ദിൽഷാൻ അഹമ്മദ് (ചിത്രങ്ങൾ: മുസ്തഫ അബൂബക്കർ)
ഇരുളും വെളിച്ചവും: എം.ബി.ബി.എസ് വിദ്യാർഥി ദിൽഷാന്റെ മനക്കരുത്തിന്റെ കഥ
അപകടം തീർത്ത ദൈന്യതകളിൽ നിന്ന് മനക്കരുത്തും ചുറ്റുമുള്ളവരുടെ പിന്തുണയും കൈമുതലാക്കി തിരികെ വന്ന് എം.ബി.ബി.എസ് പ്രവേശനം നേടിയ ദിൽഷാന്റെ കഥ...
2018 മേയ് അഞ്ച്, റമദാൻ നോമ്പിെൻറ മൂന്നാംദിനമായിരുന്നു അന്ന്. നോമ്പുതുറ വിഭവങ്ങളിലേക്ക് ചെമ്മീൻ കൂടി ആകാമെന്ന് ദിൽഷാൻ അഹമ്മദിന് തോന്നി. അതിന് കൽപകഞ്ചേരി ഭാഗത്തേക്ക് പോകണം. കോഴിച്ചെനയിലെ വീട്ടിൽനിന്ന് ദിൽഷാൻ സ്കൂട്ടറിൽ റോഡിലേക്കിറങ്ങി. ഏറെ ആഹ്ലാദത്തിലായിരുന്നു അവൻ. എൻട്രൻസ് പരീക്ഷയുടെ ഫലം വൈകാതെ വരും. ഡോക്ടർ എന്ന സ്വപ്നത്തിലേക്ക് പ്രതീക്ഷിച്ചതുപോലെ താനടുക്കും. പിന്നെ അഞ്ചുവർഷങ്ങൾ, അത് ഒരു നിമിഷം പോലെ കടന്നുപോകും. ഒറ്റ കുതിപ്പിൽ ദിൽഷാൻ സ്കൂട്ടറുമായി കുറുക്കോളിന് സമീപമെത്തിയിരുന്നു അപ്പോൾ. പൊടുന്നനെയാണത് സംഭവിച്ചത്. മിൽമ ബൂത്തിൽനിന്ന് പാൽ വാങ്ങാൻ നിർത്തിയ മറ്റൊരു ബൈക്ക് അപ്രതീക്ഷിതമായി റോഡിലേക്കിറങ്ങി. വേഗം ബുദ്ധിക്കുമേൽ ആധിപത്യം സ്ഥാപിച്ച നിമിഷം. ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു ദിൽഷാൻ റോഡിലേക്ക് തെറിച്ചുവീണു. ഓർമകളെല്ലാം പറന്നുപോയി, ദേഹമാസകലം രക്തം പൊടിഞ്ഞു. ചുറ്റും ആളുകൾ കൂടി. അവൻ മാത്രം ഒന്നുമറിഞ്ഞില്ല. രാവിലെ 10.30 ആയിരുന്നു അപ്പോൾ സമയം.
ജീവിതത്തിെൻറ സ്വച്ഛന്ദമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും ഒന്ന് സദാ മനുഷ്യരെ ചുറ്റിവരിഞ്ഞ് കൂടെയുണ്ടാകും. നാം വിധിയെന്നു വിളിക്കുന്ന നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ഒന്ന്. ചിലർക്കുമേൽ ഒന്നിനുപിറകെ ഒന്നായി വന്ന് അവ മൂടും. മറ്റു ചിലരെ തൊട്ടു തലോടി കടന്നുപോകും. എപ്പോഴും ചെറുതെങ്കിലുമൊരു നഷ്ടം അവ ബാക്കിവെക്കും. അതിനെ എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു തുടർ വിജയം! ദിൽഷാെൻറ ജീവിതത്തിലും സംഭവിച്ചത് ഇതാണ്. സ്വപ്നങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരുന്ന ആ യുവാവിെൻറ ജീവിതം അന്ന് റോഡിൽ നിർത്തിയിട്ടപോലെ നിന്നു. ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപാലത്തിൽ ഓർമകൾ എവിടേക്ക് തിരിയണം എന്നറിയാതെ മയങ്ങിക്കിടന്നു. ശരീരത്തിെൻറ ഇടതുഭാഗം തളർന്നുപോയി. സംസാരം മുറിഞ്ഞുപോയി.
അതിലേക്ക് വരാം. അതിനുമുമ്പ് ഇപ്പോഴത്തെ ദിൽഷാനെ അറിയണം. പ്രയാസങ്ങൾക്കെല്ലാം ഇടയിൽ ദിൽഷാൻ നീറ്റ് പരീക്ഷ പാസാകുകയും എം.ബി.ബി.എസ് പഠനത്തിന് യോഗ്യത നേടുകയും ചെയ്തിരിക്കുന്നു. ഒരിക്കൽ റോഡിൽ വീണുടഞ്ഞെന്നു കരുതിയ സ്വപ്നത്തിലേക്ക് തിരിച്ചുകയറിയിരിക്കുന്നു. അതാണ് ഈ എഴുത്തിെൻറ പ്രമേയം. അപകടത്തിെൻറ രണ്ടാം നാൾ പിതാവ് കുഞ്ഞഹമ്മദ് സൗദിയിൽനിന്ന് നാട്ടിലെത്തി. ദിൽഷാനപ്പോൾ ആശുപത്രിയിലെ അകമുറിയിൽ ഒരുറപ്പുമില്ലാതെ കിടക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗം മുറിക്ക് പുറത്ത് പ്രാർഥനയും ആധിയും നിറഞ്ഞ മനസ്സോടെ കുഞ്ഞഹമ്മദും കുടുംബവും നിന്നു.
വിവരം തിരക്കിയവരോടെല്ലാം ഒന്നും മിണ്ടാതെ ഡോക്ടർമാർ ഒഴിഞ്ഞുമാറി. തലക്കും താടിയെല്ലിനുമായിരുന്നു പരിക്ക്. തലക്കുള്ളിലെ നൂറായിരം കോശങ്ങളെ അത് തളർത്തിയിട്ടു. ഒന്നാം ദിനവും രണ്ടാം ദിനവും കഴിഞ്ഞു-ദിൽഷാൻ ഓർമകളിലേക്ക് തിരികെ വന്നില്ല, കണ്ണു തുറന്നില്ല. വെൻറിലേറ്ററിെൻറ സഹായത്താൽ ദിവസങ്ങൾ നീങ്ങി. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഏവരും കരുതി. എപ്പോൾ വേണമെങ്കിലും അതുസംഭവിക്കാം! അങ്ങനെയിരിക്കെ മൂന്നാം നാൾ ഡോക്ടർ കുഞ്ഞഹമ്മദിനോട് മിണ്ടി-നേരിയ പ്രതീക്ഷയുണ്ട്, കാത്തിരിക്കാം. വീണ്ടും പ്രതീക്ഷകൾ പൂത്തു. ദിവസങ്ങൾ പിന്നെയും കടന്നുപോയി. ഐ.സി.യുവിെൻറ ചില്ലുവാതിലിനപ്പുറം ദിൽഷാൻ മയങ്ങിക്കിടക്കുന്നത് കണ്ണീരോടെ നിത്യവും കണ്ടു കുടുംബം മടങ്ങി. എന്നും പതിവ് കാഴ്ചകൾ. ഇതിനിടയിൽ എൻട്രൻസ് പരീക്ഷ ഫലം വന്നു.
ജീവിതത്തിലേക്ക് തിരികെ
22ാം നാൾ അത്ഭുതം സംഭവിച്ചു. ദിൽഷാൻ കണ്ണുതുറന്നു. ചുറ്റും സന്തോഷത്തിരയുയർന്നു. പതിയെ അവൻ ഓർമകളിലേക്ക് തിരികെ നീന്തി. ചുറ്റുമുള്ളവരെയെല്ലാം തിരിച്ചറിഞ്ഞു. കുഞ്ഞഹമ്മദിെൻറ മൊബൈലിൽ തെറ്റാതെ നമ്പർ ഡയൽ ചെയ്തു. അതുകഴിഞ്ഞ് അവൻ അന്വേഷിച്ചത് പരീക്ഷാഫലത്തെ കുറിച്ചാണ്. അതിനു മുന്നിൽ കുടുംബം മൗനിയായി. അവനറിയില്ലല്ലോ ഫലം വന്നതും അവൻ യോഗ്യത നേടിയതും ആശുപത്രിക്കാലം തുടർപഠനത്തിന് വിലക്കേർപ്പെടുത്തിയതും. ഒരുറക്കത്തിൽ നിന്നെന്നപോലെ എഴുന്നേറ്റ ദിൽഷാൻ ഒരു കാര്യം കൂടി തിരിച്ചറിഞ്ഞു. തെൻറ ഇടതുഭാഗം നിശ്ചലമാണ്. അത് അവനെ ഒന്നുകൂടി തളർത്തി. കണ്ണിൽ ജലകണങ്ങൾ നിറഞ്ഞു. സ്വന്തം വിധിയോർത്താണോ ജീവിതത്തിലേക്ക് തിരികെ എത്തിയതിേൻറതാണോ അതെന്നറിയാതെ ബന്ധുക്കളും ഒരു നിമിഷം സംശയിച്ചുനിന്നു. പിന്നെ എന്തിനെന്നറിയാതെ അവരിലും കണ്ണീർ പൊടിഞ്ഞു. ഒരു തട്ട് ശൂന്യമായ തുലാസ്സുപോലെ ആയിരുന്നു അവനപ്പോൾ.
പിന്നെയും കുറെ നാൾ തീവ്രപരിചരണ മുറിയിൽ കിടന്നു. നോമ്പുകാലം തീരാറായി. പെരുന്നാൾ ദിവസം റൂമിലേക്ക് മാറ്റി. ആ കുടുംബത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞൊരു െപരുന്നാൾ ദിനം. ഒടുവിൽ 42 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ദിൽഷാൻ വീട്ടിലേക്ക് മടങ്ങി. സ്വയം നിൽക്കാനോ നടക്കാനോ കഴിയാത്ത നിലയിലായിരുന്നു അപ്പോഴും. സംസാരത്തിനും വ്യക്തതയുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കുേമ്പാൾ ദിൽഷാൻ ചിലതെല്ലാം ഓർക്കാൻ ശ്രമിക്കും. സ്കൂട്ടറുമായി വീട്ടിൽനിന്നിറങ്ങിയതും മിൽമ ബൂത്തിനരികിൽ എത്തിയതും മാത്രമേ ഓർമയിൽ തെളിഞ്ഞുള്ളൂ. പിന്നെയവർ പഠിച്ച കാര്യങ്ങളെ ഓർത്തു. കറുപ്പും വെളുപ്പും കലർന്ന അവ്യക്ത ചിത്രങ്ങളെ പോലെയാണവ മനസ്സിലേക്ക് ആദ്യം കയറിവന്നത്. പിന്നെ പിന്നെ നിറം തെളിഞ്ഞു വ്യക്തമായി കാണാനായി. അതിനിടെ വെല്ലൂർ സി.എം.സി ആശുപത്രിയിൽ പോയി. അവിടത്തെ സമാന കാഴ്ചകൾ അവനിൽ ചെറുതല്ലാത്ത ഊർജം നിറച്ചു. ഇനിയും പരീക്ഷ എഴുതണം, ഡോക്ടറാകണം എന്ന മോഹം വീണ്ടും മനസ്സിലുദിച്ചു. പ്രയാസകരമായിരുന്നു അത്. മനസ്സ് ആഗ്രഹിക്കുന്നിടത്ത് ശരീരം നിൽക്കാത്ത സമയം. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല.
ഫിസിയോ തെറപ്പിക്കും ചികിത്സക്കും ഇടയിൽ വീട്ടിൽ ഇരുന്ന് ദിൽഷാൻ പഠനമാരംഭിച്ചു. എല്ലാം പഴയപോലെ ഓർത്തെടുക്കാനും പകർത്താനും ആകുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ആവേശമായി. അതിനൊടുവിൽ 2019ൽ ദിൽഷാൻ വീണ്ടും നീറ്റ് പരീക്ഷയെഴുതി. ഫലം വന്നു, ദിൽഷാൻ മെഡിക്കൽ പ്രവേശനത്തിന് യോഗ്യത നേടിയിരിക്കുന്നു. കുടുംബത്തിൽ ആഹ്ലാദം തിരികെയെത്തി. പ്രവേശനത്തിന് മുമ്പ് മെഡിക്കൽ ബോർഡിന് മുന്നിലെത്തിയതോടെ പ്രതീക്ഷകളാകമാനം കെട്ടു. പഠനത്തിനും പ്രാക്ടീസിനും ശരീരം ഫിറ്റെല്ലന്നു പറഞ്ഞ് പ്രവേശനം അവർ തടഞ്ഞു. എം.ബി.ബി.എസ് അല്ലാത്ത കോഴ്സുകൾ തിരഞ്ഞെടുക്കാൻ ഒരുപദേശവും നൽകി ബോർഡ് മുഖം തിരിച്ചു. നിരാശയുടെ പടുകുഴിയിലേക്ക് ദിൽഷാനും കുടുംബവും വീണ്ടും വീണുപോയി.
ദിൽഷാനൊപ്പം പിതാവ് കുഞ്ഞഹമ്മദും തളർന്നു. ഉമ്മ ഫാത്തിമ റമീസ മകനെ കെട്ടിപ്പിടിച്ച് അടുത്തിരുന്നു. നഷ്ടങ്ങളുടെ കനത്ത ചങ്ങലകളാൽ ബന്ധിതമായതുപോലെ ആ കുടുംബം െഞരുങ്ങി. ഇതുവരെയുള്ള പഠനത്തിലെല്ലാം ഒന്നാമതായി വിജയിച്ച മകനുമുന്നിലാണ് വിധി ഇങ്ങനെ തടസ്സം നിൽക്കുന്നതെന്ന് അവരോർത്തു. ദിൽഷാൻ മാത്രം ഒന്നും മിണ്ടിയില്ല. വിധിയോട് മെല്ലെ മെല്ലെ പൊരുത്തപ്പെടുകയായിരുന്നു അവൻ. ദിവസങ്ങൾ പിന്നെയും കടന്നുപോയി. ഇതിനിടയിൽ ചില മാറ്റങ്ങൾ ദിൽഷാനിൽ കണ്ടുതുടങ്ങി. ഫിസിയോ തെറപ്പിയും ചികിത്സകളും ശരീരത്തിെൻറ പ്രയാസങ്ങൾ ചെറുതായി കുറച്ചു. ഇതിന് ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോ. ഷാജിയോട് നന്ദി പറയുന്നു ഇവർ. ഡോക്ടർ ദിൽഷാന് നൽകിയ ആത്മവിശ്വാസം ചെറുതല്ല. മെഡിസിന് യോഗ്യത നേടും മുമ്പേ ഡോ. ദിൽഷാൻ എന്നാണ് ഷാജി ഡോക്ടർ വിളിച്ചിരുന്നത്. അതവനിൽ ചിരി ഉണർത്തുമെങ്കിലും നഷ്ടപ്പെട്ട അവസരങ്ങൾ തിരികെ പിടിക്കാനുള്ള ലക്ഷ്യത്തെ ഓർമിപ്പിക്കും.
വൈകാതെ കോട്ടക്കൽ 'മെർക്കുറി'യിൽ നീറ്റ് പരിശീലനത്തിന് ചേർന്നു. സൗദിയിലെ പ്രവാസം അവസാനിപ്പിച്ച് കുഞ്ഞഹമ്മദ് അപ്പോഴേക്കും നാട്ടിൽ കുടിയിരുന്നു. വരുമാനത്തിനായി അയാൾ കൃഷിയിലേക്ക് തിരിഞ്ഞു. മകന് പൂർണ പിന്തുണ നൽകി കൂടെ കൂടിയാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. കുഞ്ഞഹമ്മദ് തന്നെ മകനെ ക്ലാസിലെത്തിക്കും, തിരികെ കൊണ്ടുവരും. സാഹസം നിറഞ്ഞൊരു ഏർപ്പാടായിരുന്നു അത്. മറ്റു കുട്ടികൾക്കൊപ്പം എത്താൻ ഒരിക്കലും ദിൽഷാന് കഴിഞ്ഞില്ല.
ക്ലാസിൽ ഇരുന്നതുതന്നെ പ്രയാസപ്പെട്ടായിരുന്നു. മനസ്സുകൊണ്ട് തിരികെ വരണമെന്ന് തോന്നുമ്പോഴൊക്കെയും ശരീരത്തിെൻറ ഒരുപാതി വിഘടിച്ചുനിന്നു. അപ്പോഴൊക്കെയും 'മെർക്കുറി'യിലെ നൂറുദ്ദീൻ എന്ന അധ്യാപകൻ കൂട്ടുവന്നു. നോട്ടുകളും കുറിപ്പുകളും തയാറാക്കി നൽകി. ദിൽഷാനൊപ്പം പിതാവ് കുഞ്ഞഹമ്മദിനും മാതാവ് ഫാത്തിമ റമീസക്കും മനോധൈര്യത്തിെൻറ പാഠങ്ങൾ പകർന്നു. ഇവയെല്ലാം ദിൽഷാനിൽ മാറ്റങ്ങളുണ്ടാക്കി. വീണ്ടും പരീക്ഷ എഴുതാമെന്ന ആത്മവിശ്വാസം കൈവന്നു. പഠിച്ചതൊക്കെ ഓർമയിൽ തെളിമയോടെ നിൽക്കാൻ തുടങ്ങി.
വീണ്ടും പൂത്ത സ്വപ്നങ്ങൾ
2020ൽ വീണ്ടും നീറ്റ് പരീക്ഷ വന്നു. നിലമ്പൂർ പി.വി.എസ് സ്കൂളായിരുന്നു സെൻറർ. അതിരാവിലെ ഒരിക്കൽകൂടി ദിൽഷാൻ ലക്ഷ്യത്തിലേക്ക് പുറപ്പെട്ടു. പ്രയാസങ്ങൾ കണ്ടറിഞ്ഞ സ്കൂൾ പ്രിൻസിപ്പൽ പ്രത്യേക സൗകര്യം ഒരുക്കി. കഴിഞ്ഞ പരീക്ഷകളേക്കാൾ അനായാസമായി ദിൽഷാന് തോന്നി. സ്വപ്നങ്ങൾ പിന്നെയും പൂത്തു. റിസൽട്ട് വന്നു. സർക്കാർ തലത്തിൽ മെഡിസിൻ പഠനത്തിന് യോഗ്യത നേടിയിരിക്കുന്നു.
വീണ്ടും മെഡിക്കൽ ബോർഡിന് മുന്നിലേക്ക് - മുൻ അനുഭവം ഉള്ളതിനാൽ ഉള്ളിൽ ചെറിയ ആധിയുണ്ടായിരുന്നു. ഇത്തവണയും പ്രവേശനം തടസ്സപ്പെടുമോ! ശാരീരിക പ്രയാസങ്ങൾ പൂർണമായി ശരിപ്പെട്ടിട്ടില്ല. ഒരു വശം ഇേപ്പാഴും പൂർണമായി വഴങ്ങുന്നില്ല -ദിൽഷാൻ ആശങ്കപ്പെട്ടു. പേടിച്ചതുപോലെ ഒന്നുമുണ്ടായില്ല. ദിൽഷാെൻറ ഇച്ഛാശക്തിക്കുമേൽ മെഡിക്കൽ ബോർഡ് തോറ്റു. ഇൻറർവ്യൂ കഴിഞ്ഞ് കുഞ്ഞഹമ്മദിന് വിളി വന്നു. എം.ബി.ബി.എസ് പ്രവേശനം തൃശൂരിൽ വേണോ, കോഴിക്കോട് മെഡിക്കൽ കോളജിൽ വേണോ?
വിധിയുടെ അപൂർവമായ ഇടപെടലിനുമുന്നിൽ ആ പിതാവ് ഒരു നിമിഷം മൗനം പൂണ്ടു, കണ്ണുകൾ നിറഞ്ഞു. ഇക്കാര്യം പറഞ്ഞപ്പോൾ ദിൽഷാെൻറ കണ്ണുകളിലും അതേ നനവ്. അടുത്തുള്ള കോഴിക്കോട് മെഡിക്കൽ കോളജ് തിരഞ്ഞെടുക്കാൻ ഒട്ടും താമസമുണ്ടായില്ല. വൈകാതെ ദിൽഷാന് ക്ലാസ് തുടങ്ങും. അപ്പോഴേക്കും ശാരീരിക പ്രയാസങ്ങൾ പൂർണമായി ഒഴിവാകണേ എന്ന പ്രാർഥനയിലാണ്. ഇല്ലെങ്കിലും പ്രശ്നമല്ല. ഇതിലും വലിയ പ്രയാസത്തിൽനിന്ന് കരകയറിയല്ലോ! ഇപ്പോഴുള്ളത് എത്രയോ ചെറുത്. അതും പതുക്കെ പതുക്കെ മാഞ്ഞു പോകും. ദിൽഷാൻ പഠിച്ചു പഠിച്ച് ഉയരും.
അപകടം വരുത്തിയ സ്കൂട്ടർ പിന്നെ കുഞ്ഞഹമ്മദ് വീട്ടിലേക്ക് കയറ്റിയില്ല. അന്നു തന്നെ അതൊരു ബന്ധുവിന് കൈമാറി. രണ്ടര വർഷങ്ങൾക്കിപ്പുറം സ്കൂട്ടർ ഓടിക്കണമെന്നും അനിയൻ ദിയാെൻറ സൈക്കിൾ ചവിട്ടണമെന്നുമൊക്കെ ദിൽഷാന് തോന്നിത്തുടങ്ങിയിട്ടുണ്ട്. സമയമായില്ലെന്നു പറഞ്ഞ് കുഞ്ഞഹമ്മദ് അതിനെല്ലാം താൽക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ദിൽഷാെൻറ ഒഴിവുസമയം ഇപ്പോൾ പ്ലസ് ടു കാരി അനിയത്തി ദിൽനക്ക് പാഠങ്ങൾ പകർന്നുനൽകാനുള്ളതാണ്. വീട്ടിൽതന്നെ ഫിസിയോതെറപ്പിയും തുടരുന്നു.
അന്ന് ആ മേയ് അഞ്ചിന് രാവിലെ ദിൽ ഷാൻ സ്കൂട്ടറുമെടുത്ത് ഇറങ്ങിത്തിരിച്ചില്ലായിരുന്നെങ്കിൽ എന്ന് ഈ കുടുംബം ഇപ്പോൾ വെറുതെ ഓർക്കും. എങ്കിലിപ്പോൾ രണ്ടാം വർഷ മെഡിസിൻ കഴിഞ്ഞേനെ. പക്ഷേ, ഉടനെ മറ്റൊന്നുകൂടി തിരിച്ചറിയും. ഇങ്ങനെയെങ്കിലും തിരികെ വന്നില്ലായിരുന്നുവെങ്കിലോ! വെൻറിലേറ്ററിെൻറ വാതിൽ എന്നന്നേക്കുമായി അടഞ്ഞുപോയിരുന്നുവെങ്കിലോ! അതിനാൽ ദൈവത്തോട് നന്ദി പറയുന്നു. ചില അനുഭവങ്ങൾ, ഓർമകൾ എന്നിവ ഓർത്തെടുക്കാനെങ്കിലും കൂട്ടുവേണ്ടേ. ദിൽഷാനിലൂടെ ഇങ്ങെനയൊരു കഥ പറയാൻ ദൈവവും കരുതിയിരിക്കും. ജീവിതവഴികളിൽ ചെറു വീഴ്ചകളാൽ തളർന്നുപോകുന്നവർക്ക് എഴുന്നേറ്റ് വരാനെങ്കിലും ഈ ജീവിതം ആത്മവിശ്വാസം നൽകുമല്ലോ, അതു മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.