ബംഗളൂരു: കുട്ടിക്കാലത്തെപ്പോഴോ കൂടെ കൂടിയത്, അല്ളെങ്കില്‍ ജന്‍മനാ കൂടെയുള്ളത്, ചിത്രരചനയെക്കുറിച്ച് ബബിതയെന്ന കലാകാരിക്ക് ഒറ്റവാക്കില്‍ പറയാനുള്ളത് ഇതാണ്. എന്നാല്‍, ഒറ്റവാക്കില്‍ ഒതുങ്ങുന്നതല്ല ബബിതയിലെ വരകളുടെ ലോകം. ഭാവനയും കഴിവും വര്‍ണങ്ങളാല്‍ കൂടിക്കലര്‍ന്ന് മറ്റൊരു ദൃശ്യചാരുത നല്‍കുകയാണവ. ബംഗളൂരുവില്‍ കുടുംബത്തോടൊപ്പം താമസമാക്കിയ ഈ കോഴിക്കോട്ടുകാരിക്ക് ചിത്രകല ഒരു നേരമ്പോക്കല്ല. കാഴ്ചകളെ വര്‍ണങ്ങളില്‍ ചാലിച്ച് ദൃശ്യചാരുതയോടെ ആസ്വാദകരിലേക്ക് പടര്‍ത്തുന്ന ഗൗരവ ജോലിയാണ്. കുട്ടിക്കാലത്ത് പുസ്തകത്താളുകളിലും ചുവരിലും കുഞ്ഞു ബബിത കോറിയിടുന്നതിന് ചില ദൃശ്യഭംഗിയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് പിതാവ് ഗോപിനാഥന്‍ നായരും അമ്മ ഗീതയുമാണ്. അവര്‍ അവള്‍ക്ക് കളര്‍ പെന്‍സിലും ചിത്രപുസ്തകവും വാങ്ങി നല്‍കി പ്രോത്സാഹിപ്പിച്ചു.
സ്കൂള്‍ തലങ്ങളിലും മറ്റും പിന്നെയവള്‍ മിഴിവോടെ ചിത്രങ്ങള്‍ പകര്‍ത്തി മികവുകാട്ടി. കോഴികോട്ടെ കുട്ടിക്കാലം ബബിതക്ക് ചിത്രകലയിലെ പിച്ചവെക്കല്‍ കൂടിയായിരുന്നു. കണ്ടതും ഭാവനയിലുള്ളതുമായ കാര്യങ്ങള്‍ നിറങ്ങളാല്‍ എഴുതിത്തുടങ്ങിയതോടെ അവക്ക് അസാധാരണമായ ഭംഗിയുണ്ടെ ന്ന് കണ്ടവരൊക്കെ പറഞ്ഞു. ഉള്ളിലൊരു ചിത്രകാരിയുണ്ടെ ന്ന് ബബിതയും തിരിച്ചറിഞ്ഞു. കോളജിലെത്തിയപ്പോള്‍ ചിത്രകാരിയെന്ന നിലയില്‍ അറിയപ്പെട്ടെങ്കിലും വരയുടെ ശാസ്ത്രീയ സങ്കേതങ്ങളൊന്നും വശമില്ലായിരുന്നു. എങ്കിലും ബബിത വരച്ചുകൊണ്ടേയിരുന്നു. വിവാഹം കഴിഞ്ഞ് പിതാവിനും ഭര്‍ത്താവിനുമൊപ്പം ബംഗളൂരുവിലെത്തിയതോടെ വിരല്‍തുമ്പിലെ വര്‍ണങ്ങള്‍ ജീവിത്തിരക്കിനിടയില്‍ മാഞ്ഞുപോയി. ഫാഷന്‍ ഡിസൈനിങ് പഠിച്ച് ജോലിക്ക് പോയിത്തുടങ്ങിയതോടെ ബ്രഷ് എടുക്കാനും വര്‍ണങ്ങള്‍ ചാലിക്കാനും സമയം ഇല്ലാതായി.
ഇതിനിടെ മകന്‍ വേദ് മഹാദേവ് കൂടി പിറന്നതോടെ വര പൂര്‍ണമായും നിര്‍ത്തി. പിന്നെ ഒരു നീണ്ട ഇടവേളയായിരുന്നു. ഓരോ കാഴ്ച കാണുമ്പോഴും അത് കാന്‍വാസിലേക്ക് പകര്‍ത്താന്‍ മനസ് തുടിച്ചെങ്കിലും വിരലുകള്‍ മടിച്ചുനിന്ന കാലം. പിന്നെ എപ്പോഴോ വര തുടരണമെന്ന് ഉള്‍വിളിയുണ്ടായി. ഭര്‍ത്താവ് സജീഷിന്‍െറ പിന്തുണ കൂടി ലഭിച്ചതോടെ ഒരിടവേളക്കുശേഷം പിന്നെയും ബബിത ബ്രഷ് കൈയിലെടുത്തു.
വരയെ ഗൗരവമായി കാണണമെന്ന് തീരുമാനിച്ചതോടെ ബംഗളൂരു ചിത്രകലാ പരിഷത്തില്‍ ചേര്‍ന്നു പുതിയ പാഠങ്ങള്‍ പഠിച്ചു. അനുഭവങ്ങള്‍ വരകള്‍ക്കുമേല്‍ കനംവെച്ചു തുടങ്ങിയതോടെ ചിത്രങ്ങള്‍ക്കും കരുത്തുവന്നു. പച്ചപ്പില്‍ സൂര്യപ്രഭ ചൊരിയുന്ന തിളക്കത്തിലേക്ക് വര്‍ണം ചാലിച്ച് ലീവ്സ്കേപ്പ്, പ്രതീക്ഷയുടെ നോട്ടവുമായി ഉമ്മറപ്പടിയില്‍ നില്‍ക്കുന്ന കാജല്‍ എന്ന ബാലിക, കടല്‍ നീലിമയില്‍ കടലും തീരവും ഒന്നിക്കുന്ന ബ്ളൂയോണ്ടര്‍... രണ്ടാം വരവില്‍ ബബിതയുടെ വിരലുകള്‍ പകര്‍ത്തിയത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍. ഇടവേളകളില്‍ പിന്നെ ബബിത വരച്ചുകൊണ്ടേയിരുന്നു. ചിത്രരചന ഗൗരവമായി എടുത്തതോടെ ജോലി രാജിവെച്ചു മുഴുവന്‍ സമയവും അതില്‍ ശ്രദ്ധചെലുത്തി. ചിത്രങ്ങള്‍ കണ്ടവരൊക്കെ പിന്തുണച്ചപ്പോള്‍, നല്ലതുപറഞ്ഞപ്പോള്‍ ആത്മവിശ്വാസം കൂടി. ബംഗളൂരു ചിത്രകലാപരിഷത്തില്‍ ബബിതയുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും അടുത്തിടെ നടന്നു.
മനസ്സില്‍ ഇനിയും കാഴ്ചകളുടെ നിധിശേഖരമുണ്ട്. അവ ഒന്നൊന്നായി കാന്‍വാസിലേക്ക് പകര്‍ത്തണം, വരയിലെ പുതിയ സങ്കേതങ്ങള്‍ പഠിക്കണം, രവിവര്‍മ ചിത്രങ്ങളെ സ്നേഹിക്കുന്ന ബബിതയുടെ സ്വപ്നങ്ങള്‍ വലുതാണ്. ആ സ്വപ്നങ്ങള്‍ പുതുഭാവങ്ങളോടെ വിരിയിക്കാനാണ് എല്ലാവരുടെയും അനുഗ്രഹത്തോടെ ബബിതയുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.