പ്രവാസത്തിന്റെ തിരക്കിലും കലാസ്വപ്നം; സമാജം വേദിയിലൂടെ തിരിച്ചുവരവ് നടത്തി അഭിലാഷ് വെള്ളുക്കൈ
മനാമ: സ്കൂൾ-കോളേജ് കാലഘട്ടത്തിന് ശേഷം ജീവിതതിരക്കുകളിൽ എവിടെയോ നഷ്ടപ്പെട്ടുപോയ കലാപ്രവർത്തനങ്ങൾ പ്രവാസത്തിന്റെ മണ്ണിൽ തിരിച്ചെടുത്തു സജീവമാകുകയാണ് ബഹ്റൈനിലെ പ്രവാസി മലയാളി. രണ്ടു പതിറ്റാണ്ടിലധികമായി ബഹ്റൈനിൽ പ്രവാസിയായ കണ്ണൂർ മാങ്ങാട് സ്വദേശി അഭിലാഷ് വെള്ളുക്കൈയാണ് തന്നിലെ കലാകാരനെ പുനരവതരിപ്പിച്ച് ശ്രദ്ധേയനാകുന്നത്. സ്കൂൾ-കലാലയ ജീവിതകാലത്ത് നൃത്തം, നാടകം തുടങ്ങി വിവിധ കലാപരിപാടികളിൽ തിളങ്ങിയിരുന്ന അഭിലാഷ്, ബഹ്റൈനിലെത്തിയതോടെ ജോലിയും കുടുംബജീവിതവുമായി ഒതുങ്ങിക്കൂടുകയായിരുന്നു.
എന്നാൽ വർഷങ്ങൾക്ക് ശേഷം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുമായി ഉണ്ടായ പരിചയമാണ് അഭിലാഷിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
സമാജം പ്രവർത്തനങ്ങളിലേക്ക് കടന്നുവന്നതോടെയാണ് തന്റെ പഴയ കലാവാസനകളെ വീണ്ടും വീണ്ടെടുക്കാൻ അഭിലാഷിന് കഴിഞ്ഞത്.
നൃത്തം, നാടകം, ഷോർട്ട് ഫിലിം തുടങ്ങി കലയുടെ വൈവിധ്യമാർന്ന മേഖലകളിൽ അഭിലാഷ് സജീവമാണ്. വിഷ്ണു നാടകഗ്രാമത്തിന്റെ ചരടുപിന്നിക്കളി ആയിരുന്നു ബഹ്റൈൻ കേരളീയ സമാജത്തിലെ അഭിലാഷിന്റെ ആദ്യ സ്റ്റേജ് പെർഫോമൻസ്. പിന്നീട് ബഹ്റൈനിലെ അറിയപ്പെടുന്ന നാടക സംവിധായകരായ മനോഹരൻ പാവറട്ടി, ഹരീഷ് മേനോൻ എന്നിവരുടേതടക്കം 10 ഓളം നാടകങ്ങളിലും ബഹ്റൈനിലെ പ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറുമായ വിദ്യാശ്രീയുടെ ഖുദാഹാഫിസ്, വിന്ധ്യാവലി എന്നീ ഡാൻസ് ഡ്രാമകളിലും, ബിനോജ് പാവറട്ടി-രമ്യ ബിനോജ് എന്നിവരുടെ സിനിമാറ്റിക് ഡാൻസ്,ഫ്ളാഷ്മൊബ് എന്നീ നൃത്ത പരിപാടികളിലും അഭിലാഷ് അരങ്ങിലെത്തി.
പ്രശോഭ് മേനോൻ സംവിധാനം ചെയ്ത ‘ഹോപ്’, ‘സസ്നേഹം സുഗുണൻ’ എന്നീ ഹ്രസ്വചിത്രങ്ങളിൽ നായകനായി വേഷമിട്ടു. റിലീസിനൊരുങ്ങുന്ന ‘ദ ട്രഷർ’ എന്ന ചിത്രത്തിലും പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ ‘നീലാംബരം’ എന്ന കവർ ഗാനത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അഭിനയത്തിന് പുറമെ മികച്ച സംഘാടകൻ എന്ന നിലയിലും അഭിലാഷ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. 2024-ൽ സമാജം ‘പിള്ളേരോണ’ത്തിന്റെ കൺവീനറായും 2025-ൽ ചിൽഡ്രൻസ് വിങ് കൺവീനറായും വിജയകരമായി പ്രവർത്തിച്ചു. ബഹ്റൈനിലെ പ്രമുഖ കമ്പനിയായ അൽ മൊയ്ത് കമ്പ്യൂട്ടേഴ്സിൽ ഇൻഫർമേഷൻ ടെക്നോളജി സിസ്റ്റം എൻജിനീയറായാണ് അഭിലാഷ് ജോലി ചെയ്യുന്നത്. ഭാര്യ രചനയും ബഹ്റൈൻ കേരളീയ സമാജത്തിലെ സജീവ സാന്നിധ്യമാണ്. സമാജം മലയാളം പാഠശാല അധ്യാപികയായ രചന നാലുവർഷത്തോളം വനിതാവേദി എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മക്കളായ അനന്യ അഭിലാഷ് (പത്താം ക്ലാസ്), അനിക അഭിലാഷ് (അഞ്ചാം ക്ലാസ്) എന്നിവർ ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു. "ഒരിക്കൽ മാറ്റിവെക്കേണ്ടി വന്ന കലാസ്വപ്നങ്ങളെ പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും വീണ്ടും ചേർത്തുപിടിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷവും ആത്മസംതൃപ്തിയുമുണ്ട്," അഭിലാഷ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.