മോളി മോഡല്‍

‘ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്ക് ഭക്ഷണത്തിനായി തരുന്നു. ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും^ജീവശ്വാസമുള്ള സകലതിനും^ആഹാരമായി ഹരിത സസ്യങ്ങള്‍ ഞാന്‍ നല്‍കിയിരിക്കുന്നു’ ^ഉല്‍പത്തി പുസ്തകം ഒന്നാം അധ്യായം 29, 30 വാക്യങ്ങള്‍.
 
ദൈവത്തിന്‍െറ ഈ വരദാനം ജീവിതത്തോട് ചേര്‍ത്തുവെച്ചതാണ് മോളി പോള്‍ എന്ന വീട്ടമ്മയുടെ ധന്യത. സ്വാശ്രയ ജീവിതത്തിന്‍െറ വലിയൊരു മാതൃക ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് ഈ സാധാരണക്കാരിയുടെ അടുക്കളയും പുരയിടവും. ഭക്ഷ്യവിഭവങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റും ജൈവസംരക്ഷണ പാര്‍ക്കും എന്ന് ഈ രണ്ടിടങ്ങളെയും വിശേഷിപ്പിച്ചാല്‍ അതിശയോക്തിയാകില്ല. കൃഷി ചെയ്തുണ്ടാക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ ഉണക്കി സംസ്കരിച്ച് സൂക്ഷിച്ചിരിക്കുന്നു അടുക്കളയില്‍. പയര്‍^ധാന്യ^കിഴങ്ങ് വര്‍ഗങ്ങളും പഴങ്ങളും പച്ചക്കറികളുമെല്ലാം  വെയിലത്തിട്ട് ഉണക്കി ഇനം തിരിച്ച് ഭരണികളിലാക്കി നിരത്തിവെച്ചിരിക്കുന്നു. ലോകം മുഴുവന്‍ ഉപരോധിച്ചാലും മൂന്നു കൊല്ലത്തേക്ക് പട്ടിണി കിടക്കാതിരിക്കാനുള്ളത്ര! 
 
പറമ്പില്‍ വിളയുന്നത് 80 തരം ഭക്ഷ്യവിഭവങ്ങള്‍. അരിപ്പൊടി, കറിപ്പൊടികള്‍ എന്നിവ വീട്ടില്‍ത്തന്നെ കഴുകി ഉണക്കി പൊടിച്ച് തയാറാക്കുകയാണ്. നെല്ല്, കുരുമുളക്, കാപ്പിക്കുരു, കുടംപുളി, എള്ള്, ഉഴുന്ന്, മുതിര, റാഗി ഇവയെല്ലാം സ്വന്തം കൃഷിയിടത്തില്‍ നിന്നുതന്നെ. പശു, കോഴി, മുയല്‍, മീന്‍, തേനീച്ച എന്നിവ വേറെ. ചുരുക്കത്തില്‍ വിലക്കയറ്റമെന്ന് കേട്ടാല്‍ നെഞ്ചിടിപ്പും നെടുവീര്‍പ്പും കൂടാത്തൊരു കുടുംബം. ഉപ്പും പഞ്ചസാരയും മാത്രമാണ് ഇവര്‍ കടയില്‍ നിന്ന് വാങ്ങുന്നത്. പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ക്ളോഡ് ആള്‍വാരിസിന്‍െറ കമന്‍റ് കടമെടുത്താല്‍ ‘അറബിക്കടലിന് അടുത്തായിരുന്നെങ്കില്‍ ഈ സ്ത്രീ ഉപ്പും ഉണ്ടാക്കിയേനെ’. 40 സെന്‍റ് പുരയിടത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും നട്ടുപിടിപ്പിക്കാത്തൊരു ദിനം ജീവിതത്തിലില്ലാത്തൊരാളെ കുറിച്ച് മറ്റെന്തുപറയാന്‍. മോളിയുടെ കലവറ കാണാന്‍ ഒരിക്കല്‍ നടന്‍ ശ്രീനിവാസനും എത്തി. ജൈവകൃഷി വഴികളെക്കുറിച്ചുള്ള അന്വേഷണത്തിന്‍െറ ഭാഗമായാണ് ശ്രീനിവാസന്‍ മോളിയുടെ വീട്ടില്‍ എത്തിയത്.
 
വെള്ളിത്തിരയിലെ നിരുപമ ഒന്നുമല്ല
തന്‍െറ ജീവിതത്തോട് സാമ്യമുള്ള നിരുപമ രാജീവ് എന്ന കഥാപാത്രമായി മഞ്ജുവാര്യര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചുവന്ന കഥയൊക്കെ മോളി കേട്ടറിഞ്ഞിട്ടുണ്ട്. സിനിമ കാണുന്ന സമയം പോലും കൃഷിക്കായി മാറ്റിവെക്കുന്ന മോളിയുടെ ജീവിതം മനസ്സിലാക്കിയവര്‍ക്ക് അറിയാം^വെള്ളിത്തിരയിലെ നൂറ് നിരുപമമാര്‍ ഒരു ദിവസം പല റോളില്‍ തിളങ്ങുന്ന മോളിക്ക് പകരമാകില്ളെന്ന്. രാവിലെ നാലു മണിക്ക് തുടങ്ങുന്ന ഓട്ടമാണ്. പുരയിടത്തോട് ചേര്‍ന്നുള്ള സ്വന്തം റബര്‍ തോട്ടത്തില്‍നിന്ന് റബര്‍ പാല്‍ ശേഖരിക്കണം, പശുക്കളുടെയും മറ്റു വളര്‍ത്തുമൃഗങ്ങളുടെയും കാര്യം നോക്കണം, അടുക്കളയിലെ പാചക ജോലികള്‍, പറമ്പിലെ കൃഷിപ്പണികള്‍, രണ്ടു മാസം മുമ്പ് പരാലിസിസ് വന്ന് തളര്‍ന്ന് ഇപ്പോള്‍ സാധാരണ നിലയിലേക്ക് നടന്നുകയറുന്ന ഭര്‍ത്താവും ഫോട്ടോഗ്രാഫറുമായ പോളിന്‍െറ പരിചരണങ്ങള്‍... ദിനചര്യ ഇങ്ങനെ നീളുന്നു.
പൂക്കളുടെ വര്‍ണപ്പകിട്ടും ഭക്ഷ്യവിളകളുടെ വൈവിധ്യവുമാണ് മോളിയുടെ കൃഷിത്തോട്ടത്തെ വ്യത്യസ്തമാക്കുന്നത്. സീസണില്‍ പൂച്ചെടികള്‍ പുഷ്പോത്സവ സമാനമായ അന്തരീക്ഷമൊരുക്കുന്നു. സപ്പോട്ട, മാവ്, പ്ളാവ്, മുട്ടപ്പഴം, ഇരുമ്പന്‍പുളി, ആത്ത, ശീമനെല്ലിക്ക, കൈത, അമ്പഴം, ബദാം, പപ്പായ, വാഴ, പാഷന്‍ ഫ്രൂട്ട്, നാരകം തുടങ്ങി ഫലവൃക്ഷങ്ങളെല്ലാം തൊടിയില്‍ സുലഭം. കുറ്റിപ്ളാങ്ങല്‍, വയമ്പ്, ആടലോടകം, ഇരുവേലി, പനിക്കൂര്‍ക്ക, കൊടകന്‍, മുള്ളാത്ത, ലക്ഷ്മിത്തെരു, തുളസി, തഴുതാമ, കച്ചോലം തുടങ്ങി ഒൗഷധമൂല്യമുള്ളവയും കൂട്ടത്തിലുണ്ട്. 15തരം വാഴകളും 16 തരം ഇലക്കറികളും അഞ്ചുതരം പാവക്കയും വഴുതനങ്ങയും കോവലുമൊക്കെയായി ജൈവവൈവിധ്യ സംരക്ഷണവും മോളി ഏറ്റെടുത്തിരിക്കുന്നു. വ്യത്യസ്ത ഇനങ്ങള്‍ എവിടെയുണ്ടെങ്കിലും തേടി കണ്ടുപിടിക്കും. മഴവെള്ള സംഭരണിയടക്കം ജലസ്രോതസ്സുകളേറെ. അടുക്കളയിലെ ആവശ്യത്തിന് വെള്ളം പൈപ്പില്‍ നിന്ന് നേരിട്ടെടുക്കാതെ വലിയ പാത്രത്തില്‍ പിടിച്ചുവെച്ച ശേഷം ഉപയോഗിക്കുന്നു. 
 
അടുക്കളയുടെ പിന്‍ഭാഗത്തെ തെളിനീര്‍ച്ചാലില്‍ നിന്നുള്ള വെള്ളമാണ് വര്‍ഷകാലത്ത് ഉപയോഗിക്കുക. വീട്ടിലെ മറ്റാവശ്യങ്ങള്‍ക്കും ഇത് തികയുന്നതുകൊണ്ട് മോട്ടോര്‍ അടിക്കേണ്ടി വരുന്നില്ലാത്തതിനാല്‍ വൈദ്യുതിച്ചെലവിലും കാര്യമായ ലാഭമുണ്ടാകുന്നു. വീട്ടുമുറ്റത്തും തിണ്ണയിലും ടെറസ്സിന് മുകളിലുമെല്ലാം പച്ചക്കറികളും അലങ്കാരച്ചെടികളും നിരത്തിയിട്ടുണ്ട്. ചവിട്ടുവഴി മാത്രം വിട്ട് ഒരു തരി മണ്ണുപോലും വെറുതെയിടാതെയാണ് കൃഷിയിടം ക്രമീകരിച്ചിരിക്കുന്നത്. റബറിലൂടെ കാച്ചിലും കുരുമുളകും കയറ്റിയും പരീക്ഷണം നടത്തിയിട്ടുണ്ട്. താനുമായി10 മിനിറ്റ് സംസാരിച്ച് നില്‍ക്കുന്നയാളുടെ ദേഹത്തുകൂടിവരെ മോളി വള്ളിപ്പടര്‍പ്പ് കയറ്റിവിടുമെന്ന് ഭര്‍ത്താവ് പോള്‍ കളിയാക്കുന്നത് വെറുതെയല്ല.     
   
തുടക്കം മാംഗല്യം, പിന്നെ ജീവിതം ഈ മണ്ണില്‍ 
ചേര്‍പ്പുങ്കലിലെ പുതുശ്ശേരില്‍ മാണി^ഏലിക്കുട്ടി കര്‍ഷക ദമ്പതികളുടെ മകള്‍ക്ക് കൃഷി രക്തത്തില്‍ അലിഞ്ഞതാണെങ്കിലും 1987ലെ കല്യാണത്തോടെയാണ് എല്ലാറ്റിനും തുടക്കമായത്. കാല്‍നൂറ്റാണ്ടുമുമ്പ് പാലാ ഭരണങ്ങാനത്തിനടുത്ത് മേലമ്പാറയിലെ വടക്കേത്തോണിക്കുഴിയില്‍ വീട്ടിലേക്ക് പോള്‍ മാനുവലിന്‍െറ ഭാര്യയായി വരുമ്പോള്‍ ഇവിടമെല്ലാം റബര്‍ ആയിരുന്നു. ഒരു കാന്താരി പോലും ഇല്ലായിരുന്ന സ്ഥലത്ത് അടുക്കളത്തോട്ടം തുടങ്ങാന്‍ തോന്നിയത് റീപ്ളാന്‍േറഷനുവേണ്ടി റബര്‍ മുറിച്ചുകളഞ്ഞപ്പോഴാണ്. റബര്‍ വീണ്ടും നടാതിരുന്ന 40 സെന്‍റിലേക്ക് മോളി കൈക്കോട്ടുമായിറങ്ങി. ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തയാള്‍ക്ക് കൃഷിയിലുള്ള ആവേശം മാത്രമായിരുന്നു കൈമുതല്‍. പുരയിടത്തിലെ പുല്‍നാമ്പിനു പോലും പറയാനുണ്ടാകും 28 വര്‍ഷത്തെ മോളിയുടെ കഠിനാധ്വാനത്തിന്‍െറ കഥ. 
 
മലഞ്ചെരുവിലെ കൃഷിയിടത്ത് മണ്ണൊലിപ്പ് തടയാന്‍ പുല്ലുനട്ടും ഇലകളുപയോഗിച്ചും ‘ഓടുന്ന വെള്ളത്തെ നടത്തിച്ച’ നിശ്ചയദാര്‍ഢ്യത്തിന്‍െറ കഥ. പാറയുള്ളിടത്ത് ഇഷ്ടിക കെട്ടി അതില്‍ മണ്ണ് നിറച്ചും ആക്രിക്കടയില്‍ നിന്ന് കിട്ടുന്ന പഴയ ഫ്രിഡ്ജിന്‍െറ ചട്ടക്കൂടില്‍ മണ്ണ് നിറച്ചും ചേമ്പും ചേനയും വഴുതനയുമെല്ലാം മോളി വിളയിച്ചെടുത്തു. ഫ്രിഡ്ജ് ചട്ടക്കൂട്ടില്‍ വെള്ളം നിറച്ചാണ് മത്സ്യവളര്‍ത്തലും. ചേര്‍പ്പുങ്കലിലാണ് നെല്‍കൃഷിയുള്ളത്. വിളവെടുപ്പിനുശേഷം ഇവിടെ ധാന്യങ്ങള്‍ നടും. ചാണകവും ചാരവും അഴുകിയ ഇലകളും മാത്രം വളമായിടുന്ന കൃഷിരീതിയാണ് പിന്തുടരുന്നത്. മികവിനുള്ള അംഗീകാരമായി ബംഗളൂരുവിലെ സരോജിനി^ദാമോദരന്‍ ഫൗണ്ടേഷന്‍െറ അക്ഷയശ്രീ അവാര്‍ഡ്, മീനച്ചില്‍ താലൂക്കിലെ മികച്ച കര്‍ഷകക്കുള്ള അവാര്‍ഡ്, തലപ്പലം ഗ്രാമപഞ്ചായത്തിന്‍െറ അവാര്‍ഡ്, വിവേകാനന്ദ പുരുഷ സ്വയംസഹായ സംഘത്തിന്‍െറ അവാര്‍ഡ് എന്നിവ തേടിയെത്തി. 
 
ഭരണങ്ങാനത്ത് സ്റ്റുഡിയോ നടത്തിയിരുന്ന ഭര്‍ത്താവ് പോളിന്‍െറയും മക്കളായ റിയ, റീബ എന്നിവരുടെയും പ്രോത്സാഹനമാണ് വിജയവഴിയില്‍ മുന്നോട്ട് നയിക്കുന്നതെന്ന് മോളി പറയുന്നു. യൂനിവേഴ്സിറ്റികളിലും കോളജുകളിലും സ്കൂളുകളിലും പള്ളികളിലുമെല്ലാം സ്വാശ്രയ കൃഷിജീവിതത്തെ കുറിച്ച് ക്ളാസെടുക്കുന്നുണ്ട് മോളിയിപ്പോള്‍. ജൈവികതയുടെ അലങ്കാരങ്ങള്‍ സ്വര്‍ഗതുല്യമാക്കുന്ന അടുക്കള കാണാന്‍ എത്തുന്നവരും നിരവധി. 
 
കൃഷി ആവേശം മാത്രമല്ല, ആദര്‍ശവും
ശുദ്ധമായ ആഹാരം മനസ്സിനെയും ശുദ്ധമാക്കുമെന്നാണ് അനുഭവം മോളിയെ പഠിപ്പിച്ചിരിക്കുന്നത്. ‘മകളെ ഒറ്റക്ക് അച്ഛന്‍െറയടുത്ത് വിട്ടിട്ട് പോകാന്‍ പറ്റാത്ത അവസ്ഥയിലേക്കും കാമുകനൊപ്പം പോകാന്‍ അമ്മ കുഞ്ഞിന്‍െറ ജീവനെടുക്കുന്നതിലേക്കുമെല്ലാം കേരളത്തെ നയിച്ചതില്‍ വിഷം കലര്‍ന്ന ആഹാരങ്ങള്‍ക്കും പങ്കുണ്ട്. രാസവളം ഇന്നത്തേക്ക് മാത്രമാണെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. താന്‍ വിളയിക്കുന്നതും വില്‍ക്കുന്നതും വിഷമാണെന്നും നാളെ തന്‍െറ തലമുറയെവരെ അത് ഇല്ലാതാക്കുമെന്നും ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ ചിന്തിക്കണം. മണ്ണിന്‍െറ അവകാശം വരുംതലമുറക്കാണ്. ഭാവി ഉപയോഗത്തിനായി ഒരുക്കിവേണം അതവര്‍ക്ക് കൈമാറാന്‍. 
ശാപഭൂമിയായി ഒരിക്കലും അത് കൈമാറ്റംചെയ്യരുത്. ഇതെല്ലാം ആര്‍ക്കും ചെയ്യാവുന്നതേയുള്ളൂ. ഉള്ള കൃഷിയിടം ഗവേഷണശാലയാക്കാനുള്ള മനസ്സാണ് വേണ്ടത്. കൃഷി ഒരു യജ്ഞവും കൃഷിക്കാരന്‍ അന്നം ഉല്‍പാദിപ്പിക്കുന്ന യജ്ഞാചാര്യനുമാണ്. ജീവനുള്ള മണ്ണില്‍ ജീവനുള്ള കൈ കൊണ്ട് ജീവനുള്ള വസ്തുക്കള്‍ നട്ടുപിടിപ്പിക്കണം. തീക്കാലമാണ് വരുന്നത്. അതിനെ അതിജീവിക്കാന്‍ മരങ്ങള്‍ വേണം, ഫലവൃക്ഷങ്ങള്‍ വേണം. അതുണ്ടാക്കലാണ് ഏറ്റവും വലിയ സമ്പാദ്യം’^കൃഷി മോളിക്ക് ആവേശം മാത്രമല്ല, ആദര്‍ശം കൂടിയാണ്. ‘താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നു എന്ന് ദൈവം കണ്ടു’ എന്നാണ് തുടക്കത്തിലെ ബൈബ്ള്‍ വാക്യങ്ങളുടെ തുടര്‍ച്ച. തീര്‍ച്ച, മോളിയുടെ തോട്ടത്തിലൂടെ ദൈവം അത് ഇന്നും കണ്ടുകൊണ്ടേയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.