മകൻ മരിച്ച് ആഴ്ചകൾ മാത്രം; മരുമകളുടെ പുനർവിവാഹം നടത്തി അമ്മ
മുസഫർനഗർ: മകന്റെ വേർപാടിന്റെ വേദനയ്ക്കിടയിലും മരുമകൾക്ക് പുതിയ ജീവിതം ഒരുക്കി അമ്മ. ഉത്തർപ്രദേശിലെ മുസഫർനഗറിൽ നിന്നാണ് രക്തബന്ധത്തിനപ്പുറം സ്നേഹബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന വാർത്ത വരുന്നത്. സുനിത എന്ന സ്ത്രീയാണ് തന്റെ മകൻ മരിച്ച് ആഴ്ചകൾക്കകം മരുമകളുടെ സമ്മതത്തോടെ പുനർവിവാഹം നടത്തിക്കൊടുത്തത്. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ മരുമകൾക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ തുണയാകണമെന്ന തീരുമാനത്തിൽ കുടുംബത്തിന്റെ പിന്തുണയോടെയായിരുന്നു പുനർവിവാഹം.
രാജസ്ഥാനിലെ നാരായൺപുർ സ്വദേശിയും ചാട്ട് വിൽപനക്കാരനുമായ യോഗേഷുമായാണ് മരുമകൾ മീനാക്ഷിയുടെ വിവാഹം സുനിത നടത്തിയത്. ബുധനാഴ്ച ആര്യസമാജ് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. മീനാക്ഷിയുടെ പൂർണ സമ്മതത്തോടെയായിരുന്നു വിവാഹം. ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. ഹരിദ്വാർ സ്വദേശിനിയായ മീനാക്ഷി പത്ത് വർഷം മുമ്പാണ് സുനിതയുടെ മകൻ രോഹിതിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് പെൺമക്കളാണുള്ളത്. സന്തോഷകരമായ കുടുംബജീവിതത്തിനിടെയായിരുന്നു രോഹിതിന്റെ അപ്രതീക്ഷിത വിയോഗം.
കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന രോഹിതിന്റെ പിതാവ് ആഗസ്റ്റ് 14ന് മരിച്ചു. തൊട്ടടുത്ത ദിവസം രോഹിതും മരിച്ചു. ദുരന്തത്തിന് പിന്നാലെ മരുമകളുടെ ഭാവിയെക്കുറിച്ചായിരുന്നു സുനിതയുടെ വേവലാതി. മീനാക്ഷിക്ക് ജീവിതത്തിൽ പുതിയൊരു തുടക്കം ലഭിക്കണമെന്ന് അവർ ആഗ്രഹിച്ചു. ഇക്കാര്യം മരുമകളുമായി ചർച്ച ചെയ്ത് അവളുടെ സമ്മതത്തോടെയാണ് യോഗേഷുമായുള്ള വിവാഹം തീരുമാനിച്ചത്. വിവാഹത്തിന് മീനാക്ഷിയുടെ ഇളയ ഭർതൃസഹോദരൻ മോഹിതും മുൻകൈയെടുത്തിരുന്നു. സഹോദരന്റെ സ്ഥാനത്തുനിന്ന് കന്യാദാനം ഉൾപ്പെടെയുള്ള ചടങ്ങുകൾ മോഹിത് നിർവഹിച്ചു. വിവാഹത്തിന് ശേഷവും മീനാക്ഷിയുമായുള്ള ബന്ധം തുടരുമെന്ന് സുനിതയും മോഹിതും പറയുന്നു. പുതിയ വീട്ടിലേക്ക് പോയാലും അവളുമായുള്ള ബന്ധം നിലനിർത്തുമെന്നും ഇരുവരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.