ജീവിതം തന്നെ സമരമാകുന്ന വര്‍ത്തമാന ഇന്ത്യയുടെ പ്രതീകമാണ് ഇറോം ശര്‍മിള. തടവറയെ സമരനിലമാക്കിയ പതിനാല് വര്‍ഷങ്ങള്‍. ഒടുവില്‍ ഭരണകൂടം മുട്ടുമടക്കുന്നു. ഈ വിജയം താല്‍ക്കാലികമാണ്. പോരാട്ടം തുടരുകതന്നെയാണ്.
ആത്മാവില്ലാത്ത നിരാഹാരസമരങ്ങള്‍ ഒരുപാട് കണ്ടുപരിചയിച്ച നമുക്ക് ഇറോം ശര്‍മിള കാണിച്ചുതരുന്നത് ഇച്ഛാശക്തിയുടെ വിജയമാണ്. 14 വര്‍ഷം നീണ്ട ഭരണകൂട മൗനമാണ് ഈ കോടതി വിധിയിലൂടെ തകരുന്നത്. അതിഭീകരമായ സഹനം എടുപ്പിച്ച തീരുമാനമാണ് അവരുടേത്. 14 ആണ്ട് അതില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നത് ആ നാട്ടിലെ സ്ത്രീകളുടെ ദുരിതത്തിന്‍െറ ആഴമാണ് കാണിക്കുന്നത്. സ്വന്തം കാര്യത്തിനല്ലാതെ ഇത്തരമൊരു സമരമുഖത്തേക്ക് ഒരു പെണ്‍കുട്ടി സ്വയം എടുത്തെറിയുന്നുവെങ്കില്‍ അതിന്‍െറ പിന്നിലെ ചേതോവികാരം കാണാതിരിക്കാനെങ്ങനെയാണ് നമ്മുടെ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നത്. രാജ്യം നമ്മുടേതാണെന്ന തോന്നല്‍പോലും അന്യമായ സമൂഹമാണത്. സംരക്ഷകരാണെന്ന് നടിക്കുന്ന പട്ടാളത്തില്‍ നിന്നുള്ള തിക്താനുഭവങ്ങളാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. പുല്‍ക്കൊടി കൊടുങ്കാറ്റിനെയാണ് നേരിടുന്നതെന്ന് അവിടത്തെ അമ്മമാര്‍ക്കറിയാഞ്ഞിട്ടല്ല.
അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് മാത്രം അറിയാവുന്ന ദുരിതമാണത്. അതേക്കുറിച്ച് അറിയാതെയും പറയാതെയും കേള്‍ക്കാതെയും ധാരണകളിലത്തൊനാവില്ല. അങ്ങനെയാണ് അന്നത്തെ പ്രതിരോധ മന്ത്രി ആന്‍റണിയുടെ നാടായ ചേര്‍ത്തലയില്‍ നിന്ന് ഇറോം ശര്‍മിളയുടെ ‘വീട്ടിലേക്കൊരു’ യാത്ര പോയത്. യാത്രക്ക് മുന്നോടിയായി പ്രതിരോധ മന്ത്രി ആന്‍റണിയെയും ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയുമെല്ലാം കണ്ടിരുന്നു. ഒപ്പം സിവിക് ചന്ദ്രനുമുണ്ടായിരുന്നു. സൗഹാര്‍ദപൂര്‍ണമായ കൂടിക്കാഴ്ചയില്‍ ആന്‍റണി തന്‍െറ നിസ്സഹായത തുറന്നുപറഞ്ഞു. മണിപ്പൂര്‍ സര്‍ക്കാറിന്‍െറ ആവശ്യപ്രകാരമാണ് ഇത്തരമൊരു നിയമം നടപ്പാക്കിയത്. അവരുടെ ഭാഗത്തു നിന്ന് ആവശ്യമുയരാതെ കേന്ദ്രത്തിന് ഏകപക്ഷീയമായി നിയമം പിന്‍വലിക്കാനാവില്ളെന്നായിരുന്നു അതിന്‍െറ രത്നച്ചുരുക്കം.
കരിനിയമം എന്നല്ല ഇരട്ട കരിനിയമം എന്നാണ് ഈ പ്രത്യേകാവകാശ നിയമത്തെ വിശേഷിപ്പിക്കേണ്ടത്. കാരണം, പട്ടാളത്തിന് സര്‍വസ്വാതന്ത്ര്യം നല്‍കുന്നതോടെ അത് കരിനിയമമായി. അതോടൊപ്പം പട്ടാളത്തിന്‍െറ ചെയ്തികള്‍ പൗരന് ചോദ്യം ചെയ്യാനാവില്ല എന്നുകൂടി ചേര്‍ത്തുവെച്ചതുകൊണ്ടാണ് അതിന് ഇരട്ട കരിനിയമത്തിന്‍െറ പകിട്ട് വരുന്നത്. മാതൃരാജ്യവുമായി വലിയ അകല്‍ച്ച വരുംവിധമാണ് ഈ നിയമം അന്നാട്ടില്‍ നമ്മുടെ പട്ടാളം അടിച്ചേല്‍പിച്ചത്. അതിര്‍ത്തി സംസ്ഥാനം, തീവ്രവാദം എന്നീ രണ്ടു വാക്കുകള്‍കൊണ്ട് പ്രാദേശിക എതിര്‍പ്പുകളെ പട്ടാളത്തിന് നിഷ്പ്രയാസം നേരിടാനായി. വലിയ അകല്‍ച്ചയിലേക്കാണ് അത് നയിച്ചത്. ഇംഫാല്‍ വിമാനത്താവളമേഖലയില്‍ സമരം നടത്തിയ പത്തു പേരെ വെടിവെച്ചു കൊന്നതിനെ തുടര്‍ന്നാണ് ഇറോം സമരരംഗത്തിറങ്ങിയത്. 2000 നവംബര്‍ രണ്ടിനായിരുന്നു അത്.
42 വയസ്സിനിടയിലെ മൂന്നിലൊന്ന് കാലവും കാരാഗൃഹത്തില്‍ കഴിഞ്ഞ പെണ്‍കുട്ടി ലോകചരിത്രത്തില്‍തന്നെ ഉണ്ടാകുമോ എന്നത് സംശയമാണ്. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമൊക്കെയായിരുന്നു ഇറോം. ഈ കരിനിയമം പിന്‍വലിക്കുംവരെ നിരാഹാരം തുടരും. അമ്മയെ കാണില്ല. മുടി കെട്ടില്ല. കണ്ണാടി നോക്കില്ല... ഒരുപിടി പെരുംശപഥങ്ങളെടുത്താണ് അവര്‍ മണിപ്പൂരിയന്‍ സ്ത്രീകളുടെ വക്താവായത്. ഒന്നില്‍നിന്നും അവര്‍ പിന്നാക്കംപോയില്ല, ഈ നിമിഷംവരെ. മരണംവരെ നിരാഹാരസമരം പ്രഖ്യാപിച്ചതിന് ‘ആത്മഹത്യാശ്രമക്കുറ്റം’ ചുമത്തിയാണ് ശര്‍മിളയെ തുറുങ്കിലടച്ചത്. മിണ്ടുകയും കാണുകയും കേള്‍ക്കുകയും ചെയ്യാതെ സര്‍ക്കാര്‍ അവഗണിച്ച ഒരു സമരമാണിത്. അതുകൊണ്ടുതന്നെ പ്രത്യാശ പകരുന്നതാണ് കോടതിവിധി. ഉന്നതകോടതിയെ സമീപിക്കുമെന്ന് മണിപ്പൂര്‍ സര്‍ക്കാറും നീതി കിട്ടിയാലല്ലാതെ പോരാട്ടവഴിയില്‍നിന്ന് പിന്‍മടക്കമില്ളെന്ന് ഇറോമും പ്രഖ്യാപിച്ച സ്ഥിതിക്ക് ഈ മോചനം താല്‍ക്കാലികമാണെന്നാണ് എന്‍െറ വിശ്വാസം.
എന്തെല്ലാം പരീക്ഷണങ്ങളാണ് നമ്മുടെ സര്‍ക്കാറുകള്‍ നാട്ടില്‍ നടത്തുന്നത്. അതുപോലെ ഈ നിയമം പരീക്ഷണാടിസ്ഥാനത്തില്‍ പിന്‍വലിച്ചാലെന്താണ് സംഭവിക്കുക? എന്തെങ്കിലും സംഭവിക്കുമോ എന്ന് അറിയാനെങ്കിലും ഒരു സര്‍ക്കാര്‍ ശ്രമിക്കേണ്ടതല്ളേ? പൗരന് പരാതിപ്പെടാന്‍ അവകാശമില്ലാത്ത നിയമം ജനാധിപത്യസമൂഹത്തിന് വേണോ? പട്ടാളത്തിന്‍െറ ബ്ളാക് മെയിലിങ്ങാണ് ഇതിനു പിന്നില്‍. ഭരണകൂടം പട്ടാളത്തിന് കീഴ്പെട്ടതിന് പ്രത്യക്ഷ ഉദാഹരണമാണിത്. തീവ്രവാദി സംഘടനകള്‍ പെരുകുമെന്നാണ് മറ്റൊരു വാദം. നിയമം നടപ്പാക്കുന്നതിന് മുമ്പും പിമ്പും ഇവയുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടായോ എന്ന കാര്യത്തിലൊരു കണക്കെടുപ്പ് വേണ്ടേ? ഡല്‍ഹിയില്‍നിന്നും മറ്റുമുള്ള പത്രറിപ്പോര്‍ട്ടുകളെ വിശ്വസിച്ചാല്‍ ഈ കരിനിയമം വന്നതോടെ തീവ്രവാദി സംഘടനകളെന്ന് വിളിക്കപ്പെടുന്നവയുടെ എണ്ണം എത്രയോ മടങ്ങ് കൂടിയിട്ടുണ്ട്. ഈ നിയമം പിന്‍വലിച്ച് ഒരു സോഷ്യല്‍ ഓഡിറ്റിങ്ങിന് സര്‍ക്കാര്‍ തയാറാകണം. ഇരകളാക്കപ്പെട്ട് ജീവിക്കുന്ന ഒരു സമൂഹത്തോടുള്ള സമരസപ്പെടലാകും അത്. എത്രമാത്രം തീവ്രമായ ജീവിതസാഹചര്യങ്ങളാകും ഒരു പെണ്‍കുട്ടിയെ ഇത്രയും കഠിനമായ ഒരു സമരത്തിന് പ്രേരിപ്പിച്ചിരിക്കുക എന്ന് ചിന്തിച്ചാല്‍ മാത്രം മതി നിയമം പിന്‍വലിക്കുന്ന കാര്യം പരിശോധിക്കാന്‍.
ഗാന്ധിജിയുടെ രാജ്യത്ത് അഹിംസാസമരത്തില്‍ ഒരു കോടതി ഇടപെടല്‍ ഉണ്ടാകാന്‍ ഒരു വ്യാഴവട്ടമെടുത്തു എന്നതുതന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യമല്ളേ? എവിടെയെത്തിനില്‍ക്കുന്നു നമ്മള്‍ എന്ന് അടയാളപ്പെടുത്തുന്നതാണ് ഇത്. അന്യരാജ്യത്തെ യുദ്ധങ്ങളോട് വികാരപരമായി ഇടപെടുന്നവര്‍ നമ്മുടെ നാട്ടിലെ ഒരു പെണ്‍കുട്ടിയുടെ നല്ല നീക്കം കാണാതെ പോകുന്നത് കണ്ണില്ലാത്തതു കൊണ്ടാണെന്ന് പറയുന്നതെങ്ങനെ? സോഷ്യല്‍ മീഡിയകളിലൂടെയടക്കം ഇക്കാര്യത്തിലൊരു ശക്തമായ ഇടപെടല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. സായുധ സേനാവിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അധികാരങ്ങള്‍ പിന്‍വലിക്കുംവരെ ആ നീക്കത്തിന് ശക്തി പകരാനാകണം.
ഒരു ജനതയുടെമേല്‍ അടിച്ചേല്‍പിച്ച ബാധ്യതയാണിത്. അത് പിന്‍വലിക്കുക തന്നെ വേണം. ഉടുതുണി ഉരിഞ്ഞെറിഞ്ഞ് ഇന്ത്യന്‍ പട്ടാളത്തെ ബലാത്കാരം ചെയ്യാന്‍ ക്ഷണിച്ച് ഒരു ഡസന്‍ അമ്മമാര്‍ തെരുവിലിറങ്ങിയത് ഈ നിയമത്തെ തോല്‍പിക്കാനാണ്. സ്നേഹവും വിരോധവും കലര്‍ന്നൊരു സമീപനമാണ് കേരളത്തിന്‍െറ കാര്യത്തില്‍ മണിപ്പൂരികള്‍ക്കുള്ളത്. ആശുപത്രിയിലെ നഴ്സുമാരും അധ്യാപകരുമൊക്കെയായി മലയാളികള്‍ ഒട്ടേറെയുണ്ട്. അതാണ് സ്നേഹത്തിനു പിന്നിലെ കാര്യം. അതോടൊപ്പം, അസം റൈഫിള്‍സിലും ഒട്ടേറെ മലയാളി യുവാക്കളുണ്ട്. വിരോധത്തിന് വേറെ കാര്യം വേണ്ടല്ളോ.
തയാറാക്കിയത്: പി.വി. അരവിന്ദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.