അമ്മയുടെ നിറവയറിൽ ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയ; ഗർഭസ്ഥ ശിശുവിന്റെ നട്ടെല്ല് തകരാർ പരിഹരിച്ച് ഡൽഹി എയിംസ്
ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന്റെ ഗുരുതരമായ നട്ടെല്ല് തകരാർ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡൽഹി എയിംസ്. ഇന്ത്യയിലാദ്യമായാണ് ‘ഓപൺ ഫീറ്റൽ’ ശസ്ത്രക്രിയ നടത്തുന്നത്. ഗർഭാവസ്ഥയുടെ 25ാം ആഴ്ചയിലാണ് കുഞ്ഞിന്റെ നട്ടെല്ലിന് കൂടുതൽ പരിക്കുകൾ വരാതിരിക്കാൻ ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്.
അഞ്ച് ആഴ്ചയിലധികം നീണ്ട തയാറെടുപ്പുകൾക്ക് ശേഷമായിരുന്നു ശസ്ത്രക്രിയ. ഗർഭസ്ഥ ശിശുവിന്റെ ഇമേജിങ്, കൗൺസലിങ്, അനസ്തേഷ്യ തയാറെടുപ്പുകൾ, ശസ്ത്രക്രിയ സിമുലേഷൻ എന്നിവക്ക് ശേഷമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്ന് ആശുപത്രി വ്യക്തമാക്കി.
ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ദീപക് ഗുപ്ത, മാതൃ-ഭ്രൂണ വൈദ്യശാസ്ത്ര ഒബ്സ്റ്റട്രിക്സ് ടീമുകളുടെ തലവന്മാരായ ഡോ. നീന മൽഹോത്ര, ഡോ. കെ. അപർണ ശർമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
ഗൈനക്കോളജി, മാതൃ-ഭ്രൂണ വൈദ്യശാസ്ത്രം, ന്യൂറോ സർജറി ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 30ലധികം ഡോക്ടർമാരും നഴ്സുമാരും പങ്കെടുത്തു. തുടർച്ചയായ അൾട്രാസൊണോഗ്രഫി സഹായത്തോടെയാണ് ഈ സങ്കീർണ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സർക്കാറിന്റെ ‘ജനനി ശിശു സുരക്ഷാ കാര്യക്രം’ പ്രകാരം തികച്ചും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.