19 വര്‍ഷം മുമ്പാണ് സംഭവം. കൃത്യമായി പറഞ്ഞാല്‍, 1995 ജൂലൈ 19 പാതിരാത്രിക്ക്. കട്ടകുത്തിയ ഇരുട്ടിലേക്ക് തുള്ളിക്കൊരു കുടംകണക്കെ കലിതുള്ളിപ്പെയ്യുന്ന കര്‍ക്കടകം. തൊലിപ്പുറത്തേക്ക് തുളച്ചിറങ്ങുന്ന തണുപ്പ്. വാരിച്ചുറ്റിയ പുതപ്പിനുള്ളില്‍ നാട് സുഖസുഷുപ്തിയിലായിരുന്നു. ഒറ്റമുറിയുള്ള ഓലമേഞ്ഞ വീട്ടില്‍ രണ്ട് ചേട്ടന്മാരോടും കൊച്ചനിയത്തിയോടുമൊപ്പം ശ്രീജയും തണുപ്പ് പുതച്ച് കിടന്നു; വരാന്തയില്‍ അവളുടെ അച്ഛനുമമ്മയും.
പതിവുപോലെ ഒരു തണുപ്പന്‍ പ്രഭാതത്തിലേക്ക് ആ കൊച്ചുഗ്രാമത്തോടൊപ്പം അവരും എഴുന്നേല്‍ക്കേണ്ടതായിരുന്നു. പക്ഷേ...
ശ്രീജയുടെ ബാല്യം;ബിന്ദുവിന്‍െറയും
കാസര്‍കോട് ചെമ്മനാട്ടെ അണിഞ്ഞ എന്ന ഗ്രാമത്തിലെ കമ്മട്ട കുമാരന്‍ നായരുടെയും മീനാക്ഷിയമ്മയുടെയും മകളാണ് ശ്രീജ. ഓലമേഞ്ഞ കൊച്ചു വീടായിരുന്നു അവളുടേത്. മുറ്റത്ത് പിച്ചവെച്ചു നടക്കുമ്പോള്‍ കൈപിടിക്കാന്‍ രണ്ട് ഏട്ടന്മാരുണ്ടായിരുന്നു അവള്‍ക്ക്. പവിത്രനും തുളസീധരനും. അധികം വൈകാതെ അവള്‍ക്ക് കളിക്കൂട്ടായി കൊച്ചനിയത്തി കൂടിയെത്തി. ബിന്ദു എന്നായിരുന്നു അവളുടെ പേര്. വീടിനടുത്ത് പരന്നു കിടക്കുന്ന നെല്‍പാടങ്ങളുണ്ടായിരുന്നു. വീട്ടുമുറ്റത്ത് വലിയൊരു ചക്കരമാവും. ചക്കരമാവിന്‍ചോട്ടില്‍ ഊഞ്ഞാലാടിയും മണ്ണപ്പം ചുട്ടുകളിച്ചും അവരുടെ ബാല്യം വളര്‍ന്നു. മഴയത്ത് നനഞ്ഞ പാടവരമ്പത്തൂടെ കളിച്ചുനടന്നു. മീനവെയില്‍ തളരുമ്പോള്‍, കൊയ്ത്തുകഴിഞ്ഞ പാടത്തൂടെ അവര്‍ ആഹ്ളാദിച്ചോടി.
വലുതാകുമ്പോള്‍, അവരുടെയും ഓര്‍മകളില്‍ ഗൃഹാതുരതയോടെ ആ കുട്ടിക്കാലം ഓടിയണയേണ്ടതായിരുന്നു. പക്ഷേ...
കര്‍ക്കടകം ബാക്കിവെച്ച ജീവിതം
തകര്‍ത്തുപെയ്യുന്ന മഴയും നിറഞ്ഞൊഴുകുന്ന തോടും പുഴയും മരം പെയ്യുന്ന ഇടവഴികളും നമ്മുടെയൊക്കെ സുന്ദരമായ അനുഭവമാണെങ്കില്‍, ശ്രീജക്ക് അതൊരു ദുരന്തസ്മരണയാണ്. ജീവിതത്തില്‍ ഒരൊറ്റ രാത്രികൊണ്ട് ഭൂമിയിലൊറ്റക്കായിപ്പോയ പതിനാലുകാരി പെണ്‍കുട്ടിയുടെ ഓര്‍മ!
1995ലെ ജൂലൈ മാസം. കര്‍ക്കടകം കനത്തു കിടപ്പായിരുന്നു. കണ്ണൂരിലും മറ്റും ചുഴലിക്കാറ്റടിച്ചിരുന്നു. ഏറെ നാശനഷ്ടങ്ങളുമുണ്ടായി. കാസര്‍കോട് മഴ തിമിര്‍ത്തുപെയ്തുകൊണ്ടിരുന്നു. പതിവുപോലെ 19ന് രാത്രിയിലും ഓലമേഞ്ഞ വീട്ടിലെ വരാന്തയില്‍ ശ്രീജയുടെ അച്ഛനുമമ്മയും കിടന്നു. അകത്തെ മുറിയില്‍ രണ്ട് ഏട്ടന്മാര്‍ കട്ടിലിലും അനുജത്തിയോടൊപ്പം പായയില്‍ ശ്രീജയും.
പുരക്ക് പുറത്ത് മണ്ണ് വെള്ളം കുടിച്ച് കിടക്കുകയായിരുന്നു. കുതിര്‍ന്ന മണ്ണിന് ചക്കരമാവിനെ താങ്ങിനിര്‍ത്താനായില്ല. കടപുഴകി മാവ് വീണത് സ്വപ്നങ്ങളുറങ്ങുകയായിരുന്ന ആ കൊച്ചുകുടിലിന് മുകളിലേക്കായിരുന്നു.
പിറ്റേദിവസം അണിഞ്ഞ എന്ന ഗ്രാമം, ‘വീടിനു മുകളില്‍ മാവ് വീണ് ആറുപേരും മരിച്ചു’ എന്ന വാര്‍ത്ത കേട്ടാണുണര്‍ന്നത്. വീടിന്‍െറ അവശിഷ്ടങ്ങള്‍ വാരിക്കൂട്ടുന്നതിനിടയില്‍ പൂര്‍ണമായും തകര്‍ന്ന കിടപ്പുമുറിയിലെ കട്ടിലിനടിയില്‍നിന്ന് ആരോ ഒരാള്‍ ഒരനക്കംകേട്ടു. ശ്രീജയാണ്. ജീവന്‍െറ നേരിയ താളം മാത്രംബാക്കിയായ ആ കുഞ്ഞു ശരീരം വാരിയെടുത്ത് നാട്ടുകാര്‍ ആശുപത്രിയിലേക്കോടി.
സ്നേഹത്തോടെ വാരിപ്പുണര്‍ന്നിരുന്ന അച്ഛനുമമ്മയും മൂന്ന് സഹോദരങ്ങളും ചിതയിലാളിയമരുമ്പോള്‍ ഒന്നുമറിയാതെ അവള്‍ കിടക്കുകയായിരുന്നു; ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍...
ഒരേയൊരു ദത്തുപുത്രി
ആഴ്ചകളോളം നീണ്ട ചികിത്സക്കൊടുവിലാണ് ശ്രീജ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇന്നുവരെ കേരളം കണ്ടിട്ടില്ലാത്ത രീതിയിലൊരു ഭരണകൂട കൂട്ടായ്മ അന്ന് അവള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ശ്രീജയെ സര്‍ക്കാര്‍ ദത്തുപുത്രിയായി ഏറ്റെടുത്തു. അന്നത്തെ ജില്ലാ കലക്ടര്‍ മാരി പാണ്ഡ്യനായിരുന്നു അതിന് നേതൃത്വം നല്‍കിയത്. പി. രാഘവന്‍ എം.എല്‍.എ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചതിനെ തുടര്‍ന്ന് അന്നത്തെ റവന്യൂ മന്ത്രി കെ.എം. മാണിയാണ് ശ്രീജയെ ദത്തുപുത്രിയായി പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന സി.ടി. അഹമ്മദലിയും ഇന്നത്തെ ഹോസ്ദുര്‍ഗ് എം.എല്‍.എ ഇ. ചന്ദ്രശേഖരനും ഇതിനായി പ്രവര്‍ത്തിച്ചു. കേരളത്തിലെ ഒരേയൊരു സര്‍ക്കാര്‍ ദത്തുപുത്രിയാണ് ശ്രീജ.
അന്ന് പരവനടുക്കം ചെമ്മനാട് ഗവ. ഹൈസ്കൂളിലെ (ഇന്നത്തെ ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍) 10ാംക്ളാസുകാരിയായ ശ്രീജ പിന്നീട് ഒരുവര്‍ഷം അമ്മയുടെ സഹോദരിമാരായ ലക്ഷ്മിയുടെയും കാര്‍ത്യായനിയുടെയും കൂടെ താമസിച്ചു. ആ സമയത്ത് ദത്തുപുത്രിക്കുവേണ്ടി സര്‍ക്കാര്‍ 49 സെന്‍റില്‍ പൊയിനാച്ചി തെക്കില്‍പറമ്പില്‍ ദേശീയപാതയോരത്ത് ഒരു കൊച്ചുവീടും പണിതുനല്‍കി. ചേച്ചി സുലോചനയുടെയും ഭര്‍ത്താവ് സതീശന്‍െറയും കൂടെ ഈ വീട്ടില്‍ താമസമാക്കിയ ശ്രീജക്ക് 10ാം ക്ളാസ് പാസായതോടെ സര്‍ക്കാര്‍ കാസര്‍കോട് കലക്ടറേറ്റില്‍ എല്‍.ഡി ക്ളര്‍ക്കായി ജോലിയും നല്‍കി.
’99ലായിരുന്നു ശ്രീജയുടെ ജീവിതത്തിലേക്ക് മണവാളനെത്തുന്നത്. അന്നത്തെ കാസര്‍കോട് ഡി.പി.ഇ.പി ട്രെയ്നറും ഇപ്പോള്‍ എടന്നീര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനുമായ സി.പി.വി. വിനോദ്കുമാറായിരുന്നു അവളുടെ കൈപിടിക്കാനെത്തിയത്. സര്‍ക്കാര്‍ നല്‍കിയ വീടായ ‘ശ്രീജ നിവാസി’ല്‍ നടന്ന വിവാഹച്ചടങ്ങിലേക്ക് ജില്ലാകലക്ടറും മന്ത്രിമാരും എം.എല്‍.എമാരുമടക്കം നിരവധിപേര്‍ കുടുംബസമേതമെത്തി.
ഇന്ന് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസില്‍ എല്‍.ഡി ക്ളര്‍ക്കായി ജോലിചെയ്യുന്ന ശ്രീജ കാഞ്ഞങ്ങാട് സൗത്തിലെ കൊവ്വല്‍ സ്റ്റോറിനടുത്തുള്ള ‘അച്യുതം’ വീട്ടിലാണ് ഭര്‍ത്താവിനൊപ്പം താമസം. മക്കളായ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എട്ടാംക്ളാസ് വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മിയും മേലാങ്കോട് എ.സി. കണ്ണന്‍ നായര്‍ ജി.യു.പി സ്കൂളിലെ അഞ്ചാംക്ളാസുകാരി മീനാക്ഷിയും ഇവരുടെ സന്തോഷത്തിന് കൂട്ടായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.