ജയന്‍െറ ക്യാമറ കാഴ്ചകള്‍

കാമറയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പുതുവഴികള്‍ തേടുമ്പോള്‍ വെറുതെ ചിത്രങ്ങളെടുത്ത് സമയം കളയുകയായിരുന്നില്ല വയനാട് നെന്മേനിക്കുന്ന് സ്വദേശി എന്‍.പി. ജയന്‍. തന്‍െറ കാമറയില്‍ പതിഞ്ഞ നിലപാടുള്ള, കാമ്പുള്ള, ദൃശ്യബോധമുള്ള കാഴ്ചകള്‍ മറ്റുള്ളവരിലേക്ക് ആശയമായും ആഹ്വാനമായും എത്തിക്കുകയായിരുന്നു ഈ ഫോട്ടോഗ്രാഫര്‍. കാഴ്ചക്കാരന്‍െറ അലസ നേരങ്ങളെ തീപിടിപ്പിക്കുന്ന എന്തോ ചിലത് ആ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു. പാരിസ്ഥിതികവും ജൈവപരവും രാഷ്ട്രീയവുമായ ഒരുപാടൊരുപാട് കാര്യങ്ങള്‍ ജയന്‍െറ ചിത്രങ്ങള്‍ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടി.

നെന്മേനിക്കുന്നിലെ ട്രൈബല്‍ സ്കൂളിലേക്കും നൂല്‍പുഴ സര്‍ക്കാര്‍ സ്കൂളിലേക്കുമുള്ള യാത്രക്കിടെ നന്നേ ചെറുപ്പത്തിലേ കാഴ്ചകള്‍ ജയനെ ഭ്രമിപ്പിച്ചു തുടങ്ങിയിരുന്നു. വയനാടിന്‍െറ മലമടക്കുകളെ മഞ്ഞ് പുതപ്പിക്കുന്നതും കാടിന്‍െറ നിശ്ശബ്ദതയും അതിനകത്തെ ശബ്ദമാനമായ ജീവിതങ്ങളും ജീവിവര്‍ഗങ്ങളും പൂവും കിളികളും എല്ലാം ജയന്‍ കണ്ടത് അകക്കണ്ണിന്‍െറ ഫ്രെയിമിലായിരുന്നു. ഫോട്ടോഗ്രഫിയാണ് തന്‍െറ മേഖലയെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണ്.


20ാമത്തെ വയസ്സില്‍ ഫോട്ടോഗ്രാഫറായി ഒൗദ്യോഗിക ജീവിതം തുടങ്ങുമ്പോള്‍ ശരവര്‍ഷങ്ങളായിരുന്നു ചുറ്റുനിന്നും. അപ്പോഴൊക്കെയും എല്ലാ സന്ദേഹങ്ങളോടും പൊരുതി മനസ്സിനെ പാകപ്പെടുത്തി, ജയന്‍ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു. മാധ്യമം, ഇന്ത്യന്‍ എക്സ്പ്രസ് പത്രങ്ങളില്‍ സ്റ്റാഫ് ന്യൂസ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചത് അര്‍ഹതക്കുള്ള അംഗീകാരമായി. ദ ഹിന്ദു, ഡെക്കാന്‍ ഹെറാള്‍ഡ്, ഡൗണ്‍ ടു ഏര്‍ത്, മാതൃഭൂമി തുടങ്ങിയ പത്രമാഗസിനുകള്‍ക്കും വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തി. പിന്നെ വിമര്‍ശിച്ചവരൊക്കെ ജയനെ തേടിവന്നു.

കേരളത്തിലെ മലബാര്‍ മേഖലയിലെ പല സുപ്രധാന സംഭവങ്ങളും ലോകം കണ്ടത് ജയന്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെയാണ്. മാറാട് ^നാദാപുരം കലാപങ്ങള്‍, മുത്തങ്ങ വെടിവെപ്പ് തുടങ്ങിയവ ഇതില്‍ ചിലത്. പല പാരിസ്ഥിതിക വിഷയങ്ങളും ജയന്‍ സമൂഹത്തിലേക്ക് പകര്‍ത്തി. ഉള്ളിലെ പാരിസ്ഥിതിക രാഷ്ട്രീയ ബോധവും ആക്ടിവിസത്തിന്‍െറ വിത്തുകളും മുളപൊട്ടിയതും ഈ കാലത്താണ്. പിന്നീട് വാര്‍ത്താ ഫോട്ടോഗ്രാഫര്‍മാരുടെ സഹജമായ പരിമിതികള്‍ മനസ്സിലാക്കിയ ജയന്‍ ഫ്രീലാന്‍സര്‍ റോളിലേക്ക് മാറി.

പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി നിലയുറപ്പിക്കാന്‍ പ്രേരകമായത്. കലര്‍പ്പില്ലാത്ത പ്രകൃതിയുടെ ഏറ്റവും സുന്ദരമായ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. രണ്ടു ദശകത്തിലധികമായി ജയന്‍െറ ചിത്രങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന്‍െറ പ്രാധാന്യത്തിന് അടിവരയിടുന്നു. അരികുവത്കരിക്കപ്പെട്ടവരുടെ, അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായി വാചാലമാകുന്നു.

തത്ത്വമസി
പെരിയാറിന്‍െറ കാനനഭംഗിയും പമ്പാ നദിയിലെ പാരിസ്ഥിതിക മലിനീകരണവും ബോധ്യപ്പെടുത്തുന്നതാണ് ജയന്‍െറ തത്ത്വമസി എന്ന ഫോട്ടോ ശേഖരം. മേഖലയില്‍ നടത്തിയ രണ്ടു വര്‍ഷത്തെ പരീക്ഷണങ്ങളുടെ ബാക്കിപത്രങ്ങളാണിവ. പെരിയാര്‍ കടുവാ സങ്കേതത്തിന്‍െറ മുക്കും മൂലയും അരിച്ചുപെറുക്കി പകര്‍ത്തിയ മനോഹാരിത പൂത്തുനില്‍ക്കുന്ന പുല്‍മേടുകളും വിചിത്ര മരങ്ങളും... പെരിയാറിന്‍െറ കണ്ടുപതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണിത്. ചിത്രങ്ങളിലൂടെ പുതിയൊരു പെരിയാര്‍ പ്രേക്ഷക കാഴ്ചയിലേക്ക് ഇറങ്ങിവരും.  

പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രാധാന്യമേറിയതെന്ന് വിശേഷിപ്പിക്കപ്പെടുന്ന പെരിയാര്‍ കടുവാ സങ്കേതത്തിലാണ് തീര്‍ഥാടന കേന്ദ്രമായ ശബരിമലയും പമ്പയും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും തീര്‍ഥാടകരുടെ ബാഹുല്യവും പമ്പയെ മാലിന്യക്കൂമ്പാരമാക്കുകയാണ്. തീര്‍ഥാടകര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളും കുപ്പികളും മണ്ഡലകാലത്ത് പമ്പയില്‍ കുന്നുകൂടും. തീര്‍ഥാടന പാതയിലൂടെ നടന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ പനിനീരൊഴുകിയ പമ്പ മണ്ഡലകാലത്ത് ഒഴുക്ക് നിലച്ച് മാലിന്യവാഹിനിയായി മാറുന്നതിന്‍െറ നേര്‍സാക്ഷ്യങ്ങളാണ്. ശബരിമല ക്ഷേത്ര പരിസരത്ത് നടക്കുന്ന ബുദ്ധിഹീനമായ വികസനപ്രവര്‍ത്തനങ്ങളും ഇവ പെരിയാര്‍ കടുവാ സങ്കേതത്തിന് ഭീഷണിയാകുന്നതും ചിത്രങ്ങളിലൂടെ ജയന്‍ വിവരിക്കുന്നു.

വനവാസ്
ജൈവവൈവിധ്യത്തിന്‍െറ കലവറയായ സൈലന്‍റ് വാലിയില്‍ 365 ദിനങ്ങള്‍. 2006 ഡിസംബര്‍ ആറു മുതല്‍ 2007 ഡിസംബര്‍ ഏഴു വരെ, കൂട്ടിന് ഫോറസ്റ്റ് ഗാര്‍ഡ് മാരി, ദിവസവും 10^30 കി.മീറ്ററുകര്‍ സഞ്ചാരം. ഈ നിശ്ശബ്ദ താഴ്വരയില്‍നിന്ന് എന്‍.പി. ജയന്‍െറ കാമറയില്‍ പതിഞ്ഞത് വിവിധ തരത്തിലുള്ള വന്യജീവികളും പക്ഷികളും തവളകളും ചിത്രശലഭങ്ങളും. നടന്നുനീങ്ങിയ വഴികളിലെ അദ്ഭുതക്കാഴ്ചകള്‍ പകര്‍ത്തുമ്പോള്‍ കൂട്ടുണ്ടായിരുന്നത് കാമറയും ഒരു വയര്‍ലസ് സെറ്റും മാത്രം. സൈലന്‍റ് വാലിയെ രക്ഷിക്കാനുള്ള കാമ്പയിന് ശക്തിപകരുന്നതായിരുന്നു ഈ ഫോട്ടോ ആക്ടിവിസ്റ്റിന്‍െറ ആയിരത്തിലധികം വരുന്ന വനവാസ് ഫോട്ടോകളുടെ ശേഖരം.

250 കോടിയുടെ പാത്രക്കടവ് ഹൈഡ്രോഇലക്ട്രിക് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് വനവാസ് ദൗത്യവുമായി ജയന്‍ സൈലന്‍റ് വാലിയിലത്തെുന്നത്. അന്നത്തെ സൈലന്‍റ് വാലി റെയ്ഞ്ച് ഓഫിസര്‍ എം. വിമലിന്‍െറയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ പിന്തുണയാണ് പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സഹായിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ പി.കെ. ഉത്തമന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍ ജയന് കരുത്തായിരുന്നു. ഓരോ മാസവും ജയനെ സന്ദര്‍ശിച്ച് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു ഉത്തമന്‍.

പീപ്പ്ള്‍ ട്രീ
ഫോട്ടോഗ്രഫി സാങ്കേതികതക്കനുസരിച്ച് ഭംഗിയുള്ള ഫ്രെയിമുകളില്‍, നിഴലും വെളിച്ചവും ആവശ്യാനുസരണം നിറച്ച കലാസൃഷ്ടികള്‍ മാത്രമയിരുന്നില്ല കാമറയില്‍ പതിഞ്ഞത്. പച്ചയായ ജീവിതത്തിന്‍െറ നേര്‍ക്കാഴ്ചകളും അതിലുണ്ടായിരുന്നു. കര്‍ണാടക ഹെല്‍ത്ത് പ്രമോഷന്‍ ട്രസ്റ്റിന്‍െറ സഹകരണത്തോടെ സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളായ ലൈംഗിക തൊഴിലാളികള്‍, മൂന്നാംലിംഗക്കാര്‍, അനാഥര്‍ എന്നിവരുടെ ദുരിത ജീവിതത്തിന്‍െറ നേര്‍ക്കാഴ്ചകളായിരുന്നു പീപ്ള്‍ ട്രീ ഫോട്ടോ ശേഖരണം. കാനഡ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഈ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. മാറാട്, നാദാപുരം കലാപങ്ങളില്‍ ഇരകളാക്കപ്പെട്ടവരുടെയും മുത്തങ്ങ വെടിവെപ്പ്  ഇരകളുടെയും ദുരിതം പങ്കുവെക്കുന്ന ‘വിക്ടിംസ് ഓഫ് റയട്ട്സ്’ ഫോട്ടോപ്രദര്‍ശനവും ശ്രദ്ധേയമാണ്.

ഗ്രാമം വിട്ട് നഗരത്തിലേക്ക്
തൊഴില്‍ സാധ്യതയും സഞ്ചാര സൗകര്യവും വര്‍ഷങ്ങള്‍ക്കു മുമ്പ് ജയനെ ബംഗളൂരുവിലത്തെിച്ചു. പുട്ടസ്വാമി ലേഒൗട്ടില്‍ കുടുംബത്തോടൊപ്പമാണ് ജീവിതം. നഗരത്തിന്‍െറ മാറുന്ന ഋതുഭേതങ്ങളും ജീവിതങ്ങളും ജയന്‍ കണ്ടുകൊണ്ടിരിക്കുന്നു. ചിത്രങ്ങളായി പകര്‍ത്തി തലമുറകള്‍ക്കായി കാത്തുവെക്കുന്നു. കാടും കുന്നും പുഴകളും തേടിയുള്ള യാത്രകള്‍ പ്രഫഷനെ തളിര്‍പ്പിക്കുന്നു. ഇതിനിടയിലും ഇന്ത്യന്‍ സമകാലിക നൃത്തരംഗത്തെ ശ്രദ്ധേയസാന്നിധ്യമായ ആട്ടക്കളരി കലാകേന്ദ്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗളൂരുവില്‍ ‘എന്‍.പി. ജയന്‍ സ്കൂള്‍ ഓഫ് ജേണലിസം’ എന്ന പേരില്‍ സ്ഥാപനം തുടങ്ങാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഈ കലാകാരന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.