ബസ്സാമിന്റെ കുട്ടികള്‍
യമനില്‍നിന്ന് പഠനത്തിനായി പച്ചപ്പിന്റെ നാടായ കേരളത്തിലേക്ക് വരുമ്പോള്‍ താനൊരു മലബാറുകാരനെ പോലെയാകുമെന്നും തനിക്കിവിടം സ്വദേശം പോലെയാകുമെന്നും ബസ്സാം കരുതിയിട്ടുണ്ടാകില്ല
യുദ്ധഭൂമിയിലെ യാതനകളില്‍നിന്ന് ഉന്നതപഠനത്തിനും ഗവേഷണത്തിനുമായി കേരളത്തിലേക്ക് യാത്ര. വര്‍ഷങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിതം. ഒടുവില്‍ തനി മലബാറുകാരനായി മാറിയൊരു മനുഷ്യന്. യമനില്‍നിന്ന് വന്നൊരു യുവാവ്. അദ്ദേഹത്തിന്റെ പേരാണ് ബസ്സാം അല്ഗഫൂരി.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവേഷകനായ ബസ്സാം കുടുംബമൊന്നിച്ചാണ് ഇപ്പോള്‍ തേഞ്ഞിപ്പലത്തെ കോഹിനൂരില്‍ താമസം. വര്‍ഷങ്ങള്‍ നീണ്ട മലബാര്‍ ജീവിതത്തിനിടെ യമനില്‍ നിന്നുള്ള മറ്റ് ഏഴു ഗവേഷക വിദ്യാർഥികളെയും കാലിക്കറ്റ് കാമ്പസിലേക്ക് എത്തിച്ചു ബസ്സാം. കഴിഞ്ഞ മൂന്നുവര്‍ഷക്കാലം പെരുന്നാളും ഓണവും വിഷുവും ക്രിസ്മസുമെല്ലാം ഇവര്‍ മലബാറില്‍ തന്നെ ആഘോഷിച്ചു. വരുന്ന പെരുന്നാളും ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ബസ്സാമും കുടുംബവും കൂട്ടുകാരും. ഒപ്പം പിഎച്ച്.ഡി വിജയകരമായി പൂര്‍ത്തിയാക്കി മികച്ചൊരു ജോലിയും സ്വപ്നം. രാജ്യങ്ങള്‍ പലതും താണ്ടിയെത്തിയുള്ള മലബാറിലെ പഠനജീവിതത്തിന് നിറമേകുന്നത് സ്നേഹനിധികളായ കുറെ മനുഷ്യരും സ്വപ്നങ്ങളുമാണ്.
യമനില്‍നിന്ന് പഠനത്തിനായി പച്ചപ്പിന്റെ നാടായ കേരളത്തിലേക്ക് വരുമ്പോള്‍ താനൊരു മലബാറുകാരനെ പോലെയാകുമെന്നും തനിക്കിവിടം സ്വദേശം പോലെയാകുമെന്നും ബസ്സാം കരുതിയിട്ടുണ്ടാകില്ല. യമനിലെ തൈല്‍സ് പട്ടണത്തില്‍നിന്നുള്ള ബസ്സാം അല്ഗഫൂരി മൂന്നുവര്‍ഷം മുമ്പാണ് കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ഗവേഷണ പഠനത്തിനായി എത്തിയത്. ഒരുവര്‍ഷം മുമ്പ് കുടുംബംകൂടി എത്തിയതോടെ ആഘോഷത്തിനും സന്തോഷത്തിനും ഇരട്ടിമധുരമാണ്. കാലിക്കറ്റ് സര്‍വകലാശാല കാമ്പസിന് സമീപമുള്ള കോഹിനൂര്‍ പള്ളിയിലും അങ്ങാടിയിലും ബസ് സ്റ്റോപ്പിലും പച്ചക്കറി പീടികയിലും ഇറച്ചിക്കടയിലും സാധാരണ വേഷത്തില്‍ ബസ്സാം നില്ക്കുന്നതു കണ്ടാല്‍ തനി നാടന്‍ മലപ്പുറത്തുകാരനെ പോലെ തോന്നും.
ബസ്സാം അല്ഗഫൂരിയും ഉമ്മ ഫത്തൂഹ് അലിയും ഭാര്യ ഗനിയ യഹ്യയും മക്കള്‍ വിസാമും അന്സാമും ഏറക്കുറെ അങ്ങനെ തന്നെ.
കൂട്ടുകാരായ അലി മുഹമ്മദ് അലി നാജി (ഫിസിക്സ്), മര്‍സോക് അലി സാലിഹ് (കെമിസ്ട്രി), നെയില്‍ സാലിഹ് സാലിഹ് സൈലാഹ് (കെമിസ്ട്രി), ഇഷ്റാക് സമീര്‍ യഹ് യ (കെമിസ്ട്രി), അമല്‍ ഷൈയ്ഫ് അലി, (ഇംഗ്ലീഷ്), ഹനാന് മുഹമ്മദ് മുഹമ്മദ് (അറബിക്), നജീബ് അലി ഹമൂദ് (അറബിക്) എന്നിവരും കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ്. യമന്‍ സര്‍ക്കാറിന്റെ സ്കോളര്‍ഷിപ്പോടെയാണ് ഇവരുടെയെല്ലാം ഗവേഷണം.
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറായ എ.ബി. മൊയ്തീന്‍കുട്ടി മുഖേനയാണ് ഇവര്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ പഠന സൗകര്യങ്ങളെക്കുറിച്ച് അറിയുന്നത്. ഗവേഷക മാര്‍ഗനിര്‍ദേശിയായി കിട്ടിയ സര്‍വകലാശാല ലൈഫ് സയന്‍സ് പഠനവിഭാഗത്തിലെ ഡോ. ഹരിലാലിന്റെയും സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉള്‍പ്പെടെയുള്ളവരുടെയും വിദ്യാർഥി സൗഹൃദ സമീപനം നേരിട്ടറിഞ്ഞാണ് മറ്റു സ്നേഹിതന്മാരെയും കാലിക്കറ്റ് കാമ്പസിലേക്ക് ക്ഷണിച്ചത്.
സുഹൃത്തുക്കളായ ഗവേഷകര്‍ സര്‍വകലാശാലയിലെ വിദേശ വിദ്യാർഥികള്‍ക്കുള്ള ഹോസ്റ്റലിലും ദേവതിയാലിലുമാണ് താമസം. വളരെ ഹൃദ്യരാണ് മലബാറികളെന്നും മലബാറിലെയും യമനിലെയും ഭക്ഷണങ്ങളില്‍ കാര്യമായ മാറ്റങ്ങളില്ലെന്നും ബസ്സാം പറയുന്നു. പുതുവസ്ത്രങ്ങള്‍ ധരിച്ച് ഈദ്ഗാഹില്‍ പോകുകയും നല്ല ഭക്ഷണം കഴിക്കുകയും ബന്ധുമിത്രാദികളെയും രോഗബാധിതരെയും സന്ദര്‍ശിക്കുകയും ചില സന്ദര്‍ഭങ്ങളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോകുകയുമാണ് പെരുന്നാള്‍ ദിനത്തില്‍ പതിവെന്നും ബസ്സാം പറഞ്ഞു.
കഴിഞ്ഞ ചെറിയ പെരുന്നാളിന് ഈദ്ഗാഹില്‍ നമസ്കരിച്ച ശേഷം സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം അധ്യാപകനായ മുബീനും കുടുംബത്തിനുമൊപ്പമാണ് ബസ്സാമും കുടുംബവും ഭക്ഷണം കഴിച്ചതും സമയം ചെലവിട്ടതും. കോഴിക്കോടിന്റെയും വയനാടിന്റെയും സൗന്ദര്യം ആസ്വദിക്കാനും സമയം കണ്ടെത്തി.
പ്രകൃതി സൗന്ദര്യത്താല്‍ അനുഗൃഹീതമായ കേരളത്തിലുള്ളവര്‍ പ്രത്യേകിച്ച് മലബാറുകാര്‍ ഏറെ നന്മനിറഞ്ഞവരാണെന്ന് ബസ്സാമും കുടുംബവും പറയുന്നു. തുടക്കത്തില്‍ ഒറ്റക്ക് താമസിച്ചിരുന്ന സമയത്ത് നാടിന്റെ ഓർമകളും കുടുംബത്തെക്കുറിച്ചുള്ള ചിന്തയും ബസ്സാമിനെ അലട്ടിയിരുന്നു. ഉമ്മയും ഭാര്യയും മക്കളും എത്തിയതോടെ ഈ നാടിന്റെ ശീലങ്ങളിലേക്ക് ഇഴുകിച്ചേരുകയായിരുന്നു. നല്ലൊരു പാചകക്കാരന് കൂടിയായ ബസ്സാം കുടുംബത്തിനൊപ്പം പെരുന്നാളിനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.