഡന്‍റുമായ ആസിഫലി സര്‍ദാരിയുടെയും മകന്‍ ബിലാവലും പാക് രാഷ്ട്രീയത്തില്‍ സാന്നിധ്യമാകുമെന്ന്.

മാതാവ് ബേനസീറിന്‍െറ പിതാവും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാപകനും മുന്‍ പ്രധാനമന്ത്രിയും പ്രസിഡന്‍റുമൊക്കെയായിരുന്ന സുല്‍ഫീക്കര്‍ അലി ഭുട്ടോ, സിയാവുല്‍ ഹഖിന്‍െറ പട്ടാള ഭരണകൂടത്താല്‍ 1979ല്‍ തൂക്കിലേറ്റപ്പെടുകയും മാതാവ് ബേനസീര്‍ 2007ല്‍ അജ്ഞാതരുടെ വെടിയേറ്റു മരിക്കുകയും ചെയ്തിട്ടും രാഷ്ട്രീയത്തില്‍ നിന്ന് പിന്തിരിയാന്‍ കൂട്ടാക്കാതിരുന്ന ബിലാവലിന് ആ ധൈര്യം സംഭരിക്കുന്നതില്‍ അബ്ദുറഹ്മാന്‍ പകര്‍ന്നു നല്‍കിയ തൈക്വാന്‍ഡോ (Taekwon^do) എന്ന കൊറിയന്‍ ആയോധന കലയുടെ സ്വാധീനമുണ്ട്.

പട്ടാള അട്ടിമറിയും രാഷ്ട്രീയ പ്രതിസന്ധികളും കാരണം ബേനസീറും കുടുംബവും പാകിസ്താന്‍ വിട്ട് യു.എ.ഇയില്‍ പ്രവാസജീവിതം നയിക്കുമ്പോഴാണ് യു.എ.ഇയില്‍ തൈക്വാന്‍ഡോ പരിശീലിപ്പിക്കുന്ന മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചക്കാലക്കുത്തിലെ അബ്ദുറഹ്മാനെക്കുറിച്ച് അറിയുന്നത്. പിന്നെ സ്കൂള്‍ പഠനത്തോടൊപ്പം ഏഴു വര്‍ഷത്തെ പരിശീലനം. കൂട്ടിന് സഹോദരി ബക്തവറുമുണ്ടായിരുന്നു. ബേനസീറിന്‍െറ മക്കളാണെന്ന് പുറത്തറിയരുതെന്ന കര്‍ശന നിര്‍ദേശമുള്ളതിനാല്‍ അബ്ദുറഹ്മാനും സഹപരിശീലകനും മാത്രമായിരുന്നു ഈ രഹസ്യം അറിഞ്ഞിരുന്നത്. ഇതുമൂലം ചിത്രങ്ങളെടുക്കാനും കഴിഞ്ഞില്ല. സഹപാഠികള്‍ അവര്‍ മടങ്ങിയ ശേഷം മാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ കൂട്ടുകാരെ തിരിച്ചറിഞ്ഞത്. സ്വന്തം രാജ്യത്തെ പട്ടാള അട്ടിമറികളും ചോരപ്പാടുകളും പ്രവാസം സ്വീകരിക്കേണ്ടി വന്ന സാഹചര്യങ്ങളും ആ കുഞ്ഞുമനസ്സിനെ എത്രമാത്രം ഉലച്ചിരുന്നുവെന്ന് അബ്ദുറഹ്മാന് നന്നായറിയാമായിരുന്നു.

സ്വയം വരിച്ച പ്രവാസ ജീവിതത്തിനിടയില്‍ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാന്‍ പോലും മടിച്ച ബേനസീറിന്‍െറ ഉള്ളിലെ തീ ബിലാവല്‍ ഗുരുവുമായി പങ്കുവെക്കാറുണ്ടായിരുന്നു; ഒപ്പം തിരിച്ചു പോക്കിനെക്കുറിച്ച് നെയ്തെടുത്ത സ്വപ്നങ്ങളും. തൈക്വാന്‍ഡോയില്‍ ബ്ളാക്ബെല്‍റ്റ് നേടി പ്രവാസജീവിതത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ബിലാവല്‍ വിട്ടുപോകാന്‍ മടിച്ച ഒന്നുണ്ട്, അബ്ദുറഹ്മാന്‍െറ പരിശീലനം.

നെറ്റി ചുളിച്ചവര്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ച്
1960ല്‍ നിലമ്പൂര്‍ ചക്കാലക്കുത്തിലെ ഒരു സാധാരണ കുടുംബത്തില്‍ മംഗലശ്ശേരി മുഹമ്മദ്കുട്ടി^ജമീല ദമ്പതികളുടെ മകനായി ജനിച്ച അബ്ദുറഹ്മാന്‍ നാട്ടുകാര്‍ കേട്ടിട്ടു പോലുമില്ലാത്ത തൈക്വാന്‍ഡോ എന്ന ആയോധനകല പഠിക്കാനിറങ്ങിയപ്പോള്‍ നെറ്റി ചുളിച്ചവര്‍ ഏറെയാണ്. 1986ല്‍ മദ്രാസില്‍ നിന്ന് ബ്ളാക്ബെല്‍റ്റ് നേടി നെഞ്ചുവിരിച്ചു നിന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. തൈക്വാന്‍ഡോയില്‍ സിക്സ്ത് ഡാന്‍ ബ്ളാക്ബെല്‍റ്റ് നേടിയ അബ്ദുറഹ്മാന്‍ ജൂണില്‍ സെവന്‍ത് ഡാന്‍ ബ്ളാക് ബെല്‍റ്റിനുടമയാകുന്ന ലോകത്തിലെ തന്നെ അപൂര്‍വം പേരിലൊരാളാകും. 10 വര്‍ഷമായി എല്ലാ അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിലും റഫറിയാണ് ഇദ്ദേഹം. നിലവില്‍ യു.എ.ഇ തൈക്വാന്‍ഡോ അസോസിയേഷന്‍െറ ടെക്നിക്കല്‍ ഹെഡും ചീഫ് ഇന്‍സ്ട്രക്ടറുമായ അബ്ദുറഹ്മാന്‍ 15 വര്‍ഷത്തിലധികമായി യു.എ.ഇയിലും നാട്ടിലുമുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നു.

2009ല്‍ റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ നടന്ന അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ ഒൗട്ട്സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ടര്‍ മെഡല്‍ നേടി തിരിച്ചെ ത്തിയപ്പോള്‍ നിലമ്പൂരിലെ പ്രശസ്തമായ പാട്ടുത്സവത്തില്‍ നാട്ടുകാര്‍ ഗംഭീര സ്വീകരണവും ഒരുക്കി. തനിക്ക് ലഭിച്ച അന്താരാഷ്ട്ര പുരസ്കാരങ്ങളെക്കാളേറെ വിലമതിക്കുന്നത് നാട്ടുകാരുടെ ഈ സ്നേഹോപഹാരമാണെന്ന് തുറന്നുപറയാനും ഇദ്ദേഹം മടിച്ചില്ല. ഇന്ത്യക്കു പുറമെ റഷ്യ, കൊറിയ, തായ് ലന്‍ഡ്, മലേഷ്യ, നേപ്പാള്‍, സൗദി അറേബ്യ, യു.എ.ഇ, ബെലാറസ്, ഉസ്ബകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആയിരക്കണക്കിന് പേരാണ് ഇദ്ദേഹത്തില്‍ നിന്ന് അടവുകള്‍ പഠിച്ചത്. ഇംഗ്ളീഷും ഹിന്ദിയും അറബിയും അനായാസം കൈകാര്യം ചെയ്യുന്ന അബ്ദുറഹ്മാന് കൊറിയന്‍, ഫ്രഞ്ച് ഭാഷകളും വഴങ്ങും.

എല്ലാം തൈക്വാന്‍ഡോ സമ്മാനിച്ചത്. ഒപ്പം ഹപ്കിഡൊ (Hapkido) എന്ന കൊറിയന്‍ ആയോധന കലയിലും പ്രാവീണ്യം നേടി. ഇന്ന് കേരളത്തിലെ സ്കൂളുകളില്‍ വരെ തയ്ക്വാന്‍ഡോ പരിശീലനം ആരംഭിച്ചതിനു പിന്നിലും ഇദ്ദേഹത്തിന്‍െറ പ്രയത്നമുണ്ട്. ജൂണ്‍ 11ന് ഏഷ്യന്‍ തൈക്വാന്‍ഡോ ഫെഡറേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തുന്ന അബ്ദുറഹ്മാന് 15ന് കൊറിയയില്‍ തൈക്വാന്‍ഡോ സ്ഥാപകന്‍ ചോയ് ഹോങ് ഹിയുടെ ചരമ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനും ക്ഷണമുണ്ട്. ആഗസ്റ്റ് 24ന് ബള്‍ഗേറിയയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ റഫറിയായും ഇദ്ദേഹമുണ്ടാകും.

കുടുംബത്തിനും കരുത്തു പകര്‍ന്ന്
അധികമൊന്നും അറിയപ്പെടാത്ത ആയോധന കലയില്‍ പ്രാഗല്ഭ്യം നേടിയതുകൊണ്ട് ഒരു ചട്ടമ്പിയുടെ പരിവേഷമായിരുന്നു ആദ്യകാലത്ത്. പെണ്ണ് തിരഞ്ഞപ്പോള്‍ പോലും ഇത് പ്രകടമായി. മമ്പാട്ടുകാരി ആയിശ ജീവിതത്തില്‍ കൂട്ടായത്തെിയതോടെ കരിയറിലും തണലായി. മകന്‍ ആഷിഖ് റഹ്മാനും പിതാവിന്‍െറ പാതയിലാണ്. ഇന്‍റര്‍നാഷനല്‍ ഇന്‍സ്ട്രക്ടറായ ആഷിഖ് ഫിഫ്ത്ത് ഡാന്‍ ബ്ളാക്ക്ബെല്‍റ്റിനുടമയാണ്. മകള്‍ ഹാഷിറയും കൊച്ചുമകള്‍ ആറുവയസുകാരി ഫിദ ഹമീദുമെല്ലാം തൈക്വാന്‍ഡോയില്‍ പരിശീലനം നേടിയിട്ടുണ്ട്. ഇടക്ക് കുടുംബം പുലര്‍ത്താന്‍ സൗദിയില്‍ പോയി ജോലി ചെയ്തെങ്കിലും തൈക്വാന്‍ഡോയിലുള്ള ആവേശം അടക്കിനിര്‍ത്തി അവിടെ തുടരാനാകുമായിരുന്നില്ല. നാട്ടില്‍ തിരിച്ചെ ത്തി തുച്ഛ വരുമാനത്തിന് പരിശീലനം ആരംഭിച്ചാണ് ഉയരങ്ങളിലേക്ക് ചുവടുവെച്ചത്. 33 വര്‍ഷമായി തൈക്വാന്‍ഡോയില്‍ ജീവിതം സമര്‍പ്പിച്ച ഇദ്ദേഹത്തിന് മരണംവരെ പരിശീലനം തുടരണമെന്നാണ് ആഗ്രഹവും. അതിനിടക്ക് പരമോന്നത നേട്ടമായ എയ്ത്ത് (8th) ഡാന്‍ ബ്ളാക്ബെല്‍റ്റും നേടണം.

തൈക്വാന്‍ഡോ എന്ന ആയോധന കല

കിക്കുകള്‍ക്ക് (തൊഴി) പ്രാമുഖ്യം നല്‍കുന്ന കൊറിയന്‍ ആയോധന കലയാണ് തൈക്വാന്‍ഡോ. 1940^50 കാലഘട്ടത്തില്‍ കൊറിയന്‍ മാര്‍ഷല്‍ ആര്‍ട്ടിസ്റ്റുകളാണ് ഇത് വികസിപ്പിച്ചെടുത്തത്. മിലിട്ടറി ഓഫിസര്‍ ചോയ് ഹോങ് ഹിയാണ് (Choi Hong Hi) സ്ഥാപകനായി അറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി കൊറിയയില്‍ നിലനിന്ന ഷോട്ടോകാന്‍ കരാട്ടെ, തായ്കിയോണ്‍ (taekkyeon) ഗ്വോണ്‍ബിയോപ് (gwonbeop) സുബോക് (subok) എന്നീ ആയോധന കലകളുടെ സങ്കലനമാണ് തൈക്വാന്‍ഡോ. ഒളിമ്പിക്സില്‍ ജൂഡോക്കു പുറമെ ഇടംപിടിച്ച ഏക ഏഷ്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സാണ് തൈക്വാന്‍ഡോ. 1988ല്‍ ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന സമ്മര്‍ ഒളിമ്പിക്സില്‍ പ്രദര്‍ശന ഇനമായി രംഗപ്രവേശം ചെയ്ത തയ്ക്വാന്‍ഡോ 2000ത്തില്‍ ആസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന ഒളിമ്പിക്സ് മുതല്‍ മെഡല്‍ ഇനമായി.

മലയാളിക്കൊരു പരിശീലന കേന്ദ്രം
ഇന്ത്യന്‍ എയര്‍ഫോഴ്സിലെയും സംസ്ഥാന പൊലീസിലെയും വനം വകുപ്പിലെയുമെല്ലാം അംഗങ്ങള്‍ക്ക് തയ്ക്വാന്‍ഡോയുടെ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ അബ്ദുറഹ്മാന്‍ തന്‍െറ ജീവിതാഭിലാഷമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള തൈക്വാന്‍ഡോ പരിശീലന കേന്ദ്രം നിലമ്പൂരില്‍ ഒരുക്കിവെച്ചിട്ടുണ്ട്. ഇതിന്‍െറ വാതിലുകള്‍ ജൂണില്‍ മലയാളികള്‍ക്കു മുന്നില്‍ തുറക്കും. യുനൈറ്റഡ് തൈക്വാന്‍ഡോ അസോസിയേഷന്‍ ഓഫ് കേരള എന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച അബ്ദുറഹ്മാന്‍ ഇതിന്‍െറ പ്രസിഡന്‍റ് കൂടിയാണ്. നിലമ്പൂരില്‍ പരിശീലനത്തിന് കൂട്ടായുള്ള മമ്പാട് എം.ഇ.എസ് കോളജ് റിട്ട. കായികാധ്യാപകന്‍ ഡോ. എ.എം. ആന്‍റണിയാണ് ഇതിന്‍െറ സെക്രട്ടറി.

തൈക്വാന്‍ഡോ ഇന്ന് മലയാളിക്ക് സുപരിചിതമായ ആയോധന കലയാണ്. തൈക്വാന്‍ഡോ ക്ളബുകളും പരിശീലന കേന്ദ്രങ്ങളും സ്കൂളുകളുമെല്ലാം ഇതിന്‍െറ പ്രചാരകരായതോടെ ആയോധന കല പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ചട്ടമ്പികളെന്ന മനോഭാവത്തിനും അറുതിയായി. ഇന്ന് ഇതൊരു ആവേശമാണ്, അബ്ദുറഹ്മാനെ പോലുള്ളവര്‍ ജീവനൊപ്പം കൊണ്ടുനടക്കുന്ന ആവേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.