ആഭരണങ്ങള്‍ എന്തിലായാലും തലമുറകള്‍ക്ക് അലങ്കാരം പകര്‍ന്ന് കൂടെ സഞ്ചരിക്കുന്നു. കാലവും ദേശവും മാറുമ്പോള്‍ അവക്ക് ചില രൂപവും ഭാവവും മാറുന്നുവെന്ന് മാത്രം. സ്വര്‍ണവും വെള്ളിയും മറ്റു ലോഹക്കൂട്ടുകളും ദേഹത്തണിഞ്ഞ് മനുഷ്യനെന്നും വ്യത്യസ്തനായി. അടയാളവും അലങ്കാരവുമായി ആഭരണങ്ങള്‍ എന്നും കൂടെ കൂട്ടി. അലങ്കാരങ്ങള്‍ സൗന്ദര്യത്തിന്‍െറയും പദവിയുടെയും മാറ്റ് വര്‍ധിപ്പിക്കുമെന്ന തത്ത്വം സമൂഹത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു. ലോഹങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ തത്ത്വത്തിന്‍െറ പൊരുളെന്ന തിരിച്ചറിവാണ് ആശ, രാജശ്രീ എന്നീ സഹോദരങ്ങളെ കളിമണ്ണിന്‍െറ കൗതുകങ്ങളിലേക്ക് നയിച്ചത്. ഒഴിവുവേളകളില്‍ കളിമണ്ണില്‍ തുടങ്ങിയ കൗതുകം മാലയും കമ്മലും മറ്റുമായി രൂപാന്തരപ്പെട്ടു.
പരിചിത രൂപങ്ങളില്‍നിന്ന് അവ വേറിട്ടുനിന്നു. പെണ്ണഴകില്‍ കടും നിറങ്ങള്‍ ചാര്‍ത്തി ചന്തം ചൊരിഞ്ഞു. കഴുത്തിലും കാതിലും ഇവ അണിഞ്ഞ് പ്രത്യക്ഷപ്പെട്ടവരെ കണ്ടവരൊക്കെ ആശ്ചര്യപ്പെട്ടു. ആശയോടും രാജശ്രീയോടും അവര്‍ നല്ലതുപറഞ്ഞു. പലരും ചിലതെല്ലാം വാങ്ങിക്കൊണ്ടുപോയി. കൊണ്ടുപോയവ തിരികെ കിട്ടാതായതോടെ ഇരുവരും വീണ്ടും നിര്‍മാണങ്ങളില്‍ ഏര്‍പ്പെട്ടു. ഇടക്കെപ്പോഴോ പിന്നെ ഇതൊരു ആവേശമായി ഇരുവരിലും നിറഞ്ഞു. രാമ മൂര്‍ത്തി നഗറിലെ വീട്ടില്‍ പല വര്‍ണങ്ങളില്‍, രൂപങ്ങളില്‍ കളിമണ്‍ നിര്‍മാണ വസ്തുക്കള്‍ നിറഞ്ഞു. തങ്ങളുടെ നിര്‍മാണങ്ങള്‍ വിപണന സാധ്യതയുള്ള ഉല്‍പന്നമായി പരിവര്‍ത്തനപ്പെടുത്താം എന്ന തിരിച്ചറിവ് സഹോദരികളെ പുതിയ സാധ്യതകളിലേക്ക് നയിച്ചു.
അച്ഛന്‍െറ മക്കള്‍ ബംഗളൂരുവില്‍ ഹാന്‍ഡിക്രാഫ്റ്റ് ഡിസൈനറായി ജോലിചെയ്തിരുന്ന ദേവരാജില്‍ നിന്നാണ് മക്കളായ ആശക്കും രാജശ്രീക്കും കലയുടെ ജീനുകള്‍ പകര്‍ന്നുകിട്ടിയത്. ചെറുപ്പത്തിലേ വരയിലും കരകൗശല നിര്‍മാണത്തിലും മിടുക്കുകാട്ടിയ സഹോദരിമാര്‍ക്ക് അച്ഛന്‍ തന്നെയാണ് ആദ്യ ഗുരുവും. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവില്‍ താമസമാക്കിയ ദേവരാജിന്‍െറ മക്കള്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം നഗരത്തില്‍. പഠനവും വിവാഹവും മറ്റു ജീവിതത്തിരക്കുകളും എല്ലാ വീട്ടമ്മമാരെയും പോലെ ഇരുവരുടെയും ജീവിതത്തിലും ചില താളങ്ങളും താളക്കേടുകളും തീര്‍ത്തു. ഉള്ളിലെ കലയെ ഉറക്കിക്കിടത്തി വര്‍ഷങ്ങളോളം ഇരുവരും കടന്നുപോയി.
മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷനും സ്വകാര്യ കമ്പനിയിലെ സെക്രട്ടറി ജോലിയുമായി സഹോദരികള്‍ തിരക്കിലുമായി. ഇതിനിടെ ഡിസൈനറും ശില്‍പികളുടെ ഗ്രാമം എന്നറിയപ്പെടുന്ന കണ്ണൂര്‍ കുഞ്ഞിമംഗലം പ്രദേശവാസിയുമായ ചന്ദ്രന്‍ രാജശ്രീക്ക് ജീവിത പങ്കാളിയായത്തെി. ചന്ദ്രന്‍െറ പ്രോത്സാഹനവും പിന്തുണയും ഉള്ളിലെ കലാബോധവും രാജശ്രീയെ ഉണര്‍ത്തി, അത് ആശയിലേക്കും പടര്‍ന്നു. ജോലി കഴിഞ്ഞത്തെുന്ന വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലും ഇരുവരും ഉള്ളിലെ കലാബോധത്തെ വിരല്‍ തുമ്പിലേക്ക് ആവാഹിച്ചു. കൈയില്‍ കിട്ടിയതിനൊക്കെ അപ്പോള്‍ ഓരോ രൂപവും ഭാവവും വന്നു. ചെലവുകുറഞ്ഞതും മനോഹരവും വ്യത്യസ്തതയുമുള്ള ഉല്‍പന്നം എന്ന ചിന്ത ഇരുവരെയും കളിമണ്ണിലത്തെിച്ചു.
സ്ത്രീകള്‍ക്കുള്ള മാലകളിലും കമ്മലിലുമായിരുന്നു ശ്രദ്ധ. പക്ഷേ കളിമണ്ണില്‍ ഇവ രൂപപ്പെടുത്തണമെങ്കില്‍ അതീവ സൂക്ഷ്മത വേണം. വ്യത്യസ്തത പുലര്‍ത്താനായില്ളെങ്കില്‍ പ്രയത്നങ്ങളെല്ലാം വെറുതെയാകും. പ്രതികൂല കാര്യങ്ങളും സാഹചര്യങ്ങളും ഏറെ ഉണ്ടെങ്കിലും മുന്നോട്ടുതന്നെ പോകാന്‍ ഇരുവരും തീര്‍ച്ചപ്പെടുത്തി. നിര്‍മിക്കേണ്ട വസ്തുക്കളുടെ രൂപങ്ങള്‍ തയാറാക്കുന്നതുമുതല്‍ വില്‍പനക്കത്തെിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ എല്ലാം ചെയ്യുന്നതും ആശയും രാജശ്രീയും തന്നെ. പലയിടങ്ങളിലായി കണ്ടതും സ്വയം വരച്ചെടുത്തതുമായ രൂപങ്ങള്‍ കടലാസില്‍ വരച്ചെടുക്കലാണ് ആദ്യ ജോലി. രൂപങ്ങള്‍ വ്യത്യസ്തവും ആകര്‍ഷകവുമാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. മനസ്സിനുള്ളിലെ ചിത്രകാരികള്‍ ഇതിനേറെ സഹായിച്ചു എന്ന് ഇരുവരും പറയും.
പിന്നെ അഴുക്ക് കളഞ്ഞ് വൃത്തിയാക്കിയെടുത്ത കളിമണ്ണില്‍ കനം കുറഞ്ഞ ഷീറ്റ് നിര്‍മിക്കും. ഇവ ആവശ്യമുള്ള ആകൃതിയില്‍ വെട്ടിയെടുത്ത് വീടിനകത്തുവെച്ച് ഉണക്കും. നേരിട്ട് വെയിലേറ്റാല്‍ വളയാന്‍ സാധ്യതയുണ്ട് എന്നതിനാലാണിത്. നാലുദിവസം വരെ ഇങ്ങനെ ഉണക്കും. ശേഷം ചുട്ടെടുക്കും. ഇതോടെ, കരുത്തും ബലവും വര്‍ധിച്ച രൂപങ്ങള്‍ മഴയിലും വെയിലിലും പിന്നെ കേടുവരില്ല. മിനുക്കുപണികള്‍ക്കുശേഷം ആവശ്യമുള്ള നിറങ്ങളാല്‍ ഇവയെ പെയിന്‍റ് ചെയ്ത് കൂട്ടിയോജിപ്പിക്കുന്നതോടെ കളിമണ്ണില്‍ ഒരു മാലയോ കമ്മലോ ജനിക്കുകയായി. രൂപങ്ങള്‍ കൂട്ടിയോജിപ്പിക്കാനുള്ള കൊളുത്തും നൂലും മറ്റും മാത്രമാണ് പുറത്തുനിന്ന് വാങ്ങുക. മറ്റെല്ലാം കളിമണ്ണില്‍ തന്നെ.
ഉടയാത്ത ആത്മവിശ്വാസം പഴയ കൗതുകം വിജയതീരം തൊട്ടതോടെ ‘ക്രിയ’ എന്ന പേരില്‍ ഉല്‍പന്നങ്ങളെ ആവശ്യക്കാരിലത്തെിക്കാനും ഇരുവരും ശ്രമം തുടങ്ങി. വിവിധ എക്സിബിഷനുകളിലും പരിപാടികളിലും ‘ക്രിയ’യുടെ സ്റ്റാളുകളില്‍ ആളുകൂടി, ആവശ്യക്കാര്‍ വര്‍ധിച്ചു. കളിമണ്‍ ആഭരണങ്ങള്‍ക്ക് തനിമ നഷ്ടപ്പെടുന്നില്ളെന്നതിനാല്‍ ഫാഷന്‍ മാറിയാലും ഉപയോഗിക്കാം എന്നതാണ് ആളുകളെ ഏറെ ആകര്‍ഷിച്ചത്. വസ്ത്രങ്ങളുടെ നിറത്തിനും രൂപത്തിനും അനുസരിച്ചുള്ള ആഭരണങ്ങള്‍ നിര്‍മിച്ചുനല്‍കലും ‘ക്രിയ’യുടെ മാത്രം പ്രത്യേകതയായി.
ബംഗളൂരുവിലെ രാമമൂര്‍ത്തി നഗറില്‍ നിന്ന് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക് ഈ കുടില്‍ വ്യവസായം വളര്‍ന്നു. സിംഗപ്പൂര്‍, കൊച്ചി, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലും ഇപ്പോള്‍ ‘ക്രിയ’യുടെ ഉല്‍പന്നങ്ങള്‍ ലഭിക്കും. കേന്ദ്ര വസ്ത്രമന്ത്രാലയത്തിന് കീഴിലെ കരകൗശലവകുപ്പിന്‍െറ സഹായവും സഹകരണവും ഇരുവര്‍ക്കുണ്ട്. വ്യത്യസ്ത ആകൃതിയിലുള്ള വളയും മാലയും കമ്മലും മറ്റു നിര്‍മാണങ്ങളുമായി കളിമണ്ണില്‍ കവിത വിരിയിക്കുകയാണ് ആശയും രാജശ്രീയും. പച്ചമണ്ണിന്‍െറ വിശ്വാസ്യതയും വിരല്‍തുമ്പിലെ കലയുമാണ് ഇതിനെ ഉടയാതെ നിലനിര്‍ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.