സേതു ഇന്ന് ഡോക്ടറാണ്; തിരക്കേറിയ പ്രകൃതിചികിത്സാചാര്യന്‍

ആലപ്പുഴ: ജീവിതചര്യകളെ പ്രകൃതിയുമായി കൂട്ടിയിണക്കുന്ന ഉപാസകനും ചികിത്സാചാര്യനുമാണ് ഇന്ന് സേതു. പ്രകൃതിചികിത്സകര്‍ക്കിടയില്‍ ഡോ. കെ. സേതു രണ്ടുപതിറ്റാണ്ടത്തെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയത് നിഷ്കാമകര്‍മത്തിനുള്ള ആദരവ്. കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറായും അതിനുമുമ്പ് നാട്ടില്‍ വഴക്കിനും വക്കാണത്തിനും നടന്ന പാര്‍ട്ടിക്കാരനുമൊക്കെയായ സേതു ഡോ. സേതുവായത് വിസ്മയകരമായ നിശ്ചയദാര്‍ഢ്യത്തിലൂടെ നേടിയ പ്രവൃത്തികള്‍കൊണ്ടാണ്. ഹിംസയുടെയും ക്ഷോഭത്തിന്‍െറയും വഴികളില്‍നിന്ന് സേതുവിനെ ഈ രംഗത്തേക്ക് നയിച്ചത് പ്രകൃതിചികിത്സാചാര്യനായ സി.ആര്‍.ആര്‍. വര്‍മയായിരുന്നു.
തന്‍െറ ജീവിതം മൂന്ന് ഘട്ടങ്ങളിലായാണ് നില്‍ക്കുന്നതെന്ന് വാടക്കല്‍ അഷ്ടപതിയില്‍ കെ. സേതു എന്ന 62കാരന്‍ പറയുന്നു. സി.പി.ഐയുടെ ഉശിരന്‍ പ്രവര്‍ത്തകനായി സമൂഹത്തില്‍ എന്തിനും തയാറായി നിന്ന കൗമാരയൗവനകാലം. അക്കാലത്താണ് സേതു സി.പി.ഐ നേതാവായിരുന്ന ടി.വി. തോമസുമായി പരിചയപ്പെടുന്നത്. ടി.വിയുടെ പേഴ്സനല്‍ ഡ്രൈവറായി ആ ബന്ധം മാറി. പിന്നീട് കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറായി ജോലി. ഇതിനിടെ കരാട്ടെയില്‍ ബ്ളാക്ബെല്‍റ്റ്, കുങ്ഫുവില്‍ ബ്രൗണ്‍, കളരി തുടങ്ങിയ ആയോധനമുറകള്‍ പഠിച്ചു. ജീവിതം വളയംപിടിക്കുന്ന കൈകള്‍പോലെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരുന്നു. ലക്ഷ്യമില്ലാത്ത യാത്ര. അതിനിടെയാണ് 1980ല്‍ സി.ആര്‍.ആര്‍. വര്‍മയെ പരിചയപ്പെടുന്നത്. അത് തന്‍െറ ജീവിതത്തെ മാറ്റിമറിച്ചതായി സേതു ഓര്‍ക്കുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ ഡബ്ള്‍ഡ്യൂട്ടി ചെയ്ത് അതിലൂടെ ലാഭിക്കുന്ന ദിവസങ്ങള്‍ തന്‍െറ ആചാര്യനുമൊത്ത് കഴിയാന്‍ സേതു വിനിയോഗിച്ചു. ഗുരുശിഷ്യ ബന്ധംപോലെ അത് വളര്‍ന്നു. ഗുരുമുഖത്തുനിന്നുള്ള പഠനമായി മാറി. പ്രകൃതിചികിത്സയുടെ എല്ലാ വശങ്ങളും ഗുരു ശിഷ്യന് പറഞ്ഞുകൊടുത്തു. ആ അറിവുകള്‍ മാത്രമല്ല, ജീവിതത്തെ നിര്‍മലമായി നയിക്കുന്നതിനുവേണ്ട ഉപദേശങ്ങളും. സേതു എന്ന മനുഷ്യനെ ആ ബന്ധം അഹിംസയുടെയും പ്രകൃതിസ്നേഹത്തിന്‍െറയും ഉപാസകനാക്കി. ഭൂതകാലത്തിന്‍െറ ജീര്‍ണതകളെ പൂര്‍ണമായും തള്ളി. 15 വര്‍ഷത്തോളം സി.ആര്‍.ആര്‍. വര്‍മയുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചു. ’90കളില്‍ തന്നെ പ്രകൃതിചികിത്സയുമായി ബന്ധപ്പെട്ട് പ്രഭാഷണങ്ങളിലും ചികിത്സയിലും മുഴുകി. 29 വര്‍ഷത്തെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ജോലിയില്‍നിന്ന് 2006ല്‍ വിരമിച്ചപ്പോള്‍ സേതു ഡോ. സേതുവായി മാറി. ദല്‍ഹിയിലെ ഓള്‍ ഇന്ത്യ നേച്ചര്‍ ക്യുവര്‍ ഫെഡറേഷനില്‍നിന്ന് സേതു നാച്യുറോപ്പതിയില്‍ ഡിപ്ളോമ നേടി. ’96ല്‍ പശ്ചിമബംഗാള്‍ ഗവണ്‍മെന്‍റിന്‍െറ ഇന്ത്യന്‍ ബോര്‍ഡ് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ വിഭാഗവും സേതുവിന് സര്‍ട്ടിഫിക്കറ്റ് നല്‍കി. കൂടാതെ, അമേരിക്കയിലെ ഒരു സംഘടന ഇന്‍റലക്ച്വല്‍ അവാര്‍ഡ്  നല്‍കി ആദരിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മാസന്തോറും നടത്തുന്ന പ്രകൃതിചികിത്സാ ക്യാമ്പുകളിലെ പ്രധാന സാന്നിധ്യമാണ് സേതു. ഒരിക്കല്‍പോലും ചികിത്സയുടെ പേരില്‍ പണം വാങ്ങിയിട്ടില്ല. ഇനിയും അത് ചെയ്യില്ല. പണം വാങ്ങിയുള്ള ചികിത്സ പ്രകൃതിചികിത്സകന് ചേര്‍ന്നതല്ലെന്നാണ് സേതുവിന്‍െറ മതം. മനസ്സിനെ ഏകാഗ്രതയില്‍ നിലനിര്‍ത്താനും എല്ലാ ദുശ്ശീലങ്ങളും ഉപേക്ഷിച്ച് സസ്യഭക്ഷണ രീതിയിലൂടെ മുന്നോട്ടുപോകാനും കഴിഞ്ഞാല്‍ അസുഖങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.
എം.ജി സര്‍വകലാശാല നാച്വര്‍ ക്യുവര്‍ വിഷയം പഠിച്ചവര്‍ക്കുവേണ്ടിയുള്ള വൈവ നടത്തുമ്പോള്‍ അവിടെ അധ്യാപകന്‍െറ റോളിലും എത്തിയിട്ടുണ്ടെന്ന് സേതു പറഞ്ഞു. അതൊക്കെ തനിക്ക് ലഭിക്കുന്ന അംഗീകാരമായി അദ്ദേഹം കരുതുന്നു. എല്ലാ രോഗങ്ങളുടെയും മൂലകാരണം ആഹാരരീതിയാണ്. അതില്‍ നിയന്ത്രണമുണ്ടായാല്‍ പല അസുഖങ്ങളും മാറ്റാന്‍ കഴിയും. കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറായിരുന്നപ്പോള്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്നു.
ഇപ്പോള്‍ കേരള പ്രകൃതിജീവന ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിങ് ട്രാന്‍സ്സാക്ഷനല്‍ അനാലിസിസ് കോഓഡിനേറ്റര്‍, കേരള വിപശ്ശന സമിതി മാനേജിങ് ട്രസ്റ്റി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. കെ.എസ്.ഡി.പിയില്‍നിന്ന് വിരമിച്ച ശാന്തകുമാരിയാണ് ഭാര്യ. ബാങ്ക് ഉദ്യോഗസ്ഥനായ ബിനോബ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറായ ബിമല്‍ എന്നിവരാണ് മക്കള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.