???? ????? ???????????? ???????? ??????????? ?????????????????

ഉത്തരേന്ത്യയിലെ പിന്നാക്ക ഗ്രാമം. വിദ്യാഭ്യാസമോ സൗകര്യങ്ങളോ എത്തിനോക്കിയിട്ടില്ലാത്ത ഗ്രാമീണ ജനത. ഇവർക്കിടയിൽ സ്​ത്രീ ശരീരത്തി​​​​​െൻറ ശുചിത്വപാഠം പകർന്നുനൽകുകയാണ് ദിൽഷ ജുബൈർ എന്ന മലയാളി പെൺകുട്ടി. ദാരിദ്യ്രവും അജ്​ഞതയും പെൺശരീരത്തിന് സമ്മാനിച്ച വൃത്തിഹീനതയെ ചെറുത്തു തോൽപിക്കാനുള്ള പരിശ്രമത്തിലാണ് ബി.ടെക് ഇലക്​ട്രോണിക്​​ കമ്യൂണിക്കേഷൻസ്​ ബിരുദധാരിയായ ഈ 24കാരി. യൂത്ത് ഫോർ ഇന്ത്യ എസ്​.ബി.ഐ ഫെല്ലോഷിപ്​േപ്രാജക്ട് വർക്കിന്‍റെ ഭാഗമായാണ് ദിൽഷ രാജസ്​ഥാനിലെ അജ്മീർ ജില്ലയിലെ തിലോണിയ എന്ന ഗ്രാമത്തിലെത്തുന്നത്. പുതിയ കാലത്തിന്‍റെ ഒരു അടയാളവും ചെന്നെത്തിയിട്ടില്ലാത്ത നാട്. ഇവിടത്തെ സ്​ത്രീകൾ അനുഭവിക്കുന്ന ആർത്തവകാല ശുചിത്വമില്ലായ്മയുടെ ദുരനുഭവത്തിന് അറുതി വരുത്താനാണ് ഈ മലയാളി പെൺകുട്ടി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

വൃത്തിയായി കഴുകി ഉണക്കി ഉപയോഗിക്കുന്ന തുണിയോ പുതിയ കാലത്തിന് പരിചിതമായ സിംഗ്​ൾ യൂസ്​ പാഡോ അല്ല ഇവരുടെ ആ ദിനങ്ങളിലെ കൂട്ട്. കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ വേണ്ട വെള്ളം പോലും കിലോമീറ്ററുകൾ താണ്ടി കുടത്തിൽ കൊണ്ടുവരുന്ന ഇക്കൂട്ടർക്ക് പാഴ്തുണി കഴുകുന്നത് ആർഭാടം തന്നെ. നമ്മുടെ മാർക്കറ്റിൽ സുലഭമായി കിട്ടുന്ന സാനിറ്ററി നാപ്​കിൻ ആവട്ടെ അവർക്ക് അപൂർവ വസ്​തുവും. വൃത്തിഹീനമായ തുണിയും ഒരിക്കൽ ലഭിച്ച പാഡി​​​​​െൻറ പലതവണയുള്ള ഉപയോഗവുമാണ് ആ ജനതയുടെ പരിചിത ശീലം. അത് സൃഷ്​ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധി. വിദ്യാഭ്യാസമോ ആരോഗ്യബോധമോ ഇല്ലാത്ത ഇവർക്കിടയിൽ ബോധവത്​കരണത്തോടൊപ്പം ബദൽമാർഗവും സമർപ്പിച്ചാണ് ദിൽഷ ശ്രദ്ധ നേടുന്നത്.

ദിൽഷ ജുബൈർ രാജസ്​ഥാനിലെ തിലോണിയ ഗ്രാമത്തിലെ സ്​ത്രീകളുമൊത്ത്


ഗ്രാമീണ ജനതയുടെ പ്രശ്നങ്ങൾ സംബന്ധിച്ച പ്രോജക്​ടിന്‍റെ ഭാഗമായാണ് രാജസ്​ഥാനിലെ ബെയർഫൂട്ട് കോളജ് എന്ന എൻ.ജി.ഒയുമായി ദിൽഷ ബന്ധപ്പെടുന്നത്. ഗ്രാമത്തിലെ സ്​ത്രീകൾ അനുഭവിക്കുന്ന ശുചിത്വമില്ലായ്മയുടെ പ്രശ്​നങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരം തേടി എത്തിയിരിക്കുന്നത് പാഡ് നിർമാണ യൂനിറ്റ് എന്ന ആശയത്തിലാണ്. ഗ്രാമങ്ങളിലെ ചപ്പുചവറുകളും വഴിയരികിൽ ചിതറിക്കിടക്കുന്ന പ്ലാസ്​റ്റിക്​ പാഡുകൾ അടക്കമുള്ള മാലിന്യക്കൂമ്പാരവും കണ്ടതിൽ നിന്നാണ് മണ്ണിലും ലയിക്കാവുന്ന ജൈവ പാഡുകൾ എന്ന ആശയം ഉദിക്കുന്നത്. തുടർന്ന് അതി​​​​​െൻറ നിർമാണ സാധ്യതയും അസംസ്​കൃത വസ്​തുക്കളായി ഉപയോഗിക്കാവുന്ന ഘടകങ്ങളെക്കുറിച്ചുമായി പിന്നീടുള്ള അന്വേഷണം. ഇൻറർനെറ്റിലൂടെയും പരിചിതവൃത്തങ്ങളിലൂടെയും മറ്റുമുള്ള അന്വേഷണങ്ങൾ ഒടുവിൽ എത്തിച്ചത് ഗ്വാളിയോർ റാഗ് ഇന്നവേഷൻ മെഷീൻ എന്ന കമ്പനിയിലാണ്.

ഗ്രാമീണ ജനതക്ക് താങ്ങാവുന്ന വിലയിൽ അവരുടെത്തന്നെ പങ്കാളിത്തത്തോടെ ജൈവ പാഡുകൾ നിർമിക്കാനുള്ള പ്രവർത്തനം അന്തിമഘട്ടത്തിലാണിപ്പോൾ. വിലക്കുറവും ഗുണമേൻമയും അതിലുപരി ഗ്രാമത്തിലെ സ്​ത്രീകൾക്ക് പ്രവർത്തിപ്പിക്കാവുന്നതുമാണ്​ എന്നതാണ് ഈ യന്ത്രം. ചോളം കൊണ്ടുള്ള ഷീറ്റ് ആണ് അസംസ്​കൃത വസ്​തു. കാഴ്ചയിലും ഉപയോഗത്തിലും പ്ലാസ്​റ്റിക്കിനോട് സമാനതകളുള്ള പാഡ് മണ്ണിൽ ലയിക്കുന്നതാണ് എന്നതാണ് ശ്രദ്ധേയം. സന്നദ്ധ സേവനത്തിന് തങ്ങളുടെതായ ഒരു പങ്ക് എന്ന നിലക്ക് കമ്പനി കുറഞ്ഞ വിലയ്​ക്കുതന്നെ യന്ത്രം വാഗ്ദാനം ചെയ്തു. നിർമാണ യൂനിറ്റ് സ്​ഥാപിക്കാനുള്ള സ്​ഥലം ബെയർഫൂട്ട് സ്​ഥാപനത്തിൽ ഒരുക്കി. പാഡ് നിർമാണ യൂനിറ്റിന്‍റെ പ്രവർത്തനങ്ങൾക്കായി അവരിലെ സ്​ത്രീകൾതന്നെ രംഗത്തുണ്ട്.

തിലോണിയ ഗ്രാമത്തിലെ സ്​ത്രീകളുമൊത്ത് ദിൽഷ


യന്ത്രത്തിന്‍റെ പ്രവർത്തനത്തിന് ഏതാനും സ്​ത്രീ സംഘങ്ങൾക്ക് പരിശീലനം നൽകിക്കഴിഞ്ഞു. ജൈവ പ്ലാസ്​റ്റിക്​ ലഭ്യമാക്കാൻ ഇൻന്ദോറിലെ ഒരു കമ്പനിയുമായി ധാരണയിലെത്തി. ഗ്രാമവാസികൾക്ക് താങ്ങാവുന്ന വിധം സബ്ഡിഡി നിരക്കിൽ ലഭ്യമാക്കിയാലേ പദ്ധതി വിജയിക്കൂ. ഇതിനായി ജയ്പുരിലെ സ്വകാര്യ ആശുപത്രിയുമായി ധാരണയിലെത്തി. അവർ കൂടിയ വിലക്ക് സാധനം എടുക്കും. അതിൽനിന്ന് സമാഹരിക്കുന്ന ലാഭം ഉപയോഗിച്ച് സബ്സിഡി വിലയിൽ വിപണിയിലിറക്കാനാണ് പദ്ധതി. ഉൽപാദിപ്പിക്കുന്ന പാഡുകൾ ദാഇമാർ (പേറ്റിച്ചികൾ) മുഖേനയാണ് ആവശ്യക്കാർക്ക് എത്തിക്കുക. ഗ്രാമത്തിലെ സ്​ത്രീകൾക്കിടയിൽ ഏറെ സ്വാധീനവും സ്വാതന്ത്ര്യവുമുള്ള ഇവരുടെ കൂട്ടായ്മയും സേവനവും ഇതിനകം ഉറപ്പുവരുത്തിക്കഴിഞ്ഞു. പദ്ധതി അഞ്ചുപേർക്ക് നേരിട്ടും 25ഓളം പേർക്ക് പരോക്ഷമായും തൊഴിലവസരം സൃഷ്​ടിക്കുന്നു.

പാഡ് നിർമാണം എന്ന ആശയം പ്രാവർത്തികമാക്കുന്നതിന് സാമ്പത്തികം തന്നെയായിരുന്നു പ്രധാന വെല്ലുവിളി. ഗ്വാളിയോറിലെ കമ്പനി യന്ത്രവിലയിൽ ഇളവ് നൽകിയതും യൂനിറ്റ് സ്​ഥാപിക്കാൻ എൻ.ജി.ഒയുടെ കെട്ടിടത്തിൽ സൗകര്യം നൽകിയതും ആശ്വാസമായി. എങ്കിലും കുറഞ്ഞ മുതൽമുടക്ക് എന്ന നിലക്ക് വേണ്ട അഞ്ചുലക്ഷം രൂപ സമാഹരിക്കേണ്ടതുണ്ടായിരുന്നു. സന്നദ്ധസേവനങ്ങൾക്കായി ഫണ്ട് സമാഹരിച്ചു നൽകുന്ന വെബ്സൈറ്റിനെക്കുറിച്ചുള്ള അറിവ് www.kteto.orgൽ വിഷയം പരസ്യപ്പെടുത്താൻ കാരണമായി. അതിന് ഫലമുണ്ടായി. രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും വെബ്​സൈറ്റ് വഴിയും നേരിട്ടും തുക ലഭ്യമായിത്തുടങ്ങി. ഇപ്പോൾ ലക്ഷ്യമിട്ട തുകയോട് അടുത്തെത്തിയിരിക്കുന്നു.

മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയായ ദിൽഷ തൃശൂർ ഗവ. എൻജിനീയറിങ് കോളജിലാണ് ബി.ടെക് പഠിച്ചത്. കേരളവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു നിലക്കും ചിന്തിക്കാൻ പോലും കഴിയാത്ത ജീവിതസാഹചര്യമാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ എന്ന്​ ദിൽഷ പറയുന്നു. മെച്ചപ്പെട്ട റോഡോ സ്​ഥാപനങ്ങളോ ഇല്ലാത്ത കർഷക ജനത. മുതിർന്നവരിൽ മിക്കവരും നിരക്ഷരർ. സ്​കൂൾ ജീവിതം അന്യമായ കുട്ടികൾ. രാവിലെ കൃഷിപ്പണിക്കായി വീടുവിട്ടിറങ്ങി രാത്രി തിരിച്ചെത്തുന്ന മാതാപിതാക്കൾ. പകൽസമയം ചെറിയ കുട്ടികളെ നോക്കേണ്ടതും പശുവിനെയും കോഴികളെയും തീറ്റിക്കേണ്ടതും ഗൃഹപരിപാലനവും കുട്ടികളുടെ ജോലി. ശൈശവ വിവാഹം സാർവത്രികമാണ് എന്നതാണ് മറ്റൊരു വിചിത്രം. 10 വയസ്സിന് താഴെയാണ് പല വധൂവരന്മാരുടെയും പ്രായം.

വിവാഹിതരാവുമെങ്കിലും ഒന്നിച്ചുതാമസിക്കുക പെൺകുട്ടി ഋതുമതിയായ ശേഷം. ശാരീരികശേഷിയില്ലാതെ ഗർഭിണിയാവുന്നതും അതിന്‍റെ അനാരോഗ്യ പ്രശ്നങ്ങളും ഏറെ. പോഷകാഹാരക്കുറവും ശിശുമരണനിരക്കും ഉയർന്ന തോതിൽ. മിക്ക വീടുകളിലും രണ്ടുനേരം മാത്രമാണ് ഭക്ഷണം. രാവിലെ ഏഴിനും വൈകീട്ട് ഏഴിനും എന്ന രീതിയിൽ. സ്​കൂളില്ലായ്മ തിരിച്ചറിഞ്ഞാണ് ബെയർഫൂട്ട് എന്ന എൻ.ജി.ഒ രാത്രികാല സ്​കൂളുകൾ ആരംഭിച്ചത്. പകൽസമയം കുട്ടികൾ വീട്ടുജോലികളിൽ വ്യാപൃതരായതിനാൽ ഇവിടങ്ങളിൽ രാത്രികാല സ്​കൂളുകളാണ് ഫലപ്രദം. തത്​​ഫലമായി പുതിയ തലമുറയിലെ കുരുന്നുകളിൽ പലർക്കും വിദ്യയുടെ വെട്ടം എത്തിത്തുടങ്ങി.


അയിത്തവും ജാതീയതയുമാണ് ഗ്രാമത്തിലെ മറ്റൊരു മുഖമുദ്ര. കളിസ്​ഥലങ്ങളിൽ ശണ്ഠകൂടുന്ന കുട്ടികൾക്കിടയിൽ പോലും തീർപ്പുകൽപിക്കാനുള്ള അധികാരം മേൽജാതിക്കാരനാണ്. വിധി മിക്കപ്പോഴും ഏകപക്ഷീയമാവുമെന്ന് പറയേണ്ടതില്ലല്ലോ. പാഡ് നിർമാണ സാധ്യതകൾ തേടി രാജ്യത്തി​​​​​െൻറ വിവിധ നഗരങ്ങളിലാണ് ഈ പെൺകുട്ടി സഞ്ചരിച്ചത്. യാത്രകളെല്ലാം ഒറ്റക്ക്. വഡോദര, ഗ്വാളിയോർ, മധുര, ഉദയ്പുർ, ജയ്പുർ, ബംഗളൂരു ഫാക്ടറികൾ ഇതിനായി സന്ദർശിച്ചു. സ്​ത്രീകളുടെ ഒറ്റക്കുള്ള യാത്ര–അതും അപരിചിത സ്​ഥലങ്ങളിലേക്ക്–ഭയത്തോടെയും വിലക്കുകളോടെയും കാണുന്ന ജനതക്ക് മുന്നിൽ ആത്മവിശ്വാസത്തിന്‍റെ പാഠം പകർന്നു നൽകുകയാണ് ഈ ചെറുപ്പക്കാരി. ഏതെങ്കിലും തരത്തിലുള്ള ദുരനുഭവങ്ങളോ ആൺഭീഷണികളോ നേരിടേണ്ടി വന്നിട്ടില്ലെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്.

ഏതൊരു പിന്നാക്കാവസ്​ഥയുടെയും അടിസ്​ഥാനം അജ്​ഞതയാണ്. ആരോഗ്യപരിപാലനത്തെക്കുറിച്ച അറിവ് പകരുക എന്നതാണ് ഗ്രാമീണ ജനതക്കിടയിൽ ദിൽഷ ഏറ്റെടുത്ത മറ്റൊരു ദൗത്യം. ഇതിനായി ബ്ലീഡ്​ വിത്ത്​ ഒൗട്ട്​ ഷെയിം എന്ന തലക്കെട്ടിൽ കാമ്പയിൻ ആരംഭിച്ചു. ആർത്തവം മറച്ചുവെക്കപ്പെടേണ്ടതോ അഭിശപ്തമാക്കപ്പെടേണ്ടതോ അല്ല എന്ന സന്ദേശം പകർന്നുനൽകുന്നതിനാണ് ഇത്തരമൊരു തലക്കെട്ട് തിരഞ്ഞെടുത്തത്. ഈ വിഷയത്തിൽ ആൺകുട്ടികൾക്കുള്ള ബോധവത്കരണം കൂടി ഉദ്ദേശിച്ചാണ് പ്രചാരണ പരിപാടി. പെൺശരീരത്തോട് ആൺകുട്ടികൾക്ക് പരിഗണനയും ആദരവും സൃഷ്​ടിക്കുന്നതിലൂടെയാണ് സ്​ത്രീകളുടെ അതിജീവനം സാധ്യമാവുക എന്ന തിരിച്ചറിവിലാണിത്.
ദിൽഷ ജുബൈർ

ആദ്യമൊക്കെ വിഷയം കേൾക്കാനോ ചർച്ച ചെയ്യാനോ മടിച്ചിരുന്ന പലരും ഇപ്പോൾ സജീവമായി മുന്നിൽ നിൽക്കുന്നുവെന്ന അനുഭവമാണ് ദിൽഷ പങ്കുവെക്കുന്നത്. ആശയവിനിമയമായിരുന്നു പ്രധാന വെല്ലുവിളി. ഹിന്ദിയോട് സാദൃശ്യമുള്ള മാർവാഡിയാണ് അവിടത്തുകാരുടെ ഭാഷ. തുടക്കത്തിൽ അറിയാതിരുന്ന ഹിന്ദി മാസങ്ങൾ​കൊണ്ട് സ്വായത്തമാക്കിയതോടെ ആ തടസ്സവും ഏറക്കുറെ മറികടക്കാനായി. മലപ്പുറം തിരുന്നാവായ വൈരങ്കോട് സ്വദേശി ജുബൈറിന്‍റെയും പൊന്നാനി സ്വദേശി ഹസീനയുടെയും മകളായ ദിൽഷക്ക് എൻജിനീയറിങ് പഠനവേളയിലാണ് സന്നദ്ധസേവന താൽപര്യം ജനിച്ചത്. ഗ്രാമീണ ഇന്ത്യയുടെ പിന്നാക്കാവസ്​ഥ അന്നേ ശ്രദ്ധയിലുണ്ടായിരുന്നു. നേരത്തേ പെയിൻ ആൻഡ്​ പാലിയേറ്റിവ് പ്രവർത്തനത്തിലും കോളജിലെ എൻ.എസ്​.എസ്​ യൂനിറ്റ് പ്രവർത്തനങ്ങളിലെയും പങ്കാളിത്തം ആത്മവിശ്വാസം പകർന്നു നൽകി. ഫെലോഷിപ്​ കാലാവധി പൂർത്തിയായാലും പദ്ധതി സ്വയംപര്യാപ്തമാവുന്നതു വരെയെങ്കിലും അവിടെ തുടരാനാണ് തീരുമാനം.
Tags:    
News Summary - Dilsha Jubair Youth For India SBI Fellowship Project in Malappuram -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.