ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍...

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയായ വെള്ളരിമലയില്‍ നിന്ന് ഉദ്ഭവിച്ച് 500 അടിയോളം ഉയരത്തില്‍ നിന്നും ഒലിച്ചുവരുന്നു ഇരുവഴിഞ്ഞിപ്പുഴ. കിഴക്ക് വെള്ളകീറുന്നതു മുതല്‍ അന്തിത്തിരി കത്തിത്തുടങ്ങുന്നതുവരെ ഈ പുഴയുടെ മീതെ എന്നും ഒരു ചിത്തിരത്തോണി കുതിക്കാറുണ്ട്. അതിന്‍െറ അമരത്തുനിന്ന് തുഴയെറിയുന്ന പെണ്ണൊരുവളുണ്ട്. ഓളങ്ങളും കലക്കങ്ങളും ചുഴികളും തീര്‍ക്കപ്പെട്ട ഈ പുഴയുടെ നെഞ്ചിലൂടെ തോണി പായിക്കുന്ന ഈ മധ്യവയസ്കയുടെ പേര് സുലൈഖ. നാട്ടുകാര്‍ നല്‍കിയ വിളിപ്പേര് കീക്കി. സ്വദേശം ഇരുവഴിഞ്ഞിപ്പുഴയുടെ തീരമായ കക്കാട്. ഇരുവഴിഞ്ഞിപ്പുഴയുടെ പ്രധാന തീരവും അങ്ങാടിയുമായ മുക്കത്തിന് അടുത്തുള്ള കൊടിയത്തൂര്‍, ചേന്ദമംഗലൂര്‍, ചെറുവാടി, കാരശ്ശേരി ഭാഗങ്ങളില്‍ പുഴയുടെ അക്കരെയും ഇക്കരെയുമുള്ളവരുടെ ആശ്രയമാണ് സുലൈഖയുടെ തോണി.

ചാലിയാറിന്‍െറ പ്രധാന പോഷക നദികളിലൊന്നായ ഇരുവഴിഞ്ഞിപ്പുഴയിലൂടെ സുലൈഖ എത്രയോ കാലമായി തുഴയെറിഞ്ഞ് ആള്‍ക്കാരെയുംകൊണ്ട് സഞ്ചരിക്കുന്നു. എന്നിട്ടും അവരുടെ കടത്തുവള്ളം ഒരിക്കലും ഒരപകടത്തിലുംപെട്ട് മുങ്ങിത്താണില്ല. ഒരു പ്രളയത്തിലും അവര്‍ തോണി ഇറക്കാതിരുന്നില്ല. ശാന്തതയുടെമേല്‍ രൗദ്രം പ്രാപിച്ച് കലങ്ങിമറിഞ്ഞ പുഴയിലേക്ക് നോക്കി അവര്‍ ഒരിക്കലും ചെറുതായിപ്പോലും പേടിച്ചിട്ടുമില്ല. കാരണം, സുലൈഖക്ക് ഈ പുഴ ഏറ്റവും അടുത്ത ഒരാളെപ്പോലെയാണ്. പുഴയുടെ മനസ്സും ശരീരവും ചിന്തയും വര്‍ത്തമാനവുമൊക്കെ അറിയാന്‍ കഴിയുന്ന ഏറ്റവും അടുത്ത കൂട്ടുകാരിയെ പോലെയാണവര്‍. അതുകൊണ്ടുതന്നെ തനിക്ക് ഒരിക്കലും പേടിക്കേണ്ടിവന്നിട്ടില്ല എന്ന് അവര്‍ പറയുന്നു.

സുലൈഖ പിറന്നത് ഒരു സാധു കുടുംബത്തില്‍. കാരശ്ശേരി സ്കൂളില്‍ നാലാം ക്ളാസില്‍ പഠിക്കുമ്പോള്‍ അവര്‍ക്ക് പഠനം നിര്‍ത്തേണ്ടിവന്നു. അതാകട്ടെ, കൂട്ടുകാരുടെ പരിഹാസത്തെ തുടര്‍ന്നും. കനത്ത മഴക്കാലത്ത് സ്കൂളിലേക്ക് പോകാന്‍ കുടയില്ലാതെ വിഷമിച്ച കുഞ്ഞു സുലൈഖക്ക് ബാപ്പ മുഹമ്മദ്കുട്ടി ഒരു തൊപ്പിക്കുട നല്‍കി. കൊടപ്പനയോല കൊണ്ട് മെടഞ്ഞ തൊപ്പി ധരിച്ചത്തെിയ അവളെ കണ്ട് കൂട്ടുകാര്‍ കൂകിവിളിച്ചു. തലതാഴ്ത്തി കണ്ണീരൊലിപ്പിച്ച് സ്കൂളില്‍ നിന്നും ഇറങ്ങിനടന്ന സുലൈഖ പിന്നീട് ഒരിക്കലും സ്കൂളിലേക്ക് പോയതുമില്ല. കൂകിവിളിച്ച് കൂട്ടുകാര്‍ അടുത്ത ക്ളാസുകളിലേക്ക് കടക്കുമ്പോള്‍ അവളാകട്ടെ ജീവിതത്തിന്‍െറ പ്രയാസങ്ങളില്‍പെട്ട ബാല്യമായി ഒതുങ്ങിക്കൂടുകയായിരുന്നു. തുടര്‍ന്ന്, സുലൈഖ തയ്യല്‍ക്ളാസില്‍ ചേര്‍ന്നു. പിന്നീട് വിവാഹിതയായതോടെയാണ് അവര്‍ പശു വളര്‍ത്തലിലേക്ക് തിരിഞ്ഞത്. ഇതിനിടയിലാണ് അമ്മായിയമ്മയായ ആമിനയുടെ സഹായിയായി കടത്തുവള്ളത്തിലെ ത്തുന്നത്.

ആമിനത്താത്ത നാലുപതിറ്റാണ്ട് ഇരുവഴിഞ്ഞിപ്പുഴയില്‍ തോണി തുഴഞ്ഞ സ്ത്രീയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് അവര്‍ മരിച്ചത്. ആമിനത്താത്ത മരുമകളെ തുഴയൂന്നാനും തോണിയെ ഒഴുക്കിനുനേരെ തുഴയാനും പരിശീലിപ്പിച്ചു. ഭര്‍ത്താവും മക്കളുമൊക്കെ പ്രോത്സാഹിപ്പിച്ചപ്പോള്‍ അവര്‍ തോണിയുമായി പുഴയിലേക്ക് ഇറങ്ങി.

ഇപ്പോള്‍ 47 വയസ്സുള്ള സുലൈഖയുടെ ഓര്‍മകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം മായാതെയുണ്ട്. അത് മുക്കത്തിന്‍െറ വീരനായകനായ (കാഞ്ചനമാല-മൊയ്തീന്‍ പ്രണയകഥയിലെ മൊയ്തീന്‍) ബി.പി. മൊയ്തീന്‍ ഇരുവഴിഞ്ഞിപ്പുഴയില്‍ മുങ്ങിമരിച്ചതാണ്. മൊയ്തീന്‍െറ മരണം മുക്കത്ത് സൃഷ്ടിച്ചത് കടുത്ത ഞെട്ടലും വേദനയുമായിരുന്നുവെന്ന് സുലൈഖ ഓര്‍ക്കുന്നു. ഇരുവഴിഞ്ഞിപ്പുഴയില്‍ ഇപ്പോള്‍ കടത്തുകാര്‍ അപൂര്‍വമായി കഴിഞ്ഞു. കടത്തുകാര്‍ മാത്രമല്ല, മത്സ്യസമ്പത്തും തെളിനീരും കടവിലെ മണലുമൊക്കെ അപൂര്‍വമായി. ഒരുകാലത്ത് ഇരുവഴിഞ്ഞിപ്പുഴ നീരാടാനും മുങ്ങിക്കുളിക്കാനുമൊക്കെയുള്ള ജലസമൃദ്ധിയായിരുന്നു. അതിന്‍െറ തണുപ്പില്‍ തലമുക്കിയാല്‍ ഏതു ക്ഷീണവും അപ്പാടെ അകലും. ശരീരത്തിന്‍െറ ജീവകോശങ്ങളെ ആ ജലത്തണുപ്പ് കോരിത്തരിപ്പിക്കും. നീന്തുമ്പോള്‍പോലും പുഴയിലെ മീനുകള്‍ തൊട്ടുരുമ്മി കടന്നുപോകും. ചൂണ്ട കോര്‍ത്തും വലവീശിയും മീന്‍ പിടിക്കുന്നവരുടെ കൂടകളിലേക്ക് ആറ്റുകൊഞ്ചും ആരലും അമ്മാച്ചിയും ഒക്കെ നിറയും.

വേനലില്‍ പുഴ വറ്റാതെ നീണ്ടുപരന്നൊഴുകും. അപൂര്‍വപക്ഷികള്‍പോലും  തീരത്തെ മരച്ചില്ലകളില്‍ കൂടുകൂട്ടുമായിരുന്നു. ഇന്ന് പുഴ മാറിപ്പോയി. അതിന്‍െറ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ചുകൊണ്ട് മണല്‍വാരല്‍ തുടരുന്നു. തീരത്തെ മാലിന്യനിക്ഷേപം മറ്റൊരു അര്‍ബുദമായി പുഴയെ ആക്രമിക്കുന്നു, സുലൈഖയുടെ വര്‍ത്തമാനത്തില്‍ വേദന നിറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.