????? ??????

ജീവിത നാടകത്തിൽ പാചകക്കാരന്‍റെ വേഷം

1968ലാണ് സംഭവം, ‘അനക്കാടാ ബാപ്പാന്‍റെ സ്വത്ത്’ എന്ന നാടകമാണ് രംഗം. എട്ടു വയസുള്ള ബാലൻ 68കാരന്‍റെ കഥാപാത്രത്തെ വേദിയിൽ തകർത്തഭിനയിക്കുകയാണ്. നാടകം കഴിഞ്ഞു, എല്ലാവരും എതിരഭിപ്രായമില്ലാതെ മികച്ച വേഷം കാരണവരുടേതാണെന്നു പറഞ്ഞ് ബാലനെ ചേർത്തുപിടിച്ചു. വർഷം ഒന്നു കഴിഞ്ഞു. ‘സമുദായം’ എന്ന നാടകത്തിന് ഒരു ബാലനടനെ വേണം. അന്വേഷണം ചെന്നെത്തിയത് എടവണ്ണയിൽ. അങ്ങനെ ബാലനടനായി പൊതുവേദിയിൽ നാടകത്തിൽ അരങ്ങേറ്റം. ആ നാടകത്തിൽ നിലമ്പൂർ ആയിഷക്കൊപ്പമാണ് അഭിനയിച്ചത്. അവിടെനിന്നാണ് മജീദ് എടവണ്ണ എന്ന നാടകപ്രവർത്തകന്‍റെ കലാജീവിതം ആരംഭിക്കുന്നത്. 

ഇടയിലെവിടെയെല്ലാമോ മുറിഞ്ഞെങ്കിലും കലയുടെ പൊള്ളൽ അങ്ങനത്തന്നെ ഈ നടന്‍റെ മനസിൽ നീറിക്കൊണ്ടിരിക്കുന്നുണ്ട്. ഇക്കാലയളവിൽ പ്രഫഷനൽ, അമച്വർ നാടകങ്ങളിലായി 100ലേറെ എണ്ണത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒപ്പം, സിനിമയിലും സ്വയം സംവിധാനം നിർവഹിച്ച രണ്ട് ടെലിഫിലിമുകളിലും. 2013ലെ ആദ്യ ശാന്താദേവി സ്​മാരക അവാർഡിലെ മികച്ച നടനുള്ള പുരസ്​കാരം മജീദിനായിരുന്നു. ആ വർഷം പുറത്തിറങ്ങിയ ‘കഥാപാത്രം’ എന്ന ടെലിഫിലിമിനായിരുന്നു അവാർഡ്. അതേവർഷം തന്നെ,  മലബാർ ഫിലിം ഫെസ്​റ്റിവലിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള പുരസ്​കാരവും ‘കഥാപാത്രം’ കരസ്​ഥമാക്കി. 

കുതിരവട്ടം പപ്പു, സീനത്ത്, നിലമ്പൂർ ഹഫ്സത്ത് തുടങ്ങി പ്രഗൽഭരായ നിരവധി പേർക്കൊപ്പം ഇദ്ദേഹം വേദി പങ്കിട്ടിട്ടുണ്ട്. നിലമ്പൂർ ആയിശക്കൊപ്പം ഒരുപാടു തവണ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അവരെ സഹപ്രവർത്തകയെക്കാളുപരി ഗുരുസ്​ഥാനത്ത് നിർത്താനാണ് ഇദ്ദേഹത്തിനിഷ്ടം. നാടകം മാത്രമല്ല ഇദ്ദേഹത്തിന്‍റെ തട്ടകം. ക്ലാസിക്കൽ നൃത്തം, ഗാനരചന, സിനിമ തുടങ്ങി പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മൻസൂർ വട്ടത്തൂർ സംവിധാനം ചെയ്ത ‘ഏറനാടൻ പോരാളി’യാണ് ഇദ്ദേഹം അഭിനയിച്ച അവസാന സിനിമ. 

മജീദ് എടവണ്ണ പാചകം ചെയ്യുന്നു
 


എട്ടാം വയസിൽ തുടങ്ങിയ നാടകം സപര്യപോലെ ഇപ്പോഴും തുടരുന്നു. ഇതിനിടയിൽ നൃത്തപഠനം മുഴുമിപ്പിക്കാൻ കലാഭവനിൽ കുറച്ചു വർഷം. സിനിമയിലേക്കെന്ന ആഗ്രഹത്തിൽ നൃത്തം പഠിച്ചെങ്കിലും പിന്നീട് അത് സാധ്യമാകാതെ വന്നപ്പോൾ ആ രംഗം വിട്ടു. അതിനിടയിൽ ജീവിത പ്രാരബ്ധങ്ങൾക്ക് ഉത്തരം തേടാൻ ദുബൈയിലേക്ക്... അവിടെയും ഉപജീവനം കല തന്നെ. എന്നാൽ, പാചകമായിരുന്നു ആ കല. നാടകം പോലെത്തന്നെ പാചകത്തെയും വലിയൊരു കലയായാണ് ഇദ്ദേഹം കാണുന്നത്. അതുകൊണ്ടാണ് ഇത്തരമൊരു തൊഴിൽ രംഗം തെരഞ്ഞെടുത്തതും. ദുബൈയിൽ 18 വർഷക്കാലമാണ് പി.വി. അബ്ദുൽ വഹാബ് എം.പിയുടെ പാചകക്കാരനായി പ്രവർത്തിച്ചത്. അവിടെയുണ്ടായിരുന്നപ്പോൾ അസോസിയേഷൻ പരിപാടികൾക്ക് വേദിയിൽ കയറിയതാണ് മണലാരണ്യത്തിലെ കലാജീവിതം. 

തിരിച്ച് നാട്ടിലെത്തിയ ശേഷമാണ് 2013ൽ 'ഭരത തിയറ്റേഴ്സ്​' എന്ന സ്വന്തം നാടകട്രൂപ്  ആരംഭിക്കുന്നത്. 13 അംഗങ്ങളാണ് നിലവിൽ ഇതിലുള്ളത്. ഇതിനുകീഴിൽ അവതരിപ്പിക്കുന്ന ‘മാന്യസദസിന്’ എന്ന നാടകമാണ് ഇദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ നാടകം. ആറു മാസമായി നാടകരംഗത്തിന് അവധി നൽകിയിരിക്കുന്ന ഇദ്ദേഹം ഈ നാടകവുമായി ഉടൻ തിരിച്ചെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ഏറെ ബന്ധങ്ങളുണ്ടെങ്കിലും അതൊന്നും തന്‍റെ കലാരംഗത്തെ നേട്ടങ്ങൾക്ക് ഉപയോഗിക്കാൻ ഇദ്ദേഹം തയാറല്ല. മാത്രവുമല്ല, തന്‍റെ നാടകങ്ങളിലൂടെ പുതുമുഖങ്ങൾക്ക് കഴിയുന്നത്ര അവസരങ്ങൾ നൽകാനാണ് ഇദ്ദേഹത്തിന് ആഗ്രഹം. കലാരംഗത്ത് ഏറെ വേദനകളുണ്ടായിട്ടുണ്ടെങ്കിലും കഴിയുന്നത്ര കാലം നടനായിത്തന്നെ തുടരാനാണ് ഇദ്ദേഹത്തിനിഷ്ടം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.