പി.കെ. മുഹമ്മദ് സാലിഹ് പാരാ ഏഷ്യൻ ഗെയിംസ്
ചെസ് മത്സരത്തിൽ
കോഴിക്കോട്: ചെസിൽ രാജ്യത്തിനായി വെള്ളി മെഡൽ നേടി ശ്രദ്ധേയനായ കാഴ്ചപരിമിതൻ പി.കെ. മുഹമ്മദ് സാലിഹിന് സംസ്ഥാന സർക്കാറിന്റെ അവഗണന. 2018ൽ ഇന്തോനേഷ്യയിലെ ജകാർത്തയിൽ നടന്ന പാരാ ഏഷ്യൻ ഗെയിംസിന്റെ ബി വൺ കാറ്റഗറിയിൽ റാപിഡ് ചെസ് മെൻസ് ടീമിലാണ് താമരശ്ശേരി സ്വദേശിയായ മുഹമ്മദ് സാലിഹ് മെഡൽ നേടിയത്.
അന്താരാഷ്ട്ര മത്സരങ്ങളിലെ മെഡൽ ജേതാക്കൾക്ക് സർക്കാറിന്റെ പ്രത്യേക സാമ്പത്തിക സഹായവും ജോലിയും ലഭിക്കുമ്പോൾത്തന്നെ അവഗണിക്കുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. കാഴ്ചപരിമിതൻ എന്ന പരിഗണന പോലും ലഭിക്കുന്നില്ല. പരിശീലനത്തിനും അവസരമില്ല. ഏറ്റവും അവസാനമായി കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയവർക്കടക്കം 20 ലക്ഷം രൂപവരെ പാരിതോഷികം നൽകാൻ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു.
എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ, എം. ശ്രീശങ്കർ, ട്രീസ ജോളി എന്നിവർക്ക് സ്പോർട്സ് ക്വോട്ട നിയമനത്തിനുള്ള 50 തസ്തികകളിൽനിന്ന് നാലെണ്ണം നീക്കിവെച്ചു. എന്നാൽ, സംസ്ഥാന സർക്കാറിലേക്ക് പലതവണ കത്ത് നൽകിയിട്ടും തനിക്ക് അനുകൂല നടപടിയില്ല. അവസാനമായി, മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ അപേക്ഷയെത്തുടർന്ന്, സ്പോർട്സ് ക്വോട്ടയിൽ അപേക്ഷിക്കാനാണ് നിർദേശിച്ചത് -സാലിഹ് പറയുന്നു.
2017ൽ ഹരിയാനയിലെ അമ്പാലയിൽ നടന്ന ദേശീയ ചെസ് ടൂർണമെന്റിലായിരുന്നു ഏഷ്യൻ ഗെയിംസിലേക്ക് സാലിഹിന് അവസരം ലഭിച്ചത്. വിജയിയായി തിരിച്ചെത്തിയതിനുപിന്നാലെ കേന്ദ്ര സർക്കാർ സംഘടിപ്പിച്ച അത്താഴവിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പ്രമുഖർ അനുമോദിക്കുകയും 15 ലക്ഷം രൂപ പാരിതോഷികം സമ്മാനിക്കുകയും ചെയ്തു. ടീമിലുണ്ടായിരുന്ന പ്രജുര്യ പ്രധാന് ഒഡിഷ സർക്കാർ ജോലി നൽകി. തനിക്ക് ജോലിയും വരുമാനവുമില്ല.
കേന്ദ്ര സർക്കാർ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് താമരശ്ശേരി കൊട്ടാരക്കോത്ത് വാങ്ങിയ സ്ഥലത്ത് 'മാധ്യമം' നിർമിച്ചുനൽകിയ അക്ഷരവീട്ടിലാണ് താമസം. കാഴ്ചയുള്ളവർക്കൊപ്പം കളിച്ച് അന്താരാഷ്ട്ര ഫിഡെ റേറ്റിങ് ലഭിച്ച കേരളത്തിലെ ആദ്യ കാഴ്ച പരിമിതനാണ് സാലിഹ്. കേരള ബ്ലൈൻഡ് ചെസ് ടൂർണമെന്റിൽ മൂന്നുതവണ ഒന്നാം സ്ഥാനം നേടി.
കേരള ബ്ലൈൻഡ് ചെസ് ടീമിന്റെ ക്യാപ്റ്റനായി. കശ്മീർ, ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഝാർഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഗോവ, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നടന്ന നിരവധി അന്തർ സംസ്ഥാന ടൂർണമെന്റുകളിലും വിജയിച്ചു. ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. കോഴിക്കോട് ലോ കോളജിൽനിന്ന് നിയമ ബിരുദവും നേടി.
പാരാ ഏഷ്യൻ ഗെയിംസ്, ഏഷ്യ കപ്പ്, വേൾഡ് കപ്പ് ഒളിമ്പ്യാഡ് എന്നിവയിലെ വിജയമാണ് ഇനി ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധികൾ അലട്ടുന്ന തനിക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനും പരിശീലനത്തിനും ഏതെങ്കിലും സ്പോൺസർ എത്തുമെന്ന പ്രതീക്ഷയിലാണ് സാലിഹ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.