വിവാഹമോതിരം അണിയാൻ ഈ വിരൽ തന്നെ തിരഞ്ഞെടുക്കുന്നതെന്തിന്? പുരാതനറോമിൽ നിലനിന്നിരുന്ന വിശ്വാസത്തിന് പിന്നിൽ ഇതാണ്!

സുന്ദരമായൊരു ബന്ധം തുടങ്ങുന്നതിന് മുമ്പായി പങ്കാളികൾ വിരലിൽ മോതിരം അണിയുന്നത് പതിവാണ്. പാശ്ചാത്യരാജ്യങ്ങളിൽ കൂടുതലായി കണ്ടുവരാറുണ്ടെങ്കിലും ഇന്ത്യയിലടക്കം ഇതൊരു ചടങ്ങായി മാറിയിട്ടുണ്ട്. ഇടതുകൈയിലെ നാലാമത്തെ വിരലിനെ മോതിരവിരൽ എന്നാണ് പറയുന്നത്. എന്നാൽ എങ്ങനെയാണ് ഈ വിരൽ മോതിരവിരൽ ആയതെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഈ വിരലിൽ വിവാഹത്തിന് മോതിരം ധരിക്കുന്ന പ്രവണതയ്ക്ക് ഏറെ പഴക്കമുണ്ട്. പുരാതന റോമിലാണ് ഇത് കൂടുതലായും കണ്ടുവന്നിരുന്നത്. ഇടതുകൈയിലെ ഈ വിരലിൽ നിന്ന് ഹൃദയത്തിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു സിരയുണ്ടെന്ന് അന്ന് റോമൻകാർ വിശ്വസിച്ചിരുന്നു. 'വെന അമോറിസ്' അഥവാ പ്രണയത്തിന്റെ സിര എന്നാണ് ഇതിനെ വിളിച്ചിരുന്നത്. ഹൃദയവുമായി നേരിട്ട് ബന്ധമുണ്ടെന്ന വിശ്വാസം പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും പ്രതീകമായി മാറി. പിന്നീട് ഈ വിരലിൽ മോതിരം ധരിക്കുന്ന പ്രവണതയ്ക്ക് പാശ്ചാത്യ രാജ്യങ്ങളിൽ ഏറെ പ്രചാരം ലഭിക്കുകയും ചെയ്തു.

എന്നാൽ ഹൃദയത്തിൽ നിന്ന് ഒരു പ്രത്യേക സിര ഈ വിരലിലേക്കില്ലെന്നും ശരീരത്തിലെ എല്ലാ സിരകളും നേരിട്ട് ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ മനസ്സിലാക്കാം. എന്നാൽ ഈ നാലാമത്തെ വിരലിൽ മോതിരം ധരിക്കുന്നതിന് ഒരു പ്രായോഗിക കാരണവുമുണ്ട്. ഒരു കാര്യത്തിനും ഇടതുകൈ നാം അധികം ഉപയോഗിക്കാറില്ല. അതിൽത്തന്നെ ഈ നാലാമത്തെ വിരലിനാകട്ടെ അധികം ചലിക്കേണ്ടിവരുന്നുമില്ല. ഇക്കാരണത്താൽ വിലപിടിപ്പുള്ള മോതിരങ്ങൾ അണിയാൻ ഏറ്റവും ഉത്തമം മോതിരവിരൽ ആണ്. അധികം കേടുപാടുകളില്ലാതെ കൊണ്ടുനടക്കാം. എന്തൊക്കെയായാലും പുരാതന റോമൻകാർ വിശ്വസിച്ചിരുന്നതുപോലെ ബന്ധങ്ങളിൽ ഒരു പ്രത്യേക സ്ഥാനമൊന്നും ഈ വിരലിനില്ലെന്നു പറയാം. ചില വിഭാഗക്കാർ വലതുകൈയിൽ വിവാഹത്തിന് മോതിരം അണിയാറുണ്ട്. ഒരു ശുഭപ്രതീക്ഷയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നത്. 

Tags:    
News Summary - Vena Amoris Meaning And History

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.