കളികളിലൂടെ മാറ്റാം കുട്ടികളുടെ ഫോൺ ഭ്രമം: സ്ക്രീന്‍ അഡിക്ഷന്‍ തടയാനുള്ള ചില വിനോദങ്ങൾ

ഇന്ന് കുട്ടികളിൽ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് സ്ക്രീന്‍ അഡിക്ഷന്‍. എന്തുകൊണ്ടാണ് ഇത്തരത്തിൽ സ്ക്രീന്‍ അഡിക്ഷന്‍ വർധിച്ചുവരുന്നതെന്ന് ഗൗരവമായി ചിന്തിക്കേണ്ട ഒന്നാണ്. മുന്‍കാലങ്ങളിലെ പോലെ കുട്ടികൾ പുറം കളികളിൽ ഏർപ്പെടുന്നതും മറ്റു കുട്ടികളോടൊപ്പം ഇടപഴകുന്നതും താരതമ്യേന കുറവാണ്. ഇത്തരം പ്രവൃത്തികളിൽ കുട്ടികൾ ഏർപ്പെടുമ്പോൾ അവരുടെ ജീവിതനിലവാരവും മെച്ചപ്പെടുന്നു. ഇത്തരത്തിൽ കുട്ടികളുടെ സ്ക്രീന്‍ അഡിക്ഷന്‍ തടയാനുള്ള ചില വഴികളെന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന് മുതൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്ക്

മൃഗത്തെ കണ്ടെത്താം: നിങ്ങളുടെ കുട്ടിക്ക് അറിയാവുന്ന മൃഗങ്ങളുടെ പേരുകൾ ചെറിയ കടലാസുകളിൽ എഴുതുകയോ അല്ലെങ്കിൽ അവയുടെ ചിത്രങ്ങൾ വരയ്ക്കുകയോ ചെയ്യുക. ഓരോ കടലാസും മടക്കി ഒരു പാത്രത്തിൽ ഇടുക. ശേഷം ഓരോരുത്തരായി ഓരോ കടലാസ് എടുത്ത് അതിലുള്ള മൃഗത്തെ അഭിനയിച്ചു കാണിക്കുക. മറ്റുള്ളവർ ഏത് മൃഗമാണെന്ന് കണ്ടെത്തട്ടെ.

മേഘങ്ങളിലൂടെ രൂപങ്ങൾ: ടെറസ്സിലോ മുറ്റത്തോ ഒരു പുതപ്പോ ടവലോ വിരിച്ച് അതിൽ കിടന്ന് ആകാശത്തേക്ക് നോക്കുക. മേഘങ്ങളിൽ കാണുന്ന രൂപങ്ങളെക്കുറിച്ച് സംസാരിക്കുക. അവ ഏതെങ്കിലും വസ്തുക്കളുടെയോ മൃഗങ്ങളുടെയോ ആകൃതിയിലാണോ എന്ന് നോക്കൂ.

സോക്സ് പാവകൾ: ഉപയോഗിക്കാത്ത സോക്സുകളോ പഴയ വസ്ത്രങ്ങളോ ഉപയോഗിച്ച് പാവകളെ നിർമിക്കുക. കമ്പിളി നൂലുകൾ, ബട്ടണുകൾ, ചരടുകൾ എന്നിവ ഉപയോഗിച്ച് അവയെ അലങ്കരിക്കാം. ശേഷം ആ പാവയെ ഉപയോഗിച്ച് കുട്ടിയോട് സംസാരിക്കുക. വ്യത്യസ്ത കഥകൾ പറയാനും വികാരങ്ങൾ പ്രകടിപ്പിക്കാനും വിവിധ ശബ്ദങ്ങൾ ഉപയോഗിക്കുക.

ഫാമിലി മ്യൂസിക് ബാന്‍റ്: വീട്ടിലുള്ള പാത്രങ്ങളും മറ്റ് വസ്തുക്കളും ഉപയോഗിച്ച് നമുക്ക് ഒന്നിച്ച് മ്യൂസിക് ബാന്‍റ് ഉണ്ടാക്കുക.

വേഷം മാറി കളിക്കാം: വീട്ടിലുള്ള തുണികളും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ഉപയോഗിച്ച് നിങ്ങൾക്കും കുട്ടിക്കും വേണ്ടി വേഷങ്ങൾ ഒരുക്കുക. കുട്ടിയുടെ ഭാവനാലോകത്ത് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായി മാറുക.



 



 

അഞ്ച് മുതൽ എട്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക്

നടത്തം: കുട്ടികളോടൊപ്പം പുറത്തിറങ്ങി ചുറ്റുമുള്ളവയെക്കുറിച്ച് സംസാരിക്കുക. ചുറ്റുമുള്ള ചെടികളെയും ജീവജാലങ്ങളെയും കുറിച്ച് അവർക്ക് പറഞ്ഞുകൊടുക്കുക. എത്ര തരം മരങ്ങളുണ്ടെന്നും എത്ര തരം പക്ഷികളുണ്ടെന്നും അവരോട് പങ്കുവെക്കുക.

നിധി കണ്ടെത്തൽ: വീട്ടിൽ എല്ലാവർക്കും അറിയാവുന്ന കുറച്ചു സാധനങ്ങൾ ഒളിപ്പിച്ചുവെച്ച് അവ കണ്ടെത്താൻ കുട്ടികളോട് പറയുക. രസകരമായ വിവരണങ്ങൾ നൽകി അവർ എത്ര വേഗത്തിൽ സാധനങ്ങൾ കണ്ടെത്തുന്നു എന്ന് നോക്കുക.

ഐ സ്‌പൈ: ഭാഷാപരമായ കഴിവുകളും ഗണിതത്തിലുള്ള അറിവും വർധിപ്പിക്കാൻ ഈ ഗെയിം സഹായിക്കും. ഒരു വസ്തുവിന്‍റെ നിറമോ രൂപമോ സൂചന നൽകി അതിനെ പൂർണ്ണമായി കണ്ടെത്താന്‍ കുട്ടിയോട് പറയുക.

കഥ: കുടുംബാംഗങ്ങളോടൊപ്പം വട്ടത്തിൽ ഇരുന്ന് ഒരാൾ കഥ പറഞ്ഞു തുടങ്ങുക പിന്നീട് ഓരോരുത്തരും ഓരോ വരി വീതം ചേർത്ത് കഥ പറഞ്ഞുകൊണ്ടേയിരിക്കുക.

ഒളിച്ചുകളി: ഇതൊരു ക്ലാസിക് ഗെയിമാണ്. മാറി മാറി ഒളിക്കാനും എണ്ണാനും കുട്ടിയെ അനുവദിക്കുക. കളി തുടങ്ങുന്നതിന് മുമ്പ് പരിധി നിശ്ചയിക്കാൻ മറക്കരുത്. വീടിനുള്ളിലായാലും പുറത്തായാലും കുട്ടിയുടെ പ്രായത്തിനും കഴിവുകൾക്കും അനുസരിച്ച് കളിക്കാനുള്ള സ്ഥലം ക്രമീകരിക്കുക.

മുതിർന്ന കുട്ടികൾക്ക്

സ്റ്റാച്ച്യൂ: നിങ്ങൾക്ക് ഇഷ്ടമുള്ള ചില പാട്ടുകൾ തെരഞ്ഞെടുത്ത് ആരെങ്കിലും ഒരാളെ പാട്ട് ഇടാനും നിർത്താനും ചുമതലപ്പെടുത്തുക. പാട്ട് കേൾക്കുമ്പോൾ നന്നായി നൃത്തം ചെയ്യുക. പാട്ട് നിലയ്ക്കുമ്പോൾ ഒരു പ്രതിമയെപ്പോലെ അനങ്ങാതെ നിൽക്കുക. പാട്ട് വീണ്ടും തുടങ്ങുമ്പോൾ നൃത്തം തുടരുക.

തടസ്സങ്ങൾ മറികടക്കൽ: വീട്ടിലോ പുറത്തോ കാണുന്ന വസ്തുക്കൾ ഉപയോഗിച്ച് തടസ്സങ്ങൾ സൃഷ്ടിക്കുക. പിന്നീടത് പരിഹരിക്കാനും മറികടക്കാനും ശ്രമിക്കുക.

ജമ്പിങ്: ഒറ്റക്കാലിലും അല്ലാതെയും ചാടാന്‍ തുടങ്ങുക. ആരാണ് ഏറ്റവും വേഗത്തിൽ പൂർത്തിയക്കുന്നതെന്ന് നോക്കാം.

കുട്ടിക്കാലത്തെ പ്രിയപ്പെട്ട കളികൾ: നിങ്ങളുടെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട കളികൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുക. അത് എന്തുകൊണ്ടാണ് നിങ്ങൾക്ക് പ്രിയപ്പെട്ടതെന്നതിനെക്കുറിച്ചും ആ കാലത്ത് ആരുമായാണ് നിങ്ങൾ കളിച്ചിരുന്നതെന്നും അവരോട് പറയുക. കുട്ടിയുമായി അടുക്കാനും രസിക്കാനും ഇതൊരു മികച്ച അവസരമാണ്.

വരയിലൂടെ കണ്ടെത്തുക: കുടുംബത്തിലെ എല്ലാവരും വസ്തുക്കൾ വീതം ചെറിയ കടലാസുകളിൽ എഴുതി ഒരു പാത്രത്തിലിടുക. ഓരോരുത്തരും ഓരോ കടലാസ് എടുത്ത് അതിൽ എഴുതിയത് വരയ്ക്കുക. ആരാണ് ആദ്യം കണ്ടുപിടിക്കുന്നത് എന്ന് നോക്കുക. ആദ്യം ശരിയുത്തരം പറയുന്ന ആൾക്ക് അടുത്ത ഊഴം ലഭിക്കും.

കൃഷി തുടങ്ങാം: ഒരു ചെറിയ പൂന്തോട്ടമോ പച്ചക്കറി തോട്ടമോ ഒരുമിച്ച് തയ്യാറാക്കുക. വീടിനുള്ളിൽ ചെടികളോ ഔഷധസസ്യങ്ങളോ വളർത്തുന്നതും നന്നായിരിക്കും. മനോഹരമായ പൂക്കളും രുചികരമായ പഴങ്ങളും ആരോഗ്യകരമായ പച്ചക്കറികളും ഒരുമിച്ച് വളർത്താം.

കൗമാരക്കാർക്ക്

വായനാ കൂട്ടായ്മ: ഒരു പുസ്തകമോ കവിതയോ ലേഖനമോ തെരഞ്ഞെടുത്ത് അത് വായിക്കാനും അതിനെക്കുറിച്ച് സംസാരിക്കാനും ഒരു സമയം കണ്ടെത്തുക. അതിൽ എന്താണ് രസകരമായി തോന്നിയത്? പുതിയതായി എന്താണ് പഠിച്ചത്? എന്നിവ ചർച്ച ചെയ്യുക.

വിഷൻ ബോർഡ്: മാസികകൾ, പത്രങ്ങൾ എന്നിവയിൽ നിന്നുള്ള ചിത്രങ്ങൾ വെട്ടിയെടുത്ത് ഒരു വിഷൻ ബോർഡ് തയ്യാറാക്കുക. നഗരങ്ങൾ എങ്ങനെയുണ്ടാകും? അല്ലെങ്കിൽ മനുഷ്യർ എങ്ങനെ ജീവിക്കും? തുടങ്ങിയ ആശയങ്ങൾ ചർച്ച ചെയ്യാം.

ഫാമിലി ഒളിമ്പിക്സ്: നിങ്ങളുടെ വീട്ടിൽ തന്നെ ഗെയിംസ് സംഘടിപ്പിക്കാം. ഇതിനായി വലിയ മൈതാനം ആവശ്യമില്ല. ആരാണ് ഏറ്റവും ഉയരത്തിലോ ദൂരത്തോ ചാടുന്നത്? ആരാണ് കൂടുതൽ വഴക്കമുള്ളത്? ആരൊക്കെ ‘സ്വർണ്ണ മെഡലുകൾ’ നേടുന്നു എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

പാചകം: ഇഷ്ടപ്പെട്ട ഒരു വിഭവം തെരഞ്ഞെടുത്ത് അവരോടൊപ്പം അത് പാചകം ചെയ്യുക. ചേരുവകൾ വാങ്ങാൻ ഒരുമിച്ച് കടയിൽ പോകുക, തുടർന്ന് പാചകം ചെയ്യുക! ഒരു ടീമായി പ്രവർത്തിച്ച് ഭക്ഷണം തയ്യാറാക്കുക. അവരുടെ പ്രിയപ്പെട്ട പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് ഭക്ഷണത്തിൽ എത്ര നിറങ്ങൾ കൊണ്ടുവരാം എന്ന് പരീക്ഷിക്കുക.

ഗെയിം നൈറ്റ്: രാത്രിയിൽ എല്ലാവരും ഒരുമിച്ചിരുന്ന ഇഷ്ടപ്പെട്ട ഗെയിം കളിക്കുക.

Tags:    
News Summary - Change Children's Phone Addiction Through Play: Fun Activities to Curb Screen Addiction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.