ഇത് സെഹോറിലെ ഹാച്ചിക്കോ; വിശപ്പടക്കിയ യജമാനന്റെ അന്ത്യകർമങ്ങളിലും കൂട്ടായി തെരുവുനായ
ജപ്പാനിലെ ഹാച്ചിക്കോ എന്ന നായയുടെ കഥ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ലോകത്തിലെ തന്നെ ഏറ്റവും ഹൃദയസ്പർശിയായ മൃഗസ്നേഹത്തിന്റെ കഥകളിലൊന്നാണിത്. തന്റെ യജമാനനോടുള്ള സ്നേഹവും വിശ്വാസവും മരണത്തിനപ്പുറവും കാത്തുസൂക്ഷിച്ച ആ വളർത്തുമൃഗം ഏവരുടെയും കണ്ണ് നനയിച്ചിട്ടുണ്ട്. സമാനമായി കരളലയിക്കുന്ന മറ്റൊരു മൃഗസ്നേഹത്തിന്റെ കഥയാണ് മധ്യപ്രദേശിൽ നിന്ന് വരുന്നത്.
ബാങ്ക് ജോലിയിൽ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതത്തിലായിരുന്നു മോഹൻലാൽ റായ്ക്വാർ. ഏകദേശം 75 വയസ്സ് പ്രായമുണ്ട് അദ്ദേഹത്തിന്. പ്രദേശത്ത് അലഞ്ഞുനടന്നിരുന്ന കാലു എന്ന തെരുവുനായയ്ക്ക് മോഹൻലാൽ പതിവായി ഭക്ഷണം നൽകുമായിരുന്നു. തുടർച്ചയായുള്ള ഈ കരുതൽ ഇരുവരും തമ്മിൽ പെട്ടെന്ന് അടുക്കാനിടയാക്കി. എന്നാൽ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മോഹൻലാൽ മരണപ്പെട്ടു.
മോഹൻലാലിന്റെ അന്ത്യകർമങ്ങളിലുടനീളം കാലു അദ്ദേഹത്തെ അനുഗമിച്ചു. ശ്മശാനത്തിലേക്കും അവിടെ അന്ത്യകർമങ്ങൾ നടക്കുമ്പോഴും, തിരികെ ബന്ധുക്കൾ വീട്ടിലേക്ക് മടങ്ങുമ്പോഴും ഒരു മനുഷ്യനെപ്പോലെ അവൻ കൂടെ നിന്നു. വീട്ടിലെത്തി ബന്ധുക്കൾ രണ്ട് മിനിറ്റ് മൗനം ആചരിച്ചപ്പോൾ കാലു നിശബ്ദമായി മുന്നിൽ നിന്നു. പിന്നീട് കുറച്ച് നേരം അവിടെ ചെലവഴിച്ച ശേഷമാണ് കാലു മടങ്ങിയത്. തന്റെ വിശപ്പടക്കിയ യജമാനന്റെ അന്ത്യയാത്രയിൽ കൂടെ നിന്ന ഈ നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.