ചാരുകസേരയിൽ കാലും നീട്ടിയിരിക്കുന്ന സുഖമുണ്ട് ഞായറാഴ്ച ഒാർമകൾക്ക്. ആലസ്യത്തിെൻറ പുതപ്പണിഞ്ഞ എത്രയെത്ര ഞായറാഴ്ചപ്പുലരികൾ... രണ്ട് ഞായറാഴ്ചകൾ ജീവിതത്തിെൻറ ഗതിമാറ്റിയ ആഷ്ല റാണിയെന്ന പെൺകുട്ടിയാണിന്ന് നമുക്ക് മുന്നിൽ. ചാരുകസേരയിലല്ല, ചക്ര കസേരയിലാണ് അവളിരിക്കുന്നത്. പക്ഷേ, ഇരുകാലുകളും കവർന്നെടുത്ത ഒരു ഞായറാഴ്ചക്ക് ഇച്ഛാശക്തിയും കരുണയും കൊണ്ട് മറുപടി കൊടുത്തപ്പോൾ മറ്റൊരു ഞായർ അവൾക്ക് ശലഭച്ചിറകുകളേകി. അങ്ങനെ അവൾ കാലുകൊണ്ട് നമുക്കെത്താനാവാത്ത ദൂരങ്ങളിലേക്ക് പാതിതളർന്ന ഉടലുമായി പറന്നെത്തുന്നു, വേദനിക്കുന്നവർക്ക് സാന്ത്വന സ്പർശമേകുന്നു.
തിരുവനന്തപുരത്തെ അരുമന ആശുപത്രിയുടെ രണ്ടാം നിലയിലേക്കുള്ള ഗോവണി കയറി ഇടത്തോട്ട് തിരിഞ്ഞാൽ വലത്തേ മുറിയിൽ ആഷ് ലയുടെ പുഞ്ചിരി തൂകുന്ന മുഖം കാണാം. ഇന്ത്യയിലെ സാന്ത്വന പരിചരണത്തിെൻറ പിതാവെന്നറിയപ്പെടുന്ന ഡോ. എം.ആർ. രാജഗോപാലിെൻറ ഒാഫിസ് മുറിയാണിത്. രോഗശമനത്തിനപ്പുറത്തേക്ക് പരിചരണത്തിെൻറ കരംനീട്ടിയ പാലിയം ഇന്ത്യയുടെ ആസ്ഥാനം. ജീവിതത്തിലെ ആകസ്മിക തിരിവുകളിൽ വീണുപോയിട്ടും ആത്മവിശ്വാസവും കൊണ്ട് ജീവിതത്തിെൻറ രണ്ടാംനില കയറി ഇവിടെയെത്തിയ ആഷ്ലക്ക് ചിലത് പറയാനുണ്ട്. ജീവിതയാത്രയിൽ കാലിടറി വീണ സഹജീവിയുടെ കൈ പിടിക്കാൻ ആളു കുറയുന്ന കാലത്ത് അനുകമ്പയുടെ ചെറുവിരൽ നീട്ടാനെങ്കിലും അത് ഉപകരിച്ചെങ്കിലോ...
ബ്ലാക്ക് സൺഡേ
മുറിയിലേക്ക് കടക്കുമ്പോൾ ഇരു കൈപ്പത്തികളും കൊണ്ട് മൊബൈൽ മുഖത്തോട് ചേർത്തുപിടിച്ച് വിരൽമടക്കുകൾ കൊണ്ട് എസ്.എം.എസ് ടൈപ് ചെയ്തു കൊണ്ടിരിക്കുകയാണ് ആഷ്ല. സഹായം തേടിയും വിവരങ്ങൾ അറിയാനും ഡോ. രാജഗാപാലിനെ അന്വേഷിച്ചും രണ്ട് മൊബൈലുകളിലേക്ക് നിരന്തരം കാളുകൾ വരുന്നുണ്ട്. എല്ലാവരോടും പുഞ്ചിരിയോടെ മറുപടിപറഞ്ഞ് ഫോൺ സൈലൻറ് മോഡിലാക്കി സംസാരിക്കാനിരുന്നു. രണ്ട് കാലുകളിൽ നിവർന്നുനിന്ന 28 വർഷങ്ങൾക്ക് സഡൻ ബ്രേക്ക് വീണ ആ രാത്രിയെക്കുറിച്ച് പറയുമ്പോൾ ആഷ്ലയുടെ നട്ടെല്ലിലൂടെ ഒരു മിന്നൽ പായും... ഇരുട്ടിൽ കുതിച്ചുപായുന്ന ചെന്നൈ എക്സ്പ്രസിെൻറ ശബ്ദം ചെവിയിൽ നിറയും. കണ്ണൂരിലെ ഇരിട്ടിയാണ് ആഷ്ലയുടെ ദേശം. എയർഫോഴ്സിൽനിന്ന് വിരമിച്ച കല്യാടൻ ഹൗസിലെ കുഞ്ഞികൃഷ്ണെൻറയും ജാനകിയുടെയും രണ്ടാമത്തെ മകൾ. ആഷ്ലക്ക് ഏഴ് വയസ്സുള്ളപ്പോൾ അച്ഛൻ മരണപ്പെട്ടു. പിന്നീട് അമ്മയും ചേച്ചി അൽഷയുമായിരുന്നു ആഷ് ലയുടെ ലോകം. അച്ഛ െൻറ പെൻഷനും കാർഷിക വരുമാനവും കൊണ്ട് ആ അമ്മ രണ്ട് മക്കളെയും പഠിപ്പിച്ചു. പഠനത്തിൽ മിടുക്കിയായിരുന്ന ആഷ് ല ബി. എസ് സി കമ്പ്യൂട്ടർ സയൻസ് പഠനം കഴിഞ്ഞ് കോയമ്പത്തൂർ എട്ടിമടൈയിലെ അമൃത വിശ്വവിദ്യാ പീഠത്തിൽ എം.സി.എക്ക് ചേർന്നു. 2006ൽ അവിടെ നിന്ന് കോഴ്സ് കഴിയുമ്പോഴേക്ക് കാമ്പസ് സെലക്ഷൻ വഴി ജോലിയും കിട്ടി. ചെന്നൈയിലെ സ്റ്റെറിയ എന്ന ഫ്രഞ്ച് െഎ.ടി കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായി. ജീവിതം ഒരു താളം കണ്ടെത്തിയ നേരം. പക്ഷേ, വിധി ആഷ്ലക്കായി കാത്തുവെച്ചത് മറ്റൊന്നായിരുന്നു.
2010 ആഗസ്റ്റ് ഒന്ന് ഞായർ. മാസാന്ത്യ അവധി കഴിഞ്ഞ് പതിവുപോലെ വീട്ടിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു അന്ന് ആഷ്ല. വൈകീട്ട് ആറരക്കാണ് കണ്ണൂരിൽനിന്ന് ചെന്നൈ എക്സ്പ്രസിൽ കയറുന്നത്. പിറ്റേന്ന് ഉച്ചയോടെ ചെന്നൈയിലെത്തുന്ന വണ്ടി ഇരുട്ടിലൂടെ കുതിച്ചുപായുകയാണ്. യാത്രക്കാരെല്ലാവരും ഭക്ഷണം കഴിച്ച് ഉറക്കത്തിനുള്ള തയാറെടുപ്പിലാണ്. വണ്ടി അപ്പോൾ പട്ടാമ്പിക്കടുത്തെത്തിയിരുന്നു. അമ്മ കൊടുത്തയച്ച പൊതിച്ചോർ കഴിച്ച് ഇല പുറത്തേക്ക് കളയാൻ ഞാൻ ട്രെയിനിെൻറ വാതിലിനടുത്തെത്തിയതായിരുന്നു. പെട്ടെന്ന് കാറ്റിൽ ട്രെയിനിെൻറ വാതിൽ ശക്തിയായി വന്ന് പുറത്തിടിച്ചു. പറക്കുന്ന പോലൊരു തോന്നൽ, അത്രയേ ആ ദിവസത്തെക്കുറിച്ച് എെൻറ ഒാർമയിലുള്ളൂ. രണ്ട് ദിവസം കഴിഞ്ഞ് ബോധമുണരുമ്പോൾ ശരീരം നുറുങ്ങുന്ന വേദനയുമായി തൃശൂർ അമല ഹോസ്പിറ്റലിലെ െഎ.സി.യുവിലാണ് ഞാൻ.
അപകടത്തെക്കുറിച്ച് പിന്നീട് എല്ലാം മറ്റുള്ളവർ പറഞ്ഞ് അറിഞ്ഞതാണെന്ന് ആഷ്ല. വണ്ടിയിൽ നിന്ന് ഒരാൾ വീണെന്ന് മനസ്സിലായതോടെ ആരോ ചങ്ങല വലിച്ചു. ട്രെയിൻ ഇരുട്ടിൽനിന്നു. യാത്രക്കാരും ജീവനക്കാരും ചേർന്ന് ട്രാക്കിലാകെ പരതിയെങ്കിലും ആരെയും കണ്ടില്ല. അന്ന് ഏഷ്യാനറ്റ് െഎഡിയ സ്റ്റാർ സിംഗർ പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ നടക്കുന്ന സമയമാണ്. പട്ടാമ്പിക്കടുത്തുള്ള ആ ഗ്രാമത്തിൽ വലിയ സ്ക്രീനിൽ പ്രദർശനമുണ്ടായിരുന്നു. ട്രാക്കിൽ ആരെയും കണ്ടെത്താനാവാതെ ട്രെയിൻ യാത്ര തുടർന്നപ്പോൾ പരിപാടി കാണാൻ അവിടെക്കൂടിയ നാട്ടുകാരാണ് തിരച്ചിൽ തുടർന്നത്. ഒടുവിൽ രാത്രി വൈകിയാണ് ട്രാക്കിനരികിലെ കുറ്റിക്കാട്ടിൽ വീണുകിടക്കുന്ന ആഷ്ലയെ കണ്ടെത്തിയത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ആഷ്ലയെ അവർ ചുമന്നും പിന്നീട് ഒാട്ടോയിൽ കയറ്റിയും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ അവിടെനിന്ന് തൃശൂർ അമലയിലേക്കും.
കഴുത്തിൽ സുഷുമ്ന നാഡിക്ക് ഗുരുതരമായി പരിക്കേറ്റ ആഷ്ലയുടെ അരക്ക് കീഴ്പ്പോട്ട് തളർന്നുപോയി. കൈവിരലുകൾക്ക് ചലനശേഷി നഷ്ടമായി. സി 5 സി 6 കശേരുക്കൾക്ക് ഇടയിലായിരുന്നു പരിക്കെന്ന് ആഷ്ല. അടിയന്തര ശസ്ത്രക്രിയയും തുടർചികിത്സയും കഴിഞ്ഞ് ഒരുമാസത്തിന് ശേഷം അമലയിൽനിന്ന് പുറത്തിറങ്ങുമ്പോഴും തനിക്ക് ഇനി ഒരിക്കലും എഴുന്നേറ്റ് നിൽക്കാനാവില്ലെന്ന് ആഷ്ലക്ക് അറിയില്ലായിരുന്നു. ‘‘ഡോക്ടർമാരോ ബന്ധുക്കളോ അന്നത് പറയാതിരുന്നത് ഒരുതരത്തിൽ നന്നായെന്ന് ഇന്ന് തോന്നുന്നു. കുറേക്കാലം ഫിസിയോ തെറപ്പി ചെയ്യണമെന്ന് മാത്രമേ അറിയുമായിരുന്നുള്ളൂ. പിന്നീടുള്ള നാലുവർഷം ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്കുള്ള ഒാട്ടമായിരുന്നു. ഫിസിയോതെറപ്പിയും ആയുർവേദ ചികിത്സയുമൊക്കെയായി എറണാകുളത്ത് അമൃതയിലും വെല്ലൂരിലും കോട്ടക്കൽ ആര്യവൈദ്യശാലയിലുമൊക്കെയായി. അതിനിടെ തളർന്ന കൈകൊണ്ട് കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനും പേന പിടിച്ച് എഴുതാനും അത്യാവശ്യ കാര്യങ്ങൾ സ്വയം ചെയ്യാനുമൊക്കെ പഠിച്ചു. എല്ലാത്തിനും കൂടെ അമ്മയായിരുന്നു. ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കി. ആഷ്ല ജോലി ചെയ്തിരുന്ന കമ്പനിയും നല്ല രീതിയിൽ സഹായിച്ചു. പക്ഷേ, വീൽചെയർ ജീവിതത്തിൽ ഒരു സഹായി സദാ കൂടെയില്ലാതെ പറ്റില്ലെന്ന് മെല്ലെ ആഷ്ല തിരിച്ചറിഞ്ഞു.
ബ്രൈറ്റ് സൺഡേ
2014 ൽ എറണാകുളം ലൈഫ് കെയർ റീഹാബിലിറ്റേഷൻ സെൻററിൽ ചികിത്സയിലാണ് അന്ന് ആഷ്ല. ശരീരത്തിനും മനസ്സിനുമേറ്റ ആഘാതത്തിനൊപ്പം ചികിത്സ ചെലവും അപ്പോഴേക്കും ബുദ്ധിമുട്ടിച്ചു തുടങ്ങി. അങ്ങനെയാണ് ജോലി ചെയ്തിരുന്ന കമ്പനിയിൽ ബന്ധപ്പെടുന്നത്. അപകടത്തിൽ കൂടെ നിന്ന കമ്പനി വർക്ക് ഫ്രം ഹോം അവസരം നൽകി. ആശുപത്രിയിലിരിക്കെത്തന്നെ അങ്ങനെ വീണ്ടും ജോലി ചെയ്തു തുടങ്ങി. എന്നാൽ, നാടായ ഇരിട്ടിയിലേക്കുള്ള മടക്കം ചിന്തിക്കാനാവില്ലായിരുന്നു. ഗ്രാമത്തിലെ വീട്ടിലിരുന്ന് ഇൻറർെനറ്റ് വഴി ജോലി ചെയ്യാനോ ഫിസിയോതെറപ്പി സഹായം തേടാനോ മാർഗമില്ലായിരുന്നു. തന്നെ സഹായിക്കാൻ കഴിയുന്ന, തനിക്ക് തിരിച്ചെന്തെങ്കിലും സഹായം ചെയ്യാൻ കഴിയുന്ന ഒരു സംവിധാനത്തെക്കുറിച്ചായി അവരുടെ ചിന്ത. അങ്ങനെയിരിക്കെയാണ് തന്നെപ്പോലെ പാരാപ്ലീജിക്കായ രോഗികൾക്കായി സാമൂഹിക നീതിവകുപ്പും പാലിയം ഇന്ത്യയും ചേർന്ന് ഒരു പദ്ധതി തുടങ്ങുന്ന കൊച്ചുവാർത്ത ആഷ്ലയുടെ ശ്രദ്ധയിൽപ്പെടുന്നത്. നെറ്റിൽ സെർച് ചെയ്ത് പാലിയം ഇന്ത്യ ചെയർമാൻ ഡോ. എം.ആർ. രാജഗോപാലിെൻറ മെയിൽ െഎ.ഡി കണ്ടെത്തി. ഫുൾടൈം വളൻറിയർ ആകാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് അന്നുതന്നെ ഒരു മെയിൽ അയച്ചു. രണ്ട് മണിക്കൂറിനുള്ളിൽ ഡോക്ടർ തിരിച്ചുവിളിച്ചു. ആത്മവിശ്വാസവും സാന്ത്വനവുമേകി. ഇന്ത്യയിലും പുറത്തുമൊക്കെയായി നിരന്തരം യാത്ര ചെയ്യേണ്ടി വരുന്നതിനാൽ ഒാഫിസിൽ ഒരു സഹായിയെ ഡോക്ടർ തേടുന്ന സമയമായിരുന്നു അത്. അസിസ്റ്റ് ചെയ്യാൻ സമ്മതമാണെങ്കിൽ പോന്നോളൂ എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആഷ്ലക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല.
പാലിയം ഇന്ത്യയിലെ ഡോക്്ടർമാർ എറണാകുളത്തെത്തി ആഷ്ലയുടെ ഫിസിയോതെറപ്പി ആവശ്യങ്ങൾ മനസ്സിലാക്കി. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. പാലിയം ഇന്ത്യ ഒാഫിസിൽ ആഷ്ലക്കായി പ്രത്യേകം മുറി ഒരുക്കി. വീൽചെയർ കയറാൻ പാകത്തിൽ വാതിൽ വലുതാക്കി. അടുക്കളയും ബാത്ത് റൂമും ഒരുക്കി. സ്വിച്ചുകൾ ൈകയെത്തുന്ന പാകത്തിലാക്കി. രണ്ട് മാസം കൊണ്ട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 2014 സെപ്റ്റംബർ 28. മറ്റൊരു ഞായർ. അന്നാണ് ആഷ്ല എറണാകുളത്തുനിന്ന് തിരുവനന്തപുരത്തെ പാലിയം ഇന്ത്യ ആസ്ഥാനത്ത് എത്തുന്നത്. ദീർഘയാത്രയും തെൻറ പരിമിതികളും ഒക്കെയായി ഒട്ടേറ ആശങ്കകളുമായാണ് യാത്രതുടങ്ങിയത്. ഞായറാഴ്ചയായതിനാൽ അവിടെ ആരെങ്കിലും തന്നെ സഹായിക്കാനുണ്ടാവുമോ, ത െൻറ പ്രയാസങ്ങൾ അവർക്ക് മനസ്സിലാവുമോ എന്നൊക്കെയുള്ള ആധിയുമായി തിരുവനന്തപുരത്തെത്തുമ്പോൾ പക്ഷേ, തനിക്ക് ലഭിച്ചത് മറക്കാനാവാത്ത സ്വീകരണമായിരുന്നുവെന്ന് ആഷ്ല. പൂക്കളും പുസ്തകങ്ങളുമൊക്കെയായി പാലിയം ഇന്ത്യയിലെ ജീവനക്കാരും അന്തേവാസികളും ഒക്കെ ചേർന്ന് ഗംഭീര വരവേൽപ് നൽകി. തനിക്ക് ഒരു പരിചയവുമില്ലാത്തയിടത്ത് എല്ലാവരും തന്നെ പേര് വിളിച്ച് വിശേഷങ്ങൾ ചോദിച്ചതും മറ്റും കഴിഞ്ഞ നാലു വർഷമായി കിടക്കയിലായിപ്പോയ ആഷ്ലക്ക് നൽകിയ ആത്മവിശ്വാസവും ആശ്വാസവും ചെറുതല്ല. രണ്ട് മാസമായി ആഷ്ലയെ അവർ കാത്തിരിക്കുകയായിരുന്നുെവന്ന അറിവ് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് പകർന്നതെന്ന് ആഷ്ല.
യൂത്ത് െഎക്കൺ
ഇന്ന് പാലിയം ഇന്ത്യയുടെ രാജ്യമൊട്ടുക്കുമുള്ള ചലനങ്ങൾ നിയന്ത്രിക്കുന്നവരിൽ പ്രധാനിയാണ് ആഷ്ല. അപകടങ്ങളിലും രോഗങ്ങളിലും കിടപ്പിലായിപ്പോയ രോഗികൾക്ക് സ്വന്തം ജീവിതംകൊണ്ട് അവർ ആത്മവിശ്വാസം പകർന്നുനൽകുന്നു. ഒറ്റപ്പെടലിൽ കൂടപ്പിറപ്പിനെപ്പോലെ തുണയാകുന്നു. വീൽചെയർ ജീവിതം പഠിപ്പിച്ചുനൽകുന്നു. നട്ടെല്ലിന് പരിക്കേറ്റ് പാതിതളർന്ന ശരീരവുമായി ചികിത്സക്ക് ശേഷം മടങ്ങുന്ന രോഗികൾക്ക് ദൈനംദിന ജീവിത പരിശീലനം നൽകുന്ന പാലിയം ഇന്ത്യയുടെ ‘ഹാഫ് വേ ഹോമി’ലെ പ്രധാന കൗൺസലറാണ് ആഷ്ല. അതിനായി കൗൺസലിങ്ങും പഠിച്ചു. മരിച്ചുപോയ കിടപ്പുരോഗികളുടെ കുടുംബാംഗങ്ങൾക്കുള്ള ഉണർവ് ഗ്രൂപ്പിലും അച്ഛനമ്മമാർ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കുള്ള കുട്ടിക്കൂട്ടത്തിലും അവർ സാന്ത്വനവും ദിശാബോധവും പകർന്നുനൽകുന്നു. കുട്ടികളെ പഠിപ്പിക്കുന്നു. കിടപ്പിലായിപ്പോയ രോഗികൾക്കുവേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളിൽ മുന്നിൽ നിൽക്കുന്നു. ഡോ. എം.ആർ. രാജഗോപാലിെൻറ ദൈനംദിന പരിപാടികൾ നിയന്ത്രിക്കുന്ന ആഷ്ല ചലനശേഷിയില്ലാത്ത കൈവിരൽ മടക്കുകൾകൊണ്ട് നൂറുകണക്കിന് ഇ-മെയിലുകൾ തയാറാക്കുന്നു. സാന്ത്വനം തേടിവരുന്നവരുടെ സന്ദേശങ്ങൾക്ക് മറുപടി നൽകുന്നു. രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ പാലിയം ഇന്ത്യയിൽ സന്നദ്ധസേവനം നടത്തുന്ന ആഷ്ല, വൈകീട്ട് 5.30 മുതൽ 10. 30 വരെ സോപ്റ സ്റ്റെരിയ കമ്പനിയിൽ സോഫ്റ്റ് വെയർ അനലിസ്റ്റായി ജോലിയും ചെയ്യുന്നു.
പൂർണ ആരോഗ്യവതിയായിരുന്ന കാലത്തേക്കാൾ കൂടുതൽ സമയം ഇന്ന് ജോലി ചെയ്യുന്ന ആഷ്ല പറയുന്നത്, കഴിഞ്ഞ 28 വർഷം ചെയ്തതിനേക്കാൾ ഒട്ടേറെ അർഥവത്തായ കാര്യങ്ങൾ ഇന്ന് തനിക്ക് ചെയ്യാനാവുന്നുണ്ടെന്നാണ്. സംഭവിച്ചതിനെയെല്ലാം പോസിറ്റിവായി കാണുന്ന ആഷ്ല ഡിസബിലിറ്റി ആക്ടിവിസത്തിെൻറ ഭാഗമായി മാർച്ചിൽ അമേരിക്കയിലേക്ക് പോകാനൊരുങ്ങുകയാണ്. സംസ്ഥാന യുവജനക്ഷേമ ബോർഡിെൻറ ഇത്തവണത്തെ യൂത്ത് െഎക്കൺ പുരസ്കാരം നേടിയ ആഷ്ലക്ക് പറയാനുള്ളത് മുഴുവൻ ജീവിതത്തിൽ പൊടുന്നനെ കിടപ്പിലായിപ്പോയ രോഗികൾക്ക് ഒരു പരിഷ്കൃത സമൂഹമെന്ന നിലയിൽ നാം ചെയ്തുനൽകേണ്ട കാര്യങ്ങളെക്കുറിച്ചാണ്. വീൽചെയറുകൾക്ക് സഞ്ചരിക്കാവുന്ന റോഡുകളും കയറാവുന്ന ഒാഫിസുകളുമൊക്കെയുള്ള, വീണുപോയവരെ എല്ലാ നിലക്കും ചേർത്തുപിടിക്കുന്ന കേരളമാണ് അവരുടെ സ്വപ്നം. ജീവിതയാത്രയിൽ വീണുപോയ സഹജീവിയെ സഹായിക്കേണ്ടത് മറ്റുള്ളവരുടെ ഉത്തരവാദിത്തവും അത് ചോദിച്ചുവാങ്ങേണ്ടത് രോഗികളുടെ അവകാശവുമാണെന്ന് പഠിപ്പിച്ച ഡോ. രാജഗോപാലാണ് ആഷ്ലയുടെ വഴികാട്ടി. തന്നേക്കാൾ അവശരായവർക്ക് കഴിയാവുന്നതെല്ലാം ചെയ്തുകൊടുക്കാൻ നിറഞ്ഞപുഞ്ചിരിയുമായി ചക്രകസേരയിൽ അതിവേഗം സഞ്ചരിക്കുകയാണ് ആഷ്ല. “ഒരു അപകടം പറ്റിപ്പോയതു കൊണ്ട് വെറുതെ കിടക്കയിൽ തീരേണ്ടതല്ല ആരുടെയും ജീവിതം. രോഗവും അപകടവും മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്നതല്ല, അവ ആർക്കും എപ്പോഴും വരാമെന്നോർക്കുക’’-ആഷ്ലയുടെ വാക്കുകൾ നമ്മൾ കേൾക്കുന്നുണ്ടോ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.