സ്ക്വാഷ്, ഒരു കായിക ഇനമെന്ന നിലയില്‍ മലയാളികള്‍ക്ക് പരിചിതമല്ലാത്തതാണ്. കോമണ്‍വെല്‍ത്ത് മത്സരവേദിയില്‍ ആ കായിക ഇനത്തില്‍ ആദ്യമായൊരു സുവര്‍ണനേട്ടം രാജ്യം നേടിയത് ഒരു മലയാളിയിലൂടെയാണെന്നത് അഭിമാനിക്കാവുന്ന കാര്യമാകുന്നു. സ്ക്വാഷ് ഡബിള്‍സില്‍ സ്വര്‍ണം നേടിയ സഖ്യത്തിലെ ഒരാളായ ദീപിക പള്ളിക്കല്‍ ജീവിതം കൊണ്ട് തമിഴ്നാട്ടുകാരിയെങ്കിലും ജന്മം കൊണ്ട് മലയാളിയാണ്. കേരളത്തിന്‍െറ പ്രതിനിധികളായി പോയ മലയാളി താരങ്ങളൊന്നും പേരിന് പോലും മികച്ച പ്രകടനം കാഴ്ചവെക്കാതെ പോയിടത്താണ് ദീപികയുടെ പേരില്‍ മലയാളം ഗ്ളാസ്ഗോയില്‍ അഭിമാനമായത്.
അഞ്ചു തവണ ലോക ചാമ്പ്യനായിരുന്നിട്ടുള്ള തന്‍െറ കോച്ച് സാറ ഫിറ്റ്സ് ജറാള്‍ഡിനെയാണ് ജീവിതത്തില്‍ ഏറ്റവും വലിയ പ്രചോദനമായി ദീപിക കാണുന്നത്. 2006 ലാണ് പ്രഫഷനല്‍ സ്ക്വാഷ് താരമായി ദീപിക ചുവടുവെച്ചു തുടങ്ങിയത്. ആദ്യ കാലഘട്ടത്തില്‍ കയറിയും ഇറങ്ങിയും നിന്ന കരിയറില്‍ നിന്ന് വളര്‍ന്ന് ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരമായി മാറുന്നതിന് അധികകാലം കാത്തിരിക്കേണ്ടി വന്നില്ല. യൂറോപ്യന്‍ ജൂനിയര്‍ സ്ക്വാഷ് സര്‍ക്യൂട്ടില്‍ ജര്‍മ്മന്‍ ഓപണ്‍, ഡച്ച് ഓപണ്‍, ഫ്രഞ്ച് ഓപണ്‍, ആസ്ട്രേലിയന്‍ ഓപണ്‍, സ്കോട്ടിഷ് ഓപണ്‍ എന്നിവയില്‍ ജേതാവായിരുന്നു. എന്നാല്‍, ജൂനിയര്‍ ലെവലില്‍ ഒരു ലോക കിരീടം നേടാന്‍ കഴിയാതെപോയത് ഇന്നും ദീപികയുടെ സ്വകാര്യ ദു:ഖങ്ങളിലൊന്നാണ്. വിമന്‍സ് ഇന്‍റര്‍നാഷനല്‍ സ്ക്വാഷ് പ്ളെയേഴ്സ് അസോസിയേഷന്‍െറ മൂന്നു കിരീടങ്ങളാണ് ദീപിക ഈ കാലയളവില്‍ സ്വന്തമാക്കിയത്. 2011 ലോക ഓപണില്‍ ക്വാര്‍ട്ടര്‍ വരെയെത്തിയ പ്രകടനമാണ് ദീപികയെ ശ്രദ്ധേയയാക്കിയത്. ലോക റാങ്കിങ്ങില്‍ 20നുള്ളിലും പിന്നീട് 10 നുള്ളിലും എത്തിയ ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം ഈ മലയാളിക്ക് സ്വന്തം. ഇപ്പോള്‍ ലോക പത്താം നമ്പറാണ് ദീപിക. ആകെ ഏഴു കിരീടങ്ങളാണ് കരിയറില്‍ ഇതുവരെയുള്ള നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.