????????? ??????????

നെടുങ്കണ്ടത്തിന്‍റെ സ്വന്തം ‘ഡോക്ടര്‍’

ചുക്കില്ലാത്ത കഷായമില്ലെന്ന പഴഞ്ചൊല്ലിന് നെടുങ്കണ്ടത്ത് ഒരു ഭാഷാന്തരമുണ്ട്. അപ്പച്ചന്‍ സാറിന്‍റെ പങ്കാളിത്തമില്ലാത്ത ഒരു സര്‍ക്കാര്‍ സ്ഥാപനവും നെടുങ്കണ്ടത്തില്ല. ഉടുമ്പന്‍ചോല താലൂക്കിന്‍റെ ആസ്ഥാനമാണ് ഇടുക്കി ജില്ലയിലെ പ്രമുഖ പട്ടണങ്ങളിലൊന്നായ നെടുങ്കണ്ടം. ഇവിടെയുള്ള  45ഓളം സര്‍ക്കാര്‍ ഓഫിസുകളില്‍ സിംഹഭാഗവും ആരംഭിച്ചതിന് പിന്നില്‍  ‘ഡോക്ടര്‍ അപ്പച്ചന്‍’ എന്ന എ.ജെ. ഫ്രാന്‍സിസ് വഹിച്ച പങ്ക് വളരെ വലുതാണ്. കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായ അപ്പച്ചന് എതിരാളികളില്ല.  ചികിത്സാ സൗകര്യം ലഭ്യമല്ലാതിരുന്ന കുടിയേറ്റകാലത്ത്  മരുന്നുകള്‍ എത്തിച്ചു നല്‍കിയിരുന്നതിനാല്‍ ഇദ്ദേഹത്തെ നാട്ടുകാര്‍ സ്നേഹപൂര്‍വം ‘ഡോക്ടര്‍’ എന്ന് വിളിക്കുകയായിരുന്നു. പിന്നീടത് അപ്പച്ചന്‍ സാറായി. കോണ്‍ഗ്രസുകാരനാണെങ്കിലും സി.പി.എമ്മുകാര്‍ക്ക് പോലും ആത്മമിത്രമാണ്. ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴും നെടുങ്കണ്ടത്തിന്‍റെ വികസന കാര്യമാണെങ്കില്‍ എ.ജെ. ഫ്രാന്‍സിസ് മുന്‍പന്തിയിലുണ്ടാകും.

ഇടുക്കി ജില്ലാ രൂപവത്കരണത്തിന് പിന്നിലും ജനസേവനം മുഖമുദ്രയാക്കിയ ഈ പൊതുപ്രവര്‍ത്തകന്‍റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. കാരണം നെടുങ്കണ്ടം കേന്ദ്രമാക്കി മലനാട് ജില്ല വേണമെന്ന ഇദ്ദേഹത്തിന്‍റെ ആവശ്യവും തുടര്‍ന്നുണ്ടായ സമര മുന്നേറ്റവുമാണ് ഇടുക്കി ജില്ലാ രൂപവത്കരണത്തിന് വഴി തെളിച്ചത്. ജില്ലാ സമരസമിതി രൂപവത്കരിച്ച് സ്വന്തം വീട് ഓഫിസാക്കി ജനറല്‍ കണ്‍വീനറായി ഇദ്ദേഹം സമരം നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ആശുപത്രികള്‍ തുടങ്ങിയവ നെടുങ്കണ്ടത്തെത്തിയതിന് പിന്നില്‍ അപ്പച്ചന്‍റെ പങ്ക് നിസ്തുലമാണ്. ഞായറാഴ്ചകളില്‍ മാത്രം വ്യാപാരികള്‍ എത്തിയിരുന്ന നെടുങ്കണ്ടത്ത് സ്ഥിരമായി വ്യാപാര കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍കൈയെടുത്തതും മറ്റാരുമല്ല.

1969ല്‍ സര്‍വിസ് സഹകരണ ബാങ്കും ’71ല്‍ ഭൂപണയ ബാങ്കും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. സഹകരണ ബാങ്കിന്‍റെ  ആദ്യകാലത്തെ മൂന്നംഗങ്ങളില്‍ ഇദ്ദേഹം മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. രണ്ടു വര്‍ഷത്തെ കഠിന പ്രയത്നം കൊണ്ടാണ് 1974ല്‍ നെടുങ്കണ്ടത്ത് വൈദ്യുതി എത്തിയത്. പിന്നീട് ടെലിഫോണ്‍ എക്സ്ചേഞ്ചും ഇവിടുത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളായ എസ്.ഡി.എ സ്കൂള്‍, 1973ല്‍ താലൂക്ക് ആശുപത്രി, ’74ല്‍ ഗവ. ഹൈസ്കൂള്‍, ’83ല്‍ വട്ടപ്പാറയില്‍ എം.ഇ.എസ് കോളജ്, ’93ല്‍ ബി.എഡ് കോളജ്, ഐ.എച്ച് ആര്‍.ഡി കോളജ്, നഴ്സിങ് കോളജ്, പോളിടെക്നിക് എന്നിവയും തുടങ്ങാന്‍ ശക്തമായ ഇടപെടല്‍ നടത്തി. മര്‍ച്ചന്‍റ്സ് അസോസിയേഷന്‍, ക്ലബുകള്‍, വിവിധ സംഘടനകള്‍ തുടങ്ങിയവ ആരംഭിച്ചതിന് പിന്നിലും പ്രവര്‍ത്തിച്ച ഇദ്ദേഹം ഈ സ്ഥാപനങ്ങളുടെയെല്ലാം സ്പോണ്‍സറിങ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

1964ല്‍ നെടുങ്കണ്ടത്തെത്തിയ ഫ്രാന്‍സിസ് ’68ലാണ് സാമൂഹിക  രംഗത്ത് ചുവടുവെക്കുന്നത്. പൊതുമാര്‍ക്കറ്റിനു വേണ്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് ജനറല്‍ കണ്‍വീനറായി. ഒടുവില്‍ അന്നത്തെ റവന്യൂ മന്ത്രി കെ.ടി. ജേക്കബ് ഒരേക്കര്‍ ഭൂമി പഞ്ചായത്തിന് പതിച്ചു നല്‍കി. ആനയെ കയറ്റിയാണ്  ഉദ്ഘാടനം നടത്തിയത്. കെ.എസ്.ഇ.ബിയുടെ നാലാം നമ്പര്‍ കണ്‍സ്യൂമറാണിദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ നിരന്തര സമ്മര്‍ദം ചെലുത്തിയാണ് നേട്ടങ്ങളെല്ലാം തരപ്പെടുത്തിയത്. എന്നിരുന്നാലും അപ്പച്ചന്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും  ഫലം കാണാതെ പോയ ഒന്നുണ്ട്. ജില്ലയിലെ ഏക എന്‍.സി.സി ബറ്റാലിയന്‍. താമസിയാതെ അതും ആരംഭിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ഇദ്ദേഹം.

നാടിന്‍റെ സമഗ്ര വികസനത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് റോട്ടറി ഈസ്റ്റ് ഹില്‍സ് വൊക്കേഷനല്‍ അവാര്‍ഡ് നല്‍കി ഈ 76കാരനെ ആദരിച്ചിരുന്നു. ആധുനിക നെടുങ്കണ്ടത്തിന്‍റെ ശില്‍പിയെന്ന വിശേഷണത്തിന് തീര്‍ത്തും അനുയോജ്യനായ ഇദ്ദേഹം പറയുന്നത് ഇങ്ങനെയാണ് -‘നാടിന്‍റെ വികസനത്തിന് ഒരു പഞ്ചായത്ത് മെംബർ പോലും ആകേണ്ട. വ്യക്തമായ കാഴ്ചപ്പാട് മാത്രം മതി’.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.