ഉറക്കിൽനിന്ന് പെട്ടെന്ന് എഴുന്നേൽക്കുന്നത് മരണത്തിനിടയാക്കുമോ‍? സത്യമിതാണ്...

ഫിറ്റ്നസിനായി പലതരം പരീക്ഷണങ്ങൾക്കു പിന്നാലെ പോകുന്നവരാണ് നമ്മൾ. അതിനായി ആൺ-പെൺ വ്യത്യാസമില്ലാതെ യുവതലമുറയിലേറെയും ജിമ്മിനെ ആശ്രയിക്കുന്നു.

എന്നാൽ, ഫിറ്റ്നസും ഭക്ഷണവുമായി ബന്ധപ്പെട്ട് നിരവധിയാണ്​ തെറ്റിദ്ധാരണകൾ. യാഥാർഥ്യം അറിയാതെ അപകടകരമായ ഫിറ്റ്നസ് രീതികൾ പിൻപറ്റുന്നവരുമുണ്ട്. ഫിറ്റ്നസ് മന്ത്രങ്ങൾ പരീക്ഷിക്കും മുമ്പ് തീർച്ചയായും അറിയേണ്ട ചില കാര്യങ്ങളിതാ.


ഭക്ഷണവും ആരോഗ്യവും

പ്രോട്ടീൻ കൂട്ടിയാൽ മസിൽ പെരുക്കും

ഏതെങ്കിലും പോഷകം കൂടുതൽ കഴിച്ചാൽ മസിൽ പെരുപ്പിക്കാമെന്നത് ശരിയല്ല. ചിലപ്പോൾ അത്​ ശരീരത്തിൽ ഗുരുതര പ്രത്യാഘാതവും വരുത്തും. ഓരോരുത്തരുടെയും ശരീരപ്രകൃതം വിഭിന്നമാണ്. അതിനാൽ ഫിറ്റ്നസ് ട്രെയിനറുടെ ഉപദേശം സ്വീകരിക്കുക.


കാർബ്​സ്​ അരുത്

വണ്ണംകുറക്കാനും നല്ല ആരോഗ്യത്തിനും മിക്കവരും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ട്. അമിതമായ കാർബ്​സ്​ ശരീരഭാരം വർധിപ്പിക്കും. എന്നാൽ, ശരീരത്തിലെ പ്രവർത്തനങ്ങൾ സുഗമമാക്കുവാൻ കാർബോഹൈഡ്രേറ്റ് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. പ്രകൃതിദത്തമായ മുഴുധാന്യങ്ങളും ഫലവർഗങ്ങളും പച്ചക്കറികളും ശരീരത്തിന് ഉത്തമമാണ്. അമിതമായി ബ്രെഡും പേസ്ട്രീസും കഴിക്കുന്നത്​ ഒഴിവാക്കുക.


പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്

ശരീരത്തിന് ദിനം മുഴുവനും വേണ്ട ഊർജം പ്രധാനമായും ലഭിക്കുന്നത് പ്രഭാതഭക്ഷണത്തിൽനിന്നാണ്. എന്നാൽ, ഉറക്കത്തിൽനിന്ന് എഴുന്നേറ്റു എന്ന ഒറ്റ കാരണത്താൽ പ്രഭാതഭക്ഷണം കഴിക്കണമെന്നില്ല. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ്‌ ഇപ്പോൾ ഭക്ഷണശൈലിയായി തെരഞ്ഞെടുക്കുന്നവർ ഉണ്ട്​. എല്ലാ ദിവസവും പ്രഭാതഭക്ഷണം ഒഴിവാക്കരുത്.


കൊഴുപ്പ്​ ഹൃദയാഘാതം വരുത്തും

കൊഴുപ്പുകുറഞ്ഞ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. സമീകൃതാഹാരമാണ് നമ്മൾ കഴിക്കേണ്ടത്. ശരീരത്തിനുവേണ്ട ഊർജത്തില്‍ 15 മുതല്‍ 20 ശതമാനം വരെ കാലറി കൊഴുപ്പില്‍നിന്നാണ് വേണ്ടത്. അതിനാൽ കൊഴുപ്പുള്ള ആഹാരം ആരോഗ്യത്തിന് ആവശ്യമാണ്. നല്ല കൊഴുപ്പ് (Good Cholestrol) അടങ്ങിയ ചില ഭക്ഷണങ്ങൾ : മല്‍സ്യം- മത്തി/ചാള, അയല, ചൂര, മീനെണ്ണ, ഒലിവ് ഓയില്‍, ബദാം, അവോക്കാഡോ, തവിടുള്ള ധാന്യങ്ങള്‍, ഫ്ലാക്‌സ് സീഡ്‌സ്.

ഭക്ഷണവും വ്യായാമവും

ചോറും ആരോഗ്യവും

പതിവായി എട്ടുമണിക്കൂറെങ്കിലും കായികാധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർക്കേ അധികം ധാന്യങ്ങൾ ആവശ്യമുള്ളൂ. അല്ലാത്തവർ കുറച്ചുമാത്രം ചോറ് കഴിച്ച് പഴങ്ങളോ പച്ചക്കറികളോ കൂടുതൽ കഴിക്കണം. ചോറ്​ ഉൾപ്പെടുന്ന ധാന്യവർഗങ്ങൾ കൂടുതൽ കഴിക്കുന്നതും അതിനനുസരിച്ച് അധ്വാനമില്ലാത്തതുമാണ് മിക്കവർക്കും വണ്ണം കൂടാൻ കാരണം. സ്ത്രീകൾക്ക് വയറുചാടുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ.


ചോറു കഴിച്ചാൽ മാത്രമേ വയർ നിറയൂ

കുട്ടികൾ ചോറുകഴിച്ചാലേ വയർ നിറയൂ എന്ന തെറ്റിദ്ധാരണ വേണ്ട. ഒരുനേരം ഓട്സോ ഫ്രൂട്ട്സോ കഴിച്ചാലും തെറ്റില്ല. പച്ചക്കറികളും പഴങ്ങളും മുട്ടയും മീനും കൊടുക്കാം. ഇടനേരത്ത് വറുത്ത പലഹാരങ്ങൾക്ക് പകരം പഴങ്ങളോ നട്സോ നൽകാം.


ഇറച്ചിയും മീനും ഉപേക്ഷിക്കുന്നത് വണ്ണം കുറക്കുമോ

തെറ്റിദ്ധാരണയാണ്. മുട്ടയുടെ മഞ്ഞ ഒഴിവാക്കുന്നതും മിക്കവരുടെയും ശീലമാണ്. ചോറു കൂടുതൽ കഴിക്കുന്നയാൾ മുട്ടയുടെ മഞ്ഞ ഒഴിവാക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനന്നുമില്ല.

വെജ്​ ആയാൽ മസിലില്ലേ

വെജിറ്റേറിയൻ ആണെങ്കിൽ മസിൽ ഉണ്ടാകില്ല എന്നത് തെറ്റിദ്ധാരണയാണ്. പ്രായപൂർത്തിയെത്തിയ എല്ലാവർക്കും വർക്ഔട്ടിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും മസിൽ മെച്ചപ്പെടുത്താം. വെജ്​ ആണെങ്കിൽ പഴവർഗങ്ങൾ, ചെറുപയർ, വൻപയർ, നിലക്കടല എന്നിവ കഴിക്കണം. മസിൽ മാസ് കൂട്ടാൻ ബീഫ് പോലുള്ള ഇറച്ചി കഴിക്കേണ്ടിവരും.


വെറുംവയറ്റിൽ വ്യായാമം ചെയ്യുന്നത് കൊഴുപ്പ് ഇല്ലാതാക്കുമോ?

തെറ്റിദ്ധാരണ മാത്രമാണ്, അത് ആരോ​ഗ്യത്തിന് നല്ലതല്ല. വെറുംവയറ്റിൽ വ്യായാമം ചെയ്യുന്നത് ക്ഷീണം, മസിൽ ക്ഷയിക്കാനുള്ള സാധ്യത, വ്യായാമത്തോട് വെറുപ്പുണ്ടാകൽ, ചിലരിൽ ഛർദി, തലകറക്കം എന്നിവയുണ്ടാക്കും. രാവിലെ വ്യായാമത്തിന് ഒരുമണിക്കൂർ മുമ്പ് ലഘുഭക്ഷണം കഴിക്കാം.

ബ്രഡ് രണ്ടെണ്ണം അല്ലെങ്കിൽ ഒരു ​ഓംലെറ്റ്, അല്ലെങ്കിൽ ബിസ്കറ്റ് രണ്ടെണ്ണം, രണ്ടു സ്ലൈസ് ഹോൾവീറ്റ് ബ്രഡിൽ പീനട്ട് ബട്ടർ പുരട്ടിയത്, ഏത്തപ്പഴം പുഴുങ്ങിയത് ഇവയിൽ ഏതെങ്കിലും കഴിക്കാം. വ്യായാമം ചെയ്യും മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം. വ്യായാമത്തിലൂടെ ശരീരത്തിൽനിന്ന് നഷ്ടപ്പെടുന്ന ജലാംശം തിരിച്ചുനൽകാൻ ഇടയ്ക്കിടെ സിപ് ചെയ്ത് വെള്ളം കുടിക്കുക.

ഫൈബർ ഫുഡ്​ കഴിക്കരുത്

വ്യായാമത്തിനു മുമ്പും ശേഷവും ഫൈബർ ഫുഡ്​ കഴിക്കരുത്. ഇത് ഗ്യാസ് ട്രബിളുണ്ടാക്കും. പരിപ്പുചേർന്ന ഭക്ഷണവും പയർവർഗങ്ങളും ഈ സമയത്ത് വേണ്ട. നട്സും ചിപ്സും നന്നായി പഴുക്കാത്ത ഏത്തപ്പഴവും വ്യായാമ സമയത്തിനുമുമ്പ് കഴിക്കരുത്.


വ്യായാമത്തിന്​ ശേഷം ആഹാരം കഴിക്കാതിരുന്നാൽ വണ്ണം പെട്ടെന്നു കുറയുമോ

തെറ്റിദ്ധാരണയാണ്. വ്യായാമം ചെയ്യുമ്പോൾ മസിലുകളിൽ ശേഖരിക്കപ്പെട്ട ഗ്ലൈക്കോജൻ എരിഞ്ഞുതീരും. ഇത് വീണ്ടും സംഭരിക്കാൻ കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ചപ്പാത്തിയോ ചോറോ കഴിക്കണം. കഠിനമായി വർക്ഔട്ട് ചെയ്യുന്നവർ ഈ രീതി പിന്തുടർന്നില്ലെങ്കിൽ മസിലുകൾ ക്ഷയിക്കാനിടയാകും.

ഭക്ഷണം കഴിച്ചിട്ട് മാത്രമേ വ്യായാമം ചെയ്യാവൂ!

ഭക്ഷണവും വ്യായാമവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ചിലർ വ്യായാമം ചെയ്യുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞ്​ തലകറക്കം വരും. ഇത്തരം ആളുകൾ ആഹാരം കഴിച്ചതിന് ശേഷം മാത്രം വ്യായാമം ചെയ്യുക. പക്ഷേ, വ്യായാമത്തിന് തൊട്ടുമുമ്പ് ഒരിക്കലും ഭക്ഷണം കഴിക്കരുത്.

ആഹാരത്തിന്​ ശേഷം ശരീരത്തിൽ രക്തയോട്ടം വയറിലേക്കും ആമാശയത്തിലേക്കും കൂടും. ഈ സമയത്ത് വ്യായാമം ചെയ്യുന്നത് നല്ലതല്ല. രണ്ടുമണിക്കൂറെങ്കിലും കഴിഞ്ഞശേഷം മാത്രമേ വ്യായാമം ചെയ്യാവൂ.


മുട്ടയുടെ മഞ്ഞക്കരു അപകടകരം!

മുട്ടയുടെ മഞ്ഞ കളഞ്ഞ് വെള്ള മാത്രം ക‍ഴിക്കുന്നവരാണ് മിക്കവരും. കൊളസ്ട്രോള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് പലരും മഞ്ഞക്കരു കളയുന്നത്.

എന്നാല്‍, ഇത് മണ്ടത്തമാണ്. കാരണം, മഞ്ഞയിലാണ് ഏറ്റവും വലിയ പോഷകങ്ങള്‍. വിറ്റമിനുകളായ എ,ഡി,ഇ,കെ, ഫോസ്ഫറസ്, സിങ്ക്, ഫോളേറ്റ് എന്നിവയാണ് പ്രധാനമായും ഇതിലുള്ളത്. ഒപ്പം, ഒമേഗ 3 ഫാറ്റി ആസിഡിന്‍റെയും കലവറയാണിത്. അതുകൊണ്ടുതന്നെ ദിവസവും ഒരു മുട്ട മൊത്തമായി കഴിക്കുന്നതുവഴി നിരവധി പോഷകങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്.

വ്യായാമത്തിനിടയിൽ വെള്ളം കുടിക്കരുത്!

വ്യായാമത്തിനിടയിൽ ആവശ്യമെങ്കിൽ വെള്ളം കുടിക്കാം.ശരീരത്തിൽനിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, ഊർജം പകരുക എന്നിങ്ങനെ ആരോഗ്യപരമായ പല ഗുണങ്ങൾ വെള്ളത്തിനുണ്ട്​. എന്നാൽ, മണിക്കൂറുകൾ നീളുന്ന വ്യായാമത്തിനിടയിലും ശേഷവും സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കുന്നത്​ നല്ലതല്ല. കാർബണേറ്റഡ് പാനീയങ്ങളിൽ കൂടിയ അളവിൽ ഫ്രക്ടോസും കഫീനുമുണ്ട്​. അത്​ വൃക്കരോഗമുണ്ടാക്കാം. ഫ്രൂട്ട് ജ്യൂസുകൾ, നാരങ്ങവെള്ളം, മോര്, കരിക്കിൻ വെള്ളം ഇവ ആരോഗ്യകരമാണ്.



ചായയും ആരോഗ്യവും

ചായ അല്ലെങ്കിൽ കട്ടൻ പലർക്കും ഒരു വികാരം തന്നെയാണ്. ഉണരുമ്പോൾ തന്നെ കടുപ്പത്തിലൊരു ‍ചായ നിത്യജീവിതത്തിന്റെ തന്നെ ഭാഗമാണ്. എന്നാൽ ചില കാര്യങ്ങൾ ചായ കുടിക്കുമ്പോൾ ശ്രദ്ധിക്കണം.

1. ഭക്ഷണത്തിനൊപ്പം ചായ പാടില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഭക്ഷണത്തിനൊപ്പം ചായ കുടിക്കുമ്പോൾ ഭക്ഷണത്തില്‍നിന്നും ശരീരത്തിലേക്കു ലഭിക്കേണ്ട പോഷകങ്ങള്‍ ചായ തടയുന്നു. പ്രത്യേകിച്ചും പ്രോട്ടീന്‍, അയേണ്‍ എന്നിവയുടെ ആഗിരണം. ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് ചായ കുടിക്കുന്നതാണ് നല്ലത്. ദിവസത്തില്‍ രണ്ടു മൂന്നു കപ്പ് ചായ മാത്രമേ കുടിക്കാവൂ. ഇതിലധികം അത്ര നല്ലതല്ല.


2. കഫീനിന്റെ അളവ് കൂടാന്‍ ഈ ശീലം ഇടയാക്കും. കഫീൻ അഡിക്ഷൻ ഉണ്ടാക്കും. പതിവായി കിട്ടുന്ന സമയത്തൊരു ചായയില്ലെങ്കില്‍ തലവേദനയും ഛർദിയും പലരിലും വരാറുണ്ട്.

3. വൈകുന്നേരത്തിനുശേഷം ചായ പൂര്‍ണമായി ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ഇത് ഉറക്കത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

4.അമിതമായ പഞ്ചസാരയുടെ ഉപയോഗം നല്ലതല്ല. പരമാവധി ഒരു ടീസ്പൂണ്‍ പഞ്ചസാര മാത്രമേ ഒരു കപ്പ് ചായയില്‍ ഉപയോഗിക്കാവൂ (ഒഴിവാക്കാൻ പറ്റിയാൽ അതാണ് നല്ലത്). അല്ലാത്ത പക്ഷം ക്രമേണ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം.


അറേബ്യൻ ഭക്ഷണം ശരീരത്തിന്​ ഹാനികരം!!

മലയാളികളുടെ ഏറ്റവും പ്രിയമേറിയ ആഹാരങ്ങളുടെ പട്ടികയിൽ അറേബ്യൻ ഭക്ഷണത്തിന്‍റെ സ്ഥാനം വലുതാണ്. അറേബ്യൻ ഭക്ഷണം ശരീരത്തിന്​ ഹാനികരമല്ലെന്നും മിതമായി (മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം) കഴിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല എന്ന് ആദ്യം അറിയുക. അമിതമായി കഴിക്കുന്നത് നല്ലതല്ല.


വെള്ളംകുടിയും വ്യായാമവും

ദഹനം, പോഷകങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗത്തേക്ക് എത്തിക്കുക, ശരീരതാപം നിലനിർത്തുക എന്നിവ വെള്ളത്തിന്റെ ജോലികളാണ്. വെള്ളംകുടി കുറയുന്നത് ഡീ ഹൈഡ്രേഷനിലേക്ക് വഴിതെളിക്കും. എന്നാൽ, അമിതമായി വെള്ളം കുടിക്കുന്നത് ഓവർ ഹൈഡ്രേറ്റഡ് അവസ്ഥയിൽ എത്തിക്കും. ഇത് ദോഷമാണ്.

നമ്മുടെ ശരീരത്തിൽ ജലാംശത്തിന്‍റെ അളവ് ശരീരം തന്നെ നമുക്ക് പറഞ്ഞുതരും. മൂത്രത്തിന്റെ നിറം ഇളം മഞ്ഞ നിറമാണ്. എന്നാൽ, ചിലപ്പോൾ നിറമില്ലാത്ത അവസ്ഥയിലേക്ക് പോകാം. അതിനർഥം നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിൽ കൂടുതൽ വെള്ളം ഉണ്ടെന്നാണ്. വെള്ളം കുടിക്കുന്നത് കൂടുതലാണെങ്കിൽ ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നും. കടുത്ത മഞ്ഞനിറമാണെങ്കിൽ വെള്ളംകുടിക്കുന്നത് കുറവാണെന്നാണ് അർഥം.

അധികവെള്ളം ശരീരത്തിലെ സോഡിയം ലെവൽ താഴ്ന്നുപോകുന്നതിന് കാരണമാകും. ചർമത്തിന്റെ തിളക്കം നിലനിർത്താനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ശരീരത്തില്‍നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും വെള്ളം ആവശ്യവുമാണ്.


വെള്ളം കുടിക്കാനും സമയക്രമമുണ്ടോ

ആരോഗ്യമുള്ള വ്യക്തി ഒരുദിനം ഒമ്പതുമുതൽ 13 ഗ്ലാസ് വെള്ളം കുടിച്ചാൽ മതി. കാലാവസ്ഥ, ആരോഗ്യം എന്നിവയനുസരിച്ച് ഈ അളവിൽ മാറ്റം വരും. ഇത് ഏകദേശം രണ്ടര ലിറ്റർ വരും. കുട്ടികളും ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കണം. ദാഹം ഇല്ലെങ്കിലും ദിവസവും ഇത്രയും വെള്ളം കുടിക്കണം.

വർക്ഔട്ടിനിടക്ക് വെള്ളം കുടിക്കുന്നത് അപകടം

തെറ്റാണ്​. തീർച്ചയായും വെള്ളം കുടിക്കണം. പക്ഷേ, വർക്ഔട്ടിനിടക്ക് അധികം വെള്ളം കുടിക്കുന്നതാണ് തടയേണ്ടത്. വ്യായാമത്തിനിടെ ശരീരത്തിൽനിന്നു ജലം നഷ്ടപ്പെടാറുണ്ട്. അതിലൂടെ നിർജലീകരണം സംഭവിക്കും. ചില ​െട്രയിനർമാർ വർക്ഔട്ട് ചെയ്യുന്നവരെ വെള്ളം കുടിക്കാൻ സമ്മതിക്കാറില്ല. ഇതു ദോഷം ചെയ്യും. വർക്ഔട്ട് പുരോഗമിക്കുന്നതിനിടെ സിപ് ചെയ്ത് വെള്ളം കുടിക്കാം.

* രാവിലെ എഴുന്നേറ്റാലുടൻ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

*ആഹാരം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല. അരമണിക്കൂർ മുമ്പോ ശേഷമോ ആണ് കുടിക്കേണ്ടത്.

*കൂടുതൽ സമയം എ.സിയിൽ ഇരുന്ന് ജോലിചെയ്യുന്നവർ ഇടക്കിടയ്ക്ക് വെള്ളം കുടിക്കണം.

*അമിതവണ്ണം ഉള്ളവർ വെള്ളംകുടിയിൽ അൽപം ശ്രദ്ധിച്ചാൽ വണ്ണംകുറയ്ക്കാം. വിശക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. വെള്ളം കുടിക്കുമ്പോൾ വിശപ്പ് അൽപം കുറയും.

*മലബന്ധമുള്ളവർ വെള്ളംകുടി കുറക്കരുത്. ശരീരത്തിൽ ജലം കുറഞ്ഞാൽ മലം കട്ടിയാവാനും മലബന്ധം ഉണ്ടാവാനും കാരണമാകും.


 



*മൂത്രത്തിൽ പഴുപ്പുള്ളവരും വെള്ളം കുടിക്കുന്നത് ഒഴിവാക്കരുത്. വെള്ളം കുറയുമ്പോൾ പഴുപ്പ് കൂടും.

*മൂത്രത്തിൽ കല്ലുള്ളവരും ധാരാളമായി വെള്ളം കുടിക്കണം. കല്ല് മാറിയാലും വെള്ളം കുടിക്കുന്നത് ഒഴിവാക്കരുത്.

*വൃക്കരോഗമുള്ളവരും ഡയാലിസിസ് ചെയ്യുന്നവരും വെള്ളം കുടിക്കുന്നതിൽ ഡോക്ടറുടെ നിർദേശം പൂർണമായും അനുസരിക്കണം.

* വെള്ളത്തിന് പകരം കോളയും മറ്റും കുടിക്കുന്നത് വിപരീത ഫലമായിരിക്കും ഉണ്ടാക്കുക. ഇവ കൂടുതൽ കലോറി ശരീരത്തിൽ എത്തിക്കും. കോളയിൽ അടങ്ങിയിരിക്കുന്ന ഫ്രാക്ടോസ് അമിതമായാൽ ശരീരത്തിന് അപകടമാണ്. എന്നാൽ, കരിക്കിൻ വെള്ളം, നാരങ്ങവെള്ളം, സംഭാരം എന്നിവ കുടിക്കാം.

* ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കൂടുതൽ ആഹാരത്തിൽ ഉൾപ്പെടുത്താം. തക്കാളി, തണ്ണിമത്തന്‍, വെള്ളരി എന്നിവയിൽ ജലാംശം മാത്രമല്ല, പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശം കൂടുതല്‍ നേരം നിലനിര്‍ത്താന്‍ സഹായിക്കുന്നു.


കൃത്യമായി വ്യായാമം ചെയ്താൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകില്ല!! എന്നാൽ, എന്തുകൊണ്ട് കായികതാരങ്ങളിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നു? സൗരവ് ഗാംഗുലിക്ക് എന്താണ് സംഭവിച്ചത്?

സമീപകാലത്ത് നമ്മളിൽ പലരും അവിശ്വസനീയതയോടെ കണ്ടതാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടായ വാര്‍ത്ത. നിരവധി പ്രമുഖരാണ്​ സമീപ കാലത്ത് കളിക്കളത്തിലോ വ്യായാമ വേളയിലോ ഹൃദയാഘാതം സംഭവിച്ച് മരിച്ചത്.

രണ്ടു ചോദ്യങ്ങളാണ് എല്ലാവരുടെയും മനസ്സിൽ ഉള്ളത്. പൂര്‍ണ ആരോഗ്യവാനാണ് എന്നുകരുതുന്ന ഒരു വ്യക്തിക്ക് എങ്ങനെ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു?

രണ്ട്: അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നിട്ടും എങ്ങനെ അത് തിരിച്ചറിയാതെ പോയി?

ഇതില്‍ പ്രധാനമായും മനസ്സിലാക്കേണ്ട കാര്യം ആരോഗ്യപരമായി ഫിറ്റാണ് എന്നത് ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കാനുള്ള കാരണമല്ല എന്നതാണ്. ഉദാഹരണമായി ജനിതകപരമായി ഹൃദയാഘാത സാധ്യതയുള്ള വ്യക്തി ശരീരം ഫിറ്റായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

എന്നാല്‍, അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ ഹൃദയാഘാതസാധ്യത പൂര്‍ണമായും മാറി എന്നർഥമില്ല. ഗാംഗുലിയുടെ പിതാവ് മുമ്പ് ഹാര്‍ട്ട് അറ്റാക്കുണ്ടായി ആന്‍ജിയോപ്ലാസ്റ്റി ചെയ്ത വ്യക്തിയാണ്. അതുകൊണ്ടുതന്നെ ആ പാരമ്പര്യത്തിന്റെ സ്വാധീനം ഗാംഗുലിക്കും ഉണ്ടായിരിക്കും. അദ്ദേഹം ശാരീരികമായി ഫിറ്റ് ആണ് എന്നതുകൊണ്ട് മാത്രം ആ സാധ്യത ഇല്ലാതാകുന്നില്ല. ലളിതമായ ട്രെഡ് മില്‍ ടെസ്റ്റ് മുതല്‍ സി.ടി ആന്‍ജിയോഗ്രാം വരെ ചെയ്താല്‍ തിരിച്ചറിയാം ഇത്തരം പ്രശ്നങ്ങൾ.



വ്യായാമത്തിന് അനുയോജ്യ സമയം

വർക്ഔട്ടിനു യോജിച്ച സമയം രാവിലെയോ

ആരോഗ്യ സംരക്ഷണത്തിന്​ വ്യായാമം അത്യാവശ്യമാണ്. എന്നാൽ, എപ്പോൾ വ്യായാമം ചെയ്താലാണ് ഏറെ ഗുണകരമാകുന്നത് എന്ന് ചോദ്യമുയരും. വർക്ഔട്ടിനു യോജിച്ച സമയം രാവിലെ മാത്രമാണെന്നത് തെറ്റാണ്. രാത്രി ഒഴിച്ച് ബാക്കി ഏതുസമയവും വർക്ഔട്ടിനായി തെരഞ്ഞെടുക്കാം.

രാവിലെ വ്യായാമം ചെയ്താൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് വളരെ എളുപ്പം കത്തിച്ച് കളയാം. രാവിലെയുള്ള വ്യായാമം ശരീരത്തിന് ഇൻസുലിനോട് മികച്ച രീതിയിൽ പ്രതികരിക്കാൻ കഴിയും. അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറക്കാനും സഹായിക്കും.

രാവിലെ വ്യായാമം ചെയ്യുന്നവര്‍ അത്​ മുടക്കുന്നതും കുറവായിരിക്കും. ജീവിത തിരക്കുകൾക്ക്‌ മുമ്പ് വ്യായാമം തുടങ്ങുന്നതിനാൽ കൃത്യമായും എന്നും ചെയ്യാനായി സാധിക്കും. അതുപോലെ രാവിലെയുള്ള വ്യായാമം ശരീരത്തില്‍ ഊര്‍ജം നിറക്കാനും ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കും.


വൈകീട്ടത്തെ വ്യായാമം അപകടമോ

വൈകുന്നേരം വ്യായാമം ചെയ്താലും ഗുണങ്ങൾ ഉണ്ട്. സ്ഥിരമായി വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്യുന്നവരിൽ നല്ല ഉറക്കം കിട്ടുന്നതായി പല പഠനങ്ങളിലും തെളിയിച്ചിട്ടുണ്ട്. അതുപോലെ ജോലിയുടെ ക്ഷീണവും മറ്റു മാനസിക സമർദങ്ങളും മറക്കാനും ഉണർവുനൽകാനും വൈകുന്നേരങ്ങളിലെ വ്യായാമത്തിലൂടെ സാധിക്കുന്നു.

ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും അര മണിക്കൂർ വീതം വ്യായാമം ചെയ്യുക അല്ലെങ്കിൽ ആഴ്ചയിൽ 150 മിനിറ്റ് എന്ന നിരക്കിൽ വ്യായാമം ചെയ്യുക.



വ്യായാമവും ആരോഗ്യവും

സ്ത്രീകൾ വർക്കൗട്ട്​ ചെയ്താൽ സ്​ത്രൈണത പോകുമോ

പുരുഷൻ ചെയ്യുന്ന വ്യായാമങ്ങൾ ചെയ്താൽ സ്ത്രീശരീരത്തിൽ പുരുഷ ഹോർമോണുകൾ കൂടുമെന്നു ധരിക്കുന്നവരുണ്ട്. ഇതും തെറ്റിദ്ധാരണയാണ്. സ്ത്രീകളുടെ ശരീരപ്രകൃതി പുരുഷനിൽനിന്നു ഭിന്നമാണെങ്കിലും സ്ത്രീയിലും പുരുഷനിലും ഒരേ തരം പേശികളാണ്​. എന്നാൽ, പുരുഷനിൽ പേശികൾക്ക് സ്ത്രീകളെ അപേക്ഷിച്ച് കൂടുതൽ ഉറപ്പും ബലവും ഉണ്ടാകും.

അതിനാൽ പുരുഷൻ വർക്ഔട്ട് ചെയ്യുന്നതുപോലെ വർക്ഔട്ട് ചെയ്താൽപോലും സ്ത്രീയിൽ മസിലുകൾ രൂപപ്പെടില്ല. പുരുഷൻ ചെയ്യുന്ന എല്ലാത്തരം വർക്ഔട്ടുകളും സ്ത്രീക്കും ചെയ്യാം. വെയിറ്റും സ്ട്രെങ്തും കുറച്ചുവേണമെന്ന്​ മാത്രം. പ്രോട്ടീൻ പൗഡറുകളോ സ്റ്റിറോയിഡുകളോ ഉപയോഗിച്ചാൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടായി രോമവളർച്ച കൂടും.

ജിമ്മിൽ പോകുന്നവർ സിഗരറ്റ് വലിക്കണം

തെറ്റായ കാര്യമാണിത്. പുകയില ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തിന്​ പൂർണമായും പ്രതികൂലമാണ്​. പുകയിലയുടെ പുകയിൽ അർബുദത്തിന് കാരണമാകുന്ന, 70 ൽപരം രാസവസ്തുക്കളുണ്ട്​. പുകയില ഉപയോഗം ഹൃദയത്തെയും കരളിനെയും ശ്വാസകോശത്തെയും ബാധിക്കുന്ന രോഗങ്ങളിലേക്ക് നയിക്കുന്നു.


അമിത വ്യായാമം ചെയ്താൽ കുഴഞ്ഞുവീണ് മരിക്കുമോ?

35 വയസ്സൊക്കെ കഴിഞ്ഞശേഷം ഇനി ആരോഗ്യം ഫിറ്റാക്കിക്കളയാം എന്നുകരുതി പെട്ടെന്ന് ധാരാളം കായികവിനോദങ്ങളിലേക്കോ വ്യായാമത്തിലേക്കോ ഏർപ്പെടുന്നവർക്കാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇവരുടെ ഹൃദ്രോഗ പാരമ്പര്യമോ, മറ്റു അസുഖങ്ങളോ അറിയുന്നുണ്ടാകില്ല.

അതിനാൽ അമിതമായി വ്യായാമം അല്ലെങ്കിൽ വർക് ഔട്ട് ഹൃദയത്തിന് സ്‌ട്രെയിൻ ഉണ്ടാക്കാം. കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ് ചെയ്താൽ ഒരു പരിധിവരെ ഇത് തിരിച്ചറിയാം. കളിക്കിടെ അസാധാരണമായ ലക്ഷണങ്ങള്‍ (കിതപ്പ്, നെഞ്ചുവേദന മുതലായവ) അനുഭവ​പ്പെട്ടാൽ ഉടനെ ഡോക്ടറെ കാണണം.

ഇടവേളക്കുശേഷം വ്യായാമം ആരംഭിക്കുന്നവരിൽ മരണസാധ്യത കൂടുതലോ?

കുറെ നാൾ വ്യായാമം അല്ലെങ്കിൽ കളി നിര്‍ത്തിയവർ വീണ്ടും ചെയ്യുമ്പോൾ ശ്രദ്ധിക്കണം. കളിക്കുന്ന സമയത്ത് ഇവരുടെ ശരീരം അതുമായി പൊരുത്തപ്പെട്ടിരിക്കും. എന്നാല്‍, കുറെ കാലം നിര്‍ത്തിയാല്‍ അതുമാറും. അതിനാൽ വളരെ പതുക്കെ വ്യായാമത്തിന്റെയും കളിയുടെയും ദൈർഘ്യവും കാഠിന്യവും കൂട്ടുക.


വർക് ഔട്ട് നിർത്തിയാൽ മസിലുകൾ തൂങ്ങുമോ

60-65 വയസ്സ് കഴിയുമ്പോൾ സ്വാഭാവികമായും മസിലുകളുടെ ബലം കുറഞ്ഞ് തൂങ്ങാൻ ഇടയുണ്ട്. അല്ലാതെ വർക്ഔട്ട് നിർത്തിയതുകൊണ്ടുമാത്രം സംഭവിക്കുന്നതല്ല. ചിട്ടയായി വർക്ഔട്ട്​, ഭക്ഷണക്രമീകരണം എന്നതിലൂടെ മസിൽ വളർത്തിയവർക്ക് അത്​ നിർത്തിയാലും മസിൽ തൂങ്ങുകയോ കൂടുതൽ കൊഴുപ്പ് അടിഞ്ഞ് ശരീരം വണ്ണംവെക്കുകയോ ചെയ്യില്ല. എന്നാൽ, സ്റ്റിറോയിഡുകൾ കൊണ്ടും മറ്റും മസിൽ വളർത്തുന്നവർക്ക് ഭാവിയിൽ മസിൽ തൂങ്ങുകയും ചർമം ചുളിഞ്ഞു കാണപ്പെടുകയും ചെയ്യാം. വർക്ഔട്ട് നിർത്തുന്നതോടെ മസിലുകൾ ചുരുങ്ങും. പക്ഷേ, ചർമം അതിനനുസരിച്ച് ചുരുങ്ങില്ല.

ഭാരം കൂട്ടി ചെയ്താലേ മസിൽ ഉണ്ടാകൂ

എത്രയും വേഗം മസിൽ ഉണ്ടാക്കണമെന്നാണ്​ ജിമ്മിൽ പോകുന്നവരുടെ ആദ്യ ലക്ഷ്യം. മസില്‍ വീര്‍പ്പിക്കാനായി എത്രയും വേഗം വ്യായാമം ചെയ്യും. ഇതുകൊണ്ട് മസിൽ ഫൈബറിന് പരിക്കേൽക്കും. പതുക്കെ പതുക്കെ ഭാരം കൂട്ടിക്കൊണ്ടുവരുന്നതാണ് ശരീരത്തിന് നല്ലത്. ഭാരം കൂട്ടി പെട്ടെന്ന് വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ പല തരത്തിലുള്ള പരിക്കുകള്‍ പറ്റാം.

വാം അപ് ആവശ്യമില്ല! ട്രെഡ്മിൽ സൈക്ലിങ് മതി!

പല ചെറുപ്പക്കാരും ജിമ്മിൽ ചെന്ന ഉടൻ കഠിനമായ പരിശീലനങ്ങള്‍ ആരംഭിക്കും. ഇത് മസിൽ ഫൈബറിന് കേട് ഉണ്ടാക്കും. പലതരം വേദന ആ വ്യക്തിക്ക് ഭാവിയിൽ ഉണ്ടാകും. ഇലാസ്റ്റിക് സ്വഭാവമുള്ള നാരു കോശങ്ങളാലാണ് നമ്മുടെ പേശികള്‍ നിര്‍മിക്കപ്പെട്ടത്. സാധാരണനിലയില്‍ ചുരുങ്ങുന്ന അവ സാവധാനം വലിച്ചുനീട്ടാനുള്ള (സ്ട്രെച്ച്) വാംഅപ് വ്യായാമങ്ങള്‍ ചെയ്തു മാത്രമേ തുടങ്ങാവൂ.

പലരും വാംഅപ് ആയി കരുതുന്നത്​ ട്രെഡ്മില്ലില്‍ നടത്തവും സൈക്ലിങ്ങും ആണ്. എന്നാൽ, ഇത് ശരിയല്ല. മസിൽ സ്ട്രെച്ച് ചെയ്യുന്ന വ്യായാമങ്ങളാണ് വാംഅപ്.


വർക്കൗട്ടിനിടെ വേദന സ്വാഭാവികമാണോ?

അല്ല. വ്യായാമം ചെയ്യുമ്പോൾ വേദന ഉണ്ടാകാൻ പാടില്ല. ജിമ്മിലും മറ്റും ചെയ്യുന്നതിനിടയില്‍ പേശികള്‍ക്കോ സന്ധികള്‍ക്കോ വേദന തോന്നിയാല്‍ അപ്പോള്‍ വ്യായാമം നിര്‍ത്തണം. അത്​ കണക്കാക്കാതെ വീണ്ടും വ്യായാമം തുടര്‍ന്നാല്‍ മസിൽ ഫൈബറിന് പരിക്കേൽക്കും.

പക്ഷേ, വ്യായാമം ചെയ്തശേഷം 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ഉടലെടുക്കുന്ന വേദനയാണ് ഡിലെയ്ഡ് ഓൺസെറ്റ് ഓഫ്‌ മസില്‍ സോര്‍നെസ് (DOMS: Delayed Onset of Muscle Soreness). ഇത് നോർമലാണ്. ഭയപ്പെടേണ്ട കാര്യമില്ല.

തടി കുറക്കാൻ പൊടി മതി

ഹെർബൽ സപ്ലിമെന്റ് എന്ന പരസ്യം കണ്ട പലരും തടി കുറയാനായി മരുന്നുകൾ കഴിക്കുന്നുണ്ട്. തടി പലരിലും കുറയുന്നുണ്ട്. പക്ഷേ, ചിലരിൽ കരളിനും മറ്റും ഗുരുതരമായ പ്രശ്നങ്ങളുള്ളതായി കാണപ്പെടുന്നു.

മാറാരോഗങ്ങൾ പൂർണമായും സുഖമാക്കാം, ലൈംഗികശേഷി വർധിപ്പിക്കാം, വണ്ണം കുറക്കാം, എത്ര പഴക്കമുള്ള പ്രമേഹവും മാറ്റാം എന്നിങ്ങനെ 'അദ്ഭുത മരുന്നുകളെ'ക്കുറിച്ചുള്ള പരസ്യങ്ങൾക്ക് ഇപ്പോഴും ഒരു ക്ഷാമവുമില്ല. രോഗികൾക്ക് ഇത്തരം പരസ്യങ്ങൾ പ്രതീക്ഷയുടെ കച്ചിത്തുരുമ്പാണ്. 'എങ്ങാനും രോഗം മാറിയാലോ' എന്ന തോന്നലിൽ ഇത്തരം വ്യാജമരുന്നുകളുടെ പിന്നാലെ പോയി കാശും മാനവും നഷ്ടമാകുന്നവർ ധാരാളമുണ്ട്.

വിപണിയിൽ പല മരുന്നുകൾ ഉണ്ടെങ്കിലും ഇവയൊന്നും തന്നെ ഭക്ഷണ നിയന്ത്രണത്തിനും വ്യായാമത്തിനും പകരമല്ല. തുടക്കത്തിൽ പെട്ടെന്ന് ഒരു കുറവ് വരുത്താൻ സഹായിക്കും. പക്ഷെ അശാസ്ത്രീയമായ വണ്ണം കുറക്കൽ വലിയ അപകടം വരുത്താറുണ്ട്.

വിയർക്കുംവരെ വ്യായാമം ചെയ്താലേ ഫലം കിട്ടൂ?

തെറ്റിദ്ധാരണയാണ്. വിയർക്കുന്നതുവരെ എന്നത് വ്യായാമത്തിന്റെ ഒരു അളവു കോലല്ല. ചൂടു കാലാവസ്ഥയിൽ വേഗവും തണുപ്പുകാലത്ത് വൈകിയുമാണ്​ വിയർക്കൂ. എന്നാൽ, കിതപ്പ് വ്യായാമത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു. വ്യായാമത്തിനിടയിൽ നിങ്ങൾക്ക് ഒരു പാട്ടുപാടാൻ കഴിയുന്നുണ്ടെങ്കിൽ ഹൃദയമിടിപ്പ് നിരക്ക് ആവശ്യത്തിലും കുറവാണ്. പാടാൻ കഴിയുന്നില്ല, പക്ഷേ സംസാരിക്കാനാകും, ഇതാണ് ശരിയായ അവസ്ഥ. വ്യായാമത്തിന്റെ ഗുണം മുഴുവനും കിട്ടും.



മാസം 8-10 കിലോ ഭാരം കുറക്കാം?

മാസം എട്ടും പത്തും കിലോ ഭാരം കുറയ്ക്കാമെന്നു പറയുന്ന ഭാരം കുറക്കൽ കേന്ദ്രങ്ങളുണ്ട്. പ്രത്യേക ഡയറ്റിലൂെടയും മറ്റ് അസാധാരണ മാർഗങ്ങളിലൂെടയും ഭാരം കുറച്ചവരുമുണ്ട്. എന്നാൽ, ഒരു ആഴ്ചയിൽ ഒരുകിലോ, മാസത്തിൽ നാലുകിലോ. അതിലപ്പുറം ഭാരം കുറക്കുന്നത് ഏതു മാർഗത്തിലൂടെയായാലും ഒട്ടും നന്നല്ല, അപകടകരവുമാണ്.

അധികമായി ഭാരം കുറച്ചാൽ ഹൃദയമിടിപ്പിൽ താളപ്പിഴവരുത്തുന്ന 'അരിത്മിയ' (Arrhythmia) ഉൾപ്പെടെയുള്ള ഹൃദയപ്രശ്നങ്ങൾക്കും കാരണമാകാം. പോഷകക്കുറവുമൂലമുണ്ടാകുന്ന വിവിധ രോഗങ്ങൾ, പേശീദുർബലത, പ്രതിരോധശേഷിക്കുറവ്, മുടികൊഴിച്ചിൽ, ചർമത്തിൽ ചുളിവുകൾ തുടങ്ങി വിവിധ പ്രശ്നങ്ങൾക്കു കാരണമാകും. അതിനാൽ ആഴ്ചയിൽ ഒരു കിലോയിലധികം ഭാരം കുറക്കരുത്.

അസ്ഥിപ്രശ്നങ്ങൾ ഉള്ളവർ വ്യായാമം ചെയ്യരുത്?

ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് മുതലായ അസ്ഥിപ്രശ്നങ്ങളുള്ളവർ വർക്ഔട്ട് പോയിട്ട് ജിമ്മിലേക്ക് നോക്കാൻ പോലും പാടില്ല എന്ന ധാരണകൾ പ്രചരിക്കുന്നുണ്ട്. തെറ്റാണിത്. ഇത്തരം രോഗികൾക്ക് വർക്ഔട്ട് ചെയ്യാം എന്നു മാത്രമല്ല, അത് രോഗപരിഹാരത്തിനു സഹായിക്കുകയും ചെയ്യും. ഡോക്ടറുടെയും അംഗീകൃത ​ട്രെയിനറുടെയും നിർദേശം സ്വീകരിച്ചതിനുശേഷം മാത്രമേ വ്യായാമങ്ങൾ പരിശീലിക്കാവൂ.


ജിമ്മിൽ പോയാൽ കവിളൊട്ടുമോ

ജിമ്മിൽ പോയാൽ കവിളൊട്ടുമെന്നത് തെറ്റിദ്ധാരണയാണ്. വർക്ഔട്ട് തുടങ്ങുമ്പോൾ ശരീരത്തിലെ കൊഴുപ്പുകലകൾ നീങ്ങുന്നതിന്റെ ഭാഗമായി കവിളൊട്ടിയതായി തോന്നാം. വർക്ഔട്ട് ഫലം കാണുന്നതിന്റെ ലക്ഷണമാണിത്. വെയ്റ്റ് ട്രെയിനിങ് ചെയ്താൽ മാത്രമേ ഇതു കാണൂ.

ശരീരത്തിന് സ്റ്റിറോയ്ഡ്​ അത്യാവശ്യമാണ്

ഒരു കാരണവശാലും സ്റ്റിറോയിഡുകൾ ഉപയോഗിക്കരുത്. ശരീരത്തിലെ ജലാംശം ഇല്ലാതാക്കുന്നതാണ് സ്റ്റിറോയിഡുകൾ. മുടികൊഴിച്ചിലാകും ആദ്യലക്ഷണം, ശരീരവേദനയുമുണ്ടാകും. ദീർഘകാലം ഉപയോഗിച്ചാൽ അസ്ഥിക്ഷയം പോലുള്ള രോഗങ്ങളും ലൈംഗിക ശേഷിക്കുറവുമാകും ഫലം.

ജിമ്മിൽ പോയാൽ ലൈംഗികശേഷി കുറയും

തെറ്റിദ്ധാരണയാണ്. നന്നായി വർക്ഔട്ട് ചെയ്യുന്നവർക്ക് ശരീരത്തിലെ രക്തയോട്ടം കൂടുന്നതിന്റെ ഫലമായി ലൈംഗികശേഷി കൂടുകയാണു ചെയ്യുന്നത്. വ്യായാമം പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടും. ലൈംഗികശേഷി കുറവുള്ളവർക്ക് ചികിത്സയുടെ ഭാഗമായി വ്യായാമം നിർദേശിക്കാറുണ്ട്. സ്ഥിരമായ വ്യായാമം വന്ധ്യതയുണ്ടാക്കും എന്ന ധാരണ തെറ്റാണ്.

വ്യായാമവും പ്രായവും


മുപ്പതു വയസ്സു കഴിഞ്ഞാൽ മസിൽ ഉണ്ടാകി​ല്ല?

തെറ്റിദ്ധാരണയാണ്​. എല്ലാവരുടെയും ശരീരത്തിൽ മസിലുകളുണ്ട്​. അവക്ക് വലുപ്പവും രൂപവും കൊടുക്കുകയാണ് വർക്ഔട്ട് വഴി ചെയ്യുന്നത്. 60 വയസ്സുവരെയൊക്കെ ബോഡിബിൽഡിങ് പരിശീലനം നടത്താം. വർക്ഔട്ട് ചെയ്യുന്നതിനു പ്രായം ഒരു തടസ്സമേയല്ല. മനസ്സാണു പ്രധാനം.

ജിമ്മിൽ പോകുന്നവരുടെ വളർച്ച മുരടിക്കും?

തെറ്റാണ്. കുറഞ്ഞത് 20 വയസ്സെങ്കിലും ആകാതെ പുരുഷൻ വെയ്റ്റ് ട്രെയിനിങ് പോലെയുള്ള വർക്ഔട്ടുകൾ ആരംഭിക്കരുത്. പുരുഷന്റെ വളർച്ചയുടെ കാലഘട്ടം 25 വയസ്സുവരെയാണ്. മസിൽ ഉണ്ടാകുന്ന വളർച്ചാഘട്ടങ്ങൾക്കിടയിൽ ഭാരം എടുത്തുള്ള വ്യായാമങ്ങൾ വളർച്ച മുരടിപ്പിക്കാൻ ഇടയാക്കും. ഡയറ്റ്, കൃത്യമായ വർക്ഔട്ട് ഇവയിലൂടെ വേണം ബോഡി ബിൽഡിങ് ചെയ്യാൻ.

പൈനാപ്പിള്‍ ചൂടുവെള്ളത്തിലിട്ട് കുടിച്ചാൽ കാൻസർ മാറ്റാം !!

പൈനാപ്പിള്‍ ചൂടുവെള്ളത്തില്‍ ഇട്ട് ഭക്ഷിച്ചാല്‍ കാന്‍സറിനെ മാറ്റാന്‍ കഴിയും എന്ന് അവകാശപ്പെട്ട് വാട്സ്ആപ്പ്​ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷേ, ഇതിന്​ ശാസ്ത്രീയ തെളിവുകളില്ല. പോഷകഗുണങ്ങളിൽ മുന്നിട്ടുനിൽക്കുന്ന ഒന്നാണ് പൈനാപ്പിൾ. വിറ്റമിൻ സി, എ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങി ധാരാളം പോഷകങ്ങൾ ഈ പഴത്തിൽ ഉണ്ട്.

പക്ഷേ, ഇത് അർബുദത്തെ മാറ്റും എന്നു പറയാൻ കഴിയില്ല. പൈനാപ്പിള്‍ മാത്രമല്ല, പഴങ്ങളും പച്ചക്കറിയും കഴിക്കലും, വ്യായാമം ചെയ്യുന്നതും അർബുദം തടയാന്‍ സഹായിക്കും. പക്ഷേ, ഇത്ര ചെയ്‌താല്‍ മാത്രം നമുക്ക് അർബുദം മാറ്റാന്‍ പറ്റും എന്നുപറയാന്‍ പറ്റില്ല.


ഫിറ്റ്സ് വന്നാൽ ഇരുമ്പു താക്കോൽ കൊടുത്താൽ മതി..!

ഇന്നും ഫിറ്റ്‌സ് അല്ലെങ്കിൽ അപസ്മാരം ആർക്കെങ്കിലും വന്നാൽ കൈയിൽ ഇരുമ്പു താക്കോൽ കൊടുക്കാനായി ശ്രമിക്കുന്നവരുണ്ട്. എന്നാൽ, ഇതിന് ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ല. എന്താണ് ഫിറ്റ്സ് എന്ന് അറിഞ്ഞിരിക്കുക.

മസ്‌തിഷ്‌കത്തിലെ ന്യൂറോണുകൾക്കുള്ളിലും അവിടെ നിന്നു പുറത്തേക്കും ആശയവിനിമയം നടക്കുന്നത് നേരിയ വൈദ്യുതിതരംഗങ്ങളിലൂടെയാണ്. ഇതിനു പകരം മസ്‌തിഷ്‌കത്തിൽ ഉണ്ടാകുന്ന അസാധാരണ വൈദ്യുതി തരംഗമാണ് യഥാർഥത്തിൽ അപസ്മാരം (seizure). മിക്കവാറും അപസ്‌മാരം മിനിറ്റുകൾക്കുള്ളിൽ തനിയെ അവസാനിക്കും.

അതായത്, ഒരു ഇരുമ്പ് താക്കോൽ കണ്ടുപിടിച്ചുകൊടുക്കുന്ന സമയംകൊണ്ട് അപസ്മാരം തീരും. കാണുന്നവർ കരുതും താക്കോൽ കൊടുത്തിട്ടാണെന്ന്!

പ്രമേഹരോഗ മരുന്നുകള്‍ കിഡ്നി തകരാറാക്കും!

പല പ്രമേഹ രോഗികളെയും അലട്ടുന്ന പ്രധാന സംശയമാണിത്. തെറ്റിദ്ധാരണ മൂലം പലരും ശരിയായ മരുന്നുകൾ കഴിക്കാൻ മടിക്കുന്നു. അടിസ്ഥാനരഹിതമായ ഒരു ഭീതിയാണിത്.

നിയന്ത്രണവിധേയമല്ലാത്ത ഷുഗര്‍ ആണ് കിഡ്നിയെ നശിപ്പിക്കുന്നത്, അല്ലാതെ മരുന്നല്ല. പ്രമേഹ മരുന്നുകൾ കഴിക്കുന്നതുകൊണ്ട് ഒരിക്കലും വൃക്ക തകരാറിലേക്ക് പോകില്ല. ശരീരത്തിലെ മറ്റു അനേകം അവയവങ്ങളെ പ്രമേഹരോഗം കാര്‍ന്നുതിന്നുന്ന പോലെ കിഡ്നിയെയും അത് ബാധിക്കുന്നു. മരുന്ന് കഴിക്കണമെന്ന് ഡോക്ടർ പറഞ്ഞാൽ കഴിക്കുകതന്നെ ചെയ്യുക.


ഉറക്കത്തിൽനിന്ന് പെട്ടെന്ന് എഴുന്നേറ്റാൽ മരണം ഉണ്ടാകുമോ?

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നത് രാത്രിയില്‍ എഴുന്നേല്‍ക്കുന്നവര്‍ മൂന്നര മിനിറ്റ് നേരം നിര്‍ബന്ധമായും കിടക്കയില്‍ ഇരിക്കണമെന്നാണ്. ആദ്യത്തെ ഒന്നര മിനിറ്റ് കിടക്കുക, പിന്നീട് അര മിനിറ്റ് എഴുന്നേറ്റ് ഇരിക്കുക അവസാനം കട്ടിലില്‍നിന്ന് കാല്‍ താഴ്ത്തിയിട്ട് ഇരുന്നതിനുശേഷം എഴുന്നേറ്റുപോയാല്‍ പക്ഷാഘാതവും മരണവും തടയാമെന്നാണ് വിവരണം. ഇത്തരമൊരു വാദത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ല.

കട്ടിലില്‍നിന്നോ കസേരയില്‍നിന്നോ പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ ചിലർക്ക്​ കുറഞ്ഞ രക്തസമ്മർദം അനുഭവപ്പെടാം, ഈ അവസ്ഥയെ പോസ്ചറല്‍ - അല്ലെങ്കില്‍ ഓര്‍ത്തോസ്റ്റാറ്റിക് - ഹൈപ്പോടെന്‍ഷന്‍ (Postural/Orthostatic Hypotension) എന്ന്​ അറിയപ്പെടുന്നു.

തണുത്ത വെള്ളം വൃക്ക തകരാറാകും!

മനുഷ്യശരീരത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ജലം. നമ്മുടെ ശരീരം 70 ശതമാനത്തോളം ജലമാണ്. വെള്ളമില്ലാതെ ഏതൊരു ജീവിക്കും അതിജീവനം അസാധ്യമാണ്​. തണുത്ത വെള്ളം കുടിച്ചാൽ രക്തം കട്ടിയാകും, വണ്ണംവെക്കും, വൃക്കക്ക് തകരാറുണ്ടാക്കും തുടങ്ങി ധാരാളം വാർത്തകൾ സോഷ്യൽ മീഡിയയിലുണ്ട്. ഇതൊന്നും സത്യമല്ല. ചൂടുവെള്ളമോ തണുത്ത വെള്ളമോ കുടിക്കാം.




 

ഭക്ഷണത്തിലൂടെ അസുഖം വാങ്ങരുത്

1. മാംസവിഭവങ്ങളുടെ മൊരിഞ്ഞുകരിഞ്ഞ അരപ്പ് കഴിക്കുന്നത് നല്ലതല്ല. തീയിൽ ചുട്ടെടുക്കുന്ന ഭക്ഷണം ഏതായാലും പതിവാക്കുന്നത് ആമാശയ അർബുദത്തിന് ഇടയാക്കും.

2. ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങുവർഗങ്ങളും വറുത്ത ഭക്ഷണങ്ങളും പൊണ്ണ ത്തടിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും.

3. അറബിക് ഉൾപ്പെടെ ഒട്ടുമിക്ക വിഭവങ്ങളും എണ്ണയിൽ തയാറാക്കുന്നതാണ്. ഒരിക്കൽ പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ഹോട്ടലുകളിൽ പതിവാണ്. ഉപയോഗിച്ച എണ്ണയിൽ വീണ്ടും ആഹാരം പാകം ചെയ്താൽ സസ്യഭുക്കുകളിൽ പോലും അമിതവണ്ണവും പ്രമേഹവും ഹൃദ്രോഗവും ഉണ്ടാകും.

4. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ഇഷ്ടപ്പെട്ട വിഭവമാണ് മയോണൈസ്. ഇത് ഏറെ കലോറിയുള്ള ഒന്നാണ്. കൊഴുപ്പടങ്ങിയത്​. ഒരു ചെറിയ ഡിപ്പില്‍ തന്നെ 100-400 കലോറിയുണ്ട്. മാത്രമല്ല, ഇതില്‍ രുചിക്കായി ചേര്‍ക്കുന്ന ഉപ്പ് ബിപി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുപോലെ മയോണൈസ് പെട്ടെന്നു കേടാവുകയും ചെയ്യും.

5. ഷവര്‍മ എങ്ങനെ വിപത്തായി മാറുന്നു എന്ന് അറിയണം. എല്ലില്ലാത്ത ഇറച്ചികൊണ്ടാണ് ഷവർമയുണ്ടാക്കുന്നത്. പാളികളായി മുറിച്ച ഇറച്ചി നീളമുള്ള കമ്പിയില്‍ കോര്‍ത്തെടുത്താണ് ഗ്രില്‍ അടുപ്പിനു മുന്നില്‍നിന്ന് വേവിച്ചെടുക്കുന്നത്. ഷവർമ നന്നായി വെന്തില്ലെങ്കിലാണ് പ്രധാനമായും പ്രശ്നം. വേവിക്കാത്ത ഭക്ഷണ പദാർഥങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്ക് പല ബാക്ടീരിയകളും വൈറസുകളും എത്തുന്നു. ഇതില്‍തന്നെ ലിസ്റ്റീരിയ, ഇ-കോളി, ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്നിവയിലൂടെ അതികഠിനമായ ഭക്ഷ്യവിഷബാധ ഉണ്ടാകാം.

Tags:    
News Summary - health myths you hear every day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.