ഫ്രീസ്റ്റൈൽ ഫുട്ബാളിൽ വിസ്മയം തീർത്ത് മുഹമ്മദ് റിസ്‌വാൻ

അരീക്കോട്: വിദേശരാജ്യങ്ങളിൽ പ്രധാനമായും കണ്ടുവരുന്ന ഫ്രീസ്റ്റൈൽ ഫുട്ബാളിലൂടെ ശ്രദ്ധ നേടുകയാണ് അരീക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് റിസ്‌വാൻ. വിദേശ ഫുട്ബാൾ താരങ്ങളുടെ ഫ്രീസ്റ്റൈൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കണ്ടതിനെ തുടർന്നുള്ള പ്രചോദനമാണ് 19കാരനെ ഒരു വർഷം മുമ്പ് ഈ രംഗത്തേക്ക് എത്തിച്ചത്. വീട്ടിൽനിന്ന് സ്വന്തമായി പരിശീലനം നടത്തുകയായിരുന്നു.

റിസ്‌വാൻ ഫുട്ബാൾ കൊണ്ട് ഫ്രീസ്റ്റൈൽ ചെയ്യുന്നത് ആരെയും ഒന്ന് വിസ്മയിപ്പിക്കും. അത്രയും മനോഹരമായ രീതിയിലാണ് പന്തുകൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്. പ്രഫഷണൽ താരങ്ങൾക്ക് പോലും ചെയ്യാൻ കഴിയാത്ത തരത്തിലുള്ള അഭ്യാസങ്ങളാണ് ഈ വിദ്യാർഥി പന്തുകൊണ്ട് ചെയ്യുന്നത്. ഫുട്ബാൾ കൈകൊണ്ടു മാത്രമല്ല മൊബൈലിൽ വെച്ചും കറക്കും.

ചാലിയാറിന് കുറുകെയുള്ള കുനിയിൽ പെരുംകടവ് പാലത്തിൽ വെച്ചാണ് പന്തു കൊണ്ടുള്ള പ്രധാന അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്. മധ്യഭാഗത്തെ കൈവരിയിൽ ഇരുന്ന് പുഴയിലേക്ക് കാൽ നീട്ടി എത്ര ജഗിൾ വേണമെങ്കിലും ചെയ്യും. ഇതെല്ലാം കാണുന്ന കാഴ്ചക്കാർക്ക് പന്ത് ഇപ്പോൾ പുഴയിലേക്ക് വീഴുമെന്ന് തോന്നുമെങ്കിലും വീഴില്ല.

ശരീരത്തിലെ ഏത് ഭാഗം ഉപയോഗിച്ചും വിവിധ തരത്തിലുള്ള അഭ്യാസ പ്രകടനങ്ങളാണ് ചെയ്യുന്നത്. വിദേശതാരങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കണ്ട് അനുകരിച്ചാണ് ഇതെല്ലാം പഠിച്ചതെന്ന് റിസ്വാൻ പറഞ്ഞു. പ്രാദേശിക തലത്തിൽ നിരവധി ടീമുകൾക്ക് ബൂട്ട് കെട്ടിയിട്ടുണ്ട്.

റിസ്‌വാന്റെ പന്ത് കൊണ്ടുള്ള അഭ്യാസ പ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. നിരവധി വിദേശ താരങ്ങൾ റിസ്വാന്റെ അഭ്യാസപ്രകടനങ്ങൾ കാണാൻ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്. തെരട്ടമ്മൽ മജ്മഅ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ്ടു പൂർത്തിയാക്കി തുടർ പഠനത്തിന് കാത്തിരിക്കുകയാണ്. മാങ്കടവ് സ്വദേശി അബ്ദുൽ മജീദ്-മൈമൂന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഹ്‌സിൻ, റിഫാൻ, ഇർഫാന തസ്‌നി.

Tags:    
News Summary - Mohammad Rizwan is amazing in freestyle football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.