രുചികരമായ ഭക്ഷണം മാത്രമല്ല, അവ പാചകം ചെയ്യുന്നതും തത്സമയം കണ്ട് കഴിക്കാവുന്ന ഓപണ്‍ കിച്ചന്‍ ഹോട്ടലൊരുക്കി തീന്‍മേശയില്‍ അന്താരാഷ്ട്ര നിലവാരം കൊണ്ടു വന്നിരിക്കുകയാണ് കണ്ണൂര്‍ നഗരത്തിലെ ഈ കുടുംബശ്രീ കൂട്ടായ്മ. കഴിക്കുന്ന ഭക്ഷണത്തിെന്‍റ ഗുണമേന്മ അറിയാനാകുമോ? മായം കലരാത്ത ചേരുവകളുപയോഗിച്ചാണോ പാചകം? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്, ഓപണ്‍ കിച്ചണിലൂടെ ‘യെസ്’ എന്ന് ഉത്തരം നല്‍കുകയാണ് ഇവര്‍. കുടുംബശ്രീ ജില്ലാ മിഷന്‍റെ സഹായത്തോടെ 11 സ്ത്രീകളാണ് കഫേ കുടുംബശ്രീ എന്നു പേരിട്ടിരിക്കുന്ന ഹോട്ടലിന്‍റെ നടത്തിപ്പുകാര്‍.

കണ്ണൂരിലെ കഫേ കുടുംബശ്രീ ഹോട്ടല്‍ നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍
 


വീട്ടകങ്ങളില്‍ ഒതുങ്ങാറുള്ള രുചി വൈവിധ്യങ്ങള്‍ തനത് ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരുക്കുന്ന സംരംഭക സാധ്യത ഈ വനിതകള്‍ കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷമാണ്. അങ്ങനെ ജില്ലാ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിനു മുകളില്‍ 2500 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ രുചിയുടെ ലോകമൊരുങ്ങി. കുടുംബശ്രീ സംസ്ഥാന മിഷന്‍റെ 15 ലക്ഷം രൂപയും 11 സ്ത്രീകളുടെ വിഹിതമായ 10 ലക്ഷവും ചേര്‍ത്താണ് കഫേ കുടുംബശ്രീയുടെ തുടക്കം. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തില്‍ കലര്‍പ്പോ മായമോ ഇല്ലാതെ എന്നാല്‍ സ്വാദ് ഒട്ടും ചോരാത്ത ഭക്ഷണം വിളമ്പിയ ഈ പെണ്‍കൂട്ടായ്മ കഠിനാധ്വാനത്തിലൂടെ നേടിയത് സ്വാദ് പകരുന്ന വിജയം. ‘‘നിങ്ങള്‍ക്കായുള്ള ഭക്ഷണം തയാറാക്കുന്നത് നേരിട്ടു കണ്ടു കൊണ്ട് കഴിച്ചു തുടങ്ങിക്കോളൂ എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. അതുകൊണ്ടാണ് തീന്‍മേശയിലിരുന്നാല്‍ കാണുന്ന അകലത്തില്‍തന്നെ ഓപണ്‍ കിച്ചന്‍ ഒരുക്കിയത്.’’ -ഹോട്ടലിന്‍റെ ചുമതലക്കാരായ ജസീന്തയും ശോഭിതയും റസിയയും കഫേ കുടുംബശ്രീയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വ്യക്തമാക്കി. 

മലബാര്‍ രുചികള്‍ക്കൊപ്പം കേരളത്തിന്‍റെ തനതുവിഭവങ്ങളും വിളമ്പുന്ന കഫേ കുടുംബശ്രീ തുടങ്ങിയതു തന്നെ വ്യത്യസ്തമായ ആശയങ്ങളുമായിട്ടായിരുന്നു. ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള ശീതീകരണ ഉപകരണങ്ങള്‍, മൈദ ഉപയോഗിച്ചുള്ള വിഭവങ്ങള്‍, മായം കലര്‍ന്നതും പഴകിയതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഇവയെല്ലാം ഇവിടെ പടിക്കുപുറത്താണ്. വ്യത്യസ്തമായ പ്രാതലുകളും വിഭവ സമൃദ്ധമായ ഉച്ചയൂണും വൈകീട്ട് ചായയും പലഹാരവുമാണ് പ്രധാന മെനു. ആറു കൂട്ടം കറികളും പപ്പടവും പായസവുമുള്‍പ്പെടെ 50 രൂപയാണ് ഊണിന് വില. ഒപ്പം ഇടവിട്ട ദിവസങ്ങളില്‍ തലശ്ശേരി സ്പെഷല്‍ ദം ബിരിയാണിയും വിളമ്പും. പ്രതിദിനം മുന്നൂറിലധികം പേരാണ് ഉച്ചയൂണ് തേടിയെത്തുന്നത്. കൂടാതെ, കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഏതു പരിപാടിക്കും ഭക്ഷണം കഫേ കുടുംബശ്രീയില്‍ നിന്നായിരിക്കും. അതു കൊണ്ടുതന്നെ 11 പേര്‍ക്കും തിരക്കൊഴിഞ്ഞ നേരമില്ല ഹോട്ടലില്‍. വിശേഷാവസരങ്ങളില്‍ സംഘടിപ്പിക്കുന്ന ഫുഡ്ഫെസ്റ്റിവലുകളും നിരവധി പേരെ ആകര്‍ഷിക്കുന്നുണ്ടെന്ന് ഷീജയും സ്വപ്നയും ശൈലജയും ചൂണ്ടിക്കാട്ടുന്നു. 

ശുചിത്വത്തിന് പ്രാധാന്യം നല്‍കിയുള്ള ആധുനിക അടുക്കളയില്‍ 45 മിനിറ്റില്‍ 800 പേര്‍ക്ക് ആഹാരം ഉണ്ടാക്കാന്‍ കഴിയുന്ന സ്റ്റീമര്‍ ഉപയോഗിക്കുന്നു എന്നതാണ് കഫേ കുടുംബശ്രീയുടെ മറ്റൊരു ഹൈലൈറ്റ്.  അറുപതോളം പേര്‍ക്ക് ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനുള്ള സൗകര്യത്തിനു പുറമെ സ്ത്രീകള്‍ക്കായി വിശ്രമമുറി, ശുചിമുറി, മുലയൂട്ടുന്നതിനുള്ള സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 45,000 രൂപ കെട്ടിട വാടക ഉള്‍പ്പെടെ എല്ലാ ചെലവുകളും കഴിഞ്ഞ് ഓരോരുത്തര്‍ക്കും പ്രതിമാസം 10,000 രൂപ വരുമാനം ലഭിക്കുന്ന തരത്തിലേക്ക് ഇന്ന് കഫേ കുടുംബശ്രീ വളര്‍ന്നു കഴിഞ്ഞു. പാചകത്തിലെ നൈപുണ്യം അടുക്കളയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ അടക്കി നിര്‍ത്താതെ പുറത്ത് എത്തിക്കാന്‍ കഴിഞ്ഞതാണ് ഈ നേട്ടത്തിനു കാരണമെന്ന് റാണിക്കും ജെയ്സമ്മക്കും വിനീതക്കും സബിതക്കും രേഷ്മക്കും ഉറപ്പിച്ചു പറയാനാവും. 

വിജയവഴി 
വൃത്തിയിലും ഗുണമേന്മയിലും വീട്ടുവീഴ്ചക്ക് തയാറായില്ല എന്നതാണ് വേഗത്തില്‍ വിജയ വഴിയിലേറുന്നതിന് കഫേ കുടുംബശ്രീക്ക് സഹായകരമായത്. ആളുകളുടെ ഇഷ്ടങ്ങളറിഞ്ഞ് എന്നാല്‍ ആരോഗ്യത്തിന് ഒരിക്കലും ദോഷകരമല്ലാത്ത ഭക്ഷണം വിളമ്പുക എന്നതിലായിരുന്നു ശ്രദ്ധ, അതു കൊണ്ടുതന്നെ ലാഭത്തെക്കുറിച്ച് ചിന്തിച്ചതേയില്ല. സ്വാദിനൊപ്പം വൃത്തിക്കും ഗുണനിലവാരത്തിനും മുന്‍തൂക്കം നല്‍കിയതാണ് ഉപഭോക്താക്കളെ ആകര്‍ഷിച്ചതിന്‍റെയും അവരെ ഇപ്പോഴും നിലനിര്‍ത്താന്‍ കഴിയുന്നതിന്‍റെയും പിന്നിലുള്ള രഹസ്യം. 

Tags:    
News Summary - cafe kudumbasree hotel in kannur food lifestyle kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.