പാട്ടെന്ന് കേൾക്കുമ്പോൾ തന്നെ ആശ്വാസത്തിന്റെ അരയാലിലകൾ ഇളകും മലയാളികളുടെ സ്വന്തം ഗായിക സിതാര കൃഷ്ണകുമാറിന്റെയുള്ളിൽ. അപ്പോൾ മനസ്സിൽ സ്കൂളിലെ ഒരു ലളിതഗാന മത്സരവേദി തെളിയും. അവിടെ 'അരയാലിലകൾ' എന്നു തുടങ്ങുന്ന പാട്ട് ചുമമൂലം ഇടക്ക് മുറിഞ്ഞുപോയതിനാൽ കണ്ണീരോടെ പകച്ചുനിൽക്കുന്നൊരു ആറു വയസ്സുകാരിയെ കാണും.

ആ രണ്ടാം ക്ലാസുകാരി പാട്ടിന്റെ കാര്യത്തിൽ 'ഒന്നാം ക്ലാസ്' ആണെന്ന് തിരിച്ചറിഞ്ഞ സംഗീതാധ്യാപകൻ രാമനാട്ടുകര സതീശൻ മാസ്റ്റർ അവളെ വാരിയെടുത്ത് തോളിൽ തട്ടി ആശ്വസിപ്പിച്ചിരുന്നില്ലെങ്കിൽ, ഒരുപക്ഷേ ഈണത്തിന്റെ ഒരേറുനോട്ടംകൊണ്ട് മലയാള മനമാകെ കോള് കേറ്റുന്ന ഗാനങ്ങൾ ഇന്നുണ്ടാകുമായിരുന്നില്ല.യുവജ​നോത്സവവേദികളിലൂടെയും റിയാലിറ്റി​ ഷോകളിലൂടെയും ഒഴുകിയ സിതാരയുടെ സംഗീതജീവിതം സിനിമയിലെത്തിയിട്ട് ഒന്നര പതിറ്റാണ്ട് പിന്നിട്ടു.


റിയാലിറ്റി ഷോകളിലെ മത്സരാർഥിയിൽനിന്ന് വിധികർത്താവായി സിതാര വളർന്നത് മുഹബ്ബത്തിൻ സുലൈമാനി കലർന്ന പാട്ടുകളിലൂടെ മലയാളികളുടെയെല്ലാം മനം കീഴടക്കിയാണ്. മുന്നിൽ പാടാനെത്തുന്ന കുട്ടികളിൽ ആ പഴയ രണ്ടാം ക്ലാസുകാരിയെയാണ് സിതാര കാണുന്നത്. അതുകൊണ്ടുതന്നെ അവരുടെ 'സതീശൻ മാസ്റ്റർ' ആകാനും സിതാരക്ക് അനായാസം കഴിയുന്നു. സിതാര പ്രായഭേദമന്യേ എല്ലാവരുടെയും സ്വന്തം സിത്തുമണി ആകുന്നതിന്റെ കാരണവും മറ്റൊന്നല്ല.

'എനിക്ക് ആ സ്നേഹം എപ്പോഴും ഫീൽ ചെയ്യാൻ കഴിയാറുണ്ട്. വർഷങ്ങളായി സ്വീകരണമുറിയിൽ കാണുന്നതുകൊണ്ടാവാം സ്വന്തം വീട്ടിലെയാൾ എന്നപോലെ എന്നെ എല്ലാവരും ഇഷ്ടപ്പെടുന്നതെന്ന് തോന്നിയിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് എന്റെ പാട്ട് പിന്തിരിപ്പിച്ചിട്ടുണ്ടെന്നൊക്കെ ചിലർ വന്നു പറയും. അതിനൊക്കെ നന്ദി പറയേണ്ടത് എന്നോടല്ല. ദൈവത്തിനോടും ആ പാട്ടുകൾ സൃഷ്ടിച്ചവരോടുമാണ്.

സിനിമയിൽ പാടാൻ തുടങ്ങിയിട്ട് 15 വർഷമായി എന്നത് ഒരു കണക്കു മാത്രമാണ്. നാലാം വയസ്സ് മുതൽ പാട്ടും നൃത്തവുമാണ് എന്റെ ലോകം. എന്നെ സംബന്ധിച്ച് സിനിമയിലെ പാട്ടുകളുടെ എണ്ണത്തിനെക്കാളും സിനിമയിലെ അവസരങ്ങളെക്കാളുമൊക്കെ പ്രാധാന്യം ആർട്ടിസ്റ്റായി ഇരിക്കുക എന്നതാണ്. ആളുകളുടെ ഈ സ്നേഹം എന്നെന്നും നിലനിർത്തുക എന്നതാണ്' -സിതാര പറഞ്ഞുതുടങ്ങി...


കംപ്ലീറ്റ് പാക്കേജ്

പാട്ട്, സംഗീതസംവിധാനം, നൃത്തം, അഭിനയം തുടങ്ങി ഒരു കംപ്ലീറ്റ് പാക്കേജാണ് സിതാര ഇപ്പോൾ. യുവജനോത്സവങ്ങളിൽ തുടങ്ങി റിയാലിറ്റി ഷോകളിലൂടെ വളർന്ന് ഏതു സ്വരഭേദവും തന്റെ കണ്ഠത്തിൽ ശ്രുതിശുദ്ധമാണെന്ന് തെളിയിച്ച ഗാനങ്ങളിലൂടെ സിതാര കയറിക്കൂടിയത് സംഗീതപ്രേമികളുടെ ഖൽബിനുള്ളിലാണ്. കൈരളി ടി.വിയുടെ 'ഗന്ധർവസംഗീതം', ഏഷ്യാനെറ്റിന്റെ 'സപ്തസ്വരങ്ങൾ', ജീവൻ ടി.വിയുടെ 'വോയ്സ്' എന്നീ പരിപാടികളിൽ ഒരേ വർഷം ഒന്നാമതെത്തിയാണ് സിതാര ഈ യാത്രക്ക് തുടക്കമിട്ടത്. 'ഏനു​​​​ണ്ടോടീ'യിലെ നാടൻ ശബ്ദത്തിലൂടെയും 'മോഹമുന്തിരി'യിലെയും 'സാമീ സാമീ'യിലെയും 'മാസ്'മരികതയിലൂടെയും 'ചായപ്പാട്ടി'ലെയും 'അരുതരുതരുതി'ലെയും ജനകീയതയിലൂടെയും സിതാര ആ ജൈത്രയാത്ര തുടരുന്നു.

'പാട്ടുകളിലെ വൈവിധ്യം എക്സ്​േപ്ലാർ ചെയ്യാൻ കഴിയുന്നത് റിയാലിറ്റി ഷോ കാരണമാണ്. അതിൽ പല റൗണ്ടുകളിലും വ്യത്യസ്ത സ്വഭാവത്തിലുള്ള പാട്ടുകൾ പാടണമല്ലോ. അഭിനയത്തിന്റെ സംഗീത വേർഷൻ ആയിട്ടാണ് ഞാൻ സിനിമാപാട്ടുകളെ കാണുന്നത്. മറ്റൊരർഥത്തിൽ വോക്കൽ ആക്ടിങ് ആണ് പാട്ടുകൾ.

യഥാർഥത്തിൽ ശബ്ദം മാറ്റിയല്ല ഞാൻ പാടുന്നത്. ചില റേഞ്ചിൽ പാടുമ്പോൾ ചില മാറ്റങ്ങൾ ശബ്ദത്തിൽ വരുന്നതാണ്. ആദ്യമൊക്കെ ചില പാട്ടുകൾ കേട്ടിട്ട് ഇത് സിതാര പാടിയ​താണോ എന്ന് ആളുകൾ ചോദിക്കുന്നത് വിഷമമായിരുന്നു. പക്ഷേ, കമ്പോസിങ്ങിനോട് നീതി പുലർത്താനായതുകൊണ്ടാണ് കേൾക്കുന്നവർക്ക് അങ്ങനെ തോന്നുന്നതെന്ന തിരിച്ചറിവ് ആ വിഷമം മാറ്റി' -സിതാര പറയുന്നു.

തമിഴ്, തെലുഗ്, കന്നട ഭാഷകളിലും സിതാര സാന്നിധ്യമറിയിച്ചിട്ടുണ്ട്. അല്ലു അർജുൻ നായകനായ 'പുഷ്പ'യിലെ 'സാമീ സാമീ' എന്ന പാട്ടൊക്കെ സിതാരയെ തേടിയെത്തിയത് അങ്ങനെയാണ്. സംഗീതവുമായി ബന്ധമില്ലാത്ത ഒരു ജോലിയെയും കുറിച്ച് അച്ഛൻ ഡോ. കൃഷ്ണകുമാറും അമ്മ സാലിയും സിതാരയോട് പറഞ്ഞിട്ടേയില്ല.

പണ്ട് റിയാലിറ്റി ഷോകളിൽ പാടാനുള്ള പാട്ടുകൾ റെക്കോഡ് ചെയ്യുന്നതിന് കോഴിക്കോട്ടെ കാസറ്റുകടകളിൽ കയറിയിറങ്ങിയിരുന്ന അതേ ആവേശത്തോടെ ഇന്നും ഷോ കഴിഞ്ഞുവരുന്ന സിതാരയുടെ വിശേഷങ്ങൾ അറിയാൻ അവർ പാതിരാത്രിയും കാത്തിരിക്കും. ഭർത്താവ് ആസ്റ്റർ മെഡിസിറ്റിയിലെ കാർഡിയോളജിസ്റ്റായ എം. സജീഷ് കൂടി ചേരുന്നതോടെ സിതാരയുടെ ഈ 'ഉത്സാഹ കമ്മിറ്റി' പൂർണമാകും.


'എല്ലാവരും കരുതുന്നപോലെ ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നില്ല. വീട്ടുകാർ തമ്മിൽ അറിയുമായിരുന്നതുകൊണ്ട് ഉയർന്നുവന്ന വിവാഹാലോചനയാണ്. സജീഷേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ അതുകൊണ്ട് ലൗവും മാര്യേജും നടന്നു. കലയെ ഏറെ സ്നേഹിക്കുന്ന ഡോക്ടറായതുകൊണ്ട് എന്റെ കരിയർ മികച്ചതാക്കുന്നതിൽ വലിയൊരു പങ്ക് സജീഷേട്ടൻ വഹിച്ചിട്ടുണ്ട്. ഓരോ കാലത്തിലും സമയത്തിലും ഓരോരോ മട്ടും ഭാവവുമാണ് എനിക്ക്.

സങ്കടം, സന്തോഷം, വിഷാദം, ആഹ്ലാദം, അമിതാവേശം എല്ലാം മാറി മാറി വരും. വേണ്ടകാലത്ത്, വേണ്ടനേരത്ത് കൃത്യമായി വന്ന് കൈതന്നു ഞെട്ടിക്കാറുണ്ട് സജീഷേട്ടൻ' -സിതാര പറയുന്നു. എങ്കിലും പല കാര്യങ്ങളിലും ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാറുണ്ട്. അപ്പോഴെല്ലാം ചർച്ച വളരെ നീളുമ്പോൾ മകൾ സായു (സാവൻ ഋതു) ഇടപെട്ട് പറയും -'ഇനിയും നിർത്തിയില്ലെങ്കിൽ രണ്ടിനെയും ചാനൽചർച്ചയിൽ കൊണ്ടിരുത്തും' എന്ന്.

പാട്ട് ഹൃദയത്തെ തൊടുന്ന 'ഇടം'

അയർലൻഡിലെ ഡബ്ലിനിലെ മലമുകളിലുള്ള, ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പബ്ബുകളിലൊന്നാണ് 1798ൽ സ്ഥാപിച്ച ജോണി ഫോക്സസ്. കലാകാരന്മാരും എഴുത്തുകാരുമൊക്കെ ഒത്തുചേരുന്നിടം. ഒരു യാത്രക്കിടെ അവിടെ ഇരിക്കുമ്പോഴാണ് അതുപോലെ ഒരിടം നമുക്കും വേണമെന്ന് സിതാര സജീഷിനോട് പറയുന്നത്. അങ്ങനെയാണ് കൊച്ചി പനമ്പള്ളിനഗറിൽ കലയും രുചിയും ഒരുമിക്കുന്ന 'ഇടം കഫേ' ഒരുങ്ങുന്നത്.

ഹൃദയംകൊണ്ട് പാടുന്ന പാട്ടുകാരിയും ഹൃദയത്തെ ചികിത്സിക്കുന്ന ഡോക്ടറും ചേരുന്നിടം. ഇവിടത്തെ സംഗീതൃ-നൃത്ത പരിശീലന ക്ലാസുകളുടെയും അവധിക്കാല ക്യാമ്പുകളുടെയും കാര്യങ്ങൾ തിരക്കിനിടയിലും ഇരുവരും നോക്കുന്നു. തിരക്കേറിയ പാട്ടുകാരിയും ഡോക്ടറും ഇതിനെങ്ങനെ സമയം കണ്ടെത്തുന്നു എന്ന സംശയത്തിന് സജീഷ് നൽകു​ന്ന മറുപടി ഇതാണ് -'പണംപോലെ മൂല്യമുണ്ട് സമയത്തിനും. സൂക്ഷിച്ചുവെച്ച് ആവശ്യമുള്ളപ്പോൾ ഉപയോഗിച്ചാൽ ഇഷ്ടംപോലെ ചെലവഴിക്കാം'.


പഠനകാലത്ത് നാടകത്തിലും നൃത്തത്തിലുമൊക്കെ മികവ് തെളിയിച്ച് കലാപ്രതിഭയും ബെസ്റ്റ് ആക്ടറുമൊക്കെയായിരുന്ന സജീഷ് പ്രഫഷനൊപ്പം അഭിനയത്തിലും എഴുത്തിലുമൊക്കെ സജീവമാണ്. അടുത്തിടെ സംവിധായകൻ ​ജിയോ ബേബി അണിയിച്ചൊരുക്കിയ ആന്തോളജി ചിത്രമായ 'ഫ്രീഡം ​ഫൈറ്റി'ലെ (ഫ്രീഡം ഫൈറ്റിലും ഓൾഡ് ഏജ് ഹോമിലും) അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.

സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന 'സുന്ദരി ഗാർഡൻസ്', 'ഞാൻ അഴകൻ' എന്നിവയിലും അഭിനയിക്കുന്നുണ്ട്. സജീഷ് ആദ്യം അഭിനയിച്ച സിനിമ 2006ൽ ഇറങ്ങിയ 'ഔട്ട് ഓഫ് സിലബസ്' ആണ്. അതിൽ പ്രധാന വേഷം ചെയ്തെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. സുഹൃത്തുക്കളും ഡോക്ടർമാരുമായ ഡോ. കെ.ടി. മനോജ്, ഡോ. എം.പി. രാജേഷ് കുമാർ എന്നിവർക്കൊപ്പം ചേർന്ന് ഡോക്ടേഴ്സ് ഡിലമ എന്നൊരു പ്രൊഡക്ഷൻ ഹൗസ് നടത്തുന്നുണ്ട്. ഇവർ നിർമിച്ച 'ഉടലാഴം' രാജ്യാന്തര മേളകളിൽ ഏറെ ചർച്ച​ചെയ്യപ്പെട്ടിരുന്നു.

യാത്രയും പാട്ടും ചേരുന്ന ഉത്സവങ്ങൾ

പി.ജി കഴിഞ്ഞ് നിൽക്കുമ്പോൾ ഖയാൽ മ്യൂസിക്കിൽ മാസ്റ്റേഴ്സ് എടുക്കാൻ കൊൽക്കത്ത രബീന്ദ്ര ഭാരതി യൂനിവേഴ്സിറ്റിയിൽ ചേർന്നത് തന്റെ സംഗീതജീവിതത്തിൽ വഴിത്തിരിവാ​യെന്ന് പറഞ്ഞു സിതാര. ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന ജീവിതങ്ങളുടെയും സംസ്കാരങ്ങളുടെയും കാഴ്ചകളുടെയും കലകളുടെയും സംഗീതത്തിന്റെയും സംഗമസ്ഥാനമായ കൊൽക്കത്തയിൽ ചെലവഴിച്ച മൂന്നു വർഷങ്ങളാണ് ആരാധനയോടെ കണ്ടിരുന്ന കലാകാരന്മാരെ നേരിൽ കാണാൻ അവസരമൊരുക്കിയത്.


സ്വർണക്കടയുടെ പരസ്യത്തിലൊക്കെ സിനിമാതാരങ്ങൾക്കു പകരം ക്ലാസിക്കൽ സംഗീതജ്ഞരുടെ ചിത്രം നൽകി സിതാരയെ ഞെട്ടിച്ചിട്ടുണ്ട് ബംഗാളിലെ കലാസ്നേഹികൾ. ആറു പതിറ്റാണ്ട് പിന്നിട്ട ഡൊവർ ലേൻ മ്യൂസിക് ഫെസ്റ്റിന്റെ അനുഭവങ്ങളൊക്കെ സ്വപ്നംപോലെയാണ് ഇന്നും സിതാരക്ക്. സംഗീതം ആസ്വദിക്കാൻ രാ​ത്രിയും നിറഞ്ഞുകവിയുന്ന സദസ്സ്, നമ്മുടെ മുന്നിൽ പാടുന്ന സംഗീതരംഗത്തെ അതികായർ... എല്ലാം മറ്റൊരു ലോകത്തേക്കാണ് സിതാരയെ നയിച്ചത്.

മ്യൂസിക് ഫെസ്റ്റിവലുകളിലേക്കുള്ള യാത്രയാണ് സിതാരക്കും സജീഷിനും ഏറെ ഹരമേകുന്നത്. യാത്രയുടെ സന്തോഷവും പാട്ടിന്റെ ലഹരിയും തുല്യ അളവിൽ പകരുന്ന ഉത്സവങ്ങളാണ് അവ. അരുണാചൽപ്രദേശിലെ സിറോ ഫെസ്റ്റിവലും രാജസ്ഥാനിലെ സേക്രഡ് സ്പിരിറ്റ് ഫെസ്റ്റിവലും മലേഷ്യ കുചിങ്ങിലെ റെയിൻ ഫോറസ്റ്റ് ഫെസ്റ്റുമൊക്കെ യാത്രയും പാട്ടും താളലയമേകുന്ന ഉത്സവങ്ങളാണ്.

അരുണാചൽപ്രദേശിലെ സിറോ വാലിയിൽ അരങ്ങേറുന്ന ഫെസ്റ്റിവൽ വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുന്നത്. ഫെസ്റ്റ് സമയത്ത് പാട്ടിന്റെ ലോകത്തു സഞ്ചരിക്കുന്നവരുടെ സംഗമഭൂമിയാകും സിറോ താ‌‌ഴ്‌‌‌‌‌വര. രാത്രി മുഴുവൻ റോക്ക്, ഫോക്ക്, പോപ്പ് തുടങ്ങി പല താളങ്ങളും ആസ്വദിച്ച്, നൃത്തം ചെയ്തു താ‌‌ഴ്‌‌‌‌‌വരയിൽ തന്നെ അന്തിയുറങ്ങാനാകും. ഭാഷയുടെ അതിർവരമ്പ് ഭേദിച്ചാണ് അവിടെ എല്ലാവരും സംഗീതം ആസ്വദിക്കുന്നത്. ബാൻഡിനെ ശക്തിപ്പെടുത്താനും ജനങ്ങൾ താൻ ഈണമിടുന്ന പാട്ടുകൾ ഏറ്റെടുക്കണമെന്ന സ്വപ്നം സാക്ഷാത്കരിക്കാനുമൊക്കെ ഈ സംഗീതോത്സവങ്ങൾ ഏറെ പ്രയോജനം ചെയ്തിട്ടുണ്ട് സിതാരക്ക്.


ഈഗോ പൊളിയുന്ന യാത്രകൾ

കാക്കയും പരുന്തും നടത്തിയ പറക്കൽ മത്സരത്തിൽ കുരുവി ജയിച്ചപോലെയാണ് തന്റെ യാത്രകളെന്ന് പറയും സജീഷ്. പരുന്തിന്റെ പുറത്തിരുന്ന് പറന്ന കുരുവി ഫിനിഷിങ് ലൈനിലെത്തിയപ്പോൾ കുതിച്ചപോലെയാണ് സിതാരയുടെ വിദേശ പരിപാടികളുടെ പേരിൽ ലഭിക്കുന്ന യാത്രകൾ. ഏതുതരം യാത്രകളും ഇരുവർക്കും പ്രിയമാണ്. വൈൽഡ് ട്രിപ്പ്, അസ്വഞ്ചര്‍ ട്രിപ്പ്, സോളോ ട്രിപ്പ്, റൈഡുകൾ തുടങ്ങി ഒരു യാത്രികന്റെ ഉള്ളിലുള്ള സകല ഇഷ്ടങ്ങളും ഇരുവർക്കുമുണ്ട്. ഷോയുടെ ഭാഗമായുള്ള യാത്രയാണെങ്കിലും ഷോ കഴിഞ്ഞുള്ള സമയം അവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനായി പോകും.

'ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും മാത്രം കണ്ടുപരിചയമുള്ള സ്ഥലങ്ങൾ നേരിട്ട് ആസ്വദിക്കുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്നു വേറെയാണ്. സത്യത്തിൽ, യാത്രകളിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട്. ഈഗോ പൊളിച്ചടുക്കും ഇത്തരം യാത്രകൾ. റൂമിലെ ടി.വിയിൽ ഒരു ആയിരം ചാനലെങ്കിലും ലഭ്യമാണ്.

അതിലെ പരിപാടികൾ മാറ്റിമാറ്റി കാണുമ്പോൾ അസാധ്യ സംഗീതജ്ഞർ പാടുന്നത് കാണാം. നമ്മളൊക്കെ ഇനിയും വളരാനുണ്ട് എന്ന് അപ്പോൾ തോന്നും' -സിതാര പറയുന്നു. യാത്രകൾ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ നാളുകളാണ് ലോക്ഡൗണിലേത്. കോവിഡ് ഭീഷണി മൂലം റദ്ദാ​​​ക്കേണ്ടിവന്ന യാത്രകൾ തിരിച്ചുപിടിക്കണമെന്ന ആഗ്രഹത്തിലാണ് ഇരുവരും.


'തരുണി'യിലൂടെ നൃത്തത്തിലേക്കു മടക്കം

ചെറുപ്പം മുതൽ സംഗീതത്തിനൊപ്പം നൃത്തവും അഭ്യസിച്ചിരുന്നു സിതാര. എന്നാൽ, പത്താം ക്ലാസ് കഴിഞ്ഞശേഷം നൃത്തത്തിന് സീരിയസ് വേദികൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരിക്കൽ സൂര്യ ഫെസ്റ്റിവലിൽ ഡാൻസ് ചെയ്തിട്ടുണ്ട്. നൃത്തം നിർത്തിയല്ലോ

എേന്നാർക്കു​മ്പോൾ ഉണ്ടാകുന്ന വിഷമം മറികടക്കാനാണ് 'തരുണി' പോലുള്ള ശ്രമങ്ങൾ നടത്തിയത്. കൊറിയോഗ്രഫർ ബിജു ധ്വനിതരംഗും ഗായകൻ മിഥുൻ ജയരാജുമാണ് ഇതിന് ധൈര്യം പകർന്നത്. 'പാട്ടുകാരി നൃത്തം ചെയ്യുന്നതിലെ കൗതുകമാണ് അത് വിജയിക്കാൻ കാരണം.

ഒരു മണിക്കൂർ നൃത്തം ചെയ്യണമെങ്കിൽ ആറുമാസം പ്രാക്ടിസ് ചെയ്യണം. അതിന് പറ്റാത്തതിനാലാണ് നൃത്തത്തിൽ കൂടുതൽ ശ്രദ്ധിക്കാത്തത്. സിനിമയിൽ അഭിനയിക്കാൻ ഒരുപാട് പേർ വിളിക്കുന്നുണ്ട്. അതെന്റെ പ്രയോറിറ്റി അല്ല. പേടിയും ചമ്മലും എല്ലാം ഉണ്ട്. എനിക്കൊരു​ വേഷം ചെയ്യാനും എന്നെക്കൊണ്ട് അത് ചെയ്യിക്കാനും ആഗ്രഹം തോന്നു​മ്പോഴേ അത് സംഭവിക്കൂ. 'ഗാനഗന്ധർവനി'ൽ അഭിനയിച്ചത് മമ്മൂട്ടിയോടുള്ള ആരാധന കൊണ്ടാണ്' -സിതാര പറയുന്നു.

'എക്കാലത്തും ആർട്ടിസ്റ്റായി ഇരിക്കണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി സംഗീതം, നൃത്തം, എഴുത്ത് എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും. അതാണ് സന്തോഷം നൽകുക. നിങ്ങൾ എന്റെ ഹാപ്പി സൈഡ് മാത്രം കാണുന്നതു കൊണ്ടാണ് എപ്പോഴും സന്തോഷമായിട്ടാണ് ഇരിക്കുന്നതെന്ന് തോന്നുന്നത്. പല മൂഡ് സ്വിങ്ങുകളും മറ്റും എനിക്കുമുണ്ട്. ഭാഗ്യവശാൽ എന്റെ ചുറ്റുമുള്ള ആൾക്കാരൊക്കെ അപ്പോൾ പോസിറ്റിവിറ്റി നൽകുന്നതുകൊണ്ടാണ് പിടിച്ചുനിൽക്കുന്നത്' -തന്റെ ഹാപ്പി മ​ന്ത്രയെക്കുറിച്ച് സിതാര പറഞ്ഞു.


ആരോ വിളിച്ചു-'സിത്തുമണീ'

കൂട്ടുകാരൊക്കെ സിത്തു എന്നാണ് വിളിക്കുക. ഏതോ റിയാലിറ്റി ഷോയിൽ കുട്ടികളിലൊരാൾ വിളിച്ചുതുടങ്ങിയതാണ് സിത്തുമണി എന്ന്. ആ കുട്ടിയെ ഞാൻ കുഞ്ഞുമണി എന്നോ മറ്റോ വിളിച്ചപ്പോൾ തിരികെ വിളിച്ചതാണ്. അതുപിന്നെ സ്നേഹംകൊണ്ട് എന്നെ വിളിക്കുന്ന പേരായി. വിധു പ്രതാപിനും ജ്യോത്സ്നക്കും റിമി ടോമിക്കും എനിക്കുമെല്ലാം ഇപ്പോൾ ഇങ്ങനെ വിളിപ്പേരുണ്ട്. അത് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വിളിച്ച് വിളിച്ച് ഏകദേശം ഒരു സ്കൂൾ, കോളജ് കാലത്തിന്റെ സുഖം അനുഭവിക്കുകയാണ് ഞങ്ങൾ. ഞങ്ങൾക്കിങ്ങനെ ഈ വൈബിൽ ഇരിക്കാൻ പറ്റുന്നത് നാലുപേരും തമ്മിലുള്ള ദൃഢസൗഹൃദംകൊണ്ടാണ്.

മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി, ഗായിക പാടിയാൽ മാത്രം മതി എന്ന് പറയുന്നവർക്ക് മറുപടിയായി പല വിഷയങ്ങളിലും കൃത്യമായ നിലപാടുകളുമായി സിതാര രംഗത്തെത്താറുണ്ട്. നടി ആക്രമിക്കപ്പെട്ടപ്പോഴും ഗായിക സയനോര ബോഡി ഷെയ്മിങ് നേരിട്ടപ്പോഴും സ്ത്രീധനത്തിനെതിരെയുമൊക്കെ സിതാര പ്രതികരണവുമായി രംഗത്തെത്തി. 'വീട്ടിലും യൂനിവേഴ്സിറ്റിയിലുമൊക്കെ എല്ലാ കാര്യത്തിലും കൃത്യമായ നിലപാടുകൾ എടുക്കുന്നവരെ കണ്ടാണ് വളർന്നത്.

അത് ഒരു കാരണമാകാം. നിലപാടൊക്കെ ഇപ്പോൾ പറച്ചിൽ മാത്രമായി പലർക്കും. ഫേസ്ബുക്കിൽ എഴുതലാണ് ഇപ്പോൾ പരമാവധി എടുക്കാവുന്ന നിലപാട്. അതിൽ എതിർ മറുപടികൾ വരുമ്പോൾ പെട്ടെന്നത് മടുക്കുകയും ചെയ്യും. ആർട്ടിസ്റ്റുകൾ സമൂഹജീവികളാണ്. അവരുടെ നിലപാടിലൂടെ സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ പറ്റിയാൽ നല്ലതാണ്'- സിതാര പറയുന്നു.


സായുവാണ് താരം

പാട്ടുകാരിയെക്കാളും ഡോക്ടറെക്കാളും വീട്ടിലെ താരം എട്ടു വയസ്സുകാരി സായു എന്ന സാവൻ ഋതുവാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് സായു. സിതാര പങ്കുവെക്കുന്ന സായുവിന്റെ ചിത്രങ്ങളും വിഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

'സായുവിന്റെ​ അഭിരുചി എന്താണെന്ന് മനസ്സിലായിട്ടില്ല. അൽപം പാട്ടും അൽപം നൃത്തവും അൽപം വാദ്യോപകരണ സംഗീതവും എല്ലാം ഉണ്ട്. ഒന്നും ഇപ്പോൾ ബലമായി പരിശീലിപ്പിക്കുന്നില്ല. താൻ ചെയ്യുന്നതെന്തും ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്ന് അവൾക്ക് തോന്നുന്നത് തെറ്റായ ബോധം നൽകും. കലാകാരന്മാർ കടന്നുവരുന്ന ചില വിഷമഘട്ടങ്ങളുണ്ട്. അതൊക്കെ അറിഞ്ഞുവേണം വളരാൻ. അവളേക്കാൾ കഴിവുള്ള സമപ്രായക്കാർ കഷ്ടപ്പെടുമ്പോൾ ആ വേദനകളൊന്നും അറിയാതെ എന്റെ മകളെന്ന പ്രി​വി​ലേജിൽ എന്തെങ്കിലും നേടുന്നത് ശരിയല്ല' -സിതാര വ്യക്തമാക്കി.

പണ്ട് രണ്ടാം ക്ലാസിലെ മത്സരവേദിയിൽ പാതിമുറിഞ്ഞ ആ പാട്ട് അടുത്തിടെ സിതാര സായുവിനെ പഠിപ്പിച്ചു. അവളതു പാടി കഴിഞ്ഞപ്പോൾ അന്നത്തെ കണ്ണീരിന്റെ നനവോർമകളും മാസ്റ്ററുടെ സ്നേഹവുമെല്ലാം പറഞ്ഞുകൊടുത്തു. ജീവിതയാത്രയിൽ എപ്പോഴെങ്കിലും ഒരു പ്രതിസന്ധിഘട്ടത്തിൽ നിന്നാൽ മനസ്സിൽ ആശ്വാസത്തിന്റെ അരയാലിലകൾ ഇളകട്ടെ എന്ന പ്രാർഥനയോടെ...

Tags:    
News Summary - sithara krishnakumar and family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.