പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി ഗിരിജ. യു.ഡി.എഫ് സ്ഥാനാർഥി രേണുക, എൻ.ഡി.എ സ്ഥാനാർഥി ജയ
ചെറുതുരുത്തി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ 12ാം വാർഡ് പാഞ്ഞാൾ തെക്കുമുറി സാക്ഷ്യം വഹിക്കുന്നത് അപൂർവ കാഴ്ചക്കാണ്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്നിവക്കായി ഒരേ കുടുംബത്തിലെ മൂന്ന് വനിതകൾ പരസ്പരം മത്സരിക്കുന്നു എന്നതാണ് ഈ വാർഡിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
എൽ.ഡി.എഫ് സ്ഥാനാർഥിയായി കണ്ണമ്മയെന്ന ഗിരിജ വടക്കേപ്പാട്ടും യു.ഡി.എഫ് സ്ഥാനാർഥിയായി രേണുക വടക്കേപ്പാട്ടും എൻ.ഡി.എ സ്ഥാനാർഥിയായി ജയ വടക്കേപ്പാട്ടും ആണ് പോരാട്ടത്തിനിറങ്ങുന്നത്. പൊതുവെ കുടുംബാംഗങ്ങൾ വിവിധ പാർട്ടികളോട് അനുഭാവം പുലർത്താറുണ്ടെങ്കിലും ഒരേ തെരഞ്ഞെടുപ്പിൽ, ഒരേ വാർഡിൽ, മൂന്ന് പ്രധാന മുന്നണികളുടെ ബാനറിൽ ഒരു കുടുംബത്തിലെ മൂന്നുപേർ നേർക്കുനേർ ഏറ്റുമുട്ടുന്നത് സംസ്ഥാനത്തുതന്നെ ഒരുപക്ഷേ അപൂർവമായിരിക്കും.
ശക്തമായ പോരാട്ടമാണ് 12ാം വാർഡിൽ പ്രതീക്ഷിക്കുന്നത്. ഈ കൗതുകകരമായ മത്സരത്തിൽ സ്വന്തം വീട്ടിലെ വോട്ടുകൾ പോലും ആർക്ക് ലഭിക്കുമെന്ന ചോദ്യം ബാക്കിനിൽക്കുമ്പോഴും ആര് ജയിച്ചാലും വടക്കേപ്പാട്ട് കുടുംബത്തിലെ ഒരംഗമായിരിക്കും 12ാം വാർഡിന്റെ പ്രതിനിധിയെന്ന സന്തോഷത്തിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.