മണ്ണില്‍ വിരിഞ്ഞ പാരിജാതം

തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ എന്ന കൊച്ചുഗ്രാമത്തിന്‍െറ അഭിമാനമാണിന്ന് സുനിത ഷാജു എന്ന വീട്ടമ്മ. പുതുക്കാട് മണ്ഡലത്തിലെ തരിശുകിടക്കുന്ന പാടശേഖരങ്ങളില്‍  പൊന്നുവിളയിക്കുകയാണ് ഇന്ന് സുനിത രൂപവത്കരിച്ച പാരിജാതം ഹരിതസേന.  സംസ്ഥാന സര്‍ക്കാറിന്‍െറ മികച്ച കര്‍ഷകത്തൊഴിലാളിക്കുള്ള ഈ വര്‍ഷത്തെ ശ്രമശക്തി അവാര്‍ഡ് ഇവരെത്തേടിയെത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് ഒട്ടും അതിശയമുണ്ടായില്ല. അര്‍ഹിച്ച നേട്ടമാണ് അവരുടെത്- ഏകസ്വരത്തോടെ അവര്‍ പറഞ്ഞു.

അളഗപ്പനഗര്‍ പഞ്ചായത്തിന്‍െറയും കൃഷിഭവന്‍െറയും മേല്‍നോട്ടത്തിലാണ്  സുനിതയുടെ കൃഷികൂട്ടായ്മ. അളഗപ്പനഗര്‍ പഞ്ചായത്തിലെ മണ്ണംപേട്ട തെക്കേക്കര ചേന്ദ്ര വീട്ടില്‍ ഷാജുവിന്‍െറ ഭാര്യയായ സുനിത ആറുവര്‍ഷമായി മണ്ണില്‍ പൊന്നുവിളയിക്കാന്‍ തുടങ്ങിയിട്ട്. പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തരിശുഭൂമി പാട്ടത്തിനെടുത്ത് ഒന്നോ രണ്ടോ പൂ നെല്‍കൃഷി ചെയ്തശേഷം കൂട്ടായ്മ  ഭൂമി ഉടമക്ക് തിരികെ നല്‍കും.  ഇതിലൂടെ കൃഷിഭൂമിയുടെ വ്യാപ്തി വര്‍ഷാവര്‍ഷം വര്‍ധിപ്പിക്കാനായിട്ടുണ്ട്. നടീല്‍, കൊയ്ത്ത് എന്നിവക്ക് തൊഴിലാളികളെ കിട്ടാത്ത ഇക്കാലത്ത് യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇവര്‍ ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്. കര്‍ഷകര്‍ ആവശ്യപ്പെടുന്ന മുറക്ക് ഹരിതസേന യന്ത്രങ്ങളുമായി കൃഷിയിടത്തിലെത്തും. നിശ്ചിത തുകക്ക് പണികള്‍ ചെയ്തുകൊടുക്കും. അതിനാല്‍, ഹരിതസേന കര്‍ഷകര്‍ക്ക് അനുഗ്രഹമാണ്. സര്‍ക്കാറില്‍ നിന്ന് ലഭിച്ച 30,000 രൂപയുടെ റിവോള്‍വിങ് ഫണ്ടാണ് സേനയുടെ അടിത്തറ. കൃഷിഭവനില്‍ നിന്ന് കാര്‍ഷികോപകരണങ്ങളും നല്‍കിയിട്ടുണ്ട്.

കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അവയുടെ തകരാര്‍ പരിഹരിക്കുന്നതിനുമുള്ള വൈദഗ്ധ്യമാണ് സുനിതയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. മണ്ണുത്തി കാര്‍ഷിക കോളജില്‍ നിന്നാണ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം നേടിയത്.  പണ്ട് അരിയുള്‍പ്പെടെ ഒട്ടുമിക്ക വീട്ടുസാധനങ്ങള്‍ക്കും വിപണിയെ ആശ്രയിച്ചിരുന്നു. എന്നാലിന്ന് അരിയുടെയും പച്ചക്കറിയുടെയും കാര്യത്തില്‍ തങ്ങള്‍ ഒരുപരിധിവരെ സ്വയംപര്യാപ്തത നേടിയെന്ന് നാല്‍പതുകാരിയായ സുനിത പറയുന്നു.

നെല്‍കൃഷി കൂടാതെ പാവല്‍, പടവലം, പയര്‍, വെണ്ട, ചേന, ചേമ്പ്, ചീര, കപ്പ, വാഴ എന്നിവയും പാരിജാതം ഹരിതസേന പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്യുന്നു. സേനയിലെ ട്രഷററാണ് സുനിത. പത്ത് കുടുംബിനികളാണ് സേനയിലുള്ളത്. ഇവരില്‍ ഞാറുനടീല്‍ യന്ത്രമുള്‍പ്പെടെയുള്ള കാര്‍ഷിക യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത് സുനിതയാണ്. ഇവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സുള്ളതും സുനിതക്കു മാത്രമാണ്. തെങ്ങില്‍ കയറാനുള്ള പരിശീലനവും സ്വായത്തമാക്കിയിട്ടുള്ള സുനിത അത്യാവശ്യഘട്ടങ്ങളില്‍ തേങ്ങയിടാനും തയാറാണ്. 126 അപേക്ഷകരെ പിന്തള്ളിയാണ് സുനിത അവാര്‍ഡ് കൈപ്പിടിയിലൊതുക്കിയത്. 16ന് കോഴിക്കോട്ട് നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. തന്‍െറയും സഹപ്രവര്‍ത്തകരുടെയും കഠിനപ്രയത്നത്തിന് കാലം കാത്തുവെച്ചതാണ് അവാര്‍ഡെന്ന് സുനിത പറയുന്നു.

അളഗപ്പനഗര്‍ കൃഷി ഓഫിസര്‍ സരസ്വതി, പഞ്ചായത്ത് പ്രസിഡന്‍റ് കെ. രാജേശ്വരി എന്നിവരെല്ലാം ഹരിതസേനയുടെ പ്രവര്‍ത്തനങ്ങളോട്  സഹകരിച്ചിട്ടുണ്ട്. എങ്കിലും ആയിരക്കണക്കിന് കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും പകലന്തിയോളം മണ്ണില്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ ഇന്‍ഷുറന്‍സ് സുരക്ഷയും ഇ.എസ്.ഐ പോലുള്ള ആനുകൂല്യങ്ങളും ലഭിക്കാതെ പോകുന്നത് ഖേദകരമാണെന്നാന്ന് സുനിതയുടെ പരിദേവനം.  മക്കള്‍ വിനായക്, ഐശ്വര്യ, അശ്വതി. മൂവരും വിദ്യാര്‍ഥികളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.