കൊച്ചി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ നിർമാണ പ്രവർത്തനങ്ങൾക്ക് സ്വകാര്യ, പണ്ടാര ഭൂമികൾ തരംമാറ്റാനുള്ള ‘ഡൈവേർഷൻ സർട്ടിഫിക്കറ്റ്’ റദ്ദാക്കാൻ ഭരണകൂട തീരുമാനം. 1965ലെ ലക്ഷദ്വീപ് ലാൻഡ് റവന്യൂ ആൻഡ് ടെനൻസി റെഗുലേഷന് സെക്ഷൻ 20 പ്രകാരം അനുവദിക്കുന്ന ഡൈവേർഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാനാണ് അഡീഷനൽ മജിസ്ട്രേറ്റ് കൂടിയായ ജില്ല കലക്ടർ ശിവംചന്ദ്ര മാർച്ച് 14ന് ഉത്തരവിട്ടത്. നിലവിലെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കണമെന്നും അധികൃതരുടെ മുൻകൂർ അനുമതി നേടിയ ശേഷമേ പുനരാരംഭിക്കാവൂവെന്നും റവന്യൂ വകുപ്പ് ഉത്തരവിൽ പറയുന്നു.
ദ്വീപുകളുടെ സമഗ്രവികസനം ആസൂത്രണം ചെയ്യാനും നിയന്ത്രിക്കാനുമായി ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിങ് റെഗുലേഷൻ വിജ്ഞാപനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഉത്തരവിൽ പറഞ്ഞു. ആസൂത്രിതവും സുസ്ഥിരവുമായ രീതിയിൽ വികസനം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയന്ത്രണം ആവശ്യമാണ്. ആസൂത്രണമില്ലാതെ നിരവധി കെട്ടിട നിർമാണങ്ങൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ദ്വീപുകളുടെ ആസൂത്രിത വികസനത്തെ പ്രതികൂലമായി ബാധിക്കുകയും പാരിസ്ഥിതിക, അടിസ്ഥാന സൗകര്യങ്ങളുടെ വെല്ലുവിളികൾക്ക് കാരണമാവുകയും ചെയ്യുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റശേഷം ദ്വീപിന്റെ സാമൂഹിക, സാംസ്കാരിക, ഭൂമിശാസ്ത്രപരമായ ഘടനയെ പോലും പരിഗണിക്കാതെ വിവാദ ഉത്തരവുകൾ നിരന്തരം പുറപ്പെടുവിക്കുകയാണെന്ന് പരാതിയുണ്ട്.
ഡൈവേർഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് ഘടകം രംഗത്തെത്തി. ഭരണകൂടത്തിന്റെ തെറ്റായ പ്രവർത്തനത്തിലൂടെ ദ്വീപുകളിൽ സ്ഥിരതാമസക്കാർക്ക് കിടപ്പാടം നഷ്ടമാകുന്ന അവസ്ഥയാണെന്ന് ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ ജബ്ബാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.