മറ്റുള്ളവരെ പ്രീതിപ്പെടുത്തി ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്വന്തം അഭിപ്രായങ്ങൾ ബലികഴിച്ചുകൊണ്ട് എപ്പോഴും എല്ലാവരോടും 'അതെ' എന്ന് പറയുന്നത് കടുത്ത മാനസിക-ശാരീരിക സമ്മദർദത്തിന് കാരണമാകുന്നുവെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ ഒരു രക്ഷിതാവായിരിക്കുമ്പോൾ ഇത്തരത്തിലുള്ള സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നത് അതിലും പ്രയാസമാണ്.
ഒരു രക്ഷിതാവെന്ന നിലയിൽ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ നിങ്ങളെ മാത്രമല്ല ബാധിക്കുന്നത് മറിച്ച് നിങ്ങളെ പൂർണ്ണമായും ആശ്രയിക്കുന്ന നിങ്ങളുടെ കുട്ടിയെകൂടിയാണ്. ആളുകൾ കുഞ്ഞിനോട് അടുത്തിടപഴകുന്നത് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് നിങ്ങൾക്കറിയാം. എന്നാൽ ദൂരെ സ്ഥലത്തുനിന്ന് യാത്ര ചെയ്ത് വന്ന ഒരു ബന്ധു കുഞ്ഞിന്റെ കവിളിൽ ഉമ്മ വെയ്ക്കാൻ മുതിരുമ്പോൾ അവർക്ക് നിരാശ തോന്നാതിരിക്കാന്‍ നിങ്ങൾ പുഞ്ചിരിയോടെ അത് സമ്മതിച്ചു കൊടുക്കുന്നു. പാക്കറ്റ് ഭക്ഷണം കുഞ്ഞിന് നല്ലതല്ലെന്ന് നിങ്ങൾക്കറിയാം, എങ്കിലും ഒരു കുടുംബസംഗമത്തിനിടയിൽ അമ്മാവൻ ഒരു ബിസ്ക്കറ്റ് നൽകുമ്പോൾ അവരുടെ സന്തോഷം കളയാതിരിക്കാന്‍ കരുതി നിങ്ങൾ മൗനം നടിക്കുന്നു.
ഇത്തരം സന്ദർഭങ്ങളിൽ മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള പ്രവണത ഉണ്ടാകുന്നത് അവരെ സങ്കടപ്പെടുത്തുമോ അവർക്ക് നമ്മളോട് ദേഷ്യം തോന്നുമോ അല്ലെങ്കിൽ നമ്മൾ ഒരു അഹങ്കാരിയോ കുട്ടിയുടെ കാര്യത്തിൽ അമിത സുരക്ഷിതത്വം കാണിക്കുന്ന രക്ഷിതാവോ ആയി മുദ്രകുത്തപ്പെടുമോ എന്ന ഭയത്തിൽ നിന്നാണ്. അങ്ങനെ മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് നിങ്ങൾ നിങ്ങളുടെ സ്വന്തം സഹജവാസനകളെയും അതിർവരമ്പുകളെയും ഇല്ലാതാക്കുന്നു.
എന്നാൽ പ്രശ്നം ഇവിടെയൊന്നും തീരുന്നില്ല. മറ്റുള്ളവരോട് നോ പറയാന്‍ മടിക്കുന്ന മാതാപിതാക്കൾ വികാരങ്ങളെ നിയന്ത്രിക്കുക മാത്രമല്ല ചെയ്യുന്നത്. അവർ ഇതേ സ്വഭാവം സ്വന്തം കുട്ടികളോടും കാണിക്കാൻ തുടങ്ങുന്നു. കുട്ടികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുക, അവരുടെ ശാഠ്യങ്ങളും ദേഷ്യവും എങ്ങനെയും ഒഴിവാക്കുക, 'പാടില്ല' എന്ന് പറയേണ്ട സാഹചര്യങ്ങളിൽ പോലും അത് സമ്മതിച്ചുകൊടുക്കുക തുടങ്ങിയവ ശീലമാക്കുന്നു. കാലക്രമേണ ഇതൊരു പതിവായി മാറുകയും കൃത്യമായ അതിർവരമ്പുകളും ശരിയായ മാർനിർദേശങ്ങളും കുട്ടികൾക്ക് ലഭിക്കാതെ പോവുകയും ചെയ്യുന്നു.
സ്വന്തം കുട്ടികൾ ഉൾപ്പെടെ ആർക്കെങ്കിലും തങ്ങളോട് പിണക്കമോ വിഷമമോ ഉണ്ടാകുന്നത് സഹിക്കാൻ കഴിയാത്തവരാണ് മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്ന ഇത്തരം മാതാപിതാക്കൾ. കുട്ടിയുടെ യഥാർഥ ആവശ്യം മനസിലാക്കിയെടുക്കുന്നതിന് പകരം എല്ലാവരും സന്തോഷത്തോടെ ഇരിക്കണമെന്നും എല്ലാവർക്കും തങ്ങളെ ഇഷ്ടമായിരിക്കണമെന്നുമുള്ള ആഗ്രഹമാണ് ഈ പാരന്റിംഗ് ശൈലിയുടെ പ്രധാന കാരണം. ഇത്തരം മാതാപിതാക്കൾക്ക് നോ പറയാൻ വലിയ ബുദ്ധിമുട്ടായിരിക്കും. കുട്ടികളുടെ പിടിവാശികൾ ഒഴിവാക്കാന്‍ വേണ്ടി മാത്രം അവർ പലപ്പോഴും കാര്യങ്ങൾ സാധിച്ചു കൊടുക്കും. തങ്ങളുടെ തെറ്റല്ലാത്ത കാര്യങ്ങൾക്ക് പോലും അവർ എപ്പോഴും ക്ഷമ ചോദിക്കുന്നത് കാണാം. ഒരു നല്ല രക്ഷിതാവാണോ എന്ന് ഇവർ അളക്കുന്നത് കുട്ടികൾ എത്രത്തോളം സന്തോഷവാന്മാരായി കാണപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതോ അതിർവരമ്പുകൾ നിശ്ചയിക്കുന്നതോ ഇവർക്ക് കടുത്ത ഉത്കണ്ഠയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നു.
മറ്റുള്ളവർക്ക് നമ്മളെ ഇഷ്ടപ്പെടാതെ പോകുമോ എന്ന ഭയം സ്വന്തം മാതാപിതാക്കൾ ചെയ്ത തെറ്റുകൾ ആവർത്തിക്കുമോ എന്ന ഭയം അല്ലെങ്കിൽ വഴക്കുകളോടും കുട്ടികളുടെ വൈകാരിക പ്രകടനങ്ങളോടുമുള്ള ഭയം എന്നിവയിൽ നിന്നാണ് ഇത് ഉണ്ടാകുന്നത്. കൃത്യമായ അതിർവരമ്പുകളുടെ അപര്യാപ്തതകളാണ് ഇത്തരം മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇതിന്റെ വില കൊടുക്കേണ്ടി വരുന്നത് കുട്ടികളാണ്.കുട്ടികൾക്ക് അവർ ആഗ്രഹങ്ങൾ നടക്കുമെങ്കിലും കൃത്യമായ അതിരുകൾ ഇല്ലാത്ത പാരന്‍റിങ് അവരിൽ ഒരുതരം അരക്ഷിതാവസ്ഥ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ലോകം സുരക്ഷിതമല്ലാത്ത ഒരിടമാണെന്ന തോന്നൽ കുട്ടികളിൽ ഉണ്ടാക്കാം. ഇത് പലപ്പോഴും കുട്ടികളിൽ അക്ഷമയായും എന്തും തനിക്ക് അർഹതപ്പെട്ടതാണെന്ന ചിന്തയായും മാറാറുണ്ട്. അങ്ങനെയുള്ള കുട്ടികൾക്ക് പറ്റില്ല എന്ന് കേൾക്കുന്നത് താങ്ങാൻ കഴിയില്ല.
ഇത്തരം കുട്ടികൾ വളർന്ന് മുതിർന്നവരാകുമ്പോൾ മറ്റുള്ളവരുടെ അറ്റന്‍ഷനായി എപ്പോഴും ആഗ്രഹിക്കുന്നു. അവർക്ക് ആത്മവിശ്വാസം കുറവായിരിക്കും. ഔദ്യോഗിക രംഗങ്ങളിൽ മേലുദ്യോഗസ്ഥരുമായി ഒത്തുപോകാൻ ബുദ്ധിമുട്ടുക, സുസ്ഥിരമായ ബന്ധങ്ങൾ നിലനിർത്താൻ കഴിയാതെ വരിക, സ്വന്തമായി അതിർവരമ്പുകൾ നിശ്ചയിക്കാനോ മറ്റുള്ളവരുടെ അതിരുകളെ മാനിക്കാനോ കഴിയാതെ വരിക എന്നിവ ഇവരുടെ പ്രധാന പ്രശ്നങ്ങളായി മാറുന്നു. മാതാപിതാക്കൾ മനസ്സിലാക്കേണ്ടത്, ഈ സ്വഭാവം നിങ്ങളുടെ കുട്ടിയുടെ ഭാവി വ്യക്തിത്വത്തെ രൂപപ്പെടുത്തുമെന്നാണ്. കാലക്രമേണ, ആ കുട്ടിയും മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്ന, സ്വന്തം മൂല്യം തിരിച്ചറിയാത്ത, എപ്പോഴും മറ്റുള്ളവരുടെ അംഗീകാരം തേടുന്ന ഒരു ഉത്കണ്ഠാകുലനായ വ്യക്തിയായി മാറിയേക്കാം.
മാതാപിതാക്കൾ അതിർവരമ്പുകൾക്ക് പകരം എപ്പോഴും താല്ക്കാലിക സമാധാനത്തിന് മുൻഗണന നൽകുമ്പോൾ, കുട്ടികൾക്ക് ക്ഷമ, ബഹുമാനം, വികാരങ്ങളെ നിയന്ത്രിക്കൽ തുടങ്ങിയ പ്രധാനപ്പെട്ട ജീവിത നൈപുണ്യങ്ങൾ പഠിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. രക്ഷിതാവായിരിക്കുക എന്നത് എപ്പോഴും എല്ലാവരെയും സന്തോഷിപ്പിക്കുക എന്നതല്ല മറിച്ച് നിങ്ങളുടെ കുട്ടിയുടെ നല്ല ഭാവിക്ക് വേണ്ടി ചില ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കുക എന്നത് കൂടിയാണ്. ചിലപ്പോഴൊക്കെ നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കാൻ മറ്റുള്ളവരെ നിരാശപ്പെടുത്തേണ്ടി വരും അതിൽ തെറ്റില്ല എന്ന് മനസ്സിലാക്കാൻ ശീലിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.