വാഹന ഗതാഗത വിലക്കിനെതിരെ കവരത്തി ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിന് മുമ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ

വാഹന ഗതാഗത വിലക്ക്; കവരത്തി ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിലേക്ക് മാർച്ച്

കൊച്ചി: കാൽനട യാത്രക്കാരുടെ സുരക്ഷക്കെന്ന പേരിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ കവരത്തി ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിന് മുമ്പിൽ പ്രതിഷേധം.കവരത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തിങ്കളാഴ്ച സംഘടിപ്പിച്ച മാർച്ചിലും ധർണയിലും പാർട്ടി പ്രവർത്തകരും ദ്വീപ് വാസികളുകളുമടക്കം നിരവധിപേർ പങ്കെടുത്തു. വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ അധികൃതർക്ക് നിവേദനം നൽകി.

ഏപ്രിൽ ഏഴിനാണ് കവരത്തിയിലെ വൈ ജങ്ഷൻ മുതൽ ഹെലിപാഡ് വരെ ഭാഗത്തും പടിഞ്ഞാറൻ ജെട്ടി ഭാഗത്തെ ബീച്ച് റോഡിലും വൈകീട്ട് 6.30 മുതൽ രാത്രി 10.30വരെ ഗതാഗതം വിലക്കി കവരത്തി ജില്ല കലക്ടർ ശിവം ചന്ദ്ര ഉത്തരവിറക്കിയത്. മത്സ്യബന്ധനത്തിനുശേഷം കരയിലെത്തിക്കുന്ന മത്സ്യം വിൽക്കാൻ കൊണ്ടുപോകുന്ന റോഡിലെ ഗതാഗത വിലക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനെതിരെന്ന നിലപാടിൽ ഉറച്ചുനിൽക്കുക‍യാണ് ദ്വീപ് വാസികൾ.

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനനിയന്ത്രണം വേണമെന്ന റോഡ് ട്രാൻസ്പോർട്ട് ഡയറക്ടറുടെ ആവശ്യം ചൂണ്ടിക്കാട്ടിയായിരുന്നു കലക്ടറുടെ നടപടി. പ്രത്യക്ഷ സമരത്തോടൊപ്പം നിയമനടപടി സ്വീകരിക്കാനും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. 

Tags:    
News Summary - Vehicular movement ban; March to Kavaratti Deputy Collector's office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.