ഉണ്ണികളെ ഒരു കഥ പറയാം...

പച്ചപ്പും കരിമ്പനപ്പട്ടകളില്‍ ചൂളം വിളിക്കുന്ന കാറ്റും മാമ്പൂമണവുമുള്ള ഒരു പാലക്കാടന്‍ അതിര്‍ത്തിഗ്രാമം. കര്‍ഷകരും കൂലിപ്പണിക്കാരും കച്ചവടക്കാരുമായ സാധാരണക്കാരുടെ ഭൂമിക. അവരുടെ കുഞ്ഞുങ്ങള്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ പോകുന്നു,  പലരും പാതിവഴിയില്‍ പഠനംനിര്‍ത്തി രക്ഷിതാക്കളുടെ കൂടെ പണിക്കിറങ്ങുന്നു. മുതലടമട പഞ്ചായത്തിലെ നണ്ടന്‍കീഴായ എന്ന ഗ്രാമത്തിന്‍െറ ചിത്രമാണിത്. ഇനി നമ്മള്‍ കണ്ടുപരിചയിച്ച ‘മാഷും കുട്ടിയും’ കഥയുടെ ട്വിസ്റ്റിലേക്ക്.

വിദ്യാധനം
വിദ്യ ആഗ്രഹിക്കുന്ന കുരുന്നുകള്‍ക്ക് തന്‍െറ ശാരീരിക അവശതകള്‍ മറന്ന് കൈനീട്ടി നല്‍കിയ റഫീഖ് എന്ന ചെറുപ്പക്കാരനും അദ്ദേഹത്തെ ആത്മാവിനോട് ചേര്‍ത്ത് സ്നേഹിക്കുന്ന കുട്ടികളുമാണ് കഥയില്‍. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന രോഗത്താല്‍ ക്ളേശമനുഭവിക്കുമ്പോഴും  നിശ്ചയദാര്‍ഢ്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ അഹോരാത്രം പ്രയത്നിക്കുകയാണ് റഫീഖ്.


അഞ്ചാം ക്ളാസ് മുതല്‍ പ്ളസ് ടു വരെയുള്ള കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കിയാണ് റഫീഖ് മാതൃക കാണിക്കുന്നത്. വലിയ ബിരുദങ്ങളൊന്നും ഇദ്ദേഹം നേടിയിട്ടില്ല. 10ാം ക്ളാസിനുശേഷം ഷൊര്‍ണൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്കില്‍ കമ്പ്യൂട്ടര്‍ ഡിപ്ളോമക്ക് പഠിക്കുമ്പോഴാണ് അസുഖം വില്ലനായത്തെി ആ കൗമാരക്കാരന്‍െറ കാമ്പസ് വര്‍ണങ്ങള്‍ മായ്ച്ചത്. പിന്നെ ഫിനോയില്‍ മണമുള്ള ആശുപത്രിമുറികളില്‍ ശുഭമല്ലാത്ത പലതും സ്വപ്നം കണ്ടുറങ്ങിയ ദിവസങ്ങള്‍. ഉമ്മ ഫാജുന്നീസയുടെ പ്രാര്‍ഥനയും ശുശ്രൂഷയും അദ്ദേഹത്തെ പ്രതീക്ഷയുടെ വെട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ഡിപ്ളോമക്ക് പാലക്കാട് സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ രോഗം അനുവദിച്ചില്ല. മകനെ പിടികൂടിയ അസുഖം ആ കുടുംബത്തെ മാനസികമായും സാമ്പത്തികമായും തളര്‍ത്തി.

ബാപ്പ കമാലും മൂന്നു സഹോദരങ്ങളും റഫീഖിന് ആത്മവിശ്വാസം പകര്‍ന്ന് കൂടെനിന്നു. ശസ്ത്രക്രിയക്കു ശേഷം വീട്ടുവരാന്തയിലെ കട്ടിലില്‍ ഏകാകിയായി കിടക്കുമ്പോഴാണ് പഠിപ്പ് നിര്‍ത്തി പണിക്കുപോയിത്തുടങ്ങിയ അയല്‍പക്കത്തെ കുട്ടികളെക്കുറിച്ചറിയുന്നത്. പഠിത്തത്തില്‍ മോശമായതു കൊണ്ടാണ് പലരെയും വീട്ടുകാര്‍ തുടര്‍ന്നു പഠിപ്പിക്കാതിരുന്നത്. തനിക്കറിയാവുന്നത് അവര്‍ക്കും പകര്‍ന്നുകൊടുക്കാന്‍ റഫീഖ് അതോടെ തീരുമാനിച്ചു. പരിചയക്കാരായ കുട്ടികളെ വിളിച്ചുവരുത്തി. കട്ടിലില്‍ കിടന്ന് കൈപൊക്കിയാല്‍ എത്തുന്നിടത്ത് ഒരു ബ്ളാക് ബോര്‍ഡ് വെച്ചു. അതിലൂടെ റഫീഖ് തന്‍െറ വിദ്യാലയം ആരംഭിച്ചു.

അക്ഷരം കൊണ്ടൊരു സമരം
കുട്ടികള്‍ റഫീഖ് അണ്ണനെ തേടിവന്നു. കട്ടിലില്‍നിന്ന് പ്രത്യേകം തയാറാക്കിയ കസേരയിലേക്ക് മാറിയതോടെ ബ്ളാക് ബോര്‍ഡ് വരാന്തയിലായി. കുട്ടികള്‍ക്ക് റഫീഖ് പ്രചോദനവും പ്രേരണയുമായപ്പോള്‍ അവര്‍ അദ്ദേഹത്തിന് പ്രതീക്ഷയായി.  അവരുടെ ഇടയിലുള്ള ജീവിതസ്വപ്നങ്ങളെ വീണ്ടും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. റഫീഖ് അണ്ണന്‍െറ വീട്ടിലേക്ക് പാഠപുസ്തകങ്ങളുമായി ഓടിയത്തെുന്നവരെയെല്ലാം വീട്ടില്‍ വെച്ചുതന്നെ പഠിപ്പിക്കുകയെന്നത് അസാധ്യമായി. വിസ്താരമുള്ള ഒരു മുറിയോ താല്‍ക്കാലിക ഷെഡ് കെട്ടാവുന്ന ഒരു പറമ്പോ അടുത്ത പരിസരങ്ങളില്‍ തേടുന്നതിനിടെ റഫീഖിന്‍െറ നന്മക്ക് കൈത്താങ്ങായി ഗ്രാമത്തിലെ സി.എച്ച്. എം.കെ.എസ്.എം യു.പി സ്കൂള്‍ മാനേജ്മെന്‍റ് മുന്നോട്ടുവന്നു. പ്രവര്‍ത്തി സമയത്തിന് മുമ്പും ശേഷവും ക്ളാസ് മുറികള്‍ റഫീഖിനും കുട്ടികള്‍ക്കുമായി അനുവദിച്ചുകൊടുത്തു. ഊന്നുവടികളുടെ താങ്ങോടെ രാവിലെയും വൈകീട്ടും സ്കൂളിലത്തെുന്ന മാഷിനെയും അയാളുടെ സ്നേഹ സ്വാധീനത്തിലത്തെുന്ന കുട്ടികളെയും ആ ഗ്രാമം ആവേശത്തോടെ സ്വാഗതം ചെയ്തു.

കുട്ടികളെ ക്ളാസ് തിരിച്ച് പഠിപ്പിക്കാന്‍ റഫീഖിന്‍െറ പൂര്‍വവിദ്യാര്‍ഥികള്‍ എത്തി. റഫീഖ് അണ്ണനും മക്കളുമടങ്ങുന്ന ആ കൂട്ടായ്മക്ക് അവര്‍തന്നെ ബെസ്റ്റ് കോച്ചിങ് സെന്‍റര്‍ അഥവാ ബി.സി.സി എന്നുപേരിട്ടു. സാമ്പത്തികം മോശമല്ലാത്ത വീട്ടിലെ കുട്ടികള്‍ ട്യൂഷന്‍ ഫീസ് മുടങ്ങാതെ നല്‍കി. ചെറിയ തുകക്കും ബി.ബി.സിയിലത്തെി ട്യൂഷനെടുക്കാന്‍ പരിസരപ്രദേശത്തുള്ള യുവാക്കള്‍ തയാറായി. റഫീഖിന്‍െറ സ്വപ്നം 200 ഓളം കുട്ടികളും നിരവധി അധ്യാപകരുമായി വളര്‍ന്നു.

വിധി വീണ്ടും അസുഖമായി തേടിയത്തെിയപ്പോഴും സുമനസ്സുകള്‍ ഒന്നിച്ചു. ശസ്ത്രക്രിയക്കുള്ള പണമായും സാന്ത്വനമായും അവര്‍ അദ്ദേഹത്തോട് ചേര്‍ന്നുനിന്നു. മാഷ് ആശുപത്രിയില്‍ കഴിയുന്ന ദിനങ്ങളില്‍ പൂര്‍വവിദ്യാര്‍ഥികള്‍ ട്യൂഷനെടുത്തു. ബി.സി.സിക്കുവേണ്ടി സ്വന്തമായൊരു കെട്ടിടമെന്നതായിരുന്നു അദ്ദേഹത്തിന്‍െറ എറ്റവുംവലിയ സ്വപ്നം. നാട്ടുകാര്‍ ചേര്‍ത്തുനല്‍കിയ ചെറിയ തുകകൊണ്ടുതന്നെ നണ്ടന്‍കീഴായയില്‍ അഞ്ചു സെന്‍റ് സ്ഥലം ലഭിച്ചു. അവിടെ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ ഷെഡിലാണ് റഫീഖ് മാഷ് അധ്യയനം തുടരുന്നത്.

പരിശീലനം വ്യാപിക്കുന്നു
ഭൂരിഭാഗം രക്ഷിതാക്കളും വിദ്യാഭ്യാസത്തിന്‍െറ കാര്യത്തില്‍ പിറകിലായതിനാല്‍ മക്കള്‍ക്ക് കൃത്യമായൊരു മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിയുന്നില്ല. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനായി റഫീഖ് അവര്‍ക്ക് പലതരത്തിലുള്ള പരിശീലനങ്ങളും നല്‍കി. വൈകുന്നേരങ്ങളിലെ ക്ളാസ് കഴിഞ്ഞാല്‍ അദ്ദേഹം റൗണ്ട്സിന് ഇറങ്ങി, 10ാം ക്ളാസുകാരുടെ വീടുകളിലേക്ക്. അവരെ ഗൃഹപാഠം ചെയ്യാന്‍ സഹായിച്ചും സംശയമുള്ള പാഠഭാഗങ്ങള്‍ വീണ്ടും പഠിപ്പിച്ചും ആത്മവിശ്വാസം വളര്‍ത്തി. 10ാം ക്ളാസും പ്ളസ് ടുവും കഴിഞ്ഞവര്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ളാസുകളും  സംഘടിപ്പിച്ചു.

വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനവും നല്‍കിക്കൊണ്ടിരുന്നു. ഇതിനായുള്ള പുസ്തകങ്ങള്‍ അദ്ദേഹം പരിചയക്കാരില്‍നിന്നും മറ്റും സംഘടിപ്പിച്ചു. പഠിത്തം നിര്‍ത്തിയവര്‍ക്കായി രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നു വരെ പി.എസ്.സി കോച്ചിങും ബി.സി.സിയില്‍ നടത്തിവരുന്നുണ്ട്. വിവിധ വിഭാഗങ്ങളിലായി ഒമ്പതോളം പേര്‍ പി.എസ്.സി ഷോട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ വിദ്യാര്‍ഥികള്‍ക്കായി സംഗീത പഠനക്ളാസും നടത്തിവരുന്നു. ബി.സി.സിയില്‍ പ്ളസ് ടു കാര്‍ക്ക് എന്‍ജിനീയറിങ് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനവും നല്‍കണമെന്ന സ്വപ്നവും റഫീഖിനുണ്ട്.

ഗ്രാമത്തിലെ കുട്ടികളെ മറ്റുള്ളവരുമായി കിടപിടിക്കുന്നവരാക്കി മാറ്റാന്‍ റഫീഖ് ശ്രമിച്ചുകൊണ്ടിരുന്നു. കുട്ടികളില്‍ വായനശീലം ഇല്ലാത്തത് അവരെ അക്കാദമികമായും മറ്റു മേഖലകളിലും പിറകോട്ടു വലിക്കുന്നത് അദ്ദേഹം നിരീക്ഷിച്ചു. സ്വന്തം ഗ്രാമത്തിലെ പുതു തലമുറക്കായി ബി.സി.സിയോട് ചേര്‍ന്ന് ചെറിയൊരു വായനശാലയെന്നതും റഫീഖ് കിനാവുകണ്ടു. കുട്ടികളില്‍നിന്ന് കിട്ടുന്ന ചെറിയൊരു ട്യൂഷന്‍ ഫീസില്‍ മറ്റ് അധ്യാപകരെ തൃപ്തിപ്പെടുത്തണം, ബി.സി.സിയുടെ കുട്ടികള്‍ മികവുകാട്ടുമ്പോള്‍ അവര്‍ പ്രോത്സാഹന സമ്മാനം വാങ്ങണം. അങ്ങനെ ചെലവുകള്‍ പലത്.  വായനശാലക്ക് ഒരു ചെറിയ മുറി കെട്ടണം, പുസ്തകങ്ങള്‍ ഒരുക്കാന്‍ അലമാരകള്‍. പിന്നെ പുസ്തകങ്ങളും. എങ്ങനെയും കുട്ടികളുടെ വായനശാലയെന്ന മോഹത്തിന് ചിറകുമുളപ്പിക്കണം.

ഇപ്പോള്‍ അദ്ദേഹം നമുക്കു നേരെ കൈനീട്ടുന്നത് ഒരു പുസ്തകത്തിനുവേണ്ടിയാണ്. ‘നിങ്ങള്‍ ഒരു പുസ്തകം തരൂ, മക്കളെ കൂടുതല്‍ മിടുക്കരാക്കാം’, ഇത് ഈ ചെറുപ്പക്കാരന്‍െറ നിശ്ചയദാര്‍ഢ്യത്തിന്‍െറ സ്വരമാണ്. മുതലമടയിലെ എന്‍ഡോസള്‍ഫാന്‍ തളിച്ച മാമ്പഴത്തോട്ടങ്ങളിലേക്കും കരിപുരണ്ട വര്‍ക്ഷോപ്പിലേക്കും ചെരിപ്പു ഫാക്ടറികളിലേക്കും നണ്ടന്‍ കീഴായയിലെ കുട്ടികള്‍ പോകാതിരിക്കാനാണ് ഈ മാഷ് ഇങ്ങനെയൊക്കെ കഷ്ടപ്പെടുന്നത്.

(ബി.സി.സിയിലെ വായനശാലക്കായി നിങ്ങള്‍ ഒരു പുസ്തകമെങ്കിലും സംഭാവന ചെയ്യൂ. റഫീഖ് എന്‍. കെ, S/o പി.എ കമാല്‍, നണ്ടന്‍കീഴായ,ആനമറി (പി.ഒ), പാലക്കാട് എന്ന വിലാസത്തില്‍ പുസ്തകമയക്കൂ.)
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.