1985 ലെ മട്ടാഞ്ചേരിയിലെ ഒരു പൊള്ളുന്ന പകല്‍. അവിടെ സാഹസിക സൈക്കിള്‍ പ്രകടനം നടക്കാന്‍പോകുന്നു. ബെല്ലും ബ്രേക്കും പുറമെ ചെയിനും അഴിച്ചുമാറ്റിയ സൈക്കിളില്‍, ഹാന്‍ഡിലില്‍ ചാരിക്കിടന്ന് കൈകള്‍ കൊണ്ട് സൈക്കിള്‍ ഉരുട്ടല്‍. 12 കി.മീ. അപ്പുറം എറണാകുളം മറൈന്‍ഡ്രൈവാണ് അഭ്യാസിയുടെ ലക്ഷ്യം. തിരക്കേറിയ വഴിയിലുടനീളം സൈക്കിള്‍ അഭ്യാസം കാണുന്നതിന്‍െറ ആവേശത്തില്‍ ജനം നിലകൊണ്ടു. ലോക റെക്കോഡ് ലക്ഷ്യമിട്ടുള്ള യാത്രയില്‍ മറ്റെല്ലാം മറന്നാണ് സഞ്ചാരിയുടെ യാത്ര. സൈക്കിള്‍ നീങ്ങിക്കൊണ്ടിരിക്കെ വാത്തുരുത്തിയില്‍ എത്തിയപ്പോള്‍ ട്രെയിന്‍ പോകാന്‍ ഗേറ്റ് അടച്ചിരിക്കുന്നു. പിന്നെ കാല്‍ നിലത്തുകുത്താതെ ഏറെ നേരം സൈക്കിളില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തം.
ഒടുവില്‍ മൂന്നു മണിക്കൂര്‍ കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി. അന്ന് കൊച്ചിക്കാര്‍ക്ക് അതൊരു വാര്‍ത്ത തന്നെയായിരുന്നു. സാങ്കേതിക തടസ്സങ്ങള്‍മൂലം ലോക റെക്കോഡൊന്നും എത്തിപ്പിടിക്കാനായില്ളെങ്കിലും സൈക്കിള്‍ ^സര്‍ക്കസ്^ കലാ പ്രകടനങ്ങളില്‍ ‘കമറു ഭായി’ തിളക്കത്തോടെ നിലകൊണ്ടു. ആ സാഹസിക പ്രകടനത്തിന്‍െറ 30ാം വാര്‍ഷികമാണിപ്പോള്‍. കൊച്ചി പഴയ കൊച്ചിയല്ളെങ്കിലും കമറുഭായി പഴയ ഭായി തന്നെയാണ്. ഏതാനും വര്‍ഷംമുമ്പ് സൈക്കിള്‍ അഭ്യാസം നിര്‍ത്തിയെങ്കിലും ഇപ്പോഴും ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഏതു നമ്പര്‍ വേണമെങ്കിലും അവതരിപ്പിക്കും; 60 വയസ്സ് പിന്നിട്ടതിന്‍െറ ക്ഷീണമൊന്നുമില്ലാതെ.
നാലുകുടം വെള്ളം തൂക്കിയിട്ട് സൈക്കിളില്‍ സഞ്ചരിക്കുന്നതും സൈക്കിളില്‍ നിന്നു കൊണ്ടു തന്നെ മറ്റൊരു സൈക്കിള്‍ പല്ലുപയോഗിച്ച് പൊക്കിയെടുക്കുന്നതും കമറുദ്ദീന്‍െറ പ്രത്യേക അഭ്യാസ പ്രകടനങ്ങളാണ്. പോയ കാലത്ത് ഈ മനുഷ്യന്‍ തെരുവു സര്‍ക്കസിന്‍െറ ഭാഗമായി ചെയ്തത് എന്തെന്ത് അഭ്യാസങ്ങള്‍. ശരീരംകൊണ്ട് ഇലക്ട്രിക് ട്യൂബ് പൊട്ടിക്കല്‍, മണ്ണിനടിയില്‍ കിടക്കല്‍, നാടകാഭിനയം, നൃത്തം, ഹാസ്യപ്രദര്‍ശനം തുടങ്ങിയവയെല്ലാം കമറുദ്ദീന് വഴങ്ങിയിരുന്നു. ഉപജീവനത്തിനു വേണ്ടിയുള്ള സര്‍ക്കസ് യാത്രകള്‍ക്കിടയില്‍ ഓരോ വേഷവും എടുത്തണിയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ട്യൂബ് പൊട്ടിത്തെറിച്ചും മറ്റും പലപ്പോഴും അപകടങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ജനങ്ങള്‍ നല്‍കുന്ന പ്രോത്സാഹനവും പിന്തുണയും കളത്തില്‍ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് കമറുദ്ദീന്‍ പറയുന്നു.
മട്ടാഞ്ചേരി കപ്പലണ്ടിമുക്കില്‍ കോല്‍ക്കളി ആശാന്‍ മേപറമ്പില്‍ കെ. പരീതുപിള്ളയുടെ മകനായി ജനിച്ച കമറുദ്ദീന്‍, പഠനം മുടങ്ങിയതോടെ സൈക്കിള്‍ അഭ്യാസികളോടൊപ്പം ചേരുകയായിരുന്നു. 1967ല്‍ മാവേലിക്കര ന്യൂ കേരള സൈക്കിള്‍ സംഘത്തോടൊപ്പമായിരുന്നു തുടക്കം. നാലുവര്‍ഷം കഴിഞ്ഞ് വിവിധ സര്‍ക്കസ് സംഘങ്ങളോടൊപ്പം സൈക്കിള്‍ യജ്ഞവും അഭ്യാസവുമായി ഊരുചുറ്റി. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും സഞ്ചരിച്ചു. ഏറ്റവുമൊടുവില്‍ വിവിധ കവലകളില്‍ സ്വന്തമായി സൈക്കിള്‍ അഭ്യാസം നടത്തുകയായിരുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത സൈക്കിളില്‍ മൈക്ക്, ബോക്സ്, ബാറ്ററി എന്നിവ ഉപയോഗിച്ചുള്ള സര്‍ക്കസ്.
ആലുവക്ക് സമീപം കടൂപ്പാടം ഗ്രാമത്തില്‍ ഭാര്യയും അഞ്ചു മക്കളും അടങ്ങുന്നതാണ് കമറുദ്ദീന്‍െറ കുടുംബം. സൈക്കിള്‍ തന്നെയാണ് ഇപ്പോഴും ഉപജീവന മാര്‍ഗം ^സൈക്കിള്‍ റിപ്പയറിങ്. ഇടക്കിടെ വിവിധ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ലഭിക്കുന്ന വേഷങ്ങളും ചെയ്യുന്നു. ചെറിയ സാഹസിക പ്രകടനങ്ങളുടെ ഈ വലിയ അഭ്യാസിക്ക് പക്ഷേ, ഇതുവരെ സര്‍ക്കാറിന്‍െറ ഒരു പരിഗണനയും ലഭിച്ചിട്ടില്ല. മുതിര്‍ന്ന കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ പോലും നല്‍കാന്‍ അധികൃതര്‍ മടിക്കുന്നു. താനൊരു കലാകാരനോ കായികാഭ്യാസിയോ ആണെന്നതിന് തെളിവൊന്നും ഇല്ലല്ളോ എന്നാണ് ചോദ്യം. വിവിധ നാടകങ്ങളില്‍ സ്ത്രീവേഷം ഉള്‍പ്പെടെ വ്യത്യസ്ത കഥാപാത്രങ്ങളും അവതരിപ്പിച്ചു.
സൈക്കിള്‍ സഞ്ചാരി സന്തതസഹചാരിയാണ് പ്രകാശന് സൈക്കിള്‍. യാത്രകളില്‍ ജീവിക്കുന്ന ഈ സൈക്കിള്‍ അഭ്യാസി, ഇതുവരെ ഇന്ത്യയിലെ 18 സംസ്ഥാനങ്ങളില്‍ ബെല്ലും ബ്രേക്കുമില്ലാത്ത സൈക്കിളില്‍ കറങ്ങിത്തീര്‍ത്തു. വേളാങ്കണ്ണി യാത്രയാണ് പ്രിയം; 26 പ്രാവശ്യം വേളാങ്കണ്ണിക്കു പോയി. ഏഴു ദിവസം കൊണ്ട് വേളാങ്കണ്ണിയിലത്തെും. 1985ല്‍ ജമ്മു ^കശ്മീരില്‍ പോയതാണ് ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര. തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ നിന്ന് ചെറുപ്പത്തിലേ തന്നെ കേരളത്തില്‍ ജോലി തേടിയത്തെിയ പ്രകാശന്‍, ഉപജീവനത്തിനായി പല തൊഴിലുകള്‍ ചെയ്തശേഷം സര്‍ക്കസില്‍ എത്തിപ്പെടുകയായിരുന്നു. വിവിധ സംഘങ്ങളോടൊപ്പം സൈക്കിള്‍ യജ്ഞവും സൈക്കിള്‍ അഭ്യാസവും നടത്തി.
സൈക്കിള്‍ അഭ്യാസം അന്യം നിന്നതോടെ ജീവിക്കാന്‍ പല ജോലികള്‍ ചെയ്തു. മുങ്ങിമരിക്കുന്നവരുടെയും അപകടങ്ങളില്‍ ചിതറിത്തെറിക്കുന്നവരുടെയും മൃതദേഹങ്ങളെടുത്ത് മോര്‍ച്ചറിയിലെ ത്തിക്കാന്‍ പൊലീസുകാര്‍ പ്രകാശന്‍െറ സഹായം തേടുന്നു. സെക്യൂരിറ്റി ഗാര്‍ഡായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ടാങ്കര്‍ ലോറി ക്ളീനര്‍. ഇതിനിടയിലാണ് സൈക്കിളിലെ ദീര്‍ഘയാത്രകള്‍. ആരോടും പറയാതെയാണ് യാത്ര പോകുക. തിരിച്ചത്തെുമ്പോഴാകും വീട്ടുകാരോട് പറയുക. ചാലക്കുടി കൊരട്ടിയില്‍ ഭാര്യക്കും മൂന്നുമക്കള്‍ക്കുമൊപ്പമാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.