മിഥുൻ രമേഷ്
ജിദ്ദ: മലയാളികൾക്ക് സുപരിചിതനായ അവതാരകനാണ് മിഥുൻ രമേഷ്. ചലച്ചിത്ര നടൻ, ടെലിവിഷൻ അവതാരകൻ, റേഡിയോ ജോക്കി എന്നീ കരിയറുകളിൽ സ്വതസിദ്ധമായ കഴിവ് മിഥുൻ തെളിയിച്ചിട്ടുണ്ട്. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്.
25 ഓളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര താരം എന്നതിലുപരി അവതാരകൻ എന്ന നിലയിലാണ് മിഥുൻ അറിയപ്പെടുന്നത്. ദുബൈ ഹിറ്റ് എഫ്.എമ്മിൽ അവതാരകനായിരുന്നു. അതിലൂടെയാണ് പ്രേക്ഷക ഹൃദയത്തിൽ ഇടംനേടിയത്. ശേഷം നിരവധി പരിപാടികളിലും ടി.വി റിയാലിറ്റി ഷോകളിലും അവതാരകനായി. ഇന്നും കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന അവതാരകനാണ് മിഥുൻ രമേഷ്.
വേറിട്ട അവതരണ ശൈലിയാണ് മിഥുൻ കാഴ്ചവെക്കാറ്. പ്രേക്ഷകർക്കെല്ലാം മിഥുന്റെ തന്മയത്വമുള്ള അവതരണ ശൈലി പ്രിയമാണ്. ‘ഗൾഫ് മാധ്യമം’ ജി.സി.സി രാജ്യങ്ങളിൽ നടത്തിയ ‘കമോൺ കേരള’, റിയാദിൽ നടത്തിയ ‘അഹ്ലൻ കേരള’ പോലുള്ള വിവിധ മെഗാ പരിപാടികളിലും മിഥുൻ അവതാരകനായിട്ടുണ്ട്. ‘ഗൾഫ് മാധ്യമ’വും ‘മീ ഫ്രണ്ട്’ ആപ്പും ഒരുക്കുന്ന ‘ഹാർമോണിയസ് കേരള’ എന്ന മെഗാ പരിപാടിയുടെ ആനന്ദരാവിന് പൊലിമയേകാൻ മിഥുൻ രമേഷ് എന്ന മലയാളത്തിന്റെ ഈ ശ്രദ്ധേയ അവതാരകനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.