പലരും അധ്യാപകദിനം ആഘോഷിച്ചത് ഫേസ്ബുക്കിലും വാട്സ്ആപ്പിലും കണ്ടപ്പോഴാണ് ഞാന്‍ എന്നെ പഠിപ്പിച്ച പല അധ്യാപകരെയും ഓര്‍മിച്ചത്. നഴ്സറി മുതല്‍ എത്രയോ പേര്‍. അവരില്‍ കൂടുതല്‍ പേരും എന്നെ ഓര്‍മിക്കാന്‍ സാധ്യതയില്ല. കാരണം, ആയിരക്കണക്കിന് കുട്ടികളില്‍ ഒരു സാധാരണ പയ്യനെ ആര് ഓര്‍മിക്കാന്‍. അങ്ങനെയിരുന്നപ്പോഴാണ് എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ആള്‍ ആരായിരിക്കും എന്ന് ആലോചിച്ചത്. എനിക്ക് തോന്നുന്നു അത് ദയാബായി ആയിരിക്കുമെന്ന്. എന്നെ പുസ്തകമില്ലാതെ, സ്ഥാപനമില്ലാതെ, പരീക്ഷ ഇല്ലാതെ പഠിപ്പിച്ച ആള്‍. അറിയുന്നതാണ് അറിവെന്ന് അറിയിച്ചു അവര്‍. യൂനിവേഴ്സിറ്റി പഠനശേഷം നേരെ പോയത് ദയാബായിയുടെ ഗ്രാമത്തിലേക്ക്. കൂടെ ആനന്ദുമുണ്ടായിരുന്നു. കൂടെ പഠിച്ച നന്മനിറഞ്ഞ കൂട്ടുകാരന്‍.
അതിനുപിന്നിലും ഒരു സംഭവമുണ്ട്. എവിടെയൊക്കെയോ കേട്ടറിഞ്ഞാണ് ദയാബായിയുടെ ജീവിതകഥ ‘പച്ചവിരല്‍’ ഞാന്‍ വാങ്ങിയത്. വായിച്ചപ്പോള്‍ അതിയായ ആഗ്രഹം ഒന്ന് പരിചയപ്പെടണമെന്ന്. പക്ഷേ എങ്ങനെ, ഒരു വഴിയുമില്ല. പിന്നെ ‘പച്ചവിരല്‍’ എഴുതിയ വില്‍സണ്‍ ഐസക്കിനെ തേടി യാത്രയായി. ആള്‍ പൊലീസുകാരനാണെന്നും ആന്‍റി കറപ്ഷന്‍ സെല്ലിലാണ് ജോലി എന്നും മാത്രം അറിയാം. അങ്ങനെ ഹൈവേ പൊലീസിനോട് ചോദിച്ചപ്പോള്‍ രക്ഷയില്ല, പിന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോയി നമ്പര്‍ സംഘടിപ്പിച്ചു. പല കൈകള്‍ മാറിമറിഞ്ഞ് വില്‍സണ്‍ ഐസക്കിനെ കിട്ടി. പിന്നീട് എറണാകുളം ടൗണ്‍ ഹാളില്‍ ഒരു പരിപാടിക്കിടെ നേരില്‍ കണ്ടു. അങ്ങനെ ദയാബായിയുടെ നമ്പര്‍ കിട്ടി. വിളിച്ചു, പരിചയപ്പെട്ടു.
പിന്നെ വിളികള്‍, വിശേഷങ്ങള്‍... സന്തോഷം... പിന്നെ അവര്‍ ജീവിക്കുന്ന നാട് കാണണം എന്ന അതിയായ ആഗ്രഹം...
അങ്ങനെയാണ് ഞങ്ങള്‍ അവിടെയത്തെുന്നത്...
അവിടെ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍, കൊടും ചൂടുകാലം.
ശരിക്കും എന്നെ മാറ്റിമറിച്ച ദിവസങ്ങള്‍...
പലതരം കൃഷികള്‍, മൃഗങ്ങള്‍, ഇരുപതും മുപ്പതും കിലോമീറ്റര്‍ നടന്നുള്ള യാത്രകള്‍...ഗോത്രജീവിതം...
ഏതും മിതമായി, ആവശ്യത്തിന് ഉപയോഗിക്കാന്‍ പഠിച്ചത് അവിടെനിന്നാണ്. വെള്ളം, ഭക്ഷണം, പിന്നെ നമ്മള്‍ ഉപയോഗിക്കുന്ന എന്തും.
കുളിക്കാന്‍ ഒരു ബക്കറ്റ് വെള്ളം, അതില്‍ കൂടുതല്‍ ഇല്ല. ആദ്യദിനങ്ങളില്‍ കഷ്ടപ്പെട്ടെങ്കിലും അതൊരു പഠനമായിരുന്നു. പിന്നെ അത് ശീലമായി. ഒരു ബക്കറ്റ് വെള്ളംകൊണ്ട് സുഖമായി കുളിക്കാം എന്ന് പഠിച്ചു. എല്ലാ ദിവസവും രാവിലെ വിശാലമായ പറമ്പിലേക്ക് പറഞ്ഞുവിടും ദയാബായി. എല്ലാം നോക്കിവരാന്‍ പറയും. ഓരോ ദിവസത്തെയും മാറ്റങ്ങള്‍ കാണിച്ചു തരും.(അവര്‍ വളരെ വെളുപ്പിനെ അതെല്ലാം നോക്കിയിട്ടാകും വരുക). ഒരു പൂവിരിഞ്ഞത്, കായ് ഉണ്ടായത്... ഇങ്ങനെ എന്തെല്ലാം മാറ്റങ്ങള്‍.
‘ഒബ്സര്‍വേഷന്‍ സ്കില്‍’ എന്ന് സോഷ്യല്‍വര്‍ക്ക് പഠിക്കുന്നവര്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. അത് എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ഈ ദിനങ്ങളിലായിരുന്നു. ഒരു കമ്യൂണിറ്റിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്‍െറ ഭാഗമായാല്‍, അവരില്‍ ഒരാളായാല്‍ മാത്രമേ അവരെ മനസ്സിലാക്കാനും അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാനും കഴിയൂ എന്ന് പഠിച്ചതും ഈ ദിനങ്ങളിലായിരുന്നു. ഞാന്‍ തുന്നിയ വസ്ത്രങ്ങള്‍ ധരിച്ചുനടക്കുമ്പോള്‍, അല്ളെങ്കില്‍ ഒരു ഗ്രാമീണ വേഷത്തില്‍ പലയിടങ്ങളിലും പോകുമ്പോള്‍ മനസിലാകുന്നു ഒരു ഗ്രാമീണന്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍. ഒരു സ്ഥാപനത്തില്‍, വാഹനത്തില്‍, നിരത്തില്‍ എവിടെയും ‘നല്ല വസ്ത്രം’ തരുന്ന ഒരു പരിഗണന ഉണ്ട്. ഒരു പാവപ്പെട്ടവന് കിട്ടുന്ന പരിഗണന വളരെ ദയനീയമായിരിക്കും. അത് പുസ്തകത്തില്‍ പഠിച്ചാലോ, നേരില്‍ കണ്ടാലോ അല്ല, അനുഭവിക്കുമ്പോഴാണ് നാം തിരിച്ചറിയുക. ഈ പാഠം ജീവിച്ചുകാണിച്ചുതന്ന ദയാബായി തന്നെയാണ് എന്‍െറ ഏറ്റവും നല്ല അധ്യാപിക, സര്‍വകലാശാല.
ഞാന്‍ കേരളമൊക്കെവിട്ട് ബംഗാളിലെ ഒരു ഗ്രാമത്തില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമാകുന്നു. പത്തോ ഇരുപതോ കിലോമീറ്റര്‍ നടന്നോ, സൈക്കിളിലോ പോകാന്‍ ഇന്ന് കഴിയുന്നുണ്ടെങ്കില്‍, അതിനേക്കാള്‍ ദൂരം നടന്നു പോകുന്ന ദയാബായി തന്ന ഊര്‍ജമാണ് പ്രചോദനമായി വര്‍ത്തിച്ചിട്ടുള്ളത്. നിലമുഴുവാന്‍, വിത്തെറിയാന്‍, കള പറിക്കാന്‍ എല്ലാം പഠിച്ചു അവിടന്ന്. ഇതുവരെ കാണാത്ത പല ചെടികളും മരങ്ങളും കണ്ടു അവിടെ. അന്നൊരിക്കല്‍ കൂട്ടുകാരന് സൂര്യാഘാതമേറ്റു. ആ സമയം ദയാബായി മണിപ്പൂരിലായിരുന്നു, ഞാന്‍ ഫോണ്‍ ചെയ്തപ്പോള്‍ മരുന്ന് പറഞ്ഞുതന്നു. മാങ്ങ പുഴുങ്ങി വെള്ളം കുടിക്കാന്‍. ഉള്ളം കാലിലും നെറ്റിയിലും തേക്കാന്‍. പിന്നെ മറ്റു ചില പൊടിക്കൈകളും. തളര്‍ന്ന് വയറിളക്കംപിടിച്ച കൂട്ടുകാരനു പെട്ടെന്ന് സുഖം നല്‍കി ഈ ചികിത്സ(ചൂടു കൂടിയാല്‍ വയറിനെ ബാധിക്കുമെന്ന് അന്നാണ് മനസ്സിലായത്). അങ്ങനെ എത്രയോ ചികിത്സാരീതികള്‍, അറിവുകള്‍.
മണിപ്പൂരില്‍ നിന്ന് തിരികെവരുന്ന വഴിയില്‍ കൊല്‍ക്കത്തയില്‍ നിന്നും ഞങ്ങള്‍ക്ക് ലിച്ചി പഴവും മേടിച്ചാണ് ദയാബായി വന്നത്. തിരക്കില്ലാത്ത ചില വൈകുന്നേരങ്ങളില്‍ വീടിന്‍െറ മുന്നിലുള്ള വൃത്താകൃതിയിലുള്ള മണ്ഡപത്തില്‍ ഞങ്ങള്‍ ഇരിക്കും. ദയാബായ് ഓരോ കാര്യങ്ങള്‍ പറഞ്ഞുതരും. സോഷ്യല്‍ വര്‍ക്ക്, കമ്യൂണിറ്റി, കൃഷി, ആദിവാസികള്‍, ഗോണ്ട് ജീവിതങ്ങള്‍...അങ്ങനെ എന്തെല്ലാം. തിന്‍സെയിലേക്കു (ദയാബായി വര്‍ഷങ്ങളോളം താമസിച്ച വിദൂരഗ്രാമം) പോകാന്‍ തലേന്ന് രാത്രിതന്നെ ഞങ്ങള്‍ ഭക്ഷണമൊരുക്കി. ചപ്പാത്തിയും ചെറിയ കറിയും. പിറ്റേന്ന് നേരം വെളുക്കുന്നതിനുമുമ്പേ ഇറങ്ങി. ക്ഷീണിച്ചപ്പോള്‍ മരത്തണലില്‍ വിശ്രമിച്ചു. ഉറങ്ങി കാട്ടിലെ നീരുറവയില്‍ നിന്ന് ഇലക്കുമ്പിളുണ്ടാക്കി വെള്ളം മൊത്തിക്കുടിച്ചു നടന്നു.
രാത്രി തിന്‍സെയില്‍ എത്തി. ഒരു ഗ്രാമീണ ഭവനത്തിന്‍െറ മുറ്റത്ത് കിടന്നുറങ്ങി. പിറ്റേന്ന് വിശാലമായ ഒരു തടാകത്തില്‍ ഞങ്ങള്‍ കുളിക്കാന്‍ പോയി. നോക്കിയപ്പോള്‍ അതാ ദയാബായി വളരെ ഉയരത്തില്‍നിന്ന് വെള്ളത്തിലേക്കു ചാടി മുങ്ങിനിവരുന്നു. വല്ലാത്തൊരു കാഴ്ച. വീടിന്‍െറ മുറ്റത്തുള്ള വലിയ മരത്തിനു കീഴെയോ, അല്ളെങ്കില്‍ മുറ്റത്ത് വെറും മണ്ണിലോ കിടന്നുറങ്ങും ദയാബായ് . ഞങ്ങള്‍ മണ്ഡപത്തിലെ തറയിലും. എങ്ങനെ ജീവിക്കണം എന്നല്ല, എങ്ങനെ ഉടുക്കണം, എങ്ങനെ ഉണ്ണണം, എങ്ങനെ കുളിക്കണം എന്നിങ്ങനെ എല്ലാ കാര്യത്തിലും ജീവിച്ചുകാണിച്ചുതന്നയാള്‍ തന്നെയല്ളേ യഥാര്‍ഥ ഗുരു. അതാണ് എന്‍െറ അനുഭവത്തിലെ ദയാബായി.
ലേഖകന്‍ ഗ്രീന്‍പീസ് പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ പശ്ചിമബംഗാളിലെ നോര്‍ത് പര്‍ഗാന ജില്ലയിലെ ഹരിന്‍കോള ഗ്രാമത്തില്‍ ‘മാതൃകാഗ്രാമ’ പ്രോജക്ടില്‍ പ്രവര്‍ത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.