???????? ????????? ????????????? ????????????????? ??????????? ?????????? ??????? ????????????????. ??? ???? ?????????? ??????????? ???????? ??????????

‘നിങ്ങള്‍ എത്ര ഉരുളക്കിഴങ്ങ് കഴിക്കും’

ആഹാരം പാഴാക്കാതിരിക്കുന്നതില്‍ ഏറെ ജാഗ്രത പുലര്‍ത്തുന്നവരാണ് ലോകത്തെ പല സമൂഹങ്ങളും. വിരുന്നുകളില്‍ ബാക്കിയാവുന്നത് കെട്ടിപ്പൊതിഞ്ഞ് കൊണ്ടു പോവുന്ന ബ്രൂണെക്കാരിലും, വിളമ്പുന്നതിനു മുമ്പ് "നിങ്ങള്‍ എത്ര ഉരുളക്കിഴങ്ങ് കഴിക്കുമെന്ന്' ചോദിക്കുന്ന നെതര്‍ലന്‍ഡ്സ്കാരിലുമൊക്കെ നമുക്ക് മാതൃകയുണ്ട്. വിവിധ നാടുകളിലെ ആഹാര ഉപഭോഗരീതികളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു...

ലോകത്തെ അതിസമ്പന്ന രാജ്യങ്ങളിലൊന്നാണ് ബ്രൂണെ. അവിടെ ഏതാണ്ട് അഞ്ചു വര്‍ഷം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. പൊതുവെ ഭക്ഷണപ്രിയരാണ് ആ നാട്ടുകാര്‍. രാവിലെ ഓഫിസില്‍ വന്നാല്‍ ഉടന്‍ കാന്‍റീനില്‍ പോയി ഭക്ഷണം കഴിക്കും. മിക്ക ദിവസവും ഓഫിസില്‍ ആരുടെയെങ്കിലും വക പാര്‍ട്ടി ഉണ്ടാകും. പെരുന്നാള്‍ ദിവസങ്ങളില്‍ മുസ് ലിംകള്‍ വീട് എല്ലാവര്‍ക്കും വേണ്ടി തുറന്നിടും. ‘ഓപണ്‍ ഹൗസ്’ എന്നാണിതിന്‍റെ പേര്. ആര്‍ക്കു വേണമെങ്കിലും കയറിച്ചെല്ലാം. വയറുനിറച്ച് ഭക്ഷണം കഴിച്ച് മടങ്ങാം. ‘ഓപണ്‍ ഹൗസ്’ ആണെന്നത് ചിലര്‍ റോഡ് സൈഡില്‍ ബോര്‍ഡ് കെട്ടിത്തൂക്കുകവരെ ചെയ്യും. രാജ്യത്തെ സുല്‍ത്താന്‍ പോലും രണ്ടോ മൂന്നോ ദിവസം കൊട്ടാരം തുറന്നിടും. ആര്‍ക്കും അവിടെ ചെല്ലാം. ഭക്ഷണം കഴിക്കാം. സുല്‍ത്താന് കൈകൊടുത്ത് തിരിച്ചുപോരാം.

ഇത്രയൊക്കെയാണെങ്കിലും അന്നാട്ടുകാര്‍ ഭക്ഷണം ഒരിക്കലും പാഴാക്കില്ല. ഹോട്ടലില്‍ പോയാലും ഓഫിസ് പാര്‍ട്ടി ആണെങ്കിലും എന്തിന് ആരുടെയെങ്കിലും കല്യാണത്തിന് പോയാലും ബാക്കിയുള്ളത് എല്ലാവരും പൊതി കെട്ടി കൊണ്ടു പോകും. ‘ടപ്പാവ്’ എന്നാണ് ഇതിന് പേര്.’ ഇതില്‍ വലുപ്പച്ചെറുപ്പമില്ല. ഞങ്ങളുടെ കമ്പനിയിലെ വലിയ ഡയറക്ടര്‍മാര്‍ പോലും ഒരു പ്ലാസ്റ്റിക് ബാഗ് എടുത്ത് ബാക്കിയുള്ള ഭക്ഷണം കൊണ്ടു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

സാധാരണ ലോകത്ത് സമ്പത്ത് വര്‍ധിക്കുന്നതോടെ ഭക്ഷണത്തിന്‍റെ വേസ്റ്റേജ് കൂടുകയാണ് ചെയ്യുക. വികസിത രാജ്യങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണത്തിന്‍റെ അളവ് ലോകത്തെ പാവങ്ങളുടെ പട്ടിണി ഇല്ലാതാക്കാന്‍ മതിയാകുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഒരു പഠനം പറയുന്നത്. മൊത്തം ഉല്‍പാദിപ്പിക്കുന്ന ഭക്ഷണത്തിന്‍റെ മൂന്നിലൊന്ന് മനുഷ്യന്‍റെ വയറ്റിലെത്തുന്നില്ല. കൊടും ദാരിദ്ര്യം ഇപ്പോഴും നിലനില്‍ക്കുന്ന ലോകത്ത് ഇതൊരു കുറ്റകൃത്യമല്ലേ. അപ്പോള്‍ അതിസമ്പന്നരായ ബ്രൂണെക്കാര്‍ക്ക് ഈ നല്ല സ്വഭാവം എവിടെനിന്ന് കിട്ടി.

മിഷലിന്‍ സ്റ്റാര്‍ റേറ്റിങ്ങുള്ള സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു റസ്റ്റാറന്‍റില്‍ ലഭിക്കുന്ന 15000 രൂപ വിലയുള്ള വിഭവം
 


ഇതിന്‍റെ ഉത്തരം കിടക്കുന്നത് രണ്ടാം ലോകയുദ്ധത്തിലാണ്. യുദ്ധകാലത്ത് അവിടത്തെ എണ്ണക്കു വേണ്ടി ജപ്പാന്‍ ബ്രൂണെ കൈയടക്കി. എണ്ണയുടെ വരുമാനം കുറയുകയും രാജ്യം ജപ്പാന് കീഴിലാവുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ പട്ടിണിയിലായി. ഭക്ഷണത്തിന്‍റെ വിലയറിഞ്ഞു. ആ പാഠം അവര്‍ അടുത്ത തലമുറക്ക് കൈമാറി. ഇപ്പോള്‍ ഏറെ സമ്പത്തുണ്ടായിട്ടും അവര്‍ ഭക്ഷണം പാഴാക്കുന്നില്ല, ഉപേക്ഷിക്കുന്നില്ല. ലോകത്ത് യുദ്ധകാല പട്ടിണി അനുഭവിച്ച മറ്റു രാജ്യങ്ങളിലും (ഉദാഹരണം നെതര്‍ലന്‍ഡ്സ്) ഭക്ഷണത്തോടുള്ള ഈ സൂക്ഷ്മതയും ബഹുമാനവും നമുക്ക് ഇപ്പോഴും കാണാന്‍ കഴിയും. ഭക്ഷണത്തിന് വരുന്ന അതിഥികളോട് ‘നിങ്ങള്‍ എത്ര ഉരുളക്കിഴങ്ങ് കഴിക്കും’ എന്ന് നെതര്‍ലന്‍ഡ്സുകാര്‍ ചോദിക്കുമെന്ന് യൂറോപ്പില്‍ തമാശയായി പറയും. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് ഏറെ ശ്രദ്ധയുണ്ടെന്നതിന് ഞാന്‍ അനുഭവസ്ഥനാണ്.

ചൈനയില്‍ പക്ഷേ, സ്ഥിതി നേരെ തിരിച്ചായിരുന്നു. കമ്യൂണിസ്റ്റുകാരുടെ ആദ്യകാലങ്ങളില്‍ ഭക്ഷണത്തിന്‍റെ ലഭ്യതയിലും ഉപയോഗത്തിലും ഏറെ നിയന്ത്രണങ്ങള്‍ ഉണ്ടായതിനാലാകണം രാജ്യത്ത് സാമ്പത്തിക പുരോഗതി ഉണ്ടായപ്പോള്‍ പാര്‍ട്ടി നടത്തി ധാരാളിത്തം കാണിക്കുന്നത് അവിടെ പതിവായി. ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്മെന്‍റുകളിലും ഒൗദ്യോഗികമായ ‘ബാന്‍ക്വറ്റ്സ്’ ഒരു ആചാരം പോലെയായി. ഒരാഴ്ച ഒൗദ്യോഗിക സന്ദര്‍ശനത്തിനു പോയാല്‍ 10 ഒൗദ്യോഗിക ലഞ്ചും ഡിന്നറും, അതോരോന്നും ഇരുപതും മുപ്പതും വിഭവം ഉള്ളവയുണ്ടാകുന്നത് അസാധാരണമല്ലായിരുന്നു. പക്ഷേ, 2012ല്‍ പുതിയ പ്രസിഡന്‍റായി അധികാരത്തിലത്തെിയ ഷി ജിന്‍പിങ് ഇതിനൊരു അവസാനം കുറിക്കാന്‍ തീരുമാനിച്ചു. ഒൗദ്യോഗിക വിരുന്നുകള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവന്നു. തീന്‍മേശയില്‍ ബാക്കിവരുന്ന ഭക്ഷണം പായ്ക്ക് ചെയ്ത് കൊണ്ടുപോകണമെന്ന് അതിഥികളോട് അഭ്യര്‍ഥിക്കണമെന്ന് ഹോട്ടലുകാരോട് നിര്‍ദേശിച്ചു. കൂടാതെ, ഭക്ഷണവിഭവങ്ങള്‍ക്ക് ‘അര പോര്‍ഷന്‍’ ഹോട്ടലുകളില്‍ നിര്‍ബന്ധമാക്കി. ചൈനയായതിനാല്‍ പ്രസിഡന്‍റിന്‍റെ നിര്‍ദേശം മാസങ്ങള്‍ക്കകം രാജ്യമെമ്പാടും മാറ്റങ്ങളുണ്ടാക്കി.

മുരളി തുമ്മാരുകുടി
 


ഞാന്‍ ജീവിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിലും അതിനടുത്ത ഫ്രാന്‍സിലും ഭക്ഷണം ദുരുപയോഗം ചെയ്യുന്നത് അത്ര വലിയ ഒരു പ്രശ്നമല്ല. അതിന്‍റെ പ്രധാന കാരണം ഇവിടത്തെ ഭക്ഷണരീതിയില്‍ ഭക്ഷണം കൂടുതലുണ്ടാക്കുന്നതിലല്ല, കൂടുതല്‍ ആകര്‍ഷകമാക്കി ഉണ്ടാക്കുന്നതിലാണ് ആളുകളുടെ ശ്രദ്ധ എന്നതാണ്. ഇവിടത്തെ പേരുകേട്ട പല റസ്റ്റാറന്‍റുകളിലും ചെന്ന് വലിയ വിലകൊടുത്ത് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയാല്‍ വിശപ്പ് മാറാന്‍ അടുത്ത മക്ഡോണാള്‍ഡ്സില്‍ കയറേണ്ടിവരും. റസ്റ്റാന്‍റിന്‍റെ ഗ്രേഡിങ് ആയ ‘മിഷലിന്‍ സ്റ്റാറി’ന്‍റെ എണ്ണം കൂടുന്നതോടെ ഭക്ഷണത്തില്‍ ഉപയോഗിച്ചിരിക്കുന്ന രസക്കൂട്ടും അത് നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്ന രീതിയും ഒക്കെയാണ് മാറുന്നത്; ഭക്ഷണത്തിന്‍റെ അളവല്ല. ഒരു കണക്കിന് ഇതൊരു നല്ല സംസ്കാരമാണ്. ഭക്ഷണം ഉണ്ടാക്കുന്നവര്‍ക്ക് കൂടുതല്‍ പരിശീലനം വേണം. അപ്പോള്‍ ശമ്പളവും അവരുടെ സോഷ്യല്‍ സ്റ്റാറ്റസും ഒക്കെ കൂടും. സ്പെഷാലിറ്റി ഫുഡിന് വേണ്ടിയുള്ള ചേരുവകള്‍ കൃഷി ചെയ്യാനും വ്യാപാരം ചെയ്യാനും പുതിയ അവസരങ്ങള്‍ ഉണ്ടാകും. കുറച്ചു ഭക്ഷണമേ ഉണ്ടാവുകയുള്ളൂ. അതിനാല്‍, അധികം ചീത്തയാക്കി കളയുകയും ഇല്ല.

പട്ടിണിയുടെയും ഭക്ഷ്യക്ഷാമത്തിന്‍റെയും കാലത്തുനിന്ന് മലയാളികള്‍ ഏറെക്കുറെ മോചിതരായിട്ട് അര നൂറ്റാണ്ടു പോലും ആയിട്ടില്ല. പക്ഷേ, ഭക്ഷണം ആവശ്യത്തിന് ഉണ്ടാക്കുകയും അനാവശ്യമായി പാഴാക്കാതിരിക്കുകയും ചെയ്യുന്ന സ്വഭാവം സമൂഹമെന്ന രീതിയില്‍ നാം മറന്നു തുടങ്ങിയിരിക്കുന്നു. ആര്‍ഭാടം കാണിക്കാന്‍ അധികം ഭക്ഷണം ഉണ്ടാക്കുകയും ഏറെ വിഭവങ്ങള്‍ ഉണ്ടാക്കുകയും ഒക്കെ ചെയ്യുന്നതാണിപ്പോള്‍ നാട്ടുനടപ്പ്. ഇത് ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിനെപ്പറ്റി പറയാന്‍ വലിയ ധാര്‍മിക അവകാശം ഉള്ളയാളല്ലെങ്കിലും ആരോഗ്യകരമായ ഒരു ഭക്ഷണ സംസ്കാരം ഉണ്ടാകണമെന്നാണ് എന്‍റെയും ആഗ്രഹം. 

(ലേഖകൻ ‍ജനീവയിലെ യു.എന്‍ ഇ.പി ഡിസാസ്റ്റര്‍ റിസ്ക് റിഡക്ഷൻ സീനിയര്‍ പ്രോഗ്രാം ഓഫിസറാണ്)

Tags:    
News Summary - Murali thummarukudi Explained Different Tastes of Various Countries in the World -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.